27.1 C
Kollam
Sunday 13th September, 2026 | 11:37:20 PM
Home News Breaking News കാലിഫോര്‍ണിയയില്‍ മലയാളി യുവതികളുടെ കൊലപാതകം; അടിമുടി ദുരൂഹത

കാലിഫോര്‍ണിയയില്‍ മലയാളി യുവതികളുടെ കൊലപാതകം; അടിമുടി ദുരൂഹത

അഞ്ജന,ആന്‍മേരി, വലത്ത് ഇവരെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന അനില

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹത. തൃശൂര്‍ മണ്ണുത്തി മൂടിക്കോട് സ്വദേശി അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശി അനില (32)യെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാകാത്തതാണ് ബന്ധുക്കളെയും നാട്ടുകാരെയും ആശങ്കയിലാക്കുന്നത്.

മില്‍പിറ്റാസിലെ ഡിക്‌സണ്‍ ലാന്‍ഡിങ് റോഡിലുള്ള മില്‍ക്രീക് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു മൂവരും താമസിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം ഓണാഘോഷത്തില്‍ ഒന്നിച്ച് പങ്കെടുക്കുകയും തുടര്‍ന്ന് തിയേറ്ററില്‍ സിനിമ കാണാന്‍ പോകുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവങ്ങളുടെ തുടക്കം. അപ്പാര്‍ട്ട്‌മെന്റിലെ പാര്‍ക്കിങ് ഏരിയയില്‍ നീലനിറത്തിലുള്ള എസ്യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയശേഷം കടന്നുപോകുന്നത് ദൃക്സാക്ഷികള്‍ കണ്ടിരുന്നു. വാഹനം ഓടിച്ചിരുന്നത് സ്ത്രീയാണെന്ന് താമസക്കാര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അഞ്ജനയെ മരിച്ചനിലയില്‍ കണ്ടെത്തി.

ആന്‍ മേരി മാത്യുവിനെ ഫ്‌ലാറ്റിനുള്ളില്‍ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം അഞ്ജനയെ ഫ്‌ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് സൂചന. എന്നാല്‍ കൊലപാതകങ്ങളുടെ യഥാര്‍ഥ കാരണം എന്താണെന്നതില്‍ വ്യക്തത വന്നിട്ടില്ല.

ആറ് വര്‍ഷമായി കാലിഫോര്‍ണിയയില്‍ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു അഞ്ജന. പീച്ചിക്ക് സമീപം വിലങ്ങന്നൂര്‍ സ്വദേശിയായ ഭര്‍ത്താവ് വിജീഷും കാലിഫോര്‍ണിയയില്‍ ജോലി ചെയ്യുകയാണ്. വാമികയാണ് മകള്‍. അഞ്ജനയുടെ മരണവാര്‍ത്ത കുടുംബത്തെ കടുത്ത ദുഃഖത്തിലാക്കിയിരിക്കുകയാണ്. സംഭവത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് അഞ്ജനയുടെ ബന്ധുവായ വിനോദ് പറഞ്ഞു.

അഞ്ജനയുടെ ഭര്‍ത്താവ് വിജീഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് അഞ്ജനയുടെ ഭാര്യാപിതാവ് വിജയന്‍ പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ അഞ്ജനയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചു. വിവരങ്ങള്‍ നോര്‍ക്ക സെക്രട്ടറിക്ക് കൈമാറുമെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായത്തിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം, പ്രതിയുടെ ലക്ഷ്യം, സംഭവങ്ങളുടെ യഥാര്‍ഥ ക്രമം എന്നിവ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.