വിൻഡ്‌ഹോക്ക്: ടി20 ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 18 റൺസിന് പരാജയപ്പെടുത്തി നമീബിയ. ഓൾറൗണ്ട് മികവിലാണ് സ്വന്തം തട്ടകത്തിൽ നമീബിയ മികച്ച വിജയം സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയക്ക് യാൻ ഫ്രൈലിങ്കും ലൗറൻ സ്റ്റീൻകാമ്പും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഫ്രൈലിങ്ക് 38 പന്തിൽ 60 റൺസും സ്റ്റീൻകാമ്പ് 29 പന്തിൽ 41 റൺസും നേടി.
എന്നാൽ മധ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. ബിജോൺ ഫോർചൂയിന്റെയും പ്രെനലൻ സുബ്രായന്റെയും ബൗളിങ്ങിൽ നമീബിയക്ക് 17 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. അരങ്ങേറ്റക്കാരൻ ദുവാൻ യാൻസനും രണ്ട് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളിൽ റൂബൻ ട്രംപൽമാനും അലക്‌സാണ്ടർ വോൾഷെങ്കും നടത്തിയ ചെറുത്തുനിൽപ്പിന്റെ ബലത്തിൽ നമീബിയ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ലുആൻ-ഡ്രെ പ്രിറ്റോറിയസ്, ജോർദാൻ ഹെർമാൻ, ടോണി ഡി സോർസി എന്നിവർ പുറത്തായതോടെ മൂന്നിന് 39 എന്ന നിലയിലായി. ഡെവാൾഡ് ബ്രെവിസ് 50 പന്തിൽ 75 റൺസുമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ദുവാൻ യാൻസൻ 25 റൺസെടുത്തു. ഒടുവിൽ ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 റൺസിലൊതുങ്ങി.
നമീബിയക്കായി റൂബൻ ട്രംപൽമാനും ജെജെ സ്മിറ്റും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.




























