അഫ്​ഗാനിൽ ക്ലാസ് മുറിയിലെ സ്ഫോടനത്തിൽ മരണസംഖ്യ 53 ആയി, കൊല്ലപ്പെട്ടത് 46 പെൺകുട്ടികൾ

കാബുൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ട്യൂഷൻ സെൻററിലുണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി ഉയർന്നു. 46 പെൺകുട്ടികളും സ്ത്രീകളുമാണ് ചാവേർ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.

നിരവധിപേർക്ക് പരിക്കേറ്റു. ശാഹിദ് മസ്റായി റോഡിലെ പുലെ സുഖ്ത പ്രദേശത്താണ് അഫ്​ഗാനെ ഞെട്ടിച്ച സ്ഫോടനമുണ്ടായത്. വിദ്യാർത്ഥികൾ സർവ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ 46 പെൺകുട്ടികളും സ്ത്രീകളുമാണെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. 83 പേർക്കാണ് പരിക്കേറ്റതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നൂറോളം വിദ്യാർഥികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വിഷയത്തിൽ താലിബാൻ ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. ആക്രമണത്തെ യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ അപലപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഹസാരെ വിഭാ​ഗത്തിലുള്ള സ്ത്രീകൾ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചു. ന്യൂനപക്ഷ വംശഹത്യയാണ് അഫ്​ഗാനിൽ നടക്കുന്നതെന്നും അവകാശങ്ങൾ സംരക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വസീർ അക്ബർ ഖാൻ പ്രദേശത്ത് സ്ഫോടനമുണ്ടായതിന്റെ തൊട്ടുപിന്നാലെയാണ് ഇവിടെയും സ്ഫോടനം നടന്നത്. അഫ്​ഗാനിൽ താലിബാൻ അധികാരത്തിലേറി ഒരു വർഷം പിന്നിടുമ്പോൾ അക്രമസംഭവങ്ങൾ വർധിക്കുകയാണ്.

സ്ഫോടനം നടന്ന പടിഞ്ഞാറൻ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവർ ഏറെയുള്ള സ്ഥലമാണ്. താലിബാൻറെ രണ്ടാം വരവിന് ശേഷം അഫ്ഗാനിസ്ഥാനിൽ ഹസാര ന്യൂനപക്ഷങ്ങൾക്കെതിരെ അടുത്തകാലത്തായി വംശീയ അക്രമണങ്ങൾ വർധിച്ചിരുന്നു. ആക്രമണം നടക്കുമ്പോൾ മുറിയിൽ 600 ഓളം പേർ ഉണ്ടായിരുന്നതായി പരിക്കേറ്റ ഒരു വിദ്യാർത്ഥി എഎഫ്‌പിയോട് പറഞ്ഞു.

കാജ് ട്യൂഷൻ സെൻറർ ഒരു സ്വകാര്യ കോളേജാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇവിടെ പ്രവേശനമുണ്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുമെന്ന് പറഞ്ഞാണ് താലിബാൻ അധികാരത്തിലേറിയതെങ്കിലും പിന്നീട് ഈ നയത്തിൽ നിന്ന് താലിബാൻ പിന്മാറിയിരുന്നു. എങ്കിലും ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്കൂളുകളിലും സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോഴും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നുണ്ട്. സ്ഫോടനത്തിൻറെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ വിഭാഗമാണ് ഹസാരകൾ. ഇവരിൽ ഭൂരിഭാഗവും ഷിയ മുസ്ലീങ്ങളാണ്യ. സുന്നി വിഭാ​ഗമായ താലിബാനിൽ നിന്ന് ദീർഘകാലമായി പീഡനം നേരിടേണ്ടിവന്നിട്ടുള്ള ന്യൂനപക്ഷം കൂടിയാണ് ഹസാരകൾ. അക്രമണത്തെ അപലപിക്കുന്നതായി താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. സിവിലിയൻ ലക്ഷ്യങ്ങൾ ആക്രമിക്കുന്നത് ശത്രുവിൻറെ മനുഷ്യത്വരഹിതമായ ക്രൂരതയും ധാർമ്മിക നിലവാരമില്ലായ്മയുമാണ് തെളിയിക്കുന്നതെന്ന് അബ്ദുൾ നാഫി ടാക്കൂർ പറഞ്ഞു.

Advertisement