ബാഹുബലി-2 നെക്കാള്‍ മികച്ചതെന്ന് പ്രതികരണങ്ങള്‍;1000 കോടി പ്രതീക്ഷയില്‍ ‘പൊന്നിയിന്‍ സെല്‍വന്‍ 2’

2023-ല്‍ തെന്നിന്ത്യന്‍ പ്രേക്ഷകരൊട്ടാകെ കാത്തിരിക്കുന്ന ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ 2’-ന് ഗംഭീര പ്രതികരണമാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിനപ്പുറമാണ് രണ്ടാം ഭാഗത്തിലെ കാഴ്ചകളെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. പതിനഞ്ച് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഇന്‍ട്രൊ സീന്‍ ആദ്യം തന്നെ കയ്യടി നേടുന്നു. ഐശ്വര്യറായി ചിയാന്‍ വിക്രം കൂടിക്കാഴ്ചയും തൃഷകാര്‍ത്തി പ്രണയ രംഗങ്ങളുമൊക്കെ തിയറ്ററുകളില്‍ ആവേശം നിറയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രം ആദ്യ ഭാഗത്തെക്കാള്‍ കൂടുതല്‍ ആകാംക്ഷ നിറഞ്ഞതും സംഭവബഹുലവുമാണ്. അതുകൊണ്ടുതന്നെ ബോക്‌സ് ഓഫീസില്‍ പിഎസ് 1-നെക്കാള്‍ രണ്ടാം ഭാഗത്തിന് വലിയ ചലനം സൃഷ്ടിക്കാന്‍ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.
ലോകമെമ്പാടുമുള്ള 3200 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. നിലവില്‍ റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഐശ്വര്യ റായി ബച്ചന്റെ കഥാപാത്രമായ നന്ദിനിയും വിക്രമിന്റെ കരികാലനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ബാഹുബലി-2 നെക്കാള്‍ മികച്ചതാണ് പി.എസ് 2 എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കൂടാതെ മണിര്തനം തന്റെ മറ്റു ചിത്രങ്ങളെ പോലെ റൊമാന്‍സ് വളരെ മനോഹരമായി ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. എ. ആര്‍ റഹ്മാന്റെ സംഗീതം മറ്റൊരു ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടു പോകുന്നുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു.
2022 സെപ്റ്റംബര്‍ 30-നാണ് പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം റിലീസിനെത്തിയത്. ആഗോളതലത്തില്‍ 500 കോടി കളക്ട് ചെയ്ത ചിത്രം വിജയം സ്വന്തമാക്കി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. സീക്വലില്‍ ഇതിന്റെ മൂന്നിരട്ടി കളക്ഷനും പല റെക്കോര്‍ഡുകളും പ്രതീക്ഷ വെയ്ക്കുന്നുണ്ട്. ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം 100 കോടിയെത്തുമെന്നും മുഴുവന്‍ കളക്ഷന്‍ 1000 കോടിയെങ്കിലും സ്വന്തമാക്കുമെന്നാണ് അനലിസ്റ്റകുളും കണക്കുകൂട്ടുന്നത്. മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം 70 വര്‍ഷം മുമ്പ് എഴുതിയ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവല്‍ പരമ്പരയെ അടിസ്ഥാനമാക്കിയാണ്.

Advertisement