രക്ഷാബന്ധൻ ദിനത്തിൽ മോദിയുടെ ‘പാക് സഹോദരി’ ഇക്കുറി ഡൽഹിയിലെത്തും, രക്ഷാബന്ധൻ അണിയിക്കും

ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി കെട്ടാൻ പാകിസ്ഥാൻ സഹോദരി ഖമർ മൊഹ്‌സിൻ ഷെയ്ഖ് ഡൽഹിയിലെത്തും. നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ് പാക് സ്വദേശിയായ ഖമർ മൊഹ്‌സിൻ ഷെയ്ഖ്.

വിവാഹശേഷം അഹമ്മദാബാദിലാണ് ഇവരുടെ താമസം. ഷെയ്ഖ് 30 വർഷത്തിലേറെയായി പ്രധാനമന്ത്രി മോദിക്ക് രാഖി കെട്ടുന്നുണ്ട്. കൊവിഡ് കാരണം, കഴിഞ്ഞ രണ്ട് വർഷമായി പ്രധാനമന്ത്രിയെ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും തപാൽ വഴി രാഖി അയച്ച് കൊടുത്തിരുന്നു. കഴിഞ്ഞ വർഷവും അവർ പ്രധാനമന്ത്രി മോദിക്ക് രാഖി അയച്ചു. 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ മോദിക്ക് വിജയാശംസകളും നേർന്നു. ഈ വർഷം, പ്രധാനമന്ത്രിയെ നേരിട്ട് കാണാനും രാഖി കെട്ടാനും ആകുമെന്ന് പ്രതീക്ഷിക്കുന്നു.

മോദിയുടെ വായനയോടുള്ള ഇഷ്ടം കണക്കിലെടുത്ത് കൃഷിയെക്കുറിച്ചുള്ള ഒരു പുസ്തകവും സമ്മാനിക്കും. ഇത്തവണ ഞാൻ തന്നെയാണ് ‘രാഖി’ നിർമ്മിച്ചത്. മോദിയുടെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി ഞാൻ ദിവസവും പ്രാർത്ഥിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന് എന്റെ പ്രാർഥനയായിരുന്നു. അത് സഫലമായി.

രാഖി കെട്ടുമ്പോഴെല്ലാം അദ്ദേഹം പ്രധാനമന്ത്രിയായിക്കാണമെന്ന ആഗ്രഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം നിറവേറ്റും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന് വേണ്ടി സ്തുത്യർഹമായ പ്രവർത്തനമാണ് അദ്ദേഹം ചെയ്യുന്നതെന്നും മൊഹ്സിൻ ഷെയ്ഖ് പറഞ്ഞു. പ്രധാനമന്ത്രി മോദി ആർഎസ്എസിൽ പ്രവർത്തിക്കുമ്പോഴാണ് ആദ്യമായി രക്ഷാബന്ധൻ കെട്ടിയതെന്നും ഷെയ്ഖ് നേരത്തെ പറഞ്ഞിരുന്നു. സഹോദര സ്നേഹബന്ധത്തെ അടയാളപ്പെടുത്തുന്ന രക്ഷാബന്ധൻ ഓഗസ്റ്റ് 30നാണ് രാജ്യത്ത് ആഘോഷിക്കുക. സ്ത്രീകൾ സഹോദരന്മാരുടെ കൈത്തണ്ടയിൽ രാഖി കെട്ടുകയും അവരുടെ ഐശ്വര്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും.

Advertisement