ശ്രേയസ്, ഗിൽ സെഞ്ചുറി; സൂര്യ, രാഹുൽ ഫിഫ്റ്റി: ഓസ്ട്രേലിയക്കെതിരേ ഇന്ത്യ 399/5

ഇൻഡോർ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നിശ്ചിത അമ്പതോവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തു. ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരേ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്.

ഓപ്പണർ ശുഭ്‌മൻ ഗിൽ, വൺഡൗൺ ബാറ്റർ ശ്രേയസ് അയ്യർ എന്നിവരുടെ സെഞ്ചുറികളും ആറാം നമ്പറിൽ സൂര്യകുമാർ യാദവ് നടത്തിയ വെടിക്കെട്ടുമായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്‍റെ കരുത്ത്.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. എട്ടു റൺസെടുത്ത ഋതുരാജ് ഗെയ്ക്ക്‌വാദിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും തുടർന്നെത്തിയ ശ്രേയസ് ടോപ്പ് ഗിയറിൽ തന്നെ സ്കോറിങ് തുടങ്ങുകയായിരുന്നു. മെല്ലെ ഗില്ലും റൺ നിരക്ക് ഉയർത്താൻ തുടങ്ങിയതോടെ ഓസ്ട്രേലിയൻ ബൗളർമാർ നിസ്സഹായരായി.

200 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 90 പന്തിൽ 11 ഫോറും മൂന്നു സിക്സും സഹിതം 105 റൺസെടുത്ത ശ്രേയസിനെയും, 97 പന്തിൽ ആറ് ഫോറും നാലു സിക്സും സഹിതം 104 റൺസെടുത്ത ഗില്ലിനെയും ചെറിയ ഇടവേളയിൽ ഇന്ത്യക്കു നഷ്ടമായി.

എന്നാൽ, അവിടെ ഒരുമിച്ച ക്യാപ്റ്റൻ കെ.എൽ. രാഹുലും ഇഷാൻ കിഷനും റൺ നിരക്ക് കൂടുതൽ ഉ‍യർത്തുകയാണു ചെയ്തത്. രാഹുൽ 38 പന്തിൽ മൂന്നു ഫോറും മൂന്നു സിക്സും സഹിതം 52 റൺസെടുത്തപ്പോൾ, നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സടിച്ച കിഷൻ 18 പന്തിൽ 31റൺസും നേടി. രണ്ടു വീതം ഫോറും സിക്സുമാണ് കിഷൻ നേടിയത്.

സൂര്യകുമാർ തുടക്കത്തിൽ റൺ നിരക്ക് ഉയർത്താൻ ബുദ്ധിമുട്ടിയെങ്കിലും 44ാം ഓവറിൽ കളി മാറി. ഗ്രീനിന്‍റെ ആദ്യ പന്ത് ലോങ് ലെഗ്ഗിനു മുകളിലൂടെ സിക്സ്, രണ്ടാം പന്തിൽ ട്രേഡ് മാർക്ക് സ്കൂപ്പ് ഷോട്ടിലൂടെ വീണ്ടും സിക്സ്. മൂന്നാം പന്ത് കവറിനു മുകളിലൂടെയും നാലാം പന്ത് ഡീപ്പ് മിഡ്‌വിക്കറ്റിലൂടെയും സൂര്യ സിക്സറിനു പറത്തുകയായിരുന്നു.

അമ്പതോവർ പൂർത്തിയാകുമ്പോൾ സൂര്യ 37 പന്തിൽ ഏഴു വീതം സിക്സും ഫോറും സഹിതം 72 റൺസെടുത്ത് പുറത്താകാതെ നിന്നു. 9 പന്തിൽ 12 റൺസെടുത്ത ജഡേജയും നോട്ടൗട്ടായിരുന്നു.

Advertisement