29.3 C
Kollam
Wednesday 14th October, 2026 | 11:11:05 AM
Home News Breaking News ‘കേരളം’ ഔദ്യോഗികമായി; പേരുമാറ്റം ഘട്ടംഘട്ടമായി നടപ്പാക്കാൻ നിർദേശം

‘കേരളം’ ഔദ്യോഗികമായി; പേരുമാറ്റം ഘട്ടംഘട്ടമായി നടപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇംഗ്ലീഷ് പേര് ‘Kerala’ എന്നതിൽനിന്ന് ‘Keralam’ എന്നും മലയാളത്തിലുള്ള ‘കേരള’ എന്നത് ‘കേരളം’ എന്നും മാറ്റിയതിനെ തുടർന്ന് സർക്കാർ ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും പുതിയ പേര് ഘട്ടംഘട്ടമായി നടപ്പാക്കാൻ നിർദേശം. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ആഗസ്റ്റ് 29ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ പേരുമാറ്റം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നത്.

സർക്കാർ വകുപ്പുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ, ഫീൽഡ് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ നെയിം ബോർഡുകളിലും ഔദ്യോഗിക രേഖകളിലും പുതിയ പേര് ഉപയോഗിക്കണമെന്നാണ് നിർദേശം.

അതേസമയം പേരുമാറ്റത്തിന്റെ പേരിൽ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ സ്റ്റേഷനറി സാധനങ്ങൾ നശിപ്പിച്ച് പുതിയത് അച്ചടിക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കി. നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ ഉപയോഗിക്കണം. സാധ്യമാകുന്നിടത്ത് ‘Kerala’ എന്നതിൽ ‘m’ ചേർത്ത് ‘Keralam’ എന്നും ‘കേരള’ എന്നതിൽ ‘ം’ ചേർത്ത് ‘കേരളം’ എന്നും തിരുത്തി ഉപയോഗിക്കാം.

നിലവിലുള്ള റബർ സ്റ്റാമ്പുകളും മുദ്രകളും കേടാകുന്നതുവരെ ഉപയോഗിക്കാം. ഓഫീസ് നെയിം ബോർഡുകളും ദിശാസൂചികകളും ഉടൻ മാറ്റേണ്ടതില്ല. ബോർഡുകൾ പെയിന്റ് ചെയ്യുന്ന അവസരത്തിൽ പുതിയ പേര് ഉൾപ്പെടുത്തിയാൽ മതിയാകും.

വാഹനങ്ങൾ, ഫർണിച്ചറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ പേരുമാറ്റത്തിന്റെ പേരിൽ കാലാവധി തീരുന്നതിന് മുമ്പ് മാറ്റി പുതിയത് വാങ്ങരുതെന്നും നിർദേശമുണ്ട്. ഇനി പുതുതായി അച്ചടിക്കുന്ന സ്റ്റേഷനറികളിലും സ്ഥാപിക്കുന്ന പുതിയ ബോർഡുകളിലും ‘കേരളം’ എന്ന പേര് തന്നെ ഉപയോഗിക്കണം. സർക്കാർ വെബ്സൈറ്റുകളിലും ഐ.ടി സംവിധാനങ്ങളിലും അധിക ചെലവില്ലാതെ പേര് മാറ്റുന്നതിനുള്ള നടപടികൾ ഐ.ടി വകുപ്പ് സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചു.