ആ കുട്ടി വേട്ടയാടപ്പെടുകയാണ്; സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് കമൽ ഹാസൻ

ചെന്നൈ: സനാതനധർമ പരാമർശത്തിന്റെ പേരിൽ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ വേട്ടയാടപ്പെടുകയാണെന്ന് മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസനും. കോയമ്പത്തൂരിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഉദയനിധി സ്റ്റാലിൻറെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സനാതനധർമത്തെ കുറിച്ച് സംസാരിച്ചതിൻറെ പേരിൽ ഒരു കുട്ടി ആക്രമിക്കപ്പെടുകയാണ് എന്നായിരുന്നു കമൽ പറഞ്ഞത്.

തന്നെപ്പോലുള്ള പല നേതാക്കൾക്കും സനാതനം എന്ന വാക്കിൻറെ ശരിയായ അർത്ഥം മനസിലായത് പോലും പെരിയാറിനെ പോലുള്ള നേതാക്കളിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. പെരിയാർ പണ്ട് ക്ഷേത്രത്തിലെ പൂജാരിയായി പ്രവർത്തിച്ച വ്യക്തിയാണ്. എന്നിട്ടും അദ്ദേഹം അതെല്ലാം വേണ്ടെന്ന് വെച്ച് ജനങ്ങളെ സേവിക്കാനായി ഇറങ്ങിയെന്നും അദ്ദേഹം ഡി.എം.കെയുടെ മാത്രം സ്വന്തമാണെന്നോ തമിഴ്നാടിന്റ മാത്രമാണോ എന്നും പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സനാതന ധർമം പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ഇത് വൻ വിവാദത്തിന് കാരണമായി. ഉദയനിധിക്കെതിരെ ബി.ജെ.പി രംഗത്തെത്തി. പ്രസ്താവനയിൽ ഉദയനിധി സ്റ്റാലിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് നോട്ടീസയച്ചത്.

ചെന്നൈയിലെ അഭിഭാഷകൻ ബി. ജഗനാഥ് ആണ് ഉദയനിധി സ്റ്റാലിനെതിരേ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. സനാതന ധർമം തുടച്ചുനീക്കുന്നതിനായുള്ള പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ടിന് ചേരുന്ന കോൺഫറൻസ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ നോട്ടീസയച്ചെങ്കിലും വിദ്വേഷപ്രസംഗങ്ങൾക്കെതിരായ മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

Advertisement