കൊച്ചു കുട്ടികളെയും കൂട്ടി ഷാപ്പിൽ മുതിർന്നവരുടെ കള്ളുകുടി; ദൃശ്യങ്ങൾ പ്രചരിച്ചു, ഒടുവിൽ പൊല്ലാപ്പ്

Advertisement

ആലപ്പുഴ: ആലപ്പുഴയിലെ മീനപ്പള്ളി കള്ളുഷാപ്പിൽ കുട്ടികളുമൊത്ത് മുതിർന്നവർ കള്ളുകുടിച്ച സംഭവം വിവാദമായി. കള്ളുകുടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെട്ടു.

കുട്ടികളെയും ഷാപ്പിൽ കൊണ്ടുപേയി കള്ളുകുടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. നിരവധി കുട്ടികളെ കള്ളുഷാപ്പിനുള്ളിൽ കൊണ്ടുപോകുന്നതും ഇവരുടെ മുന്നിൽ വെച്ച് മുതിർന്നവർ മദ്യപിക്കുന്നതുമായി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നതിൻറെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ് കുമാർ സ്വമേധയാണ് കേസെടുത്ത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

ഈ മാസം 22 നായിരുന്നു വിനോദ സഞ്ചാരികളുടെ സംഘം ഹൗസ്ബോട്ടിൽ ഷാപ്പിലെത്തിയത്. ഭക്ഷണത്തിനു ശേഷമായിരുന്നു കുട്ടികളെയടക്കം ഇരുത്തികൊണ്ടുള്ള കള്ളുകുടി ആഘോഷം. സംഭവം വിവാദമായതോടെ ഷാപ്പ് ലൈസൻസിക്കെതിരെയും നടത്തിപ്പു ചുമതല വഹിച്ചിരുന്നയാൾക്കെതിരെയും എക്സൈസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തത്. 23 വയസ്സിൽ താഴെയുള്ളവർക്കു മദ്യം നൽകാൻ പാടില്ല എന്ന നിയമം തെറ്റിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കർശന നടപടി ഉണ്ടാകും.

Advertisement