വത്തിക്കാന് പുറത്ത് അടക്കം ചെയ്യണം, സംസ്കാര ചടങ്ങ് ലളിതമാക്കണം, നയം വ്യക്തമാക്കി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: തൻറെ സംസ്കാരച്ചടങ്ങ് ലളിതമായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സെന്റ് മേരി മേജർ റോമൻ ബസിലിക്കയിൽ അടക്കണമെന്നാണ് ആഗ്രഹമെന്നും മാർപാപ്പ വ്യക്തമാക്കി.

ഒരു നൂറ്റാണ്ടിനിടെ ആദ്യമായി വത്തിക്കാന് പുറത്ത് അടക്കം ചെയ്യണമെന്ന് ആഗ്രഹമാണ് ഫ്രാൻസിസ് മാർപ്പാപ്പ മുന്നോട്ട് വച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് മാർപ്പാപ്പയ്ക്ക് 87 വയസ് പൂർത്തിയായത്. മെക്സികോയിലെ എൻ പ്ലസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ മാർപ്പാപ്പ വ്യക്തമാക്കിയത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ കുർബാനയ്ക്ക് മുൻപായി ആണ് അഭിമുഖം റെക്കോർഡ് ചെയ്തത്.

ശ്വാസകോശ അണുബാധയിൽ നിന്ന് ആശ്വാസമുള്ളതായാണ് അഭിമുഖത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ കാണപ്പെട്ടതെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബെനഡിക്ട് മാർപ്പാപ്പായുമായുള്ള ബന്ധത്തേക്കുറിച്ചും ആരോഗ്യ സ്ഥിതിയേക്കുറിച്ചും കുടിയേറ്റത്തേക്കുറിച്ചും യാത്രാ പദ്ധതികളേ കുറിച്ചുമെല്ലാം അഭിമുഖത്തിൽ മാർപ്പാപ്പ സംസാരിക്കുന്നുണ്ട്. ആരോഗ്യം മോശമല്ലെന്നും എന്നാൽ പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളുള്ളതിനാലാണ് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടതെന്നും ഫ്രാൻസിസ് മാർപ്പാപ്പ വിശദമാക്കി. വത്തിക്കാനിലെ മാസ്റ്റർ ഓഫ് സെറിമണിയുമായി ചർച്ച ചെയ്ത് ചില കാര്യങ്ങൾ തീരുമാനിച്ചതായും മാർപാപ്പ അറിയിച്ചു.

ആർച്ച് ബിഷപ്പ് ഡിയഗോ റാവേലി സംസ്കാര ചടങ്ങുകളുടെ നടപടികളേക്കുറിച്ച് വിശദമാക്കി തന്നുവെന്നും ഫ്രാൻസിസ് മാർപ്പാപ്പ വിശദമാക്കി. 2013ൽ മാർപ്പാപ്പ പദത്തിലേക്ക് എത്തിയതിന് ശേഷവും മറ്റ് മാർപ്പാപ്പാമാരിൽ നിന്ന് വിഭിന്നമായി ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ്പായി ഉപയോഗിച്ച അതേ വെള്ളിക്കുരിശാണ് ഫ്രാൻസിസ് മാർപ്പാപ്പ ഉപയോഗിക്കുന്നത്. ചെരിപ്പും വാച്ചും അടക്കമുള്ള വസ്ത്രധാരണ രീതിയിലും മുൻപുള്ള മാർപ്പാപ്പാമാരുടെ പാതയല്ല ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ചിരുന്നത്. ആരോഗ്യസ്ഥിതി മോശമായാൽ മാർപ്പാപ്പ പദത്തിൽ നിന്ന് രാജിവച്ചൊഴിയാൻ സന്നദ്ധനാണെന്നും എന്നാൽ മാർപ്പാപ്പമാർ രാജിവച്ചൊഴിയുന്നത് സാധാരണ നടപടിയാക്കാൻ താൽപര്യപ്പെടുന്നില്ലെന്നും ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കി.

Advertisement