കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള യാത്രാ-ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ബേപ്പൂര്‍, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഈ തീരുമാനം ബേപ്പൂര്‍ തുറമുഖത്തിന് വലിയ വികസന സാധ്യതകളാണ് നല്‍കുന്നത്. സാഗര്‍മാല പദ്ധതിയുടെ ഭാഗമായാണ് ഈ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.
സാഗര്‍മാല പദ്ധതിക്ക് കീഴില്‍ 600 പേര്‍ക്ക് യാത്ര ചെയ്യാവുന്ന നാല് പുതിയ യാത്രാക്കപ്പലുകള്‍ വാങ്ങാന്‍ ലക്ഷ്യമിടുന്നു. പുതിയ കപ്പലുകള്‍ എത്തുന്നതോടെ ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുടെയും വ്യാപാരികളുടെയും യാത്രാക്ലേശത്തിന് വലിയ അളവില്‍ പരിഹാരമാകും. ഒരു കപ്പലിന് 690 കോടി രൂപയാണ് ഇതിനായി പ്രതീക്ഷിക്കുന്ന ചെലവ്. ഇതിനുപുറമെ, പദ്ധതിയുടെ ഭാഗമായി 800 മെട്രിക് ടണ്‍ ശേഷിയുള്ള രണ്ട് മള്‍ട്ടി പര്‍പ്പസ് കാര്‍ഗോ കപ്പലുകളും, 150 പേര്‍ക്ക് യാത്ര ചെയ്യാവുന്ന രണ്ട് ഹൈ-സ്പീഡ് വെസലുകളും വാങ്ങാനും പദ്ധതിയുണ്ട്.
കടമത്ത്, കല്‍പേനി ദ്വീപുകളിലെ തുറമുഖ പദ്ധതികളുടെ ഉദ്ഘാടനത്തിന് ഓണ്‍ലൈനായി പങ്കെടുത്ത പ്രധാനമന്ത്രി ഇതിനെ സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. ഈ ദ്വീപുകളില്‍ വന്‍ വികസനമാണ് സാഗര്‍മാല പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. കടമത്ത് ദ്വീപില്‍ പടിഞ്ഞാറ് ഭാഗത്ത് 144.95 കോടി രൂപയുടെയും കിഴക്ക് ഭാഗത്ത് 294.67 കോടി രൂപയുടെയും തുറമുഖ വികസനം നടക്കും. കല്‍പേനി ദ്വീപില്‍ യഥാക്രമം 171.92 കോടി രൂപയുടെയും 272.95 കോടി രൂപയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലായി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നു. കൂടാതെ ആന്‍ഡ്രോത്ത് (710.54 കോടി രൂപ), കില്‍ത്താന്‍ (351.87 കോടി രൂപ), ചെത്ലാത്ത് (373.04 കോടി രൂപ) എന്നീ ദ്വീപുകളിലെ തുറമുഖ വികസനവും സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കും ചരക്കുനീക്കത്തിനും ബേപ്പൂര്‍ തുറമുഖത്തെ ആശ്രയിക്കുന്ന വലിയൊരു വിഭാഗമുണ്ട്. മലബാറില്‍ നിന്നുള്ള കയറ്റുമതി വ്യാപാരികളുടെ കൂട്ടായ്മയായ എക്സ്പോര്‍ട്ട് ഫോറം പ്രതിനിധികള്‍ കവരത്തിയില്‍ ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കപ്പല്‍ സര്‍വീസ് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ ലക്ഷദ്വീപിലേക്കുള്ള പ്രധാന ഹബ്ബ് ബേപ്പൂര്‍ ആണെങ്കിലും, തുറമുഖത്ത് ആവശ്യത്തിന് ആഴമില്ലാത്തത് കാരണം വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ സാധിക്കാത്തത് ഒരു പ്രതിസന്ധിയാണ്. അതിനാല്‍ പല കപ്പലുകളും മംഗലാപുരം വഴിയാണ് തിരിച്ചുവിടുന്നത്. ഇതിന് പരിഹാരമായി സംസ്ഥാന സര്‍ക്കാരിന്റെയും കേരള മാരിടൈം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ ബേപ്പൂര്‍ തുറമുഖത്തിന്റെ ആഴം കൂട്ടാനുള്ള തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ പുരാതന തുറമുഖനഗരമായ ബേപ്പൂര്‍ ഇപ്പോഴത്തെ പ്രതിസന്ധികളില്‍ നിന്ന് കരകയറും.
Home News Breaking News ബേപ്പൂര്‍, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍




























