200 വർഷം മുമ്പ് കൗമാരക്കാരിയായ വധുവിന് യുഎസ് പ്രസിഡൻറ് എഴുതിയ കത്ത് വിറ്റു പോയത് 32 ലക്ഷം രൂപയ്ക്ക് !

യുണൈറ്റഡ് നേഷൻസ് ഓഫ് അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളും ജോർജ്ജ് വാഷിംഗ്ടണിന് ശേഷം രണ്ടാമത്തെ യുഎസ് പ്രസിഡൻറുമായ ജോൺ ആഡംസ്, കൗമാരക്കാരിയായ നവവധുവിനെഴുതിയ കത്ത് 200 വർഷങ്ങൾക്ക് ശേഷം ലേലത്തിൽ വിറ്റുപോയത് 32 ലക്ഷം രൂപയ്ക്ക്. അലേട്ടർ റാബ് കളക്ഷൻ ഹൗസാണ് കത്ത് ലേലത്തിൽ വച്ചത്. ജോൺ ആഡംസുമായി അടുത്ത കുടുംബ ബന്ധമുള്ളവരും അയൽവാസികളുമായ റോബിൻസൺ കുടുംബത്തിലെ കൗമാരക്കാരിയായ വധുവിനാണ് അദ്ദേഹം കാൽപ്പനികമായ കത്തെഴുതിയത്. കഴിഞ്ഞ 200 വർഷമായി റോബിൻസൺ കുടുംബത്തിൻറെ സ്വകാര്യ ശേഖരത്തിലായിരുന്നു ഈ കത്ത്. 1797 മാർച്ച് 4 മുതൽ 1801 മാർച്ച് 4 വരെക്കാലത്താണ് ജോൺ ആഡംസ് യുഎസിൻറെ പ്രസിഡൻറായി സേവനം അനുഷ്ഠിച്ചത്.

1824 ഡിസംബർ 14 ന് തൻറെ അയൽവാസിയായ എല്ലെൻ മരിയ ബ്രാക്കറ്റിനെഴുതിയ കത്തിൽ വധൂവരന്മാരുടെ ബന്ധത്തിൽ താൻ സന്തുഷ്ടനാണെന്ന് അദ്ദേഹം കുറിച്ചു. വരൻറെ ഭാഗത്ത് ജോൺ ആഡംസും അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തുമായ ജഡ്ജ് പീറ്ററും മിസ് റോബിൻസണുമാണ് ഉണ്ടായിരുന്നത്. തൻറെ ജീവിതകാലം മുഴുവനും വധൂവരന്മാരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കുറിച്ചു. മറ്റൊരു കത്തിൽ വധൂവരന്മാർക്ക് അദ്ദേഹം ആശംസകളും സമൃദ്ധിയും നേർന്നു. കൂടാതെ കത്തിൻറെ ഒടുവിൽ ഒപ്പിനൊപ്പം അദ്ദേഹം വധുവിൻറെ ആത്മാർത്ഥ സുഹൃത്ത് എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തു.

ജീവിതത്തിൻറെ അവസാന നാളുകളിൽ ബോസ്റ്റണിനടുത്തുള്ള മസാച്യുസെറ്റ്‌സിലെ ക്വിൻസിയിലെ പീസ് ഫീൽഡ് എന്ന ഫാം ഹൗസിൽ താമസിക്കുമ്പോഴാണ് അദ്ദേഹം തൻറെ അയൽവാസിയും കുടുംബ സുഹൃത്തുമായ വധുവിന് ഈ കത്ത് എഴുതിയത്. എലൻ മരിയ ബ്രാക്കറ്റ് പ്രദേശത്തെ ഒരു പ്രാദേശിക കുടുംബത്തിൽ നിന്നുള്ള കുട്ടിയായിരുന്നു. അവൾക്ക് 19 വയസുള്ളപ്പോഴായിരുന്നു വിവാഹം നടന്നത്. തോമസ് റോബിൻസണായിരുന്നു അവളുടെ വരൻ. കത്തിൽ പരാമർശിച്ചിരുന്ന മിസ് റോബിൻസൺ, വരൻറെ സഹോദരിയായിരുന്നു. ഈ കത്ത് യുവ ദമ്പതികളായ തോമസിൻറെയും എലൻറെയും ലെതർ-ബൗണ്ട് സുവനീറുകളുടെ ആൽബത്തിലാണ് സൂക്ഷിച്ചിരുന്നത്. മുൻ പ്രസിഡൻറിൻറെ ഒപ്പോട് കൂടിയ കത്ത് കുടുംബം ഏക്കാലത്തും വിലമതിച്ചിരുന്നു. കത്ത് ലേലത്തിന് വച്ചപ്പോൾ അമേരിക്കൻ പ്രസിഡൻറിൻറെ കത്ത് ഇതുവരെ കണ്ടിട്ടില്ലെന്നാണ് ലേലത്തിൽ പങ്കെടുത്തവർ പറഞ്ഞത്. ജോൺ ആഡംസ് യുഎസ് പ്രസിഡൻറാകുന്നതിന് മുമ്പ് രണ്ട് തവണ യുഎസ് വൈസ് പ്രസിഡൻറായിരുന്നു.

Advertisement