Home Blog Page 981

സിവിൽ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിവിൽ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ എസ്. ശ്രുതി 18-ാം റാങ്ക് നേടി. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി.


ആകാശ് ദുൽ മൂന്നാം റാങ്കും, രാഘവ് ജുൻജുൻവാല നാലാം റാങ്കും, ഇഷാൻ ഭട്നാഗർ അഞ്ചാം റാങ്കും നേടി. സിന്നിയ അറോറ, എ ആര്‍ രാജാ മൊഹയിദ്ദീന്‍, പക്ഷല്‍ സെക്രട്രി, അസ്ത ജെയിന്‍, ഉജ്വല്‍ പ്രിയങ്ക് എന്നിവരാണ് ആറു മുതല്‍ 10 വരെ റാങ്ക് നേടിയവര്‍.

57-ാം റാങ്ക് തിരുവനന്തപുരം സ്വദേശി ശ്രീജ നേടി. കോഴിക്കോട് സ്വദേശി അജയ് രാജ് 109-ാം റാങ്കും കരസ്ഥമാക്കി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. 958 പേർക്കാണ് സിവിൽ സർവീസ് യോഗ്യത ലഭിച്ചത്.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം പരിശോധിക്കാം.

തുടർച്ചയായി അഞ്ചാംദിവസവും സ്വർണവില കുറഞ്ഞു

കൊച്ചി: തുടർച്ചയായി അഞ്ചാംദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,860 രൂപയും പവന് 1,18,880 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

18 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 12270 രൂപയായി. ഇക്കഴിഞ്ഞ ജനുവരി 29നായിരുന്നു കേരളത്തിലെ ഏറ്റവും ഉയർന്ന സ്വർണവില. 1,31,160 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്.

ഇന്നലെ (05-03-26) രാവിലെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞ് യഥാക്രമം 14990 രൂപയും 1,19,920 രൂപയുമായിരുന്നു വില. ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. വിപണി ക്ലോസ് ചെയ്യുമ്പോൾ 1,19,440 രൂപയായിരുന്നു പവൻ വില. ബുധനാഴ്ച പവന് 2,280 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു.

വീണ്ടും ചികിത്സാപ്പിഴവ്: ‘ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വെച്ച് തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വെച്ച് തുന്നിക്കെട്ടിയതായാണ് പരാതി. മേനകുളം സ്വദേശി ഷീബ പ്രമോദാണ് പരാതി നല്‍കിയത്.

ഡിസംബർ മൂന്നിനാണ് മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ചികിത്സ തേടിയത്. സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി ശസ്ത്രക്രിയയ്ക് നിർദ്ദേശിച്ചു. ഡിസംബർ 12 ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുക്കുകയായിരുന്നു.

എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും വയറുവേദന മാറാതായപ്പോള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പത്ത് ദിവസം അവിടെ ചികിത്സയില്‍ കിടന്നപ്പോഴാണ് വയറ്റില്‍ തുണിയുള്ളതായി കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നിഷേധിക്കുകയും മറ്റു ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംഭവിച്ചതാകാമെന്ന് വിശദീകരണം നല്‍കുകയും ചെയ്തു. എന്നാല്‍ സ്കാനിങ് റിപ്പോര്‍ട്ടടക്കം കാണിച്ചപ്പോഴാണ് പണം തരാതെ ശസ്ത്രക്രിയ നടത്തിത്തരാമെന്ന് സിഎസ്ഐ ആശുപത്രി അറിയിച്ചത്. വയറ്റിനുള്ളില്‍ പിന്‍ ചെയ്ത നിലയിലായിരുന്നു തുണിക്കഷ്ണം. മൂന്ന് മാസത്തോളം വേദന അനുഭവിച്ച ശേഷം സിഎസ്ഐ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും കഴക്കൂട്ടം പൊലീസിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം.

കൊല്ലത്ത് ക്ഷേത്രോത്സവത്തിടെ ഉണ്ടായ സംഘർഷത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ വിദ്യാർത്ഥിയുടെ മസ്തിഷ്ക മരണം ഔദ്യോഗികമായി
സ്ഥീരികരിച്ചു

കുന്നത്തൂർ:കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ കുന്നത്തൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മസ്തിഷ്ക മരണം
ഔദ്യോഗികമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ ബോർഡ്
സ്ഥിരീകരിച്ചു.

കൊല്ലം കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനൻ്റെയും രജനിയുടെയും മകനും അടൂർ മണക്കാല ഗവ.പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയുമായ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്.തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ് ബോധരഹിതനായ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മസ്തിഷ്ക
മരണത്തിന് കീഴടങ്ങിയത്.കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ കൊല്ലം ശക്തികുളങ്ങര മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്.ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ഇവിടെയുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.ഉത്സവത്തിൻ്റെ ഭാഗമായുള്ള തിരുഭാവരണ ഘോഷയാത്രയ്ക്കിടെ  മദ്യപിച്ച് എത്തിയ ചിലർ യാതൊരു പ്രകോപനവുമില്ലാതെ ഹരികൃഷ്ണനെ അസഭ്യം വിളിച്ച് കൊണ്ട് കയ്യേറ്റം ചെയ്തു.ഇവിടേക്കെത്തിയ സഹോദരൻ ജയകൃഷ്ണൻ പ്രശ്നം പരിഹരിച്ച് ഹരികൃഷ്ണനുമായി മടങ്ങി.പിന്നീട് ഇതേ സംഘം ഹരികൃഷ്ണനെയും ജയകൃഷ്ണനെയും സഹോദരി ഭർത്താവിനെയും ആഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ച് ക്രൂരമായി മർദ്ദിക്കുകയുണ്ടായി.ഇതിനിടയിലാണ് ഹരികൃഷ്ണന് പട്ടിയേൽ കൊണ്ട് തലയ്ക്ക് അടിയേറ്റത്.ഉടൻ തന്നെ
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് 4 പ്രതികളെ അറസ്റ്റ് ചെയ്തു.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അതിനിടെ എ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ്കാരനായ ഹരികൃഷ്ണൻ്റെ അവയവദാനത്തിന് മാതാപിതാക്കൾ സമ്മതമറിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങൾ ദാനം ചെയ്യുന്നത് തുടർ അന്വേഷണത്തിന് ബാധിക്കുമെന്ന് കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.എന്നാൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും ഇതിനാൽ മറ്റ് അവയവങ്ങൾ ദാനം ചെയ്യുന്നത് അന്വേഷണത്തിന് തടസമാകില്ലെന്നും കാട്ടി മെഡിക്കൽ കോളേജ് ഡോക്ടർമാർ രംഗത്തെത്തുകയും മാതാപിതാക്കളുടെ തീരുമാനത്തെ അനുകൂലിക്കുകയും ചെയ്തു.ഇതിനാൽ മാതാപിതാക്കളുടെ സ്വന്തം തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ അവയവങ്ങൾ ദാനം ചെയ്യുന്നതിന് പോലീസ് അനുമതി നൽകിയെങ്കിലും പിന്നീട് ചേർന്ന മെഡിക്കൽ ബോർഡ്  ‘റിസ്ക് ‘എടുക്കേണ്ട എന്ന നിലപാടിൽ എത്തുകയുമായിരുന്നു.അതിനിടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

ഇറാനിൽ മരണസംഖ്യ ഉയരുന്നു; കൊല്ലപ്പെട്ടത് 1,230പേർ, ആക്രമണം തുടരുമെന്ന് അമേരിക്ക, നേരിടുമെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ രാജ്യത്ത് 1230 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ ഏഴാം ദിവസമാണ് സംഘർഷം തുടരുന്നത്. ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്. അതേസമയം, മിനാബിലെ സ്കൂളിൽ 165 കുരുന്നുകളുടെ ജീവനെടുത്ത ആക്രമണം നടത്തിയത് അമേരിക്കയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇറാനിനെതിരെ ശക്തമായ ആക്രമണം തുടരുമെന്നാണ് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേലും അമേരിക്കയും കരയുദ്ധം നടത്തിയാലും നേരിടുമെന്നാണ് ഇറാൻ്റെ മറുപടി. ഗൾഫ് മേഖലയിലും ഇസ്രയേലിലും ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം തുടരുകയാണ്. 

ഇറാന്‍റെ യുദ്ധകപ്പൽ മുക്കിയ സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ

ന്യൂഡെൽഹി :ശ്രീലങ്കൻ തീരത്ത് വെച്ച് യുഎസിന്‍റെ ആണവ അന്തര്‍വാഹിനി ടോര്‍പിഡ‍ോ ആക്രമണത്തിൽ ഇറാന്‍റെ യുദ്ധകപ്പൽ മുക്കിയ സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യയും രക്ഷാപ്രവര്‍ത്തനത്തിന് നടപടി തുടങ്ങിയിരുന്നുവെന്ന് നാവികസേന വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ശ്രീലങ്കൻ നേവിയിൽ നിന്ന് വിവരം ലഭിച്ച ഉടനെ ഹെലികോപ്ടറുകളും കപ്പലുകളും അയച്ചിരുന്നുവെന്നും ഇന്ത്യൻ കപ്പലുകൾ എത്തിയപ്പോഴേക്കും ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനം നടത്തിയെന്നും നാവികസേന വ്യക്തമാക്കി. ഇവർക്ക് വേണ്ട മറ്റു സഹായങ്ങൾ നാവികസേന നൽകി. കൊച്ചിയിൽ നിന്ന് ഐഎൻഎസ് ഇക്ഷക് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിന്‍റെ ഭാഗമായി സംഭവ നടന്ന സ്ഥലത്തെത്തി. മറ്റു നടപടികൾ പുരോഗമിക്കുകയാണെന്നും നാവികസേന വ്യക്തമാക്കി. ഇറാന്‍റെ കപ്പൽ ആക്രമിച്ച സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമാണിത്.

മാര്‍ച്ച് നാലിന് പുലര്‍ച്ചെയാണ് കൊളംബോയിൽ നിന്ന് ഐആര്‍ഐഎസ് ദേനയിൽ നിന്ന് അപായ സന്ദേശം ലഭിക്കുന്നതെന്നും ശ്രീലങ്കൻ നേവിയാണ് ഇതുസംബന്ധിച്ച വിവരം നൽകിയെന്നും ഇന്ത്യൻ നാവികസേന വിശദീകരിച്ചു. ശ്രീലങ്കൻയുടെ ഉത്തരവാദിത്വത്തിലുള്ള മേഖലയിലാണ് അപകടമുണ്ടായത്. വിവരം ലഭിച്ച ഉടനെ പട്രോളിങ് ഹെലികോപ്ടര്‍ അയക്കുകയായിരുന്നു. ശ്രീലങ്കയുടെ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നതിനായിട്ടായിരുന്നു ഇത്. ഇതോടൊപ്പം രക്ഷാ ബോട്ടുകള്‍ അടങ്ങിയ മറ്റൊരു ഹെലികോപ്ടറും അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി സജ്ജമാക്കിയിരുന്നു. ഐഎൻഎസ് തരംഗിണി കപ്പൽ മാര്ച്ച് നാലിന് വൈകിട്ട് നാലുമണിയോടെ തെരച്ചിൽ നടക്കുന്ന മേഖലയിലെത്തിയിരുന്നു.എന്നാൽ, ഇതേ സമയത്ത് തന്നെ ശ്രീലങ്കൻ നാവികസേനയും മറ്റു ഏജന്‍സികളും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. മാനുഷിക പരിഗണന എന്ന നിലയിൽ കൊച്ചിയിൽ നിന്ന് പോയ ഐഎൻഎസ് ഇക്ഷക് കപ്പൽ പ്രദേശത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. നിലവിൽ ശ്രീലങ്കൻ നാവികസേനയുമായി ചേര്‍ന്ന് തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും നാവികസേന അറിയിച്ചു.

ഇന്ത്യൻ കമ്പനികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ താൽക്കാലിക അനുമതി നൽകി അമേരിക്ക

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ താൽക്കാലിക അനുമതി നൽകി അമേരിക്ക. 30 ദിവസത്തെ ഇളവാണ് അമേരിക്കൻ ട്രഷറി വകുപ്പ് നൽകിയത്.

കടലിൽ കുടുങ്ങികിടക്കുന്ന റഷ്യൻ കപ്പലുകളിൽനിന്ന് എണ്ണ വാങ്ങുന്നതിനാണ് ഇളവെന്നും രാജ്യാന്തര വിപണിയിലേക്ക് തടസ്സമില്ലാതെ എണ്ണ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്‍റ് അറിയിച്ചു. ഇറാൻ ഹുർമുസ് കടലിടുക്ക് കപ്പൽപാത അടച്ചതോടെ എണ്ണ ലഭ്യതയുടെ കാര്യത്തിൽ രാജ്യം കടുത്ത പ്രതിസന്ധിയാണ് മുന്നിൽ കാണുന്നത്. രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ 88 ശതമാനത്തോളം ഇറക്കുമതിയാണ്.

അതിന്‍റെ 50 ശതമാനത്തോളവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഹുർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എണ്ണ വരവ് തടസ്സപ്പെട്ടത് രാജ്യത്ത് വിലക്കയറ്റ ആശങ്ക ഉയർത്തിയിരുന്നു. താൽക്കാലികമായെങ്കിലും റഷ്യൻ എണ്ണ ഏറ്റെടുക്കാൻ അനുമതി ലഭിച്ചത് ഇന്ത്യക്ക് വലിയ ആശ്വാസമാകും.

ഹുർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് തീയിടുമെന്ന ഇറാന്‍റെ ഭീഷണിയും നിലവിലുണ്ട്. നിലവിൽ ഇന്ത്യയുടെ പക്കൽ 40-45 ദിവസത്തേക്കുള്ള, 10 കോടി ബാരൽ അസംസ്കൃത എണ്ണയുടെ സ്റ്റോക്ക് മാത്രമേ ബാക്കിയുള്ളു. റഷ്യയിൽനിന്ന് വെട്ടിക്കുറച്ച എണ്ണ ഇറക്കുമതി കൂട്ടാൻ ഇന്ത്യൻ കമ്പനികൾ ശ്രമം തുടങ്ങിയിരുന്നു.
ഏപ്രിൽ മൂന്നു വരെയാണ് ഇന്ത്യക്ക് ഇളവ് അനുവദിച്ചത്. വിവിധ ഉപരോധങ്ങളാൽ തടഞ്ഞുവെച്ച കപ്പലുകളിൽനിന്നുള്ള ഇടപാടുകൾക്കാണ് ഇളവ്.

അങ്കമാലി കാറപകടം: പ്രതിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

അങ്കമാലി: അങ്കമാലിയിൽ വെച്ച് കോളേജ് വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസന്റെ മരണത്തിനിടയാക്കിയ കാറപകടത്തിൽ നിർണ്ണായക നീക്കവുമായി പോലീസ്. പ്രതിയായ ഡോ. സിറിയക് ജോർജിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ നടപടി.

അതേസമയം, ഒളിവിൽ കഴിയുന്ന ഡോ. സിറിയക് ജോർജ് കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാൻ പോലീസ് നേരത്തെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 28-നായിരുന്നു മനസാക്ഷിയെ നടുക്കിയ അപകടം നടന്നത്. അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജസ്‌ലിയ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സിറിയക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജസ്‌ലിയക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ, മാതാപിതാക്കൾ മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. പഠനത്തിലും കായികരംഗത്തും മികവ് പുലർത്തിയിരുന്ന ജസ്‌ലിയ സ്വന്തം പഠനച്ചെലവിനായി പിസ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.

വ്യത്യസ്തനായ ശശിയെ സിപിഎം സത്യത്തിലിപ്പോള്‍ തിരിച്ചറിയുന്നു

പാലക്കാട്.പി കെ ശശിക്കെതിരെ പാലക്കാട്ടെ സിപിഐഎം നേതാക്കൾ. ശശിക്കൊപ്പം നിൽക്കാത്തവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് ഇല്ലാതാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ചെന്താമരാക്ഷൻ. ശശി വിഭാഗീയതയുടെ നേതാവാണെന്ന് സിപിഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ

പീഡന വീരനെ വിശുദ്ധനാക്കാൻ UDF ഇപ്പോൾ ശ്രമിക്കുന്നുവെന്നും ജയദേവൻ. പാർട്ടി ഓഫീസ് ഫണ്ടും ബാങ്കിലെ പണവും കട്ടതിനാണ് ശശിയെ തരംതാഴ്ത്തിയതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ. ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമെന്നും റിയാസുദീൻ പറഞ്ഞു.

ഇത്ര ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു CPM നേതാവ് പാലക്കാട് ജില്ലയിൽ ഉണ്ടാകില്ലെന്ന് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. അമിതമായ ലാളന കിട്ടിയത് കൊണ്ടാകും പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്. CPMൻ്റെ സെക്രട്ടറിമാർ മാറുമ്പോൾ പാർട്ടിയുടെ സമ്പ്രദായം മാറില്ല. ശശിയ്ക്ക് വ്യക്തി കേന്ദ്രീകൃതമായ താത്പര്യം

തെറ്റ് തിരുത്തിയാൽ പി.കെ ശശിയ്ക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാം. ഇതിന് മുമ്പും അങ്ങനെ ഉണ്ടായിട്ടുണ്ട്. പാർട്ടിയാണ് ശരിയെന്ന് പിന്നീട് അവർക്ക് ബോധ്യമാകും. പി.കെ ശശിയും ജില്ല സെക്രട്ടറിയും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്നമാണോ എന്ന് അവരാണ് പറയേണ്ടത്. ശശി ജില്ല സെക്രട്ടറിയ്ക്കെതിരെ തെളിവ് പുറത്തു വിട്ടാൽ അദ്ദേഹം മറുപടി പറയും.

അതേസമയം പി കെ ശശിയുടെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മക്കെതിരെ ഒറ്റപ്പാലത്തെ വിമത നേതാവ് എസ് ആർ പ്രകാശൻ രംഗത്തുവന്നു. ഞങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ എന്ന പി കെ ശശിയുടെ വാദം കേട്ടപ്പോൾ ചിരിയാണ് വന്നതെന്ന് എസ് ആർ പ്രകാശ്

ഒറ്റപ്പാലത്തെ സിപിഎം വിമതർ ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മയുടെ ഭാഗമാകില്ല. കൺവെൻഷനിൽ സംസാരിക്കുന്നതിനിടെ എകെജിയുടെയും കൃഷ്ണപിള്ളയുടെയും സുന്ദരയ്യയുടെയും എല്ലാം അനുയായിയാണ് എന്ന മട്ടിൽ ഞങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ എന്ന പി കെ ശശിയുടെ ഭാഷ്യം കേട്ടപ്പോൾ തമാശ തോന്നിയെന്നും എസ് ആർ പ്രകാശ്

2006 ൽ പി കെ ശശി ഉൾപ്പെടെയുള്ളവർ ജില്ലാ നേതൃത്വത്തിൽ ഇരിക്കുമ്പോഴാണ് ഒറ്റപ്പാലത്ത് വിമത കൂട്ടായ്മ രൂപപ്പെട്ടത്. സിപിഎം നേതാവായിരുന്ന എസ്ആർ പ്രകാശൻ ഉൾപ്പെടെയുള്ളവർ പാർട്ടി ബന്ധം ഉപേക്ഷിച്ച് വിമതരായി രംഗത്തുവന്നു

പിന്നീട് തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര മുന്നണി എന്ന നിലയ്ക്ക് കോൺഗ്രസിനോടൊപ്പം ചേർന്ന് മത്സരിച്ചു വിജയിച്ചിരുന്നു. ഒറ്റപ്പാലം നഗരസഭയിലെ നിർണായക ശക്തിയായി വിമത മുന്നണി മാറിയിരുന്നു. പി കെ ശശി സ്ഥാനാർത്ഥിയായി വന്നാൽ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് അതപ്പോൾ നിലപാട് പ്രഖ്യാപിക്കുമെന്നും എസ് ആർ പ്രകാശ് പ്രതികരിച്ചു

വിദ്യാര്‍ഥിനിയെ കാര്‍ ഇടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് പ്രതി ഡോ. സിറിയക്കിന്റെ കുതന്ത്രങ്ങൾ തുടരുന്നു

അങ്കമാലി. വഴിയാത്രക്കാരിയായ ജസ്ലിയ എന്ന വിദ്യാര്‍ഥിനിയെ കാര്‍ ഇടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് പ്രതി ഡോ. സിറിയക്കിന്റെ കുതന്ത്രങ്ങൾ തുടരുന്നു. അറസ്റ്റ് തടയാൻ കോടതിയിൽ ഹർജിനല്‍കിയിട്ടുണ്ട്. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് വാദം. കേസിൽ പെടുത്തിയത് ദുരുദ്ദേശപരമെന്ന് സിറിയക്. അറസ്റ്റ് തന്റെ ഭാവിയെ ബാധിക്കുമെന്ന് വിലാപം.

മെഡിക്കൽ കരിയറിലെ നിർണായക ഘട്ടത്തിലെന്ന് സിറിയക്. അറസ്റ്റ് പരിഹരിക്കാനാകാത്ത നഷ്ടവും ആഘാതവും ഉണ്ടാകുമെന്നും വാദം. കുറ്റകൃത്യ പശ്ചാത്തലമില്ലെന്നും ഹർജിയിൽ. അന്വേഷണവുമായി സഹകരിക്കാൻ തയ്യാർ

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും സിറിയക്. ഒരു ഡോക്ടര്‍ആയിട്ടുകൂടി ഇടിച്ചുവീഴ്ത്തിയ ആളെ നോക്കാനോ ആശുപത്രിയിലെത്തിക്കാനോ ശ്രമിക്കാതിരുന്നത് ഗുരുതരമായ കുറ്റമായാണ് വിലയിരുത്തുന്നത്.