25.7 C
Kollam
Wednesday 22nd July, 2026 | 03:02:05 AM
Home News Breaking News തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നു

തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നു

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍് തീപിടിച്ച സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നു. വടക്കാഞ്ചേരിക്കടുത്തുള്ള മുണ്ടത്തിക്കോട്ടുള്ള നിര്‍മാണ പുരകളിലാണ് സ്‌ഫോടനം. സ്‌ഫോടക വസ്തുക്കള്‍ ചുറ്റുമുള്ള വയലിലേക്ക് പൊട്ടിത്തെറിച്ച് വീഴുന്ന സാഹചര്യമാണ്. അഗ്‌നിരക്ഷാ സേനയ്ക്ക് പൂര്‍ണമായും അവിടേക്ക് എത്താന്‍ കഴിഞ്ഞില്ല.

വമ്പന്‍ പടക്ക വസ്തുക്കള്‍ അഞ്ചു വെടിക്കെട്ട് പുരകളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയായി സൂക്ഷിച്ചിരുന്നത്. ഇവയാണ് കൂട്ടത്തോടെ പൊട്ടിത്തെറിക്കുന്നത്. ചൊവ്വ പകല്‍ മൂന്നോടെയാണ് അപടകം. ദുരന്തത്തിന് ഇരയായവരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. നാല്പതോളം പേര്‍ തൊഴിലാളികളും മേല്‍നോട്ടക്കാരുമായി ഇവിടെ ഉണ്ടായിരുന്നതായാണ് വിവരം. സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ അകലേക്ക് എത്തി.

24ന് നടക്കേണ്ട സാമ്പിള്‍ വെടിക്കെട്ടിനും 27ന് പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ടിനുമുള്ള കരിമരുന്നാണ് പൊട്ടിത്തെറിച്ചത്. സമീപത്ത് ശരീഭരാഗങ്ങള്‍ ചിതറിക്കിടക്കുന്നതായി കണ്ടതായി സമീപ വാസികള്‍ പറഞ്ഞു. അഞ്ച് കൂടാരങ്ങളായാണ് വെടിക്കെട്ട് സാമഗ്രികള്‍ ഓരോന്നായി പടര്‍ന്ന് പൊട്ടിത്തെറിച്ചത്.

ആദ്യഘട്ടത്തില്‍ മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൊള്ളലേറ്റത്. ജനങ്ങള്‍ ഒത്തുചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ വെടിക്കെട്ട് പുരയ്ക്ക് അടുത്തേക്കോ ഇവ സ്ഥിതി ചെയ്യുന്ന വയലിന് നടുവിലെ തുരുത്തുപോലുള്ള പ്രദേശത്തേക്കോ അടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്. ദുരന്തം നടന്ന സ്ഥലത്തേക്ക് ചെറിയ വഴിയായതിനാല്‍ ഫയര്‍ഫോഴ്‌സ് സംഘത്തിന് തന്നെയും തുടക്കത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. സമീപത്തെ മതില്‍ തകര്‍ത്താണ് ഫയര്‍ ടെണ്ടറുകള്‍ അല്പം അടുത്തേക്ക് പ്രവേശിച്ചത്.