ട്രക്കിനടിയിൽ മരിച്ചതുപോലെ മണിക്കൂറുകൾ; ഒടുവിൽ വധശിക്ഷ നടപ്പാക്കുംപോലെ അരും കൊല

ജറുസലം: ശനിയാഴ്ച തെക്കൻ ഇസ്രയേലിൽ പ്രവേശിച്ച ഹമാസ് സായുധസംഘം നടത്തിയ ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങൾക്കിടെ, തന്റെ പ്രിയ സഹോദരിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേലിലെ പ്രശസ്ത ടെലിവിഷൻ അവതാരക മായൻ ആദം. മായന്റെ ഇരുപത്തേഴുകാരിയായ സഹോദരി മാപൽ ആദമാണ് കൊല്ലപ്പെട്ടത്.

ഹമാസിന്റെ ആളുകൾ തന്റെ സഹോദരിയെ വധശിക്ഷ നടപ്പാക്കുന്നതുപോലെ കൊലപ്പെടുത്തിയതായി മായൻ സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രാണരക്ഷാർഥം പുരുഷ സുഹൃത്തിനൊപ്പം ഒരു ട്രക്കിന്റെ അടിയിൽ അഭയം തേടിയ മാപലിനെ, അക്രമികൾ പിടിച്ചിറക്കി വെടിവച്ചു കൊല്ലുകയായിരുന്നു.

‘ഡാൻസിങ് വിത് ദ സ്റ്റാർസ്’ എന്ന പരിപാടിയുടെയും ഇസ്രയേലിലെ പ്രശസ്തമായ വാർത്താ ചാനലിലെയും അവതാരകയായി ശ്രദ്ധ നേടിയ വ്യക്തിയാണ് മായൻ ആദം. ഇവരുടെ ഇളയ സഹോദരിയാണ്, ഹമാസ് സായുധ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാപൽ. മുൻപ് ഇസ്രയേൽ സൈന്യത്തിലും സേവനം ചെയ്തിട്ടുള്ള മാപൽ, ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ പോസ്റ്റ് ചെയ്ത സൈനിക വേഷത്തിലുള്ള ചിത്രങ്ങളും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തെക്കൻ ഇസ്രയേലിലെ കിബുറ്റ്സിൽ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനിടെ തന്റെ സഹോദരിക്കു നേരിട്ട ക്രൂരതയുടെ നേർച്ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെ മായൻ ആദം മൂന്നു ലക്ഷത്തിലധികം വരുന്ന തന്റെ ഫോളോവേഴ്സിനായി പങ്കുവച്ചു.

സംഗീതവേദിയിൽ ഹമാസ് നടത്തിയ ആക്രമണത്തിനിടെ ചിതറി ഓടിയ ആളുകൾക്കിടയിൽപ്പെട്ട മാപൽ, പ്രാണരക്ഷാർഥം ഒരു ട്രക്കിനടിയിൽ അഭയം തേടിയതായി മായൻ കുറിച്ചു. അവിടെ മരിച്ചതുപോലെ കിടന്ന് അക്രമികളുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഇതിനിടെ സഹോദരിക്ക് ജീവൻ നഷ്ടപ്പെട്ടതായി മായൻ വ്യക്തമാക്കി. ആൺസുഹൃത്തായ റൂയിക്കൊപ്പമാണ് മാപൽ സംഗീത പരിപാടിക്കായി പോയത്. അക്രമികൾ നടത്തിയ വെടിവയ്പ്പിൽ മുതുകിൽ വെടിയേറ്റ റൂയി, പരുക്കിൽനിന്ന് മോചിതനായി വരികയാണെന്നും മായൻ കുറിച്ചു.

‘ശനിയാഴ്‌ച ഉച്ചതിരിഞ്ഞ്, ഞങ്ങളുടെ പ്രിയപ്പെട്ട മാപൽ ഒരു ട്രക്കിന്റെ അടിയിൽ ഒളിച്ചു. അവിടെ മരിച്ചവളേപ്പോലെ കിടന്നു. മണിക്കൂറുകളോളമാണ് അവൾ ചലനമില്ലാതെ കിടന്നത്. എന്നിട്ടും അക്രമികൾ അവളെ കണ്ടെത്തി വധശിക്ഷ നടപ്പാക്കുന്നതുപോലെ കൊലപ്പെടുത്തി. ഇതാണ് അവൾ പകർത്തിയ അവസാന ദൃശ്യം. ഇതാണ് അവളുടെ ഫോൺ. മാപലിനു സമീപം മുതുകിൽ തറച്ച വെടിയുണ്ടയുടെ പരുക്കുമായി അവളുടെ ആൺസുഹൃത്തുമുണ്ടായിരുന്നു. തന്റെ കയ്യിൽക്കിടന്ന് എപ്രകാരമാണ് മാപൽ ജീവൻ വെടിഞ്ഞതെന്ന് ഞങ്ങളോടു വിവരിക്കാൻ അദ്ദേഹം ജീവനോടെ ബാക്കിയായി’ – മായൻ കുറിച്ചു.

അതിനിടെ, ശനിയാഴ്ച രാവിലെ ഹമാസ് നടത്തിയ ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. രക്ഷപ്പെട്ടവരുടെ അനുഭവവിവരണങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തെക്കൻ ഇസ്രയേലിൽ കിബുറ്റ്സിൽ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനെത്തിയ 260 പേരാണു ഹമാസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഇതിലേറെയും ചെറുപ്പക്കാരാണ്. ഗാസാ അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയാണു സംഗീതോത്സവം നടന്ന സ്ഥലം.

വെള്ളിയാഴ്ച രാത്രിയിലെ നൃത്തപരിപാടിക്കുശേഷം ക്യാംപുകളിൽ മിക്കവാറും പേർ ഉറക്കത്തിലായിരിക്കെയാണ് രാവിലെ ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായ വെടിവയ്പിൽനിന്നു രക്ഷപ്പെടാനായി പലവഴിക്കായി ചിതറിയോടിയവരിൽ പലരും ആറു മണിക്കൂറിലേറെ മരുഭൂമിയിലെ കുറ്റിക്കാട്ടിലും മറ്റും ഒളിച്ചിരുന്നു. ഒട്ടേറെപ്പേരെ ഹമാസ് സംഘം പിടിച്ചുകൊണ്ടുപോയി. അടുത്ത പ്രദേശമായ റഹാത്തിൽനിന്നുള്ള ഇസ്രയേൽ പൗരന്മാരായ അറബ് വംശജരാണ് ഒടുവിൽ ട്രക്കുകളിലെത്തി പരുക്കേറ്റവരെ അടക്കം രക്ഷിച്ചത്.

സംഭവസ്ഥലത്ത് ആയിരത്തോളം കാറുകളാണു ചിതറിക്കിടക്കുന്നത്. വാഹനങ്ങളുടെ ടയറുകൾ വെടിവച്ചു തകർത്തിരുന്നു. രക്ഷപ്പെടാനായി ഓടുന്നതിന്റെയും ആളുകളെ പിന്തുടർന്നു പിടിച്ചുകൊണ്ടുപോകുന്നതിന്റെയും വിഡിയോകൾ പുറത്തുവന്നു.

Advertisement