ഡയാന രാജകുമാരി ഉപയോഗിച്ച മാല ലേലത്തിൽപ്പിടിച്ച് കിം കർദാഷിയാൻ

ഡയാന രാജകുമാരി ഉപയോഗിച്ച വജ്രമാല ലേലത്തിൽപ്പിടിച്ച് സൂപ്പർ മോഡലും ടെലിവിഷൻ താരവുമായ കിം കർദാഷിയാൻ. വജ്രം പതിപ്പിച്ച വലിയ കുരിശ് ലോക്കറ്റുള്ള ഈ മാല അറ്റെലോ ക്രോസ് എന്നാണ് അറിയപ്പെടുന്നത്. ഡയാന രാജകുമാരയിയുടെ ഐക്കോണിക് ആഭരണമായി ശ്രദ്ധ നേടിയ ഈ മാല ന്യൂയോർക്കിലെ സോതബീസ് ഓക്‌ഷൻ ഹൗസിൽ ബുധാനാഴ്ച നടന്ന ലേലത്തിലാണ് കിം സ്വന്തമാക്കിയത്. ഏകദേശം 1.6 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്.

ബ്രിട്ടിഷ് ആഭരണനിർമാതാക്കളായ ജെരാർഡ് 1920കളിൽ രൂപകൽപന ചെയ്ത മാലയാണിത്. പർപ്പിൾ കല്ലുകളെ ചുറ്റി വജ്രം നൽകിയാണ് ഈ വലിയ കുരിശ് ലോക്കറ്റ് ഡിസൈൻ ചെയ്തത്. 1980 കളിൽ നയിം അത്തല്ല എന്ന വ്യവസായി ഈ ലോക്കറ്റ് സ്വന്തമാക്കി. ഡയാന രാജകുമാരിയുടെ സുഹൃത്തായിരുന്നു അത്തല്ല. ഇയാൾ പല തവണ ഇതു രാജകുമാരിക്ക് ധരിക്കാനായി നൽകി. 1987 ലെ ഒരു ചടങ്ങിന് ഈ മാലയണിഞ്ഞ് ഡയാന എത്തി. പർപ്പിൾ ഗൗൺ ആയിരുന്നു അന്ന് ഡയാനയുടെ വേഷം. വലിയ ലോക്കറ്റുള്ള ആ മാല അങ്ങനെയാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ഡയാനയുടെ മരണശേഷം ഈ ലേലത്തിലൂടെയാണ് മാല വീണ്ടും ശ്രദ്ധാകേന്ദ്രമായത്.

ചരിത്രപ്രസിദ്ധിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും സ്വന്തമാക്കുന്നതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് കിം കർദാഷിയാൻ. സുപ്രസിദ്ധ നടി മെർലിൻ മൺറോയുടെ ഗൗൺ വാടകയ്ക്ക് എടുത്ത് മെറ്റ് ഗാലയിൽ എത്തി കിം വിവാദത്തിൽപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഡയാന ഉപയോഗിച്ച വജ്രമാല ലേലത്തിൽപ്പിടിച്ചിരിക്കുന്നത്.

Advertisement