അബുദാബിയിൽ ഇനി വിവാഹം നടന്ന ഉടൻ ഡിജിറ്റലായി കരാർ വധുവരന്മാരുടെ മൊബൈലിലേക്കും ഇ- മെയിലിലേക്കും എത്തും

അബുദാബി : വിവാഹം നടന്ന ഉടൻ കരാർ ഡിജിറ്റലായി നൽകുന്ന പുതിയ സേവനത്തിന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (എഡിജെഡി) തുടക്കം കുറിച്ചു. ഡിജിറ്റൽ വിവാഹ കരാറുകൾ തൽക്ഷണം ഇരുവരുടെയും മൊബൈലിലേക്കും ഇ- മെയിലിലേക്കും കൈമാറും. വിവാഹ കരാറിനായി ഓഫിസുകൾ കയറിയിറങ്ങുന്നതും ഇതോടെ ഒഴിവായി. ഹൈടെക് നഗരത്തിൽ എല്ലാ സേവനങ്ങളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അംഗീകൃത ഇലക്ട്രോണിക് ചാനലുകളിലൂടെ ഡൗൺലോഡ് ചെയ്‌ത്‌ എടുക്കാം. മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.

2022 ഒക്ടോബർ മുതൽ വിഡിയോ കോൺഫറൻസ് വഴിയുള്ള വെർച്വൽ വിവാഹ സെഷനുകൾ ഉൾപ്പെടെ മുഴുവൻ നടപടിക്രമങ്ങളും ഡിജിറ്റലാക്കി. ഇതുവരെ 7000 ഡിജിറ്റൽ വിവാഹം റജിസ്റ്റർ ചെയ്തു. ഡിജിറ്റൽ സിഗ്നേച്ചർ വഴി ഓൺലൈനിൽ സർട്ടിഫിക്കറ്റ് നേടാൻ നേരത്തെ അവസരമൊരുക്കിയിരുന്നു എങ്കിലും തത്സമയം ഡിജിറ്റൽ വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നത് ഇതാദ്യമാണെന്ന് എഡിജെഡി അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു.

ഡിജിറ്റൽ വിവാഹ കരാർ സേവനത്തിന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റിന്റെ വെബ്സൈറ്റിൽ യുഎഇ പാസ് മുഖേന അപേക്ഷിക്കണം. സ്വീകരിച്ചാൽ അപ്പോയിൻമെന്റ് ബുക്ക് ചെയ്യാം. അനുയോജ്യമായ സമയത്ത് വിഡിയോ കോൾ വഴി വിവാഹ സെഷൻ തിരഞ്ഞെടുക്കാം. വിവാഹ നടപടി പൂർണമായാൽ ഡിജിറ്റൽ കരാർ ഉടൻ ലഭിക്കും. പരമ്പരാഗത മാര്യേജ് സർട്ടിഫിക്കറ്റ് രീതിയും ഇല്ലാതാകും.

Advertisement