ചെന്നൈ: 1996ല്‍ സംപ്രേഷണം ചെയ്ത വീരപ്പന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ പ്രമുഖ തെന്നിന്ത്യന്‍ നടി സുകന്യയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2015ല്‍ വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സണ്‍ ടിവി നെറ്റ്വര്‍ക്ക് ലിമിറ്റഡ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബു ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.
Also Read:
1996 ഏപ്രില്‍ 17ന് സണ്‍ ടിവി സംപ്രേഷണം ചെയ്ത ‘നേരുക്കു നേര്‍’ എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് പതിറ്റാണ്ടുകള്‍ നീണ്ട ഈ നിയമപോരാട്ടം ആരംഭിച്ചത്. നക്കീരന്‍ എഡിറ്റര്‍ ആര്‍. ആര്‍. ഗോപാല്‍ വീരപ്പനുമായി നടത്തിയ ഒരു അഭിമുഖമായിരുന്നു ഇതില്‍ കാണിച്ചത്. ഈ അഭിമുഖത്തില്‍ മുന്‍ പ്രധാനമന്ത്രി പി. വി. നരസിംഹറാവുവിന്റെ മകനുമായി സുകന്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും, അത് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും വീരപ്പന്‍ ആരോപിച്ചിരുന്നു. ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്നും, തന്റെ സല്‍പ്പേരിനും തൊഴിലിനും വ്യക്തിജീവിതത്തിനും ഇത് വലിയ മാനസികാഘാതവും കളങ്കവും ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്.
നക്കീരന്‍ മാഗസിന്‍ പകര്‍ത്തിയ അഭിമുഖം സംപ്രേഷണം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്നായിരുന്നു സണ്‍ ടിവിയുടെ പ്രധാന വാദം. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഈ വാദം പൂര്‍ണമായും തള്ളി. പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുന്‍പ് അത് എഡിറ്റ് ചെയ്യാനും, ഭാഗങ്ങള്‍ ഒഴിവാക്കാനും, മാറ്റങ്ങള്‍ വരുത്താനുമുള്ള പൂര്‍ണ അധികാരം സണ്‍ ടിവിക്കുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ എഡിറ്റോറിയല്‍ നിയന്ത്രണം ഉള്ളതിനാല്‍ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ചാനലിന് ഒഴിഞ്ഞുമാറാനാകില്ലെന്നും, വിവരങ്ങളുടെ സത്യാവസ്ഥ സുകന്യയോടോ മറ്റ് കേന്ദ്രങ്ങളിലോ അന്വേഷിക്കാന്‍ ചാനല്‍ തയ്യാറായില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
വിവാദത്തിന് പിന്നാലെ സണ്‍ ടിവി ഒരു തമിഴ് മാസികയില്‍ ക്ഷമാപണം പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ സ്വന്തം ചാനലിലൂടെ തെറ്റായ വാര്‍ത്ത നല്‍കിയിട്ട് മറ്റൊരു മാധ്യമത്തിലൂടെ ക്ഷമാപണം നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തെറ്റായ വാര്‍ത്ത കണ്ട പ്രേക്ഷകരിലേക്ക് തന്നെ ക്ഷമാപണം എത്തണമെങ്കില്‍ ചാനലിലൂടെ തന്നെയായിരുന്നു അത് നല്‍കേണ്ടിയിരുന്നത്. ഇതിലെ വീഴ്ച ചാനലിന്റെ ഭാഗത്തുനിന്നുള്ള ദുരുദ്ദേശ്യമാണ് വ്യക്തമാക്കുന്നതെന്നും വിധിയില്‍ പറയുന്നു.
ഇതോടെയാണ് സുകന്യയ്ക്ക് 10,00,500 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള 2015ലെ വിചാരണക്കോടതി വിധി മദ്രാസ് ഹൈക്കോടതി ശരിവെച്ചത്. കൂടാതെ, ഈ അഭിമുഖത്തിലെ അപകീര്‍ത്തികരമായ ഭാഗങ്ങള്‍ ഭാവിയില്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നതോ സംപ്രേഷണം ചെയ്യുന്നതോ തടഞ്ഞുകൊണ്ടുള്ള സ്ഥിരം വിലക്കും കോടതി നിലനിര്‍ത്തിയിട്ടുണ്ട്.




























