തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഷ ഭീഷണിയുടേത്, കാലോചിതമായി മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: നികുതി അടയ്ക്കാത്ത പൗരന്മാർക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് നൽകുന്ന നോട്ടീസുകളിലെ ഭാഷ കാലഹരണപ്പെട്ടതാണെന്നും അത് നികുതി ദായകനെ അവഹേളിക്കുന്നതും നികുതി ദായകരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നതാണെന്നും മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യം തിരിച്ചറിഞ്ഞതിനാൽ അത്തരം നോട്ടീസുകളിലെ ഭാഷാ പ്രയോഗങ്ങളിൽ കാലികമായ മാറ്റങ്ങൾ വരുത്താൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് നിർദ്ദേശം നൽകി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. പാലക്കാട് കുഴൽമന്ദം നെച്ചുള്ളി സ്വദേശിയും കർഷകനുമായ കെ കെ രാജൻ നൽകിയ പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥാണ് ഉത്തരവ് ഇറക്കിയത്.

കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നൽകിയ നോട്ടീസിലെ പ്രയോഗങ്ങൾ തന്നെ ഭയപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും പൊതു സമൂഹത്തിൽ കളങ്കപ്പെടുത്തുന്നതുമാണെന്നായിരുന്നു കെ കെ രാജൻറെ പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവെന്നും നികുതി / നികുതി കുടിശ്ശിക അടക്കുവാൻ ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും മറ്റും നൽകുന്ന ചില നോട്ടീസുകളിൽ ഉപയോഗിച്ചിരിക്കുന്നത് ഭീഷണിയുടെ ഭാഷയാണെന്നും ഇത്തരം നോട്ടീസുകൾ നികുതി ദായകരെ അവഹേളിക്കുന്ന തരത്തിലുള്ളവയാണെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. കെ കെ രാജൻ, ശിവപ്രസാദ് കെ തുടങ്ങിയവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ‘സൗഹൃദ ഭാഷാ കൂട്ടായ്മ’, അധികാര രൂപത്തിലുള്ള ഭരണഭാഷ മാറ്റണമെന്നാവശ്യപ്പട്ട് ക്യാമ്പൈൻ നടത്തിയിരുന്നു.

എല്ലാ വർഷവും മാർച്ച് 31 മുമ്പായിട്ടാണ് വാർഷിക / അർദ്ധ വാർഷിക നികുതികൾ അടയ്ക്കേണ്ടത്. എന്നാൽ അതിന് ഒരു മാസം മുമ്പ് തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നികുതി അടയ്ക്കുന്നതിനായി ജനങ്ങളെ ഓർമ്മിപ്പിച്ച് കൊണ്ട് നോട്ടീസുകൾ അയക്കും. എന്നാൽ ഇങ്ങനെ അയക്കുന്ന നോട്ടീസുകളിൽ ഉപയോഗിക്കുന്ന ഭാഷ, സ്വാതന്ത്ര്യത്തിനും മുമ്പ് ബ്രീട്ടീഷ് കാലത്ത് ഉപയോഗിച്ചിരുന്ന അധികാരത്തിൻറെ ഭാഷയാണ്, സ്വാതന്ത്ര്യം ലഭിച്ചിട്ടും രാജ്യത്തെ പൗരന്മാരെ, പൗരന്മാരായി കാണാതെ വെറും നികുതി ദായകരായി മാത്രം കാണുന്ന തരത്തിലുള്ള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

“….. മേൽ വിവരിച്ച വാർഷിക / അർദ്ധവാർഷിക നികുതി നിശ്ചിത തിയ്യതിക്കകം ഒടുക്കി രസീതി വാങ്ങേണ്ടതും അപ്രകാരം ഒടുക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം താങ്കൾക്ക്, 1996 ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ 14 പ്രകാരം നോട്ടീസ് പടിയും , നോട്ടീസ് രജിസ്ട്രേഡ് പോസ്റ്റ് മുഖേന നടത്തേണ്ടി വരുന്ന പക്ഷം അതിനുള്ള ചിലവും അടയ്ക്കണമെന്നാവശ്യപ്പെട്ട് ഡിമാൻറ് നോട്ടീസ് അയയ്ക്കുന്നതും, നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം നികുതിയും നോട്ടീസ് പടിയും രജിസ്ട്രേഷൻ ചാർജ്ജ് ഈടാക്കാനുണ്ടെങ്കിൽ അതും കൂടി ഒടുക്കാതിരിക്കുകയോ അപ്രകാരം ഒടുക്കാതിരിക്കുന്നതിന് സെക്രട്ടറിക്ക് ബോധ്യമാവത്തക്കവണ്ണമുള്ള കാരണം കാണിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം ചട്ടം 15 പ്രകാരം താങ്കളുടെ ജംഗമ വസ്തുക്കൾ ലേലം ചെയ്ത് നികുതി നോട്ടീസ് പടി, രജിസ്ട്രേഷൻ ചാർജ്‌, വാറൻറ് പടി എന്നിവ ഈടാക്കുന്നതും എതെങ്കിലും കാരണവശാൽ ജപ്തി പ്രായോഗികമല്ലെന്നോ മുഴുവൻ തുകയ്ക്കും പര്യപ്തമല്ലന്നോ തോന്നുന്ന പക്ഷം താങ്കളെ പ്രോസിക്യൂട്ട് ചെയ്യുന്നതാണ്.’ ഇത്തരത്തിലാണ് നികുതി അടയ്ക്കാൻ തദ്ദേശ ഭരണകൂടങ്ങൾ രാജ്യത്തെ പൗരന് നോട്ടീസ് അയക്കുന്നത്. ഇത് പൗരന്മാരെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും അതിനാൽ കാലികമായി ഇത്തരം ഭാഷാ പ്രയോഗങ്ങൾ തിരുത്തണമെന്നുമാണ് മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.

കേരള പഞ്ചായത്ത് വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും ചട്ടങ്ങൾ 2011, 14 (1) പ്രകാരമുള്ള നോട്ടീസാണെന്നും ഇത് നിയമാനുസൃതം മാത്രമാണെന്നും പഞ്ചായത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു. നോട്ടീസിലെ പ്രയോഗങ്ങൾ ആരെയും ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പരാതിയിൽ കഴമ്പുണ്ടെന്നായിരുന്നു കമ്മീഷൻറെ കണ്ടെത്തൽ. തദ്ദേശ ഭരണകൂടങ്ങളുടെ ഇത്തരം ഭാഷാ പ്രയോഗങ്ങൾ ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ലെന്ന് ഉന്നയിച്ച് ‘സൗഹൃദ ഭാഷാ കൂട്ടായ്മ’ നടത്തിയ ക്യാമ്പൈൻറെ ഭാഗമായാണ് മനുഷ്യാവകാശ കമ്മീഷൻറെ ഉത്തരവെന്നും ബോബൻ മാട്ടുമന്ത പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് അധികാരിയെന്നും ജനത്തെ സേവിക്കാനാണ് ഭരണകൂടവും ഭരണകൂട സ്ഥാപനങ്ങളുമെന്നും ദിവസവും ഓർമ്മിപ്പിക്കേണ്ട അവസ്ഥയാണ് രാജ്യത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ രാജ്യത്ത് ജനങ്ങളെ ഭയപ്പെടുത്തി നികുതി പരിക്കുകയല്ല വേണ്ടതെന്നും മറിച്ച് ജനങ്ങൾക്ക് കൃത്യമായ സേവനം നൽകുകയാണെന്നും അതിന് അധികാരത്തിൻറെ ഭീഷണിയുടെ സ്വരം നൽകരുതെന്നുമാണ്’ സൗഹൃദ ഭാഷാ കൂട്ടായ്മ’ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement