27.4 C
Kollam
Thursday 23rd July, 2026 | 04:04:51 PM
Home News National സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സൂറത്തിലെ അശ്വിനി കുമാറില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മ്മാണ യൂണിറ്റിലാണ് സംഭവം. സ്വര്‍ണ്ണം ശുദ്ധീകരിക്കുമ്പോള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നിര്‍മ്മിച്ചിട്ടുള്ള ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് മാസത്തിലൊരിക്കലാണ് സാധാരണയായി ഈ ടാങ്ക് വൃത്തിയാക്കാറുള്ളത്.
ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ടാങ്ക് വൃത്തിയാക്കുന്നതിനായി ഒരു സൂപ്പര്‍വൈസറും മൂന്ന് തൊഴിലാളികളുമടങ്ങുന്ന സംഘം ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍, ഉള്ളിലേക്ക് കടന്നയുടന്‍ തന്നെ ടാങ്കില്‍ നിറഞ്ഞുനിന്നിരുന്ന വിഷവാതകം ശ്വസിച്ച് നാല് പേരും കുഴഞ്ഞുവീണു. ശ്വാസംമുട്ടിയാണ് ഇവര്‍ മരണപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെ പാലിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടി വന്നിട്ടും തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളൊന്നും തന്നെ കമ്പനി അധികൃതര്‍ നല്‍കിയിരുന്നില്ല. ടാങ്കില്‍ ആളുകള്‍ കുഴഞ്ഞുവീണ വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേന ഉടന്‍ തന്നെ സ്ഥലത്തെത്തി ഇവരെ പുറത്തെടുത്തിരുന്നു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടമരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിര്‍മാണ യൂണിറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.