തന്‍റെ സമ്മതമില്ലാതെ കുഞ്ഞിനെ സഹോദരി മുലയൂട്ടി; യുവതിയുടെ പരാതിയില്‍ ‘നട്ടംതിരിഞ്ഞ്’ പോലീസ് !

ചില നിർണായക ഘട്ടങ്ങളിൽ നവജാതശിശുക്കൾക്ക് സ്വന്തം അമ്മയല്ലാത്തവരും മുലപ്പാൽ നൽകാറുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഇത്തരത്തിൽ മുലപ്പാലുള്ള മറ്റൊരു സ്ത്രീയുടെ സഹായം തേടുന്നത് അപൂർവമായ കാര്യവുമല്ല. കേരളത്തിലും ഇത്തരം ചില വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്.

എന്നാല്‍, തന്‍റെ അനുമതിയില്ലാതെ സ്വന്തം സഹോദരി തന്‍റെ കുഞ്ഞിനെ മുലയൂട്ടി എന്ന വിചിത്രമായ പരാതിയുമായി ഒരമ്മ പോലീസിനെ സമീപിച്ചു. 22 കാരിയായ സിമോണ എന്ന അമ്മയാണ് പരാതിക്കാരി. സഹോദരി അനാവശ്യമായി തന്‍റെയും കുഞ്ഞിന്‍റെയും അവകാശങ്ങളിൽ കൈകടത്തുന്നു എന്നാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനം. സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിലൂടെ പരാതിക്കാരിയായ യുവതി തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു.

സിമോണും സഹോദരി ഫെബിനും (27) രണ്ടാഴ്ചയുടെ വ്യത്യാസത്തിലാണ് കുഞ്ഞുങ്ങൾ ജനിച്ചത്. അതുകൊണ്ടുതന്നെ ഇരുവരും തങ്ങളുടെ കുഞ്ഞുങ്ങളെ പരസ്പരം പരിപാലിക്കുന്നതും പതിവായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സിമോണയുടെ കുട്ടിക്ക് മൂന്നും ഫെബിയുടെ കുഞ്ഞിന് അഞ്ചും ആഴ്ചയാണ് പ്രായം. ഒരു ദിവസം അത്യാവശ്യമായി പുറത്തു പോകേണ്ടി വന്നപ്പോൾ സിമോണ, തന്‍റെ സഹോദരിയോട് തന്‍റെ കുഞ്ഞിനെ കൂടി നോക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കുഞ്ഞിന് കുടിക്കാൻ ആവശ്യമായ ഫോർമുല മിൽക്കും സിമോണ സഹോദരിയെ ഏൽപ്പിച്ചു. എന്നാൽ, മടങ്ങിയെത്തിയ സിമോണ കണ്ടത് തന്‍റെ കുഞ്ഞിന് ഫോർമുല മിൽക്ക് നൽകാതെ സഹോദരി മുലയൂട്ടുന്നതാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സഹോദരിയുടെ മറുപടി ഫോർമുല മിൽക്ക് കുഞ്ഞിന് നൽകാൻ പാടില്ലെന്നും അത് ആരോഗ്യത്തിന് ദോഷകരമാണെന്നും അതിനേക്കാള്‍ നല്ലത് മുലപ്പാലാണെന്നുമായിരുന്നു. അതിനാല്‍ ഫോർമുല മിൽക്ക് താൻ കളഞ്ഞുവെന്നും സഹോദരി ഫെബി, സിമോണയോട് പറഞ്ഞു. എന്നാല്‍ സഹോദരിയുടെ വാക്കുകള്‍ സിമോണയെ രോഷാകുലയാക്കുകയാണ് ചെയ്തത്.

ഫോര്‍മുല മില്‍ക്ക് കുട്ടികളുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരി 14 കുപ്പി ഫോര്‍മുല മില്‍ക്കാണ് എടുത്ത് കളഞ്ഞതെന്നും സിമോണ സാമൂഹിക മാധ്യമത്തിലെഴുതി. പിന്നാലെ, താന്‍ ബാത്ത് റൂമില്‍ കയറി പോലീസിനെ വിളിക്കുകയും പരാതി നല്‍കുകയുമായിരുന്നുവെന്ന് സിമോണ എഴുതുന്നു. എന്നാല്‍, സഹോദരിയുടെ പ്രവര്‍ത്തി സത്കൃത്യമാണെന്നാണ് പോലീസ് പറയുന്നത്. അവര്‍ക്ക് അക്കാര്യത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലത്രേയെന്നും അവള്‍ എഴുതി. എന്നാല്‍, സിമോണയുടെ പരാതി സ്വീകരിച്ച പോലീസ് കേസ് അന്വേഷണം ആരംഭിച്ചതായാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. പോലീസ് കേസ് സിമോണയുടെ സഹോദരിയുടെ സര്‍ക്കാര്‍ ജോലിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ ഇവരുടെ മാതാപിതാക്കൾ. ഏതായാലും ഇവരുടെ പോസ്റ്റ് ഇപ്പോൾ റെഡ്ഡിറ്റ് ഉപഭോക്താക്കൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ‘

Advertisement