വിമാനത്തിൽ ഛർദ്ദിച്ച് അവശനായി യാത്രക്കാരൻ, പാതിവഴിയിൽ എമ‍ർജൻസി ലാൻഡിംഗ്, എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല

Advertisement

നാഗ്പുർ: യാത്രക്കാരൻ രക്തം ഛർദ്ദിക്കാൻ തുടങ്ങിയതോടെ അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം. മുംബൈയിൽ നിന്ന് റാഞ്ചിയിലേക്ക് പറന്ന ഇൻഡിഗോ വിമാനം പ്രത്യേക സാഹചര്യത്തിൽ നാഗ്പൂരിലെ ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ദേവാനന്ദ് തിവാരി (62) എന്ന യാത്രക്കാരാനാണ് യാത്രക്കിടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. എന്നാല്‍, വിമാനം ഇറക്കി ദേവാനന്ദ് തിവാരിയെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗുരുതര വൃക്ക തകരാറും ക്ഷയരോഗവും ബാധിച്ച ദേവാനന്ദ്, വിമാനത്തിൽ വച്ച് രക്തം ഛർദ്ദിച്ചതായി കിംസ് ആശുപത്രിയുടെ ബ്രാൻഡിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡിജിഎം എജാസ് ഷാമി സ്ഥിരീകരിച്ചു. വിമാനം താഴെയിറക്കി അദ്ദേഹത്തെ കിംസില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർനടപടികൾക്കായി മൃതദേഹം സർക്കാർ മെഡിക്കൽ കോളേജിലേക്കും ആശുപത്രിയിലേക്കും കൊണ്ടുപോയെന്നും എജാസ് ഷാമി പറഞ്ഞു.

യാത്രക്കിടെ രാത്രി എട്ട് മണിയോടെയാണ് ദേവാനന്ദ് ഛർദ്ദിക്കാൻ തുടങ്ങിയത്. തുടർന്ന് പൈലറ്റ്-ഇൻ-കമാൻഡ് നാഗ്പൂരിൽ ലാൻഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. മുംബൈയിൽ നിന്ന് റാഞ്ചിയിലേക്ക് സർവീസ് നടത്തുന്ന വിമാനം 6E 5093, മെഡിക്കൽ എമർജൻസി കാരണം നാഗ്പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്ന് ഇൻഡിഗോയും സ്ഥിരീകരിച്ചു. യാത്രക്കാരനെ നാഗ്പുരില്‍ ഇറക്കുകയും വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

എന്നാല്‍, യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാനായില്ലെന്നും ഇൻഡിഗോ എയര്‍ലൈൻസ് പ്രസ്താവനയില്‍ അറിയിച്ചു. നാഗ്പൂർ വിമാനത്താവളത്തിലെ ബോർഡിംഗ് ഗേറ്റിന് സമീപം ബോധരഹിതനായി വീണു 40 കാരനായ ഇൻഡിഗോ പൈലറ്റ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. എയർലൈനിന്റെ നാഗ്പൂർ-പുനെ വിമാനത്തിന്‍റെ പൈലറ്റ് ആയ ക്യാപ്റ്റൻ മനോജ് സുബ്രഹ്മണ്യം ഓഗസ്റ്റ് 17ന് ഉച്ചയോടെ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ ബോധരഹിതനായി വീഴുകയായിരുന്നു.

Advertisement