ജോലി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ആദിവാസികൾക്ക് ഡോക്ടർ ചികിൽസ നിഷേധിച്ചെന്ന് പരാതി

തൃശ്ശൂർ . ജോലി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ആദിവാസികൾക്ക് ഡോക്ടർ ചികിൽസ നൽകിയില്ലെന്ന് പരാതി.
പുത്തൂർ വല്ലൂർ ആദിവാസി ഊരുമൂപ്പനും മകനും ആണ് ചികിൽസ നിഷേധിച്ചതായി പരാതി നൽകിയത്.
പുത്തൂരിൽ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയതായിരുന്നു ഇരുവരും .

വല്ലൂർ ആദിവാസി കോളനിയിലെ ഊരുമൂപ്പൻ രമേഷ്, മകൻ വിഷ്ണുവിനൊപ്പം വെള്ളിയാഴ്ച ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. തുടർന്ന് സമീപത്തുള്ള വെട്ടുകാട് പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടി. രണ്ട് പേർക്കും പരിക്കുണ്ടായിരുന്നു.
എന്നാൽ ഡ്യൂട്ടി സമയം കഴിഞ്ഞാണ് എത്തിയതെന്ന് പറഞ്ഞ് പ്രാഥമിക ശുശ്രൂഷ പോലും ഡോക്ടർ നൽകിയില്ലന്നാണ് പരാതി.
ഇതേ തുടർന്ന് തർക്കമുണ്ടാവുകയും ഡോക്ടർ കാറിൽ കയറി പോവുകയും ചെയ്തതായി പരാതിയിൽ പറയുന്നു

ഇരുവരും പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.
വൈഷ്ണവിന്റെ കൈയിലെ എല്ലിന് പൊട്ടലുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും, പരാതി നൽകി.
അപകടത്തിൽ പരിക്കേറ്റ് ഉച്ചക്ക് 1.30ന് രമേഷ് ആശുപത്രിയിൽ എത്തിയിട്ടും, പരിക്കേറ്റവരെ ചികിത്സിക്കാൻ തയ്യാറാകാത്ത ഡോക്ടർക്കെതിരെ നടപടി വേണമെന്നാണ് രമേഷിന്റെ ആവശ്യം.

Advertisement