റീഫണ്ട് നല്‍കണം, അല്ലെങ്കില്‍ ടിക്കറ്റ് ഭർത്താവിന്റെ കാമുകിയുടെ പേരിലേക്ക് മാറ്റണം; ഭാര്യയുടെ ആവശ്യം വൈറലാകുന്നു

ലണ്ടൻ: മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ബ്രിട്ടിഷ് വനിത ഭർത്താവിന് നൽകിയ പണി കേട്ടാൽ ആരും ചിരിച്ചു പോകും ഒപ്പം മറ്റ് ബന്ധങ്ങളിലേക്ക് പോകുന്നവർക്ക് ചിന്തിക്കാൻ അല്പം വക നൽകുകയും ചെയ്യും.

തനിക്കും ഭര്‍ത്താവിനും കൂടി റെയ്ന്‍എയറില്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കി റീഫണ്ട് നല്‍കണമെന്ന് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പരസ്യമായി പോസ്റ്റ് ഇട്ടാണ് ഭാര്യ ഭർത്താവിന് ‘പണി’ നൽകിയത്. റീഫണ്ട് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ തന്റെ പേര് മാറ്റി ഭര്‍ത്താവിന്റെ കാമുകിയുടെ പേര് ചേര്‍ക്കണം എന്നാണ് ഭാര്യ റെയ്ന്‍എയർ വിമാന കമ്പനിയോട്‌ ആവശ്യപ്പെട്ടത്. ഇതിന് റെയ്ന്‍എയർ അധികൃതർ മറുപടിയും നൽകി. ഇപ്പൊൾ ചോദ്യവും മറുപടിയും വൈറലായി മാറിയിരിക്കുകയാണ്.

യുകെ ബെഡ്ഫോഡ്ഷയറിൽ ഉള്ള വനിത തന്റെ എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിലൂടെയാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. ‘തനിക്കും ഭര്‍ത്താവിനും യാത്ര പോകുവാനായി ഫ്ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു എന്ന് അവര്‍ പോസ്റ്റില്‍ പറയുന്നു. ഇപ്പോഴാണ് ഭര്‍ത്താവിന് മറ്റൊരു രഹസ്യ ബന്ധം ഉള്ളതായി അറിഞ്ഞത്. ദയവായി റീഫണ്ട് നല്‍കുകയോ തന്റെ പേര് മാറ്റി ഭര്‍ത്താവിന്റെ കാമുകിയുടെ പേര് വയ്ക്കുകയോ ചെയ്യണം.’ ഇതായിരുന്നു ഭാര്യയുടെ റെയ്ന്‍എയറിനോടുള്ള ആവശ്യം. ‘വൈകാരിക ബാഗേജിന് അധിക ചാര്‍ജ് ഈടാക്കും’ എന്നായിരുന്നു പോസ്റ്റിന് റെയ്ന്‍എയര്‍ പ്രതികരിച്ചത്.

നാല് മില്യനിലധികം പേര്‍ വായിച്ച എക്സ് പ്ലാറ്റ്ഫോം പോസ്റ്റ് അതിവേഗം വൈറലാവുകയായിരുന്നു. പരാതി പറയുന്നവരോട് ആക്ഷേപഹാസ്യം നിറഞ്ഞ കമന്റുകള്‍ നല്‍കുന്ന രീതി റെയ്ന്‍എയറിന്റെ പ്രത്യേകതകളിൽ ഒന്നാണ്. നൂറു കണക്കിന് ആളുകളാണ് റെയ്ന്‍എയര്‍ അവര്‍ക്ക് റീഫണ്ട് നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അവര്‍ക്ക് ഒരു സൗജന്യ ഹോളിഡേ ട്രിപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. രണ്ട് ദിവസം മുൻപ് എക്സ് പ്ലാറ്റ്​ഫോമിൽ പങ്കുവയ്ക്കപ്പെട്ട കുറിപ്പും മറുപടിയും ഇപ്പോൾ ലഭ്യമാകുന്നില്ല . വൈറലായതോടെ പോസ്റ്റ് അപ്രത്യക്ഷമായി എന്ന് ചുരുക്കം.

Advertisement