അന്തരിച്ച പര്‍വേസ് മുഷറഫിന്റെ വധശിക്ഷ ശരിവെച്ച് പാകിസ്ഥാന്‍ സുപ്രീംകോടതി

അന്തരിച്ച പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ ശരിവെച്ച് പാകിസ്ഥാന്‍ സുപ്രീംകോടതി. രാജ്യദ്രോഹകേസില്‍ 2019-ലാണ് പര്‍വേസ് മുഷറഫിനെ പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ പര്‍വേസ് മുഷറഫ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 2023 ഫെബ്രുവരി 22ന് പുലര്‍ച്ചെയായിരുന്നു പര്‍വേസ് മുഷറഫിന്റെ മരണം. പാക് മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ വധത്തിന് കാരണമായ സുരക്ഷാ വീഴ്ച ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ നേരിടുന്ന മുഷറഫ് 2016ല്‍ ചികിത്സയ്ക്കായി ദുബായിലെത്തിയതിന് ശേഷം തിരികെ പാകിസ്ഥാനിലേക്ക് മടങ്ങിയില്ല.
പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഖാസി ഫേസ് ഇസ അധ്യക്ഷനായ ജസ്റ്റിസ് മന്‍സൂര്‍ അലി ഷാ, ജസ്റ്റിസ് അമിനുദ്ദീന്‍ ഖാന്‍, ജസ്റ്റിസ് അതര്‍ മിനല്ല എന്നിവരടങ്ങിയ നാലംഗ ബെഞ്ചാണ് വാദം കേട്ടത്. പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) പാര്‍ട്ടിയുടെ ഭരണകാലത്ത് രാജ്യദ്രോഹത്തിന് കേസെടുത്തതിനെത്തുടര്‍ന്ന് 2019 ഡിസംബര്‍ 17-ന് പ്രത്യേക കോടതി പര്‍വേസ് മുഷറഫിന് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

Advertisement