Home Blog Page 982

വിഴിഞ്ഞം ഭക്ഷ്യവിഷബാധ, മൊഴി പോലും രേഖപ്പെടുത്താതെ പരാതി ക്ലോസ് ചെയ്തു

തിരുവനന്തപുരം.വിഴിഞ്ഞം ഭക്ഷ്യവിഷബാധാ സംഭവത്തിൽ മൊഴി പോലും രേഖപ്പെടുത്താതെ പരാതി ക്ലോസ് ചെയ്തതായി പരാതിക്കാർക്ക് വിഴിഞ്ഞം പൊലീസിൻ്റെ സന്ദേശം.പരാതിക്കാർ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പരാതി നൽകാനൊരുങ്ങുന്നു.

ഭക്ഷ്യ വിഷബാധ സംഭവത്തിൽ ഹോട്ടലിനെതിരെ അഞ്ചു പേരാണ് പരാതി നൽകിയിരുന്നത്.പരാതികൾ ലഭിച്ചുവെങ്കിലും ആന്തരികാവയവ പരിശോധന ഫലം റിപ്പോർട്ട് ലഭിക്കും മുൻപേ പരാതി ക്ലോസ് ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാർ.

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറംഗം കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യമുണ്ടായതാണ് പരാതിക്ക് ആധാരം. രണ്ട് പേർ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം സീ ഫുഡ് കഴിക്കാനെത്തിയ കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവരാണ് മരിച്ചത്. 

ഇവർ കഴിച്ച ഭക്ഷണം ഒഴികെയുള്ളവയുടെ മാത്രം സാമ്പിൾ പരിശോധനയുടെ ലാബ് റിസൾട്ട് കിട്ടിയെന്നും ഇതിൽ വിഷാംശമില്ലെന്നുമാണ് ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ പറയുന്നത്.അതേസമയം ഇവർ കഴിച്ച മീൻ മുട്ടയുടെ അടക്കം പാകം ചെയ്ത ഭക്ഷണ സാമ്പിൾ പരിശോധനയ്ക്കായി ലഭിച്ചില്ല.ഹോട്ടൽ പരിശോധനയ്ക്കായി എത്തിയെങ്കിലും വൃത്തിയാക്കിയിരുന്നു.

ഇവിടെ സംഭവ ദിവസത്തെ സി.സി.ടി.വി ദൃശ്യം മുഴുവനും പരിശോധിക്കാൻ പൊലീസോ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗമോ തയ്യാറായിട്ടില്ലന്നും പരാതിക്കാർ പറയുന്നു.ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ അരുൺ രാജ് ഇപ്പോഴും ചികിത്സ തുടരുന്നു.

ഹൃദയമിടിപ്പ് ഇപ്പോഴും നോർമൽ ആയിട്ടില്ലന്ന് ബന്ധുക്കൾ പറഞ്ഞു.

ചവറ ഗവ. കോളേജ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചവറ .ബി.ജെ.എം ഗവ. കോളേജില്‍ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 8 കോടി വിനിയോഗിച്ച് നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്‍റെ ഉദ്ഘാടനവും 2 കോടി രൂപ എസ്റ്റിമേറ്റുളള കോളേജ് ഗ്രൗണ്ടിന്‍റെ നിര്‍മ്മാണ ഉദ്ഘാടനവും  ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. 

പുതിയ 4 നില കെട്ടിടത്തില്‍ ക്ലാസ്മുറികള്‍, ലൈബ്രറി, ലാബ് തുടങ്ങിയ സൗകര്യങ്ങളോടെ അക്കാദമിക് ബ്ലോക്കായി മാറും. 
1981 ല്‍ ചവറ ഗേള്‍സ് സ്കൂള്‍ കെട്ടിത്തില്‍ ആരംഭിച്ച കോളേജില്‍ ഇപ്പോള്‍ 8 യു.ജി. കോഴ്സുകളും 3 പി.ജി. കോഴ്സുകളും ഒരു പി.എച്ച്.ഡി കോഴ്സും സി.സി.ഇ.കെ യുടെ സബ്സെന്‍ററായി തൊഴിലധിഷ്ഠിത കോഴ്സുകളും നടന്നുവരുന്നു. അക്കാദമിക് രംഗത്ത് ഡിഗ്രി, പി.ജി. പരീക്ഷകളില്‍ തുടര്‍ച്ചയായി റാങ്കുകള്‍ ലഭിക്കുന്ന ഗവണ്‍മെന്‍റ് കോളേജായി മാറി.  
ഇതുകൂടാതെ ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ യുടെ ഫണ്ടില്‍നിന്നും അനുവദിച്ച 65 ലക്ഷം രൂപ വിനിയോഗിച്ച് മറ്റൊരു കെട്ടിടവും ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

ലേഡീസ് ഹോസ്റ്റലിന് 6.5 കോടിയും ചുറ്റുമതിലും ഗേറ്റും നിര്‍മ്മിക്കുന്നതിന് 1.57 കോടിയും അനുവദിച്ചിട്ടുണ്ട്.
ഉദ്ഘാടന യോഗത്തില്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജയശ്രീമംഗളന്‍, വൈസ്പ്രസിഡന്‍റ് വിജി. ആര്‍, ബ്ലോക്ക്പഞ്ചായത്ത് അംഗം ബി. ശശികുമാര്‍, ചവറ ഗ്രാമപഞ്ചായത്തംഗം ജി. ഉണ്ണികൃഷ്ണന്‍, പി.റ്റി.എ വൈസ് പ്രസിഡന്‍റ് സി. ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ. ജോളി ബോസ്.ആര്‍, കിറ്റ്കോ എം.ഡി. രാജേഷ്,


അദ്ധ്യാപകരായ ഡോ.വി അനില്‍പ്രസാദ്, ജലീല്‍ ഖാന്‍, സി.പി.ഐ(എം) നേതാക്കളായ ആര്‍. രവീന്ദ്രന്‍, സുരേന്ദ്രന്‍പിളള, പ്രശാന്തന്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് ശ്രീനാഥ്, ജില്ലാ സെക്രട്ടറി ശ്യാംമോഹന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജി. ഗോവിന്ദ്, ഡോ. പി. ലൈജു, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സെക്രട്ടറി ജയകുമാര്‍, ശങ്കരനാരായണപിളള, അന്‍സാദ് അബ്ബാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.

ശ്രീനാരായണഗുരു മഹാത്മാഗാന്ധി സംഗമത്തിന്റെ നൂറാം വാർഷികം,രാഹുല്‍ ഇന്ന് കൊല്ലത്ത്

.ശ്രീനാരായണഗുരു മഹാത്മാഗാന്ധി സംഗമത്തിന്റെ നൂറാം വാർഷികം പരിപാടിയിൽ പങ്കെടുക്കാനായി രാഹുൽഗാന്ധി ഇന്ന് കൊല്ലത്ത് എത്തും.നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് മഹാത്മാഗാന്ധി – ശ്രീനാരായണ സംഗമത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുന്നത്.

ശിവഗിരിയില്‍ വെച്ച് മഹാത്മാഗന്ധിയും – ശ്രീനാരായണഗുരുവും വനജാക്ഷി മന്ദിരത്തില്‍ ഒരുമിച്ച് കണ്ടതിന്‍റെ നൂറുവര്‍ഷമാണ് ആഘോഷിക്കുന്നത്. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശിവഗിരി മഠത്തിലെ സ്വാമിമാരും പങ്കെടുക്കും.

തുടർന്ന് ഇടുക്കി കുട്ടിക്കാനം മരിയൻ കോളേജിൽ എത്തി വിദ്യാർത്ഥികളുമായി സംവദിക്കും.. കോളെജ് ഓഡിറ്റോറിയതിൽ ഉച്ചയ്ക്കു 1 മണി മുതൽ 2 വരെയാണ് വിദ്യാർഥികളുമായി സംസാരിക്കുക. ഇന്ന് ഇടുക്കിയിൽ താമസിക്കും. തുടർന്ന് നാളെ രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം ശിവഗിരി മഠം സന്ദർശിക്കും.. തിരുവനന്തപുരത്തെ ഐടി പ്രൊഫഷണലുകള് മായുള്ള സംവാദവും നാളെയാണ്.. പു തുയുഗ റാലി സമാപന സമ്മേളനത്തിനു ശേഷം ഡൽഹിയിലേക്ക് മടങ്ങും

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലെ അംഗീകൃത പാര്‍ക്കിംഗില്‍ ബൈക്ക് വച്ചോ, പക്ഷേ എടുക്കാന്‍ കുപ്പിയിയില്‍ പെട്രോളുമായി വരണേ… നാണക്കേട്, ഇരുചക്ര വാഹനങ്ങളിലെ പെട്രോള്‍ ഊറ്റല്‍ വ്യാപകം

ശാസ്താംകോട്ട. അനുദിനം വികസനം അവകാശപ്പെടുന്ന റെയില്‍വേ സ്റ്റേഷനിലെ അംഗീകൃത പാര്‍ക്കിംഗില്‍ ബൈക്ക് വച്ചോ, പക്ഷേ എടുക്കാന്‍ കുപ്പിയിയില്‍ പെട്രോളുമായി വരണം. പുതുതായി വികസിപ്പിച്ച ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ ഇരുചക്രവാഹനങ്ങളിലെ പെട്രോള്‍ ഊറ്റല്‍ വ്യാപകം. റെയില്‍വേയുടെ അധീനതയിലുള്ള പാര്‍ക്കിംങ് സ്ഥലത്ത് പണം അടച്ച് വാഹനം സൂക്ഷിക്കുന്നവരാണ് വലയുന്നത്. പൂര്‍ണമായും പെട്രോള്‍ ഊറ്റിയെടുത്ത് വണ്ടി വഴിയില്‍ പെടുന്ന അവസ്ഥയുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ സ്വകാര്യ പാര്‍ക്കിംങ് മേഖലകള്‍ അനേകമുണ്ട്.

എന്നാല്‍ അടുത്തിടെ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് റെയില്‍വേ സ്വന്തം നിലയില്‍ പാര്‍ക്കിംങ് സ്ളോട്ടുകള്‍ വിപുലീകരിച്ചു. അത് ലേലം ചെയ്ത് എടുക്കുന്നവര്‍ക്ക് ഇവിടെ വയ്ക്കുന്ന വാഹനങ്ങളില്‍ ഉത്തരവാദിത്വമില്ലെന്നാണ് ആക്ഷേപം. ദിവസം 30രൂപ ഫീസ് വാങ്ങുന്ന സ്ഥലത്താണ് കൊള്ള.

ഫുട് ഓവര്‍ബ്രിഡ്ജിന് അരികിലെ പാര്‍ക്കിംങ് സ്ളോട്ടില്‍ നിന്നും പെട്രോള്‍ ഊറ്റി ആളുകള്‍ വഴിയില്‍പെട്ട നിരവധി സംഭവങ്ങളുണ്ട്. യാത്രക്കാരുടെ അസോസിയേഷനുകള്‍ക്കും ഇത്തരം പരാതികള്‍ ലഭിക്കുന്നുണ്ട്.

വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണു

അസമിൽ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണു. അസമിലെ ജോർഹട്ടിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള കർബി അങ്ലോങ്ങ് മേഖലയിലാണ് വിമാനം തകർന്നത്. കഴിഞ്ഞ ദിവസം രാത്രി റഡാറിൽനിന്ന് അപ്രത്യക്ഷമായ വിമാനം തകർന്നതായി വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.


പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 7.40-ഓടെയാണ് വിമാനവുമായുള്ള ആശയവിനിമയം അവസാനമായി ബന്ധപ്പെട്ടത്. ജോർഹട്ടിൽനിന്നാണ് വിമാനം പറന്നുയർന്നത്.


തൊട്ടുപിന്നാലെ വിമാനം റഡാർ പരിധിയിൽനിന്ന് പുറത്താവുകയായിരുന്നു. അപകടസ്ഥലത്ത് വ്യോമസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അടുത്ത കാലത്തായി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് വർധിച്ചിട്ടുണ്ട്.


കഴിഞ്ഞ ഫെബ്രുവരി ഏഴിന് തേജസ് യുദ്ധവിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് അപകടത്തിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുഖോയ് വിമാനവും തകർന്നത്. കഴിഞ്ഞ നവംബറിൽ പഞ്ചാബിലെ ആദംപൂരിൽനിന്ന് പുറപ്പെട്ട മിഗ്-29 വിമാനവും ആഗ്രയ്ക്ക് സമീപം തകർന്നുവീണിരുന്നു.


തുടർച്ചയായുണ്ടാകുന്ന വിമാനാപകടങ്ങൾ വ്യോമസേനയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സുഖോയ് അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അബുദാബിയിലേക്ക് ഇന്ന് പ്രത്യേക കാർഗോ വിമാന സർവ്വീസ്, പച്ചക്കറികൾ കൊണ്ട് പോകും

നെടുമ്പാശേരി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് ഇന്ന് പ്രത്യേക കാർഗോ വിമാനം സർവീസ് നടത്തും. നാഷണൽ എയർലൈൻസിന്റെ ബോയിംഗ് 747 വിമാനമാണ് ഉപയോഗിക്കുക. രാവിലെ 8ന് അബുദാബിയിൽ നിന്ന് ചരക്കില്ലാതെയാണ് വിമാനമെത്തുക. തുടർന്ന് 11ന് ചരക്കുകളുമായി പുറപ്പെടും. അങ്കമാലിയിലെ ഫെയർ എക്സ്പോർട്ട്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ക്രമീകരിച്ചിരിക്കുന്ന വിമാനത്തിൽ പഴം, പച്ചക്കറികളാണ് കൂടുതലായി കൊണ്ടുപോകുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് നിറുത്തിവച്ചിരുന്ന വിമാന സർവീസുകളിൽ പലതും പുന:രാരംഭിച്ചതോടെ ഗൾഫിലേക്കും തിരികെയുമുള്ള യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചു. ഇന്നലെ 10 വിമാനങ്ങൾ കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെട്ടു.14 വിമാനങ്ങൾ കൊച്ചിയിലേക്കും സർവീസ് നടത്തി. 67 വിമാനങ്ങൾ റദ്ദാക്കി. ഇന്ന് കൂടുതൽ സർവീസുകൾ നടത്തുമെന്നാണ് വിമാനക്കമ്പനികൾ അറിയിച്ചിട്ടുള്ളത്.

വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം. ഡല്‍ഹി, ലഡാക്ക്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ പശ്ചിമബംഗാള്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു.

ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണറായും യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിങ് സന്ധുവാകും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍.
ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശിവ് പ്രസാദ് ശുക്ലയെ തെലങ്കാനയിലേക്കാണ് മാറ്റിയത്. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ മഹാരാഷ്ട്ര ഗവര്‍ണറാകും. നന്ദ് കിഷോര്‍ യാദവ് നാഗാലാന്‍ഡ് ഗവര്‍ണറാകും. റിട്ടയേര്‍ഡ് ലഫ്. ജനറല്‍ സയ്യിദ് അറ്റ ഹസ്നൈന്‍ ബിഹാര്‍ ഗവര്‍ണറാകും. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനത്ത് നിന്നും മാറ്റി.

തമിഴ്നാട് ഗവര്‍ണര്‍ ടി എന്‍ രവിയെ പശ്ചിമ ബംഗാളിലേക്ക് മാറ്റി. നിലവിലെ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ച സാഹചര്യത്തിലാണ് ടി എന്‍ രവിയെ കേന്ദ്രം നിയോഗിച്ചത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ ചുമതല കൂടി നല്‍കി.

കൊല്ലത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

കൊല്ലം: ജില്ലയിലെ കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു. കൊട്ടാരക്കര എസ്ജി കോളേജില്‍ കെഎസ്‌യു നേതാവിനെ നേരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധ നടപടി.

ജില്ലയിലെ സ്‌കൂളുകള്‍ ഒഴികെ മുഴുവന്‍ ക്യാമ്പസുകളിലും ഇന്ന് പഠിപ്പു മുടക്കുമെന്നാണ് കെഎസ് യു നേതൃത്വം അറിയിച്ചിരിക്കുന്നത്.

ആറ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി, പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ

കൊല്ലം: ആറു വയസ്സുള്ള പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കൊല്ലം കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഇരട്ട ജീവപര്യന്തം തടവും ഒന്നരവര്‍ഷം വെറും തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം വടക്കേവിള വില്ലേജില്‍ ശ്രീനഗര്‍ 184 കുന്നേല്‍ വീട്ടില്‍ നിന്നും കിളികൊല്ലൂര്‍ തെങ്ങയ്യം ക്ഷേത്രത്തിന് സമീപം നേതാജി നഗര്‍ 44 കുന്നേല്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സൂര എന്ന സുരേന്ദ്രനെ(65)യാണ് കോടതി ശിക്ഷിച്ചത്. കരുനാഗപ്പള്ളി സ്‌പെഷ്യല്‍ കോടതി ജഡ്ജി രാജീവ് ആണ് ശിക്ഷ വിധിച്ചത്.
2022 ഡിസംബര്‍ മാസം മുതലുള്ള പല ദിവസങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും എതിര്‍പ്പ് പ്രകടിപ്പിച്ച സമയങ്ങളില്‍ കുട്ടിയെ അടിച്ചു വേദനിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്. പ്രതിയുടെ നിരന്തരമുള്ള പീഡനത്തെ തുടര്‍ന്ന് മാനസികമായി പെണ്‍കുട്ടി വിഷമിച്ച് ഇരിക്കുന്നത് കണ്ട് കുട്ടിയുടെ അമ്മ കാര്യം തിരക്കിയപ്പോള്‍ ആണ് കുട്ടിക്ക് പ്രതിയില്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെ പറ്റി പുറത്തറിഞ്ഞത്. തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന എന്‍. ഗിരീഷാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കിളികൊല്ലൂര്‍ ശേഷം ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എന്‍. ഗിരീഷ്, കെ.ജെ. തോമസ്, സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, വനിതാ പോലീസ് ഉദ്യോഗസ്ഥയായ അനിതകുമാരി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തം തടവിനും ഒന്നരവര്‍ഷം വെറും തടവിനും 2 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം ഒരു വര്‍ഷം അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവായിട്ടിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി പ്രേമചന്ദ്രന്‍ ഹാജരായി.

ഉത്സവാഘോഷത്തിനിടെ യുവാവിനെ ക്രൂരമായിആക്രമിച്ച കേസില്‍ മുഖ്യ പ്രതികള്‍ പിടിയില്‍

കൊല്ലം: ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ കേസില്‍ മുഖ്യ പ്രതികളായ രണ്ട് പ്രതികളെ കൂടി ശക്തികുളങ്ങര പോലീസ് പിടികൂടി. ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ഗുരുദേവ നഗര്‍-96 ല്‍ വിമല്‍രാജ് (48), കന്നിമേല്‍ചേരിയില്‍ ഐശ്വര്യ നഗര്‍-118, വാറുര്‍ക്കാവിന് സമീപം പടന്നയില്‍ കിഴക്കതില്‍ വീട്ടില്‍ സനില്‍ കുമാര്‍ (52) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. മരുത്തടി കന്നിമേല്‍ചേരി മരോട്ടിമൂട്ടില്‍ സുനില്‍കുമാര്‍ (58), മരുത്തടി സന്തോഷ് നിവാസില്‍ രതീഷ് (51) എന്നിവര്‍ നേരത്തെ തന്നെ ശക്തികുളങ്ങര പോലീസിന്റെ പിടിയിലായിരുന്നു.
ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികളെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഹേമലത എം-ന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം എസിപി രാജേഷിന്റെ മേല്‍നോട്ടത്തിലും ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് എം.ആര്‍-ന്റെ നേതൃത്വത്തിലുമുള്ള പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്രയ്ക്കിടെയാണ്
കേസിനാസ്പദമായ സംഭവം ഉണ്ടായത്. പുത്തൂര്‍, ഐവര്‍കാല ഈസ്റ്റ് സോപാനം വീട്ടില്‍ ജയസേനന്റെ മകന്‍ ഹരികൃഷ്ണന്‍ (19) നാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ഉത്സവാഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ ഉള്‍പ്പെട്ട അക്രമി സംഘം ഹരികൃഷ്ണനെയും സഹോദരന്‍ ജയകൃഷ്ണനെയും ബന്ധുവായ രാജേഷിനെയും സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ ആദ്യം കൊല്ലം
ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മേവറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.