Home News Breaking News 46 ഗ്രാമോളം എംഡിഎംഎയുമായി യുവതിയെയും യുവാവും പിടിയില്‍

46 ഗ്രാമോളം എംഡിഎംഎയുമായി യുവതിയെയും യുവാവും പിടിയില്‍

വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്ന് 46 ഗ്രാമോളം എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും വടക്കഞ്ചേരി പൊലീസ് പിടികൂടി. കോട്ടയം പൊന്‍കുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി ഷാഹുല്‍ സുനീര്‍ (29) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ബംഗളൂരുവില്‍ നിന്നും രണ്ട് വ്യത്യസ്ത ട്രാവല്‍സ് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു ഇരുവരും. തുടര്‍ന്ന് പന്നിയങ്കരയില്‍ ബസിറങ്ങിയ ശേഷം, മറ്റൊരു ബസില്‍ ഒന്നിച്ച് യാത്ര ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ വലയിലാകുന്നത്. ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പിടിയിലാകുമ്പോള്‍ ആകെ 45.253 ഗ്രാം എംഡിഎംഎ ഇവരുടെ കൈവശമുണ്ടായിരുന്നു. ഇതില്‍ 24.089 ഗ്രാം ഷാഹുലിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെടുത്തത്. ബാംഗ്ലൂരില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് സുഹൃത്തുക്കളായ ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്ക് അന്തര്‍സംസ്ഥാന ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളുടെ പേരില്‍ മറ്റ് കേസുകള്‍ നിലവിലില്ലെന്നാണ് വിവരം. കോടതിയില്‍ ഹാജറാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.