രവിവർമ്മയുടെ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’: ലേലത്തിൽ വിറ്റത് വൻ വിലയ്ക്ക്

Advertisement

വഡോദര: ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവെന്നറിയപ്പെടുന്ന ചിത്രകാരൻ രാജാരവിവർമ്മ 130 വർഷം മുൻപ് വരച്ച, പ്രശസ്തമായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’ പെയിന്റിംഗ് ലേലത്തിൽ വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്.

മോഡേൺ ഇന്ത്യൻ ആർട്ട് എന്ന പേരിൽ ഏപ്രിൽ ആറിന് ഒരു പ്രമുഖ സ്ഥാപനം നടത്തിയ ലേലത്തിലാണ്, രവിവർമ്മയുടെ ഐതിഹാസിക ചിത്രങ്ങളിലൊന്നായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’ മോഹവിലയായ 21 കോടി രൂപയ്ക്ക് വിറ്റുപോയത്. സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്ന ചിത്രത്തിന് 15 – 20 കോടി രൂപയാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്ന വില.

രാജസദസിൽ വച്ച്‌ കൗരവരുടെയും പാണ്ഡവരുടെയും മദ്ധ്യത്തിൽ ദുശാസനൻ ദ്രൗപദിയെ വസ്ത്രാക്ഷേപം നടത്താൻ ശ്രമിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം വരച്ചിട്ടുള്ളത്. മഹാരാജ് സയാജിറാവു ഗെയ്‌ക്‌വാദിന്റെ നിർദ്ദേശ പ്രകാരം, 1888-1890 കാലഘട്ടത്തിൽ രവിവർമ്മ വരച്ച 14 ചിത്രങ്ങളിലൊന്നാണിത്.

തിരുവനന്തപുരത്തും പിന്നീട് ബറോഡയിൽ ഗെയ്‌ക്‌വാദ് പണികഴിപ്പിച്ച ലക്ഷ്മി വിലാസ് കൊട്ടാരത്തിലും പ്രദർശിപ്പിച്ചിരുന്ന ചിത്രം പിന്നീട്, രവിവർമ്മ ഫൈൻ ആർട്സ് ലിത്തോഗ്രാഫിക് പ്രസിന്റെ ഒരു ഓഹരിയുടമയിലേക്ക് എത്തിച്ചേരുകയായിരുന്നു. തുടർന്ന്, പുരാവസ്തു ശേഖരണം നടത്തുന്ന ഒരു സ്വകാര്യ വ്യക്തിയുടെ കൈവശം ചിത്രം എത്തിച്ചേർന്നതായും സംഘാടകരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.

Advertisement