പാക്കിസ്ഥാനിൽ മകളെ പിൻഗാമിയാക്കാൻ ഒരുങ്ങി നവാസ് ഷരീഫ്

ലഹോർ: പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ മകൾ മറിയത്തെ പിൻഗാമിയാക്കാനൊരുങ്ങി മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്. ‘‘ഈ മണ്ണിന്റെ മകനാണ് ഞാൻ. മറിയം ഈ മണ്ണിന്റെ പുത്രിയും.’’നവാസ് ഷരീഫ് പറഞ്ഞു. ചികിത്സയ്ക്കായി ലണ്ടനിലായിരുന്ന നവാസ് ഷരീഫ് ഇന്നലെയാണ് തിരികെ എത്തിയത്. തൊട്ടുപിന്നാലെ ലഹോറിൽ പിഎംഎൽ–എൻ സംഘടിപ്പിച്ച റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു

‘പ്രതിസന്ധിഘട്ടങ്ങളിലും പാക്കിസ്ഥാനെ വിശ്വസ്തതയോടെ സേവിക്കാൻ എനിക്കു കഴിഞ്ഞു. രാജ്യത്തിനായി ത്യാഗം ചെയ്യുന്നതിന് ഞാൻ മടിച്ചിട്ടില്ല.’– നവാസ് ഷരീഫ് പറഞ്ഞു. തന്നെ എതിരാളികൾ കള്ളക്കേസിൽ കുടുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘അവർ അവളെ അറസ്റ്റ് ചെയ്തു. ഈ ധീരയായ പെൺകുട്ടി വലിയ ഭീഷണിയാണ് നേരിട്ടത്.’’– മകളെ ചേർത്തുപിടിച്ചു കൊണ്ട് നവാസ് ഷരീഫ് പറഞ്ഞു.
രാജ്യം വിട്ടുപോകുമ്പോൾ തന്റെ പിതാവ് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് അദ്ദേഹം ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നതെന്ന് മറിയം പ്രതികരിച്ചു. ജനങ്ങളിൽ അദ്ദേഹത്തിനു പൂർണവിശ്വാസം ഉണ്ടെന്നും മറിയം പറഞ്ഞു. ‘‘എതിരാളികൾ കടുത്ത അനീതിയാണ് അദ്ദേഹത്തോട് ചെയ്തത്. നവാസ് ഷരീഫിന്റെ അനുയായികളായ നിങ്ങൾ വളരെ ആത്മാർഥതയുള്ളവരാണ്. അതുതന്നെയാണ് ദൈവം അദ്ദേഹത്തെ കൈവിട്ടിട്ടില്ല എന്നതിനു തെളിവ്. ഇന്നത്തെ ദുരവസ്ഥ മാറി നാളെ വീണ്ടും വസന്തം വരും’’– മറിയം പറഞ്ഞു.

ലണ്ടനിലായിരുന്ന നവാസ് ഷരീഫ് ഇന്നലെയാണ് കറാച്ചിയിൽ തിരിച്ചെത്തിയത്. ജനുവരിയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) പാർട്ടിക്കു നേതൃത്വം നൽകാനാണു ഷരീഫ് മടങ്ങിയെത്തിയത്. മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന ഷരീഫ് (73) അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിലായിരിക്കെയാണ് ചികിത്സയ്ക്കു വേണ്ടി നാല് വർഷം മുൻപു ലണ്ടനിലേക്ക് പോയത്. തിരഞ്ഞെടുപ്പു ജയിച്ചാൽ ഷരീഫ് വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹത്തിന്റെ ഇളയ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ് വ്യക്തമാക്കിയിരുന്നു.

Advertisement