90 മിനിറ്റ് കൊണ്ട് ഒരു ലിറ്റർ മദ്യം അകത്താക്കി; 36 കാരന് ദാരുണാന്ത്യം

അമിത അളവിൽ മദ്യം ശരീരത്തിനുള്ളിൽ ചെന്നതിനെ തുടർന്ന് 36 കാരനായ ബ്രീട്ടീഷ് യുവാവിന് ദാരുണാന്ത്യം. പോളണ്ടിലെ ഒരു നൈറ്റ് ക്ലബ്ബിൽ നിന്ന് അമിത അളവിൽ മദ്യം കഴിച്ച മാർക്ക് സി എന്നയാളാണ് മരിച്ചത്. ഇയാൾ മദ്യം വേണ്ടന്ന് പറഞ്ഞിട്ടും ക്ലബ്ബ് ജീവനക്കാർ ഇയാളെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മരണശേഷം ഇയാൾ കൊള്ളയടിക്കപ്പെട്ടതായും പൊലീസ് പറഞ്ഞു.

പോളണ്ടിലെ വൈൽഡ് നൈറ്റ്‌സ് എന്ന ക്ലബ്ബിൽ നിന്നാണ് ഇയാൾ അമിത അളവിൽ മദ്യം കഴിച്ചത്. 90 മിനിറ്റുകൾ കൊണ്ട് 22 ഷോട്ട് മദ്യം അതായത് ഒരു ലിറ്ററോളം മദ്യമാണ് ഇയാൾ കുടിച്ചത്. ഈ നൈറ്റ് ക്ലബ്ബിൽ ഇയാൾ എത്തുന്നതിന് മുമ്പ് തന്നെ പലയിടങ്ങളിൽ നിന്നായി ഇയാൾ വേറെയും മദ്യം കഴിച്ചിരുന്നുവെന്നാണ് പൊലിസിന്‍റെ നിരീക്ഷണം. പ്രവേശനം സൗജന്യമായിരുന്ന നൈറ്റ് ക്ലബ്ബിലെത്തിയ ഇയാളെ ക്ലബ്ബ് ജീവനക്കാർ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വലിയ ഇടവേളയില്ലാതെ ഒരു ലിറ്ററോളം മദ്യം അകത്തു ചെന്നതോടെ ഇയാൾ ക്ലബ്ബിൽ കുഴഞ്ഞ് വീഴുകയായിരുന്നു. എന്നാൽ കുഴഞ്ഞ് വീണ ഇയാള്‍ക്ക് ക്ലബ്ബ് ജീവനക്കാർ ആവശ്യമായ വൈദ്യസഹായം നൽകിയില്ലെന്ന് മാത്രമല്ല ഇയാളെ കൊള്ളയടിക്കുകയും ചെയ്തു.

പരിശോധനയില്‍ ഇയാളുടെ ശരീരത്തിൽ മാരകമായ അളവിൽ ആൽക്കഹോളിന്‍റെ അംശം കണ്ടെത്തി. പോളണ്ടിലെ നാഷണൽ പ്രോസിക്യൂട്ടർ ഓഫീസ് പുറത്ത് വിടുന്ന കണക്ക് പ്രകാരം ഇയാളുടെ രക്തത്തിൽ 0.4 % ആൽക്കഹോളിന്‍റെ അംശം ഉണ്ടായിരുന്നു. കൂടാതെ മെട്രോ ന്യൂസ് റിപ്പോട്ട് ചെയ്യുന്നതനുസരിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന 420 പൗണ്ടും (42,000 ത്തിലധികം ഇന്ത്യൻ രൂപ ) മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് വിവിധ നിശാക്ലബ്ബുകളിൽ നടത്തിയ റെയ്ഡുകളിൽ നിന്നായി 58 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സംഘടിത ക്രൈം ഗ്രൂപ്പിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന ഇവർ മദ്യം നൽകി ആളുകളെ അപകടപ്പെടുത്തി കൊള്ളയടിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോട്ട് ചെയ്തിട്ടുണ്ടന്നും പൊലീസ് പറഞ്ഞു.

Advertisement