തായ് വാനുമായി ബന്ധമുറപ്പിക്കാൻ ഉറച്ച് അമേരിക്ക; ചൈനയോടുള്ള തുറന്ന യുദ്ധപ്രഖ്യാപനമെന്ന് നിരീക്ഷകർ

ബീജിം​ഗ്: തയ്‍വാനിലേക്കു സുപ്രധാന യാത്രയ്ക്ക് ഒരുങ്ങുകയാണ് അമേരിക്കൻ ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി. കാൽ നൂറ്റാണ്ടിനിടെ തയ്‌വാനിലേക്കുള്ള ആദ്യത്തെ തന്ത്രപ്രധാന സന്ദർശനമാണ് ഇതെന്ന് കൊണ്ടു തന്നെ നിരീക്ഷകർ ഈ യാത്രയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നു.

അമേരിക്കൻ അധികാര കേന്ദ്രത്തിന്റെ മൂന്നാമത്തെ വ്യക്തി തന്നെ നേരിട്ട് ഇത്തരം ഒരു സന്ദർശനത്തിനിറങ്ങുമ്പോൾ ചൈന അസ്വസ്ഥരാണ്. യുഎസ് നീക്കത്തിൽ അപകടം മണത്ത ചൈന കടുത്ത എതിർപ്പുമായി വരികയും ചെയ്തു. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ലോകത്തു സംഘർഷഭൂമിയാകുമോ തയ്‍വാനും? പെലോസിയുടെ യാത്രയുടെ ഗൂഢോദ്ദേശ്യമെന്താണ്? ചൈന അവരുടെ സ്വന്തമെന്ന് അവകാശപ്പെടുന്ന, സ്വയംഭരണ ജനാധിപത്യ ദ്വീപുരാജ്യമായ തയ്‌വാനിലേക്കുള്ള പെലോസിയുടെ യാത്രാപദ്ധതിയെ കമ്യൂണിസ്റ്റ് രാജ്യം ഭയക്കാൻ ഇത്തരത്തിൽ കാരണങ്ങളേറെയാണ്. യാത്ര യാഥാർഥ്യമായാൽ, 1997ന് ശേഷം തയ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും ഉന്നത യുഎസ് രാഷ്ട്രീയക്കാരിയാകും അവർ.

ചൈന പിടിച്ചടക്കാൻ ശ്രമിക്കുന്ന മണ്ണിലേക്കാണ് ചങ്കൂറ്റത്തോടെ പെലോസി കാൽകുത്തുന്നത് . അതുകൊണ്ടാണ്, പെലോസി വന്നാൽ ‘ഗുരുതര പ്രത്യാഘാതം’ നേരിടേണ്ടി വരുമെന്നു ചൈന മുന്നറിയിപ്പ് നൽകിയതും. എന്താണ് ഈ ‘ഗുരുതര’ പ്രത്യാഘാതം? യുദ്ധമാണോ ചൈനയും ലക്ഷ്യമിടുന്നത്? എന്തായാലും, യുഎസും ചൈനയും കർക്കശ നിലപാടുകൾ തുടർന്നാൽ തയ്‌വാൻ കടലിടുക്കിൽ പിരിമുറുക്കം കൂടുമെന്ന കാര്യത്തിൽ നയന്ത്ര വിദഗ്ധർക്ക് തെല്ലും സംശയമില്ല. പെലോസിയുടെ യാത്ര രാജ്യാന്തര തലത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

Advertisement