ബസ് ഡ്രൈവർ ബോധരഹിതനായി; സഹപാഠികളുടെ രക്ഷകനായി ഏഴാം ക്ലാസുകാരൻ

മിഷിഗൺ: സഹപാഠികളുടെ ജീവൻ രക്ഷിച്ച് ആക്‌ഷൻ ഹീറോയായി ഏഴാം ക്ലാസുകാരൻ. സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ബോധരഹിതനായതോടെയാണ് ബസിനെ എഴാം ക്ലാസുകാരൻ ഡില്ലൻ റീവ്‌സ് നിയന്ത്രിച്ചത്. അമേരിക്കയിൽ മിഷിഗണിൽ ബുധനാഴ്ചയായിരുന്നു സംഭവം.

വിദ്യാർത്ഥി ബസിന്റെ നിയന്ത്രണമേറ്റെടുത്ത ദൃശ്യങ്ങൾ വാറൻ സ്കൂൾ പുറത്തുവിട്ടു. ബസ് ഓടിക്കുന്നതിനിടെ അസ്വഭാവികതകൾ പ്രകടിപ്പിച്ച ഡ്രൈവർ പെട്ടെന്ന് ബോധരഹിതനാകുകയായിരുന്നു. ഇതു മനസ്സിലാക്കി അഞ്ചാം നിരയിൽ നിന്നെത്തിയ ഡില്ലൻ സുരക്ഷിതമായി ബണറ്റ് റോഡിലെ മസോണിക് ബൗഴ്‍വാർഡ് സ്‌റ്റോപ്പിൽ ബസ് നിറുത്തി. 66 വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.

ബോധരഹിതനാകുന്നതിന് മുൻപായി അസ്വഭാവികതകൾ തോന്നിയത് ഡ്രൈവർ അറിയിച്ചതിനാൽ വാറൻ പോലീസിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും പെട്ടെന്നുള്ള പ്രതികരണം രക്ഷാപ്രവർത്തനത്തിന് സഹായകരമായി. ധീരതയാർന്ന പ്രവർത്തനം കാഴ്ചവച്ച ഡില്ലണെ സ്കൂളിൽ ആദരിച്ചു.

Advertisement