ഓസ്ട്രേലിയൻതീരത്ത് സിലിണ്ടർ രൂപത്തിൽ അജ്ഞാത വസ്തു, ചന്ദ്രയാൻ മൂന്നിന്റെ ഭാ​ഗമോ മലേഷ്യൻ വിമാനാവശിഷ്ടമോ; നി​ഗൂഢത

സിഡ്നി: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കടൽത്തീരത്ത് കണ്ടെത്തിയ അജ്ഞാത വസ്തു അധികൃതർക്ക് തലവേദനയാകുന്നു. ​ഗ്രീൻ ഹെഡ് ബീച്ചിൽ സിലിണ്ടർ ആകൃതിയിലുള്ള വസ്തുവാണ് കടൽത്തീരത്ത് കണ്ടെത്തിയത്. വസ്തു അപകടകരമായതെന്നാണ് നി​ഗമനം. വസ്തുവിന്റെ അടുത്തേക്ക് പോകുന്നതും സ്പർശിക്കുന്നതും പൊലീസ് വിലക്കിയിട്ടുണ്ട്. അതിനിടെ എന്തിന്റെയോ യന്ത്രഭാ​ഗമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കാണാതായ മലേഷ്യൽ വിമാനമായ എംഎച്ച് 370ന്റെ അവശിഷ്ടമോ ഇന്ത്യ കഴിഞ്ഞ ദിവസം വിക്ഷേപിച്ച ചന്ദ്രയാൻ റോക്കറ്റിന്റെയോ ഭാ​ഗമാണെന്നും അഭ്യൂഹമുയർന്നു.

വസ്തു എന്താണെന്നും എങ്ങനെ ഇവിടെയെത്തിയെന്നും കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും പൊലീസ് പറയുന്നു. ഏതെങ്കിലും സൈന്യത്തിന്റെയോ ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയുടെയോ ഭാ​ഗമാകാമെന്നും സംശയിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം സിലിണ്ടർ ഒബ്‌ജക്റ്റിന് 2.5 മീറ്റർ വീതിയും 2.5 മീറ്ററിനും 3 മീറ്ററിനും ഇടയിൽ നീളവുമുണ്ട്.

കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ച ബഹിരാകാശ റോക്കറ്റിന്റെ ഇന്ധന ടാങ്കാകാനാണ് സാധ്യതയെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു. ബഹിരാകാശ പേടകത്തിന്റെ ഭാഗമാകാനുള്ള സാധ്യതയുള്ളതിനാൽ ഓസ്‌ട്രേലിയയുടെ ബഹിരാകാശ ഏജൻസി അയൽ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികളുമായി ബന്ധപ്പെടുന്നുണ്ട്.

തകർന്നുവീണതായി കരുതപ്പെടുന്ന മലേഷ്യൻ വിമാനം MH370-ന്റെ ഭാഗമാകാമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അതിന് സാധ്യതയില്ലെന്ന് ഏവിയേഷൻ വിദഗ്ധൻ ജെഫ്രി തോമസ് ബിബിസിയോട് പറഞ്ഞു. ബോയിംഗ് 777-ന്റെ ഭാഗമല്ല. ഒമ്പതര വർഷം മുമ്പ് MH370 കാണാതായി. എന്നാൽ കണ്ടെത്തിയ വസ്തുവിന് അത്രയും പഴക്കം തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2014 മാർച്ച് 8 നാണ് വിമാനം അപ്രത്യക്ഷമായത്. മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട വിമാനം യാത്രാമധ്യേ റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായി. വിമാനത്തിന് എന്ത് സംഭവിച്ചുവെന്നത് ഇന്നും വ്യക്തമല്ല. ഈ സംഭവം വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായി ഇപ്പോഴും തുടരുകയാണ്.

Advertisement