Home Blog Page 980

പി കെ ശശിക്ക് തുടക്കത്തിലേ തിരിച്ചടി, വിമതന്മാർ ഒന്നൊന്നായി സിപിഎമ്മിലേക്ക് മടങ്ങിപ്പോകുന്നു

പാലക്കാട്: സി പി എമ്മിന് കനത്ത വെല്ലുവിളി ഉയർത്തും എന്ന് പ്രഖ്യാപിച്ച് വിമത നീക്കവുമായി മുന്നോട്ടുവന്ന മുൻ എം എൽ എ പി കെ ശശിക്ക് തുടക്കത്തിലേ കനത്ത തിരിച്ചടി. രണ്ട് പ്രമുഖ വിമത നേതാക്കൾ സി പി എമ്മിലേക്ക് മടങ്ങിയെത്തി. വിമത നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിരുന്ന രണ്ട് കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേരുകയും ചെയ്തു. ഇനിയും കൂടുതൽ വിമതന്മാർ പാർട്ടിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ പത്താം വാർഡ് അംഗം എൻ വിജയാനന്ദ്, പെരുമ്പാറുളള പാൽ സൊസൈറ്റി ഡയറക്ടർ എസ് കാർത്തിക് എന്നിവരാണ് സി പി എമ്മിലേക്ക് തിരിച്ചെത്തിയ വിമത നേതാക്കൾ.

യു ഡി എഫുമായി സഹകരിക്കാനുള്ള തീരുമാനത്തോട് വിയോജിച്ചാണ് തങ്ങൾ തിരിച്ചെത്തിയതെന്നാണ് വിജയാനന്ദ് പറയുന്നത്. ലോക്കൽ സെക്രട്ടറി ആക്കില്ലെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിമത ചേരിയിലെത്തിച്ചത്. എന്നാൽ പാർട്ടിയുടെ ഭാഗത്തുനിന്ന് അത്തരമൊരു തീരുമാനം ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വിമത കൺവെൻഷനിൽ പങ്കെടുത്തതിനെത്തുടർന്ന് ഇന്നലെയാണ് പി കെ ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയുമായി കുറച്ചുനാളുകളായി ഇടഞ്ഞുനിൽക്കുകയായിരുന്ന ശശി അടുത്തിടെ കെ ടി ഡി സി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. ഒറ്റപ്പാലത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായി രംഗത്തെത്തുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും യു ഡി എഫ് തുടക്കത്തിലേ ഇതിനെ എതിർത്തോടെ ആ വഴി അടഞ്ഞു. വിമതനായി മത്സരിക്കാനുള്ള പിന്തുണതേടി ലീഗ് നേതാക്കളുമായി ചർച്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു

കൺവെൻഷനിൽ സി പി എമ്മിനെതിരെ കടുത്ത വിമർശനമാണ് പി കെ ശശി ഉന്നയിച്ചത്. ലാേക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത് കളളുകുടി സത്കാരത്തിലാണെന്ന് ആരോപിച്ച ശശി പാലക്കാട് ജില്ലാ സെക്രട്ടറിയെ സ്പിരിറ്റ് കച്ചവടക്കാരൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു.

ജി സുധാകരൻ സി പി എം ബന്ധം ഉപേക്ഷിച്ചേക്കില്ല, പക്ഷേ അംഗത്വം ഉടൻ പുതുക്കില്ല

ആലപ്പുഴ: പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മന്ത്രി ജി സുധാകരൻ സി പി എം ബന്ധം ഉപേക്ഷിക്കില്ലെന്ന് റിപ്പോർട്ട്. എന്നാൽ പാർട്ടി അംഗത്വം തൽക്കാലം പുതുക്കിയേക്കില്ല. അനുഭാവിയായി തുടരും. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയിൽ മഞ്ഞുരുകിയതെന്നാണ് സൂചന. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ച്ചടങ്ങിന് സുധാകരനെ മുഖ്യാതിഥിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്ററിൽ അദ്ദേഹത്തിന്റെ ചിത്രവും ചേർത്തിട്ടുണ്ട്.

ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ജി സുധാകരനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കാൻ കഴിയില്ലെന്ന് സുധാകരൻ മന്ത്രിയെ അറിയിച്ചു. നാളെ ആലപ്പുഴ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.അനുനയത്തിന്റെ ഭാഗമായി പാർട്ടിയിലെ മുതിർന്ന നേതാക്കൾ സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു.

എന്നാൽ അവർ പറയുന്നത് കേൾക്കുകയല്ലാതെ അദ്ദേഹം തിരിച്ചൊന്നും പറഞ്ഞില്ലെന്നാണ് അറിയുന്നത്. ജില്ലയിൽ വളരെയേറെ ജനപിന്തുണയുള്ള മുതിർന്ന നേതാവ് പാർട്ടിക്ക് എതിരെ നിന്നാലുള്ള ഭവിഷ്യത്ത് മുന്നിൽക്കണ്ടാണ് തിരക്കിട്ട അനുനയനീക്കവുമായി പാർട്ടി നേതാക്കൾ രംഗത്തെത്തിയത്.

കെ.ടെറ്റ്‌ സര്‍ട്ടിഫിക്കറ്റ് വിതരണം

കൊല്ലം: ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ കെ.ടെറ്റ് 2025 ജൂണ്‍, മെയ് (സര്‍വീസിലുള്ള അധ്യാപകര്‍ക്കായി നടത്തിയത്), മുന്‍കാലങ്ങളില്‍ നടത്തിയ കെ.ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. അസല്‍ ഹാള്‍ടിക്കറ്റുമായി ഇന്ന് കാറ്റഗറി 1, 10ന് കാറ്റഗറി 2, 12ന് കാറ്റഗറി 3, 17ന് കാറ്റഗറി 4 എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാവിലെ 10.30 മുതല്‍ 3.30 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം.

പാചകവാതക അദാലത്ത് 12ന്

കൊല്ലം: ജില്ലയിലെ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനായി 12ന് ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാചകവാതക അദാലത്ത് നടത്തും. ഓയില്‍ കമ്പനി പ്രതിനിധികള്‍, പാചകവാതക വിതരണ ഏജന്‍സി പ്രതിനിധികള്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
10ന് വൈകിട്ട് 5 വരെ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫോണ്‍: 0474 2794818.

ഇറാൻ ഉപയോഗിച്ചിരുന്ന ചൈനീസ് വ്യോമാക്രമണ പ്രതിരോധ സംവിധാനം ലോക പരാജയമായത് എങ്ങനെ

ഇറാൻ ഉപയോഗിച്ചിരുന്ന ചൈനീസ് വ്യോമാക്രമണ പ്രതിരോധ സംവിധാനമായ hQ9Bയുടെ പരാജയം ചർച്ചയാകുന്നു.
ഇതാദ്യമായല്ല HQ9B പരാജയപ്പെടുന്നത്. ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ പാകിസ്ഥാൻ ഉപയോഗിച്ചപ്പോഴും


ചൈന എയറോസ്പോസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷനാണ് hq9Bയുടെ
നിർമാതാക്കൾ. റഷ്യയുടെ എസ്-300പിഎംയു, അമേരിക്കയുടെ പാട്രിയറ്റ് പിഎസ്-2 എന്നീ പ്രതിരോധ
സംവിധാനങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് hq9B വികസിപ്പിച്ചത്.
260 കിലോ മീറ്റർ റെയിഞ്ചും അമ്പത് കിലോ മീറ്റർ വരെ ഉയരത്തിൽ പ്രതിരോധിക്കാനും hq9Bന് കഴിയും.
സ്റ്റെൽത് വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങി
എല്ലാ തരത്തിലുമുള്ള ആകാശ ഭീഷണികളെയും പ്രതിരോധിക്കുമെന്നായിരുന്നു ചൈനയുടെ അവകാശവാദം.

കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ആകാശ സുരക്ഷ
വർധിപ്പിക്കാനായാണ് കഴിഞ്ഞ ജൂലൈയിൽ ഇറാൻ ചൈനയുടെ കയ്യിൽ നിന്നും എച് ക്യു 9ബി വ്യോമ പ്രതിരോധ
സംവിധാനം വാങ്ങുന്നത്. ചൈനയ്ക്ക് എണ്ണ നൽകിയതിന് പകരമായിട്ടാണ് പ്രതിരോധ സംവിധാനം ഇറാൻ വാങ്ങിയത്.

തലസ്ഥാനമായ തെഹ്റാനിലെ പ്രധാനയിടങ്ങളിലും ആണവ അടിസ്ഥാന സൌകര്യങ്ങളൊരുക്കിയിരിക്കുന്ന നതാൻസ്, ഫോർദേ എന്നിവിടങ്ങളിലുമാണ് ഇത് സ്ഥാപിച്ചിരുന്നത്.
എന്നാൽ ഇപ്പോഴുണ്ടായ യുഎസ്-ഇസ്രായേൽ ആക്രമണത്തിനിടെ വന്ന മിസൈലുകളെയൊന്നും hq9bക്ക് പ്രതിരോധിക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.വലിയ നഷ്ടമാണ് പ്രതിരോധ സംവിധാനങ്ങൾ പാളിയതിലൂടെ ഇറാന് സംഭവിച്ചതും.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനും ഇതേ പ്രതിരോധ സംവിധാനം ഉപയോഗിച്ചിരുന്നു.
എന്നാൽ പാകിസ്ഥാന്റെ പ്രധാനയിടങ്ങളിൽ ഇന്ത്യ നടത്തിയ തിരിച്ചടി വലിയ നാശനഷ്ടമുണ്ടാക്കി. വ്യോമതാവളങ്ങളിലും പ്രധാന നഗരങ്ങളിലുമാണ്
പാകിസ്ഥാൻ hq9B സ്ഥാപിച്ചിരുന്നത്. തുടർച്ചയായ പരാജയങ്ങൾ ചൈനയുടെ പ്രതിരോധ സംവിധാനത്തിന്റെ ആഗോള സ്വീകാര്യതയെയും ചോദ്യം ചെയ്യുന്നുണ്ട്.

തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃദാരിദ്രം, എം വി ഗോവിന്ദൻ

തിരുവനന്തപുരം. തിരുവനന്തപുരത്ത് CPIM ന് നേതൃദാരിദ്രമെന്ന് എം വി ഗോവിന്ദൻ. 10 സിറ്റിംഗ് MLA മാരെയും മത്സരിപ്പിക്കേണ്ടി വന്നത് അതുകൊണ്ടാണ്. പകരം വെക്കാൻ മികളുള്ളവരില്ല

ജില്ല കമ്മിറ്റി യോഗത്തിലാണ് എം വി ഗോവിന്ദൻ സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് പറഞ്ഞത്
CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് കരമന ഹരി. ലോക്സഭയിലേക്ക് മത്സരിക്കാനും നിയമസഭയിലേക്ക് മത്സരിക്കാനും വി ജോയ് പോകുമ്പോൾ താത്ക്കാലിക ജില്ല സെക്രട്ടറിമാരെ വെക്കുന്നത് എന്തിന്

സ്ഥിരം സെക്രട്ടറിയായി എ എ റഹീമിനെ നിയമിക്കണമെന്ന് ആവശ്യം. കോർപ്പറേഷനിലേക്ക് ഏരിയാ സെക്രട്ടറിമാർ മത്സരിച്ചപ്പോൾ പകരം സെക്രട്ടറിമാരെ നിയമിച്ച മാതൃക തുടരാൻ മടിയെന്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത്
മുസ്ലിം സ്ഥാനാർത്ഥികളില്ല. റഹീം സ്ഥിരം സെക്രട്ടറിയാകുമ്പോൾ ആ പ്രശ്നം പരിഹരിക്കാം

ഹരിയുടെ പരാമർശം അപക്വമെന്ന് പറഞ്ഞ് എംവി ഗോവിന്ദൻ തിരുത്തി. മതവും ജാതിയും നോക്കിയല്ല റഹീമിനെ വെച്ചതെന്ന് എം വി ഗോവിന്ദൻ. മത്സരിക്കാത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ടി എൻ സീമയും റഹീമും മാത്രമേയുള്ളൂ. അതുകൊണ്ടാണ് റഹീമിനെ തിരഞ്ഞെടുത്തതെന്നും വിശദീകരിച്ചു

രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിൽ വീഴ്ച,തിരുവല്ല DySP എസ് നന്ദകുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിൽ വീഴ്ച,തിരുവല്ല DySP എസ് നന്ദകുമാറിന് സസ്‌പെൻഷൻ.തെളിവെടുപ്പിൽ DySP സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. പ്രത്യേക നിർദേശമുണ്ടായിട്ടും DySP എത്തിയില്ല

വേണ്ട മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നും കണ്ടെത്തൽ. മറുപടി തൃപ്തികരമല്ലെന്നും ആഭ്യന്തര വകുപ്പ്. ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് സസ്‌പെൻഷൻ ഉത്തരവിൽ. DGP യുടെ ശുപാർശയെത്തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ സസ്‌പെൻഷൻ

പാന്‍ട്രി, ടോയ്‌ലറ്റ് ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും,കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം പതിനഞ്ചിന്

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം പതിനഞ്ചിന് എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. പാന്‍ട്രി, ടോയ്‌ലറ്റ് ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും ബസില്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ഒരു ബസ് രാവിലെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ഒരു ബസ് കൊച്ചിയിലേക്കുമാണ് സര്‍വീസ് നടത്തുകയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. എറണാകുളം കാരയ്ക്കാമുറിയില്‍ നിര്‍മ്മിക്കുന്ന ബസ് സ്റ്റാന്റിന്റെ നിര്‍മ്മാണ ഉദ്ഘാടനവും നവീകരിച്ച എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

റോഡ് പണി കഴിഞ്ഞാല്‍ സര്‍വീസ് തൃശൂര്‍ വരെ ദീര്‍ഘിപ്പിക്കും. മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തും. ആലപ്പുഴ, കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടാകും. ബുക്കിങ് മുഴുവന്‍ തിരുവനന്തപുരത്തേക്ക് ആണെങ്കില്‍ എവിടെയും സ്റ്റോപ്പ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ബസില്‍ ടിക്കറ്റ് പരിശോധിക്കുക ഹോസ്റ്റസ് ആയിരിക്കും. അവരാണ് ഭക്ഷണവും നല്‍കുക. അതിനുള്ള ഹോസ്റ്റസിനെ തെരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.

‘ബസ് വന്നാല്‍ ഞാന്‍ ഒന്ന് ഓടിച്ചുനോക്കൂം. അതുകഴിഞ്ഞാല്‍ ഉദ്ഘാടനവും കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് മുന്‍പേ വണ്ടി ഉദ്ഘാടനം ചെയ്തിരിക്കുന്നു. അല്ലെങ്കില്‍ ഉദ്ഘാടനം ചെയ്യേണ്ടെന്ന് പലരും പറയും. ഹോസ്റ്റസ് മലയാളിയാകണമെന്നില്ല. മലയാളിക്ക് ഒരു കുഴപ്പമുണ്ട്. നാലുദിവസം ട്രെയിനിങ് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യും. അഞ്ചാം ദിവസം അത് വൃത്തികേടാക്കും. പഠിപ്പിച്ചുകൊടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യണമെന്നും ബസ് ഹോസ്റ്റസ് എന്നൊരു സങ്കല്‍പം ഉണ്ടാക്കുകയാണ് ലക്ഷ്യം’- കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

വോള്‍വോയുടെ രണ്ട് ബസുകളാണ് ബിസിനസ് ക്ലാസ് ബസായി എത്തുന്നത്. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അത്രയും സംവിധാനങ്ങളോടെയുള്ള അതിഗംഭീര ബസ് ആയിരിക്കും കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ്. 35 സീറ്റുകളായിരിക്കും ഉണ്ടാകുക. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുക.

മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് പത്ത് വര്‍ഷം…. അച്ഛന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുന്നു മകള്‍ ശ്രീലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് പത്ത് വര്‍ഷം. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളി ജീവിതത്തിന്റെ ഭാഗമായി തന്നെ മണി തുടരുന്നുണ്ട്. ബാക്കി വച്ചു പോയ സിനിമകളിലൂടേയും പാട്ടുകളിലൂടേയും ഇപ്പോഴും മണി മലയാളിയ്ക്കൊപ്പം ജീവിക്കുന്നു. മണി ഓര്‍മയായി പത്ത് വര്‍ഷമാകുമ്പോള്‍ ആ കുടുംബത്തില്‍ നിന്നൊരു സന്തോഷ വാര്‍ത്തയും വരികയാണ്.
മണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകള്‍ ശ്രീലക്ഷ്മിയെ ഡോക്ടറാക്കുകയെന്നത്. അച്ഛന്‍ ഒപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് മകള്‍. മണിയുടെ സഹോദരനായ ഡോക്ടര്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് മണിയുടെ മകള്‍ ഡോക്ടറായ വിവരം പങ്കുവെക്കുന്നത്.
‘ചേട്ടന്റെ ആഗ്രഹം പോലെ തന്നെ മകള്‍ ഡോക്ടറായി. മകളെ പാവപ്പെട്ടവരുടെ ഡോക്ടറാക്കണം എന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. മകള്‍ എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്കും വളര്‍ന്നു വരാനുള്ള വലിയൊരു സാഹചര്യം ചേട്ടന്‍ ഒരുക്കിയിരുന്നു. ഡോക്ടറേറ്റ് കിട്ടി. കലാമണ്ഡലത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി കിട്ടി. ഇതൊക്കെ നമ്മള്‍ അദ്ദേഹത്തെ മനസില്‍ സൂക്ഷിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും ചിന്തകളും മനസില്‍ സൂക്ഷിച്ച് ഒട്ടും പതറാതെ മുന്നോട്ട് പോയിരുന്നു. മനസ് പതറിയിരുന്നു. പക്ഷെ അതിനെയൊക്കെ നിയന്ത്രിച്ച് ചേട്ടന്റെ ആഗ്രഹം പോലെ മുന്നോട്ട് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹത്തിനൊപ്പം യാത്ര ചെയ്യുകയാണ് ഞങ്ങള്‍” എന്നാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത്.

എറണാകുളം ശ്രീനാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥിയായിരുന്നു ശ്രീലക്ഷ്മി. ഇപ്പോള്‍ അമ്മ നിമ്മിയോടൊപ്പം ചാലക്കുടിയിലെ മണിക്കൂടാരത്തിലുണ്ട് ശ്രീലക്ഷ്മി. മകളെ ഡോക്ടറാക്കണമെന്നും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്ന ആശുപത്രി തുടങ്ങണമെന്നുമുള്ള തന്റെ ആഗ്രഹം മണി പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. അച്ഛന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് മകള്‍.

ജാസ്ലിയ വാഹനം ഇടിച്ചു മരിച്ച കേസ്: പ്രതി ഡോ. സിറിയക് പി ജോര്‍ജ് പിടിയില്‍

കോട്ടയം: അങ്കമാലിയില്‍ കോളജ് വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണ്‍ വാഹനം ഇടിച്ചു മരിച്ച സംഭവത്തില്‍ മുഖ്യപ്രതി ഡോക്ടര്‍ സിറിയക് പി ജോര്‍ജ് പിടിയിലായി. ഒളിവില്‍ കഴിഞ്ഞ സിറിയക്കിനെ വാഗമണ്ണില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ വാഗമണ്ണിന് സമീപം കണ്ണംകുളത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അപകടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.
വിദ്യാര്‍ത്ഥി മരിക്കാനിടയായ കാര്‍ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടര്‍ സിറിയക്കിന്റെ പിതാവ് അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞ ഡോക്ടര്‍ സിറിയക്കിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡോ. സിറിയക്കിനെതിരെ കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.
അപകടമുണ്ടാക്കിയ കാര്‍ ആലപ്പുഴ തുറവൂരില്‍നിന്നു കണ്ടെത്തിയിട്ടും ഇത് ഓടിച്ചിരുന്ന ഡോ. സിറിയക്കിനെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. മൂന്നുദിവസമായി ഇയാളുടെ ഫോണിന്റെ ടവര്‍ ലോക്കേഷന്‍ വാഗമണ്ണിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കി അന്വേഷണം തുടരുകയായിരുന്നു. മഫ്ത്തിയില്‍ പൊലീസ് സംഘം എത്തിയതോടെ ഡോ. സിറിയക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു എന്നാണ് വിവരം. ചാലാക്ക മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പാസായ ശേഷം അവിടെ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്നു ഡോ. സിറിയക്.
അപകടം നടന്നിട്ട് ഒരാഴ്ചയാകുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോ വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ാം തീയതിയാണ് സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഹോസ്റ്റലില്‍ താമസിച്ച് പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. പതിവുപോലെ ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജാസ്ലിയയെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ജസ്‌ലിയ ഈ മാസം മൂന്നിനാണ് മരിച്ചത്.