Home Blog Page 983

ബംഗാൾ ഗവർണർ സി വി ആനന്ദബോസ് രാജി വെച്ചു

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു. മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി. രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതൽ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സിവി ആനന്ദബോസ് കോട്ടയം മങ്ങാനം സ്വദേശിയാണ്. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ആനന്ദബോസ്. പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി നിരന്തരം പോരടിച്ചശേഷമാണിപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് സിവി ആനന്ദബോസ് നൽകുന്നത്.ഗവർണറുടെ രാജി ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു.

കൊല്ലം ജില്ലയിലെ കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു

കൊല്ലം: ജില്ലയിലെ കോളേജുകളില്‍  വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു. കൊട്ടാരക്കര എസ്ജി കോളേജില്‍ കെഎസ്‌യു നേതാവിനെ  എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ്  നടപടി.

ജില്ലയിലെ സ്‌കൂളുകള്‍ ഒഴികെ മുഴുവന്‍ ക്യാമ്പസുകളിലും പഠിപ്പു മുടക്കുമെന്നാണ് കെഎസ് യു നേതൃത്വം അറിയിച്ചിരിക്കുന്നത്

ശാസ്താംകോട്ട ടൗണ്‍ കുപ്പക്കൂനയാക്കി ഉല്‍സവാഘോഷം, ശുചീകരിച്ച് ഹരിത കര്‍മ്മസേന

ഫ്ളോട്ടില്‍നിന്നും പറത്തുന്ന വര്‍ണ്ണക്കടലാസ് ദൃശ്യം

ശാസ്താംകോട്ട. ടൗണ്‍ കുപ്പക്കൂനയാക്കി ഉല്‍സവാഘോഷം, ശുചീകരിച്ച് ഹരിത കര്‍മ്മസേന.ധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉല്‍സവാഘോഷം ശുദ്ധജല തടാകത്തിന്‍റെ നാടായ ശാസ്താംകോട്ട ടൗണിനെ അക്ഷരാര്‍ഥത്തില്‍ കുപ്പക്കൂനയാക്കി മാറ്റിയിരുന്നു. ഡിജെ ഉല്‍സവ ഫ്ളോട്ടുകള്‍ വാരി വിതറുന്ന വര്‍ണ്ണക്കടലാസും താല്‍ക്കാലിക കച്ചവടസ്ഥാപനങ്ങള്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും പ്ളാസ്റ്റിക് വേസ്റ്റും എല്ലാംകൂടി ടൗണിനെ വല്ലാത്ത ഒരു അവസ്ഥയിലെത്തിച്ചിരുന്നു. ആധുനിക ഉല്‍സവ സംവിധാനങ്ങളിലെ തീയും പുകയും കണ്ണ് അടിച്ചുപോകുന്ന ലൈറ്റിംങും നെഞ്ച് പൊടിക്കുന്ന ശബ്ദവിന്യാസവുമെല്ലാം നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചെങ്കിലും ഉല്‍സവ കമ്മിറ്റികളുടെ നിയന്ത്രണങ്ങള്‍ മറികടന്ന് ഇവ വ്യാപകമായിട്ടുണ്ട്.

യുവ ഗ്രൂപ്പുകളുടെ ആഘോഷങ്ങളില്‍ ഇവ ഒഴിവാക്കാനാവാത്തതായിക്കഴിഞ്ഞു. പുണ്യപുരാണ രംഗങ്ങളുള്ള ഫ്ളോട്ടുകളെയും പാരമ്പര്യം വിളിച്ചോതുന്ന ചമയക്കുതിര കെട്ടുകാള എന്നിവയെയും നിഷ്പ്രഭമാക്കിയാണ് ഈ ശബ്ജദ വെളിച്ച വിന്യാസവും ചവറും തീയും തുപ്പലും നടക്കുന്നത്. ശബ്ദം അതിന്‍റെ നിയന്ത്രണ പരിധി ലംഘിച്ച അളവിലാണ് പലപ്പോഴും ഒഘോഷത്തിന് നിരന്നു കഴിഞ്ഞാല്‍ പിന്നെ ഉല്‍സവകമ്മിറ്റിക്കും പൊലീസിനും ഇടപെടുന്നതിന് പരിമിതി ഉള്ളത് മുതലെടുത്താണ് ഇക്കൂട്ടര്‍ ഈ പരിപാടി വ്യാപകമാക്കുന്നത്.ശാസ്താംകോട്ടയിലും ഉല്‍സവ കമ്മിറ്റിയുടെ പല നിര്‍ദ്ദേശങ്ങളും ലംഘിക്കപ്പെട്ടതായി പരാതിയുണ്ട്. ഹൃദയാഘാതമുണ്ടാക്കുന്ന ശബ്ദവിന്യാസം ഭയന്ന് പ്രായമായവര്‍ അകന്നുപോകേണ്ട നിലയുണ്ട്.

തറയില്‍ ചിതറിയ വര്‍ണ്ണ കടലാസ്

സമീപ കാലത്തു കണ്ട ഏറ്റവും ജനത്തിരക്കുള്ള ഉല്‍സവമായിരുന്നു ഇന്നലെ. പകല്‍കാഴ്ച രാത്രിക്കാഴ്ച ആയതോടെ ഉല്‍സവം ഇത്തവണ മണിക്കൂറുകള്‍ നീണ്ടു. അതുമൂലം തന്നെ മാലിന്യങ്ങളും അത്രയേറെയായി. പഞ്ചായത്തിന്‍റെ പ്രത്യേക ഇടപെടലില്‍ ഹരിത കര്‍മ്മ സേനയിലെ മുഴുവന്‍ അംഗങ്ങളും എത്തി രാവിലെ തന്നെ ടൗണ്‍ ശുചീകരിച്ചതായി ടൗണ്‍വാര്‍ഡ് അംഗം ദിലീപ് കുമാര്‍ പറഞ്ഞു.

അന്തര്‍ദേശീയ റാംസര്‍ പട്ടികയിലുള്ള ശുദ്ധജല തടാക തീരത്തെ ഉല്‍സവാഘോഷങ്ങള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

ഏത് കൊലകൊമ്പൻ വർഗ്ഗീയത പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി ഡി സതീശൻ

വെള്ളറട: അടുത്ത തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി ടീം യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം ഈ ദുർഭരണത്തെ തുടച്ച് നീക്കുക എന്നതാണ്.
നാം ഒരു മഹായുദ്ധത്തിന് പുറപ്പെടുകയാണ്.ഒരു നാട് മുഴുവൻ നശിപ്പിച്ച് കശക്കി എറിഞ്ഞവർക്കെതിരെയുള്ള പോരാട്ടത്തിൽ പിണറായി വിജയൻ സലാം പറയുക തന്നെ ചെയ്യുമെന്നും സതീശൻ പറഞ്ഞു. വെള്ളറടയിൽ പുതുയുഗ യാത്രയുടെ പാറശാല മണ്ഡലം പര്യടനത്തിൻ്റെ സമാപനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ തലയിൽ ആറ് കോടിയുടെ കടഭാരം അടിച്ചേൽപ്പിച്ചാണ് പിണറായി സർക്കാർ ഇറങ്ങുന്നത്. കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ തകർന്നു. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ജനങ്ങൾ പാട്പെടുകയാണ്.കേരളത്തിൽ ന്യൂനപക്ഷ വർഗ്ഗീയതയും വേണ്ട, ഭൂരിപക്ഷ വർഗ്ഗീയതയും വേണ്ട. ഏത് കൊലകൊമ്പൻ വർഗ്ഗീയത പറഞ്ഞാലും നമ്മൾ അത് ചോദ്യം ചെയ്യും. തെരഞ്ഞടുപ്പിൻ്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ എല്ലാരും കോംബ്രമയിസ് ചെയ്യും. നമ്മൾ കോംബ്രമയിസ് ചെയ്യില്ല. വോട്ട് ബാങ്ക് കൈയ്യിലുണ്ടന്ന് പറഞ്ഞ് പേടിപ്പിക്കാൻ വന്നാൽ നമ്മൾ പറയും അത് കൈയ്യിൽ വെച്ചോ, വർഗ്ഗീയത പറയരുത് – സതീശൻ പറഞ്ഞു.സി എം പി നേതാവ് സി പി ജോൺ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.എൻ കെ പ്രേമചന്ദ്രൻ എം പി, വി.കെ ശ്രീകണ്ഠൻ എം പി.,ബെന്നി ബഹനാൻ എം.പി, ഷാനിമോൾ ഉസ്മാൻ, വി കെ ശിവകുമാർ, എൻ ശക്തൻ, നെയ്യാറ്റിൻകര സനൽ എന്നിവർ പ്രസംഗിച്ചു.

സെലിബ്രിറ്റി പൊങ്കാലയിട്ട അന്നാ രാജന് സോഷ്യല്‍ മീഡിയയിലും പൊങ്കാല, മാപ്പ് ചോദിച്ചു നടി

ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഉണ്ടായ വിവാദങ്ങളിൽ മാപ്പ് ചോദിച്ചു നടി അന്നാ രാജൻ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരം ക്ഷമാപണം നടത്തിയത്. ആദ്യമായാണ് പൊങ്കാല ഇടുന്നതെന്നും പൂർണ്ണ ഭക്തിയോടെയായിരുന്നു പൊങ്കാലയിൽ പങ്കെടുത്തതെന്നും നടി വ്യക്തമാക്കി.

ചില ഓൺലൈൻ മാധ്യമങ്ങൾ തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും അനാവശ്യമായി പ്രചരിപ്പിച്ചുവെന്നും അത് താൻ മാധ്യമങ്ങളെയും ചുറ്റുമുള്ളവരെയും വിശ്വസിച്ചതിന്റെ ഫലമായാണെന്നും അന്നാ രാജൻ പറഞ്ഞു. ഇത് വിശ്വാസികൾക്ക് വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നടി കൂട്ടിച്ചേർത്തു.

ആദ്യമായി ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാൻ എത്തിയതായിരുന്നു നടി അന്ന രാജൻ. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വിവാദമായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചില വീഡിയോകളും ചിത്രങ്ങളും വലിയ വിവാദത്തിന് കാരണമാവുകയായിരുന്നു.

പൊങ്കാലയർപ്പിക്കുന്നതിനിടെ അന്നയുടെ വസ്ത്രധാരണവും ചില നിമിഷങ്ങളും ചിലർ എടുത്ത് മോശമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. ഇത് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന വിമർശനങ്ങൾ ഉയർന്നു. സോഷ്യൽ മീഡിയയിൽ നിന്നുള്ള കടുത്ത വിമർശനങ്ങളും സൈബർ ബുള്ളിങും അന്നയെ തുടർന്നത്തോടെയാണ് നടി പ്രതികരണവുമായി രംഗത്തെത്തിയത്. അന്ന രാജൻ വൈകാരിക കുറിപ്പാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ഭക്തർക്ക് വേദനയുണ്ടായെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു” എന്ന് തുടങ്ങുന്ന കുറിപ്പിൽ തന്റെ വസ്ത്രധാരണമോ പ്രവർത്തനങ്ങളോ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നുവെന്നും നടി പറയുന്നു.

കെഎസ്‌യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തെളിവെടുപ്പ് പൂർത്തിയായി,ജനങ്ങൾ സത്യം തിരിച്ചറിയുമെന്ന് കെഎസ്‌യു

കണ്ണൂർ. റെയിൽവേ സ്റ്റേഷനിൽ kSU പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തെളിവെടുപ്പ് പൂർത്തിയായി. പ്രതികളെ രണ്ടു ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. എന്തൊക്കെ കള്ളത്തരങ്ങൾ പ്രചരിപ്പിച്ചാലും ജനങ്ങൾ സത്യം തിരിച്ചറിയുമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അതുൽ പ്രതികരിച്ചു.

കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നാളെ വൈകുന്നേരം നാലുമണിവരെ കസ്റ്റഡിയിൽ അനുവദിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമാണ് പോലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ ഇന്ന് ഉച്ചക്ക് ശേഷം പ്രതിഷേധം നടന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മന്ത്രിയെ ആക്രമിച്ചെന്ന് പറയുന്ന ആയുധം കണ്ടെത്തണമെന്നും, കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ പോലീസ് കള്ളക്കേസ് ഉണ്ടാക്കിയതാണെന്ന് കോൺഗ്രസ്‌ നേതാവ് റിജിൽ മാക്കുറ്റി ആരോപിച്ചു

കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യത്തിനായി മേൽകോടതിയെ സമീപിക്കാനാണ് കെ എസ് യു വിന്റെ നീക്കം.

മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകി മന്ത്രിസഭ,കാന്തപുരം AP വിഭാഗത്തെ കൂടെ നിർത്താനുള്ള നീക്കം

തിരുവനന്തപുരം.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകി മന്ത്രിസഭ യോഗ തീരുമാനം. സർക്കാർ നീക്കം കാന്തപുരം AP വിഭാഗത്തെ കൂടെ നിർത്താനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.
കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി വേണമെന്ന ദീർഘ നാളായുള്ള കാന്തപുരം വിഭാഗത്തിൻ്റെ ആവശ്യമാണ് ഇപ്പൊൾ അംഗീകരിക്കപ്പെട്ടത് .

ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലെ വിവിധ തീരുമാനങ്ങളിൽ ശ്രദ്ധേയമായ തീരുമാനമാണ് കോഴിക്കോട് പുതുപ്പാടിയിലെ മർകസ് യുനാനി മെഡിക്കൽ കോളേജിനുള്ള എയ്ഡഡ് പദവി. മാനദണ്ഡങ്ങൾ അനുസരിച്ചാണ് തീരുമാനമെന്ന് വിശദീകരിച്ചാലും, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കോളേജിന് എയ്ഡഡ് പദവി നൽകിയുള്ള സർക്കാരിൻ്റെ തീരുമാനം രാഷ്ട്രീയലക്ഷ്യത്തോടെ എന്ന ആക്ഷേപം ഉയർത്തും . ദീർഘ നാളായി കോളേജിന് എയ്ഡഡ് പദവി കാന്തപുരം വിഭാഗം ആവശ്യപ്പെടുന്നുണ്ട്.ഇപ്പോഴുള്ള അനുകൂല തീരുമാനത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിൽ AP വിഭാഗത്തിൻ്റെ പൂർണപിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുകയാണ് സര്ക്കാർ.


കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗത്തിൻ്റെ വോട്ടുകൾ യുഡിഎഫ് ന് അനുകൂലമായി എന്നാണ് AP വിഭാഗത്തിന് സ്വാധീനമുള്ള മേഖലകളിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനിടയുണ്ടെന്നും കണക്കാക്കിയിരുന്നു. ഇതിനിടെയാണ് കാന്തപുരം വിഭാഗത്തിന് അനുകൂലമായി സർക്കാരിൻ്റെ നീക്കം.


2010 ൽ മർകസ് യുനാനി ആശുപത്രിയായി തുടങ്ങി, 2015 ലാണ് മെഡിക്കൽ കോളേജാക്കിയത്.
നിലവിൽ ആറ് ബാച്ചുകളിൽ ആയി 278 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇത് വരെ അഞ്ച് ബാച്ചുകളിലെ വിദ്യാർഥികളാണ് മാർക്കസ് യുനാനി മെഡിക്കൽ കോളേജ്ൽ നിന്ന് പഠനം പൂർത്തിയാക്കി BUMS ഡോക്ടർമാരായി ബിരുദം നേടിയത്.

ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,114

ടെഹ്റാനില്‍ നടക്കുന്ന ബോംബിംങ്

യുദ്ധം ആറാം ദിനത്തിലേക്കു കടന്നതോടെ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,114 ആയി. പട്ടാളക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ വേറെയും കൊല്ലപ്പെട്ടു. അമേരിക്കയും ഇസ്രായേലും ആക്രമണം കടുപ്പിച്ചതോടെ ഇറാനിലെങ്ങും വലിയ സ്ഫോടനങ്ങൾ തുടരുകയാണ്. ഇറാഖിലെ കുർദിഷ് സേന അമേരിക്കയ്ക്കൊപ്പം ചേർന്ന് ഇറാനെതിരേ യുദ്ധം ആരംഭിച്ചു.

183 കുട്ടികൾ ഉൾപ്പെടെ 1114 പേർ ഇറാനിൽ മാത്രം കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ കണക്ക്. കൊല്ലപ്പെട്ട കുട്ടികളിലേറെയും പത്തുവയസ്സിൽ താഴെയുള്ളവരാണ്. ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണം ആറായിരം പിന്നിട്ടു. ഇതിനു പുറമെ നിരവധി പട്ടാളക്കാർ വിവിധ സ്ഥലങ്ങളിൽ കൊല്ലപ്പെട്ടു.

തലസ്ഥാനമായ ടെഹ്റാൻ ഏറെക്കുറെ വിജനമായി. സർക്കാർ മന്ദിരങ്ങളിലേറെയും തകർന്നു. സൈനികത്താവളങ്ങളും ആക്രമിക്കപ്പെട്ടു. ആശുപത്രികളും സ്കൂളുകളും മൺകൂനകളായി. മിനാബിൽ മാത്രം ഇന്നലെ കൊല്ലപ്പെട്ടത് 165 പേരാണ്, ചികിൽസയ്ക്കോ ഭക്ഷണത്തിനോ വഴിയില്ലാത്ത നിലയിലാണ് ടെഹ്റാന്‍റെ പരിസര പ്രദേശങ്ങൾ. ഇറാനിൽ ഇന്‍റർനെറ്റ് ബന്ധം ഇല്ലാതായിട്ട് 120 മണിക്കൂർ പിന്നിട്ടു.

ഇറാനിൽ നിന്നുള്ള നിരവധി മിസൈലുകൾ ഇസ്രായേൽ തടുത്തിട്ടു. അൽ ഖാർജിൽ ഇറാന്‍റെ മൂന്നു ഡ്രോണുകൾ തകർത്തതായി സൌദി അറേബ്യ അറിയിച്ചു. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും ഇറാന്‍റെ മിസൈലുകളും ഡ്രോണുകളും എത്തുന്നുണ്ട്.

ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം മൂന്നാം ദിവസത്തിലേക്കു കടന്നു. തെക്കൻ ലബനനിലെ ഹെസ്ബുള്ള ആസ്ഥാനങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കൊല്ലപ്പെട്ടു. ഇതിനിടെ ഇറാഖിലെ ഇറാൻ വിരുദ്ധരായ കുർദിഷ് സേനയും യുദ്ധത്തിന്‍റെ ഭാഗമാവുകയാണെന്ന് പ്രഖ്യാപിച്ചു. അമേരിക്കയ്ക്കൊപ്പം ചേർന്നാകും ഇറാനെതിരായ യുദ്ധം എന്നാണ് പ്രഖ്യാപനം.

ഹർഷിനയുടെയും ഉഷയുടെയും വയറ്റിൽ കുടുങ്ങിയ കത്രികയുടെ പടം നൽകാനുള്ള ധൈര്യം ഉണ്ടോ,പിആർഡി നൽകിയ സാങ്കല്പിക വാർത്താ പരസ്യത്തിനെതിരെ നിയമ നടപടി ആലോചിച്ച് പ്രതിപക്ഷം

തിരുവനനിതപുരം. പിആർഡി നൽകിയ സാങ്കല്പിക വാർത്താ പരസ്യത്തിനെതിരെ നിയമ നടപടി ആലോചിച്ച് പ്രതിപക്ഷം. ഹർഷിനയുടെയും ഉഷയുടെയും വയറ്റിൽ കുടുങ്ങിയ കത്രികയുടെ പടം നൽകാനുള്ള ധൈര്യം ഉണ്ടോ എന്നും പ്രതിപക്ഷം. രാഷ്ട്രീയ പരസ്യത്തിന് നികുതിപ്പണം ചെലവാക്കാൻ തീരുമാനമെടുത്ത പി ആർ ഡി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പും പ്രതിപക്ഷ നേതാക്കൾ നൽകി

( കെ എസ് ആർ ടി സി യിലെ പ്രശ്നങ്ങൾ മരുന്ന് ക്ഷാമം ക്ഷേമപെൻഷൻ കുടിശ്ശിക പവർകട്ട് അങ്ങനെ ഒരുപിടി മുടങ്ങിയ വാർത്തകളുമായാണ് ഇന്ന് ദേശീയ ദിനപത്രങ്ങൾ അടക്കം വായനക്കാരുടെ കയ്യിൽ എത്തിയത്. ഒന്നാം പേജിൽ ഉമ്മൻചാണ്ടി സർക്കാരിനെതിരെയുള്ള സാങ്കല്പിക വാർത്ത പരസ്യം ആണെങ്കിൽ മൂന്നാം പേജിൽ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഭരണം നേട്ടത്തെ കുറിച്ചുള്ള വലിയ വാർത്താ ചിത്രവും ഉണ്ട്. ആദ്യമായാണ് മുൻ സർക്കാരിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞുള്ള പിആർഡി പരസ്യം ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.ഹീനമായ രാഷ്ട്രീയ തന്ത്രമാണിത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.പച്ചക്കള്ളം പറഞ്ഞ് ജനത്തെ പറ്റിച്ച് ജനത്തിന്റെ കാശുകൊണ്ട് തുടർ ഭരണം നേടാൻ പിണറായി വിജയൻ ശ്രമിക്കുകയാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. സ്വന്തമായുള്ള വികസന പ്രവർത്തനങ്ങൾ ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് ഇത്തരം കുൽസിത പ്രവർത്തനങ്ങൾ എന്നും ആരോപണം.
ഒരു പടി കൂടി കടന്ന് പിആർഡി ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരോട് ചെവിയിൽ നുള്ളി കൊള്ളാൻ മുന്നറിയിപ്പ് നൽകി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കളം നിറഞ്ഞു


കഴിഞ്ഞ ആഴ്ചയാണ് ഇരുണ്ട കാലം എന്ന പേരിൽ സിപിഎം ഒരു വെബ്സൈറ്റ് തുടങ്ങിയത് യുഡിഎഫ് ഭരണകാലത്തെ പ്രശ്നങ്ങളും അഴിമതി ആരോപണങ്ങളും അടക്കം അതിൽ ഉന്നയിച്ചിട്ടുണ്ടായിരുന്നു മകനെ തിരിച്ചുവരല്ലേ എന്ന പേരിലുള്ള ക്യാമ്പയിനും തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ തന്നെ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പത്രപരസ്യവും.

12 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണം രണ്ട് വർഷമായി പെട്ടിക്കുള്ളിലെന്ന് പരാതി

ശാസ്താംകോട്ട:മൈനാഗപ്പള്ളി ആരോഗ്യ കേന്ദ്രത്തിലേക്ക് (സി.എച്ച്.സി) 12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വർഷമായി പെട്ടിക്കുള്ളിലെന്ന് പരാതി.മണിക്കൂറിൽ 180 ടെസ്റ്റുകൾ വരെ നടത്താവുന്നതും സി.എ-125 എന്ന കാൻസർ ടെസ്റ്റ് നടത്താവുന്നതുമായ ആട്ടോമാറ്റിക്
ഹോർമോൺ അനലൈസർ എന്ന ഉപകരണമാണ് പെട്ടിപോലും പൊട്ടിക്കാതെ അനാഥമായി കിടക്കുന്നത്.ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്നാണ് അറിയുന്നത്.

ഇതിനാൽ സാധാരണക്കാർക്ക് ലഭിക്കേണ്ട
സേവനം ലഭിക്കാതെ പോകുന്നു.സ്വകാര്യ ലാബുകളെ സഹായിക്കാൻ വേണ്ടിയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നാണ് പറയപ്പെടുന്നത്.മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയാത്തത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് വിചിത്രമായ മറുപടിയാണ് ലഭിക്കുന്നതെന്നും അടിയന്തിരമായി മെഷീൻ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിഡിഒ,ഡിഎച്ച്എസ്,ഡിഎംഒ എന്നിവർക്ക് പഞ്ചായത്തംഗം സിജു കോശി വൈദ്യൻ പരാതി നൽകി.