Home Blog Page 979

സംഘർഷം തുടങ്ങിയത് മുതൽ ഇതുവരെ മുഴങ്ങിയത് 50 അപകട സൈറൺ, മിസൈൽ അവശിഷ്ടങ്ങൾ വീണതായി 165 റിപ്പോർട്ടുകൾ

കുവൈത്ത് സിറ്റി: നിലവിലുള്ള സംഘർഷത്തിന്‍റെ തുടക്കം മുതൽ രാജ്യത്തുടനീളം 50 തവണ എയർ റെയ്ഡ് സൈറൺ മുഴക്കിയതായും, വിവിധ സ്ഥലങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതായി 165 റിപ്പോർട്ടുകൾ ലഭിച്ചതായും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സർക്കാരിന്റെ കമ്മ്യൂണിക്കേഷൻ സെന്റർ സംഘടിപ്പിച്ച സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കവേ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ നാസർ ബൗസലൈബ് ആണ് ഇത് വ്യക്തമാക്കിയത്.

രാജ്യത്തിന്റെ സുരക്ഷാ സ്ഥിതി സ്ഥിരതയുള്ളതാണെന്നും സുരക്ഷാ-പ്രതിരോധ സംവിധാനങ്ങൾ പരമാവധി ജാഗ്രതയോടെയും സജ്ജതയോടെയും പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബന്ധപ്പെട്ട സർക്കാർ വിഭാഗങ്ങളും ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംയുക്ത ഓപ്പറേഷൻ റൂമുകൾ വഴി അടിയന്തര സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതായും അറിയിച്ചു.

നിലവിലെ സാഹചര്യത്തിന്റെ തുടക്കം മുതൽ സിവിൽ ഡിഫൻസ് 50 തവണ സൈറൺ പ്രവർത്തിപ്പിച്ചതായും, കുവൈത്ത് സൈന്യം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയുടെ ബോംബ് ഡിസ്പോസൽ സംഘങ്ങൾ മിസൈൽ അവശിഷ്ടങ്ങൾ വീണതായി ലഭിച്ച റിപ്പോർട്ടുകൾക്ക് പ്രതികരിച്ച് നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

മുന്നറിയിപ്പുകൾ ജനങ്ങളിലെത്തിക്കാൻ സർക്കാർ വിവിധ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും, രാജ്യത്തുടനീളം സൈറൺ മുഴക്കുന്നതിനൊപ്പം ടിവി, റേഡിയോ ചാനലുകൾ വഴിയും ‘സാഹെൽ’ ആപ്പിലൂടെയും മുന്നറിയിപ്പുകൾ നൽകിയതായും അധികൃതർ വ്യക്തമാക്കി. ഇതിലൂടെ രാജ്യത്തെ ഏകദേശം 6,800 സംസാര, കാഴ്ചാ പരിമിതകളുള്ള ആളുകളിലേക്കും സന്ദേശങ്ങൾ എത്തിച്ചതായും പറഞ്ഞു.

ജനങ്ങളും പ്രവാസികളും സർക്കാർ വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അവഗണിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. സുരക്ഷാ പ്രവർത്തനങ്ങളുടെയോ സംഭവസ്ഥലങ്ങളുടെയോ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് കർശനമായി നിരോധിച്ചതായും മുന്നറിയിപ്പ് നൽകി.

സംശയാസ്പദമായ വസ്തുക്കളോ മിസൈൽ അവശിഷ്ടങ്ങളോ കണ്ടാൽ അടുത്തുപോകാതെയും കൈകാര്യം ചെയ്യാതെയും ഉടൻ 112 എന്ന അടിയന്തര നമ്പറിലേക്ക് വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഇതിനൊപ്പം മുൻകരുതൽ നടപടിയായി വിനോദ ബോട്ടുകൾക്കും മീൻപിടിത്ത ബോട്ടുകൾക്കും കടലിലേക്ക് പോകുന്നതിന് താൽക്കാലിക വിലക്കും, ക്യാമ്പിംഗ് നിരോധനവും, കൂടാതെ ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതിനും വിലക്കും തുടരുന്നതായി മന്ത്രാലയം അറിയിച്ചു. സൈറൺ മുഴങ്ങുന്ന സാഹചര്യത്തിൽ ശാന്തരായി ഉടൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ കെട്ടിടങ്ങളുടെ അടിത്തട്ടിലേക്കോ പോകുകയും ജനാലകളും തുറസ്സായ സ്ഥലങ്ങളും ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. പൊതുജനങ്ങളുടെ സഹകരണം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിർണായകമാണെന്നും അവർ കൂട്ടിച്ചേർത്തു.

പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ആർ ശ്രീലേഖ ഹൈക്കോടതിയിൽ; ഇടക്കാല സ്റ്റേ നൽകാതെ ഹൈക്കോടതി

തിരുവനന്തപുരം: മ്യൂസിയം പൊലീസ് എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പട്ട് മുൻ ഡിജിപി ആർ ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും പോക്സോ കേസ് നിലനിൽക്കില്ലെന്നുമാണ് വാദം. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ പേര് വെളിപ്പെടുത്തി എന്ന പരാതിയിലാണ് കോടതി നിർദ്ദേശ പ്രകാരം കേസ് എടുത്തത്.

എന്നാൽ കോടതിയ്ക്ക് പോക്സോ കേസ് എടുക്കാൻ നിർദ്ദേശം നൽകാനാകില്ലെന്നും ഹർജിയിൽ ആർ ശ്രീലേഖ വ്യക്തമാക്കുന്നു. ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടി. കേസിൽ വിധി വരുന്നത് വരെ തുടർ നടപടികൾ തടയണമെന്ന ശ്രീലേഖയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.

നാരായണഗുരുവിന്റെ തത്വങ്ങള്‍ ഭരണഘടനയുടെ ഉള്ളടക്കത്തില്‍ അടങ്ങിയത് അത്ഭുതകരമായി തോന്നിയെന്ന് രാഹുല്‍ ഗാന്ധി

കൊല്ലം: ശ്രീ നാരായണഗുരു- മഹാത്മാഗാന്ധി മഹാംസംഗമ ശതാബ്ദിയാഘോഷ സമാപന ചടങ്ങില്‍ പങ്കെടുത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാവിലെ നടന്ന ചടങ്ങ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു.
ഞാന്‍ ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയാണ് പോരാടുന്നതെന്നും നാരായണഗുരുവിന്റെ തത്വങ്ങള്‍ ഭരണഘടനയുടെ ഉള്ളടക്കത്തില്‍ അടങ്ങിയത് അത്ഭുതകരമായി തോന്നിയെന്നും രാഹുല്‍ ?ഗാന്ധി പറഞ്ഞു. താഴെക്കിടയിലുള്ളവരെ പരിഗണിക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നതെന്നും ശ്രീനാരായണഗുരു പറഞ്ഞതും അതുതന്നെയാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി. വിട്ടുവീഴ്ചയും ക്ഷമയുമാണ് ഭരണഘടനയുടെ അന്തസത്ത. ഗുരുവും അതാണ് പറഞ്ഞതെന്ന് അദേഹം വ്യക്തമാക്കി.സത്യത്തെ കുറിച്ചാണ് ഗാന്ധിയും ഗുരുവും സംസാരിച്ചത്. നാരായണ ഗുരുവിന്റെ പ്രതിമയുടെ മുന്നില്‍ വന്ന് പുഷ്പാര്‍ച്ചന നടത്താന്‍ എളുപ്പമാണ്, അത് ആര്‍ക്കും ചെയ്യാന്‍ പറ്റും. പക്ഷേ ഗുരുവിന്റെ തത്വങ്ങള്‍ വിരിച്ച പാതയിലൂടെ സഞ്ചരിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി.
ശ്രീനാരായണഗുരുവും ?ഗാന്ധിജിയും എതിര്‍ത്ത കാര്യങ്ങളാണ് രാഷ്ട്രീയത്തില്‍ നടക്കുന്നതെന്നും അദേഹം വിമര്‍ശിച്ചു. രാഷ്ട്രീയത്തില്‍ മാത്രമല്ല രാജ്യാന്തര സ്ഥിതി വിശേഷത്തിലും ആളുകള്‍ ഇരുട്ടിലേക്ക് കൂപ്പുകുത്തുന്നെന്നും അദേഹം വിമര്‍ശിച്ചു. അപരനെ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ ശ്രമിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുരുവിന്റെ തത്വങ്ങള്‍ സ്വീകരിക്കാനും അതിലൂടെ സഞ്ചരിക്കാനും തയ്യാറാകണമെന്നും അധികാരശക്തിയോ മേധാവിത്വമോ ഇല്ലാത്ത ?ഗാന്ധിജിയെ മാതൃകയാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ചെറുപ്പക്കാർ എവിടെ’? സിപിഎം സ്ഥാനാർഥി പട്ടികയിൽ കലഹം, പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം; ’10 വർഷം മുമ്പത്തെ ചെറുപ്പക്കാർ വീണ്ടും മത്സരിക്കുന്നു’

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ പാലക്കാട് സ്ഥാനാർഥി പട്ടികക്കെതിരെ സി പി എം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന പരാതിയാണ് പ്രധാനമായും ഉയർന്നത്. പത്ത് വർഷം മുമ്പ് യുവാക്കളായിരുന്നവർ തന്നെ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും, നിലവിലെ യുവതലമുറയ്ക്ക് എന്നായിരിക്കും പാർട്ടി അവസരം നൽകുകയെന്നും കമ്മിറ്റിയിൽ ചോദ്യങ്ങൾ ഉയർന്നു. പരിചയസമ്പന്നർക്ക് മുൻഗണന നൽകുമ്പോൾ തന്നെ പുതിയ മുഖങ്ങളെ മാറ്റിനിർത്തുന്നത് പാർട്ടിയുടെ വളർച്ചയെ ബാധിക്കുമെന്ന ആശങ്കയും നേതാക്കൾ പങ്കുവെച്ചു.

സ്ഥാനാർഥി പട്ടിക അന്തിമരൂപത്തിലേക്ക്

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സി പി എം എത്തുന്നു എന്നാണ് വിവരം. ഇന്നലെ ചേർന്ന സംസ്ഥാന സമിതിയിൽ ഏറെക്കുറെയുള്ള സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായെന്നാണ് വിവരം. തളിപ്പറമ്പിൽ പി കെ ശ്യാമളയെ തന്നെ സ്ഥാനാ‍ർഥിയാക്കാനാണ് സി പി എം തീരുമാനം. സ്ഥാനാർഥി വിവാദം അനാവശ്യമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന സമിതിയിൽ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ പ്രചരണം സംസ്ഥാന സമിതി അംഗങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് എം വി ഗോവിന്ദൻ മറുപടി നൽകിയത്. ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെ എന്ന ചോദ്യത്തോടെയായിരുന്നു ഗോവിന്ദന്‍റെ മറുപടി. ജില്ലാ ഘടകവും സംസ്ഥാന സെക്രട്ടേറിയറ്റും രണ്ട് തവണ പരിശോധിച്ച പട്ടികയാണ് സംസ്ഥാന സമിതിക്ക് മുന്നിൽ വന്നത്. വിവാഹം കഴിക്കുമ്പോൾ പി കെ ശ്യാമള ഡി വൈ എഫ് ഐ ഭാരവാഹിയായിരുന്ന കാര്യവും സംസ്ഥാന സെക്രട്ടറി മറുപടിയിൽ ഓർമ്മിപ്പിച്ചു.

പാര്‍ട്ടിക്ക് വേണ്ടിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചും പി കെ ശ്യാമള പല പദവികൾ വഹിച്ചിട്ടുണ്ടെന്നിരിക്കെ ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചതെങ്ങനെയാണ്. അനാവശ്യമായ വിവാദമാണ് ശ്യാമളയുമായി ബന്ധപ്പെട്ടുള്ളതെന്നും സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞു. ശ്യാമളക്കെതിരെ നടക്കുന്ന സൈബര്‍ പ്രചാരണം മലപ്പുറത്തുനിന്നുള്ള യുവ നേതാവാണ് സംസ്ഥാന സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മഞ്ചേശ്വരത്ത് ബി ജെ പി ജയിക്കാതെ നോക്കണമെന്നും സംസ്ഥാന സമിതി വിലയിരുത്തി. സ്ഥാനാർത്ഥിത്വം അവധാനതയോടെ മാത്രമായിരിക്കണം. മഞ്ചേശ്വരത്തെ നിലവിലെ പരിഗണനാ ലിസ്റ്റ് പുനരാലോചിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.

സിവിൽ സർവീസസ് പരീക്ഷയുടെ (CSE) അന്തിമ ഫലം പ്രഖ്യാപിച്ചു,18, 57, 109 റാങ്കുകളില്‍ മലയാളികള്‍

ന്യൂഡല്‍ഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (UPSC) 2025-ലെ സിവിൽ സർവീസസ് പരീക്ഷയുടെ (CSE) അന്തിമ ഫലം പ്രഖ്യാപിച്ചു. ഈ വർഷം രാജസ്ഥാൻ സ്വദേശിയായ അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് കരസ്ഥമാക്കി. 18, 57, 109 റാങ്കുകള്‍ മലയാളികള്‍ സ്വന്തമാക്കി.

തിരുവനന്തപുരം സ്വദേശിയായ ശ്രുതിയാണ് 18ാം റാങ്ക് സ്വന്തമാക്കിയത്. 57ാം റാങ്ക് തിരുവനന്തപുരം സ്വദേശി ശ്രീജയും, 109ാം റാങ്ക് കോഴിക്കോട് സ്വദേശി അജയ്‌ രാജും സ്വന്തമാക്കി. ജന്മനാ കാഴ്ചപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയായ അജയ് ആര്‍ രാജിന്‍റേത് തിളക്കമുള്ള നേട്ടമായി മാറി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു.

ഇത്തവണ 958 പേരാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌തത്. പരീക്ഷാർഥികൾക്ക് കമ്മിഷൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലം പരിശോധിക്കാം. 2025 മെയ് 25-ന് നടന്ന പ്രിലിംസ് പരീക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. പ്രധാന പരീക്ഷ (മെയിൻസ്) 2025 ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ നടന്നു. അവസാന ഘട്ടമായ ഇൻ്റര്‍വ്യൂ വഴിയുള്ള പേഴ്‌സണാലിറ്റി ടെസ്റ്റ് 2026 ഫെബ്രുവരി 27-ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചത്.

958 ഉദ്യോഗാർത്ഥികള്‍ യോഗ്യത നേടി

ഇത്തവണ 958 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ യോഗ്യത നേടിയതെന്നും വിവിധ കേന്ദ്ര സിവിൽ സർവീസുകളിലേക്കുള്ള നിയമനത്തിനായി ഇവരെ ശുപാർശ ചെയ്‌തിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ ഫോറിൻ സർവീസ് (IFS), ഇന്ത്യൻ പൊലീസ് സർവീസ് (IPS) തുടങ്ങിയവയുൾപ്പെടെയുള്ള തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി യുപിഎസ്‌സി (UPSC) പ്രതിവർഷം മൂന്ന് ഘട്ടങ്ങളിലായാണ് (പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ) സിവിൽ സർവീസസ് പരീക്ഷ നടത്തുന്നത്.

ശുപാർശ ചെയ്യപ്പെട്ടവരിൽ 348 ഉദ്യോഗാർത്ഥികളുടെ തെരഞ്ഞെടുപ്പ് താൽക്കാലികമായിട്ടാണ് (Provisional) നിലനിർത്തിയിരിക്കുന്നതെന്ന് കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു. സിവിൽ സർവീസസ് പരീക്ഷയിലൂടെ നികത്താനായി 1,087 ഒഴിവുകളാണ് കേന്ദ്ര സർക്കാർ റിപ്പോർട്ട് ചെയ്‌തിരുന്നത്.

പരീക്ഷകൾ/നിയമനങ്ങൾ സംബന്ധിച്ച എന്ത് വിവരങ്ങൾക്കും വ്യക്തതയ്ക്കും ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ അല്ലെങ്കിൽ 23385271/ 23381125/ 23098543 എന്നീ ടെലിഫോൺ നമ്പറുകൾ വഴിയോ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ബന്ധപ്പെടാവുന്നതാണ്. “ഫലം പ്രഖ്യാപിച്ച് 15 ദിവസത്തിനുള്ളിൽ വെബ്‌സൈറ്റിൽ മാർക്കുകൾ ലഭ്യമാകും,” യുപിഎസ്‌സി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

സ്റ്റഡി ഏരിയയിലും മനസിലും ശ്രീജ ഐഎഫ്എസ് എന്ന എഴുത്ത്,ആദ്യ ശ്രമത്തിൽ തന്നെ 57-ാം റാങ്ക് നേടി

തിരുവനന്തപുരം:സ്റ്റഡി ഏരിയയിലും മനസിലും ശ്രീജ ഐഎഫ്എസ് എന്നെഴുതി വച്ചിരുന്നു. ഇത് കാണുമ്പോള്‍ മോട്ടിവേഷന്‍ കൂടി, പ്രതിസന്ധികളെ വകഞ്ഞുമാറ്റി, നിശ്ചയദാർഢ്യത്തിൻ്റെ കരുത്തിൽ ജെ എസ് ശ്രീജ സിവിൽ സർവീസ് പട്ടികയിൽ ഇടംപിടിച്ചത് അഭിമാനകരമായ നേട്ടം. ആദ്യ ശ്രമത്തിൽ തന്നെ 57-ാം റാങ്ക് കരസ്ഥമാക്കിയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനിയായ ഈ മിടുക്കി നാടിന് അഭിമാനമായത്.

കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും നിറകണ്ണുകളോടെയാണ് ഈ സന്തോഷ വാർത്ത കേട്ടത്. ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരാനാണ് ശ്രീജയുടെ ആഗ്രഹം. നിശ്ചയദാർഢ്യത്തിൻ്റെ പിൻബലത്തിൽ ശ്രീജ പൊരുതിനേടിയ വിജയത്തിൽ അഭിമാനത്തിലാണ് നരുവാമൂടും.

‘ആദ്യശ്രമത്തിൽ തന്നെ എന്നെ കൊണ്ട് പറ്റുമെന്ന് അച്ഛനും അമ്മയും പറയുമായിരുന്നു. ഇന്ത്യൻ ഫോറിൻ സർവീസിൽ എത്തുമെന്ന് എപ്പോഴും അധ്യാപകരും ചർച്ചിലുള്ളവരും പറയാറുണ്ടായിരുന്നു. പേരിനൊപ്പം ഐഎഫ്എസ് കൂടി ചേര്‍ത്ത് സ്വപ്നം കാണുമായിരുന്നു. സ്റ്റഡി ഏരിയയിലും ശ്രീജ ഐഎഫ്എസ് എന്നെഴുതി വച്ചിരുന്നു. ഇത് കാണുമ്പോള്‍ മോട്ടിവേഷന്‍ കൂടിയിരുന്നു. അന്നന്നുള്ളത് പഠിച്ചിട്ടേ ഉറങ്ങാറുള്ളൂ. കഴിയാത്ത ദിവസം ആ ഭാഗങ്ങൾ വെള്ളിയാഴ്ചത്തേക്കോ ശനിയാഴ്ചത്തേക്കോ മാറ്റിവെയ്ക്കും. പഠിച്ച ഫോർച്യൂൺ അക്കാഡമിയിൽ ഞായറാഴ്ച പരീക്ഷ എഴുതാൻ പോകുന്നതിന് മുന്നേ എല്ലാം പഠിച്ചെന്ന് ഉറപ്പു വരുത്തുമായിരുന്നു. ഈ രീതി പ്രിലിംസിലും മെയിൻ പരീക്ഷയിലും ഒത്തിരി സഹായിച്ചു. ഫലം കാത്തിരിക്കുന്ന സമയം നല്ല ടെൻഷനുണ്ടായിരുന്നു. ആ സമയമെല്ലാം ഒപ്പമുണ്ടായിരുന്ന അച്ഛനും അമ്മയും ആത്മവിശ്വാസം നൽകി’- ശ്രീജ പറഞ്ഞു.

കൂലിപ്പണിക്കാരനായ അച്ഛൻ്റെയും അമ്മയുടെയും കഷ്ടപ്പാടുകൾ കണ്ടു വളർന്ന ശ്രീജ, പഠനത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. മകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ചിട്ടി പിടിച്ചും വായ്പയെടുത്തും അവർ പണം കണ്ടെത്തി. ചെലവുകൾ ചുരുക്കാൻ സൈക്കിളിലായിരുന്നു യാത്രകൾ. അത്രയ്ക്ക് കഷ്ടപ്പെട്ട് സ്വരൂപിച്ച പണമെല്ലാം പഠനത്തിനായി മാറ്റിവച്ചു. മകളുടെ അധ്വാനത്തിൻ്റെ ഫലം ദൈവം കൊടുത്തതെന്ന് അമ്മ പറഞ്ഞു. വീടുപണി പോലും പൂർത്തിയാകാത്ത അവസ്ഥയിലും മകളുടെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകിയ മാതാപിതാക്കളുടെ ആത്മവിശ്വാസമാണ് ഈ വിജയത്തിൻ്റെ അടിത്തറ.

തിരുവനന്തപുരത്തെ സ്‌കൂൾ പഠനത്തിനുശേഷം ഉപരിപഠനം ചെന്നൈയിലായിരുന്നു. മദ്രാസ് ക്രിസ്റ്റ്യൻ കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശ്രീജ, 2024-ലാണ് സിവിൽ സർവീസ് കോച്ചിങ് ആരംഭിച്ചത്. കൃത്യമായ പ്ലാനിങ്ങോടു കൂടി ഓരോ ദിവസവും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിച്ചുതീർത്തുകൊണ്ടുള്ള കഠിനാധ്വാനമാണ് ഈ വിജയത്തിലേക്ക് നയിച്ചതെന്ന് ശ്രീജ പറയുന്നു.

പരീക്ഷയിൽ നല്ല വിജയം പ്രതീക്ഷിച്ചിരുന്നു. ശ്രീജയും മാതാപിതാക്കളും റാങ്ക് നേട്ടത്തിൽ അഭിമാനത്തിൻ്റെ കൊടുമുടിയിലാണ്. പലവിധ പരിമിതികൾക്കിടയിലും തളരാതെ പൊരുതിയ ശ്രീജയുടെ വിജയം, സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒട്ടനവധി വിദ്യാർത്ഥികൾക്ക് വലിയൊരു പ്രചോദനമാണ്

ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം: നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സിഎടി

കൊച്ചി: ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഐ എ എസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേ​റ്റീവ് ട്രിബ്യൂണൽ (സിഎടി) ഉത്തരവിടുകയായിരുന്നു. ബി അശോകിനെ മാ​റ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാ​റ്റ ഉത്തരവുകൾ സിഎടി റദ്ദാക്കുകയും ചെയ്തു.

ഐ എ എസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി. ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാ​റ്റങ്ങളിലും രാഷ്ട്രീയ താൽപ്പര്യങ്ങൾ കടന്നുകൂടുന്നത് തടയാനാണ് ഉത്തരവെന്നാണ് സി എ ടി പറയുന്നത്. വിധി നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ പ്രധാന തസ്തികകളിൽ കാര്യമായ അഴിച്ചുപണി നടത്തേണ്ടിവരും.

എക്‌സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന നിരീക്ഷണവും ട്രിബ്യൂണൽ നടത്തി. ഇത് നിലവിലെ എക്‌സൈസ് കമ്മീഷണർ എം ആർ അജിത് കുമാറിന് കനത്ത തിരിച്ചടിയാകും. അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റേണ്ടിവരും. കില, ഐ എം ജി ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ് കേഡർ തസ്തികകളാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്ന് ട്രിബ്യൂണൽ ഓർമ്മിപ്പിക്കുകയും ചെയ്തു.

മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവ‌ർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതി; ആയുധം കണ്ടെത്താനായില്ല

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവ‌ർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന് റെയിൽവേ പൊലീസിന്റെ നിഗമനം. കെഎസ്‍യു പ്രവർത്തകരുമായി നടത്തിയ തെളിവെടുപ്പിൽ ആയുധം കണ്ടെത്താനായില്ല. പ്രതിഷേധത്തിനിടെ പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു മന്ത്രിയുടെ ഗൺമാന്റെ മൊഴി. തെളിവെടുപ്പ് പൂർത്തിയാക്കി അഞ്ച് കെഎസ്‌യു പ്രവർത്തകരെ ഇന്നലെ തന്നെ റിമാൻഡ് ചെയ്തു.

ഗൺമാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.’കൊല്ലെടാ’ എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്കുനേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. റിമാന്‍ഡിലുള്ള അഞ്ച് കെഎസ്‍യു പ്രവര്‍ത്തകരെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് കെഎസ്‍യു പ്രവര്‍ത്തകരുമായി തെളിവെടുപ്പ് നടത്തിയത്.

സംഭവത്തില്‍ നാളെ തന്നെ റെയില്‍വെ പൊലീസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. കെഎസ്‍യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, വി വി അക്ഷയ്, ബിതുൽ ബാലൻ, സി എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് പ്രതികൾ. ഫെബ്രുവരി 25 നാണ് കണ്ണൂരിലെ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യുവിന്റെ പ്രതിഷേധത്തിനിടെ വീണാ ജോർജിന് കഴുത്തിന് ക്ഷതമേറ്റത്.

വിദ്യാരംഭം സെൻട്രൽ സ്കൂളിൽ യുകെജി വിദ്യാർത്ഥികൾക്ക് ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു

ശാസ്താംകോട്ട: വിദ്യാരംഭം സെൻട്രൽ സ്കൂളിൽ യുകെജി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തപ്പെട്ടു.പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് അടുത്ത തലത്തിലേക്ക് ഉള്ള ഒരു ചുവടുവയ്പ്പിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. മുൻ എംപിയും സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സണും ആയ കെ. സോമപ്രസാദ് അവർകൾ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ്‌ കുറ്റിയിൽ നിസാo അധ്യക്ഷത വഹിച്ചു. മൈനാഗപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ ശാന്തകുമാരി, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ഗോപൻ എന്നിവർ ചടങ്ങുകൾക്ക് ആശംസകൾ അർപ്പിച്ചു.സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, വൈസ് ചെയർമാൻ സുബൈർകുട്ടി കെ.കെ.വില്ല, പ്രിൻസിപ്പൽ മഹേശ്വരി എസ്,

വൈസ് പ്രിൻസിപ്പൽ ജെ യാസിർഖാൻ ഖാൻ, കോഡിനേറ്റർമാരായ അഞ്ജനി തിലകം, ഷിംന മുനീർ,സ്റ്റാഫ് സെക്രട്ടറി വിനീത, പിടിഎ സെക്രട്ടറി പ്രിയ മോൾ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. കായികാധ്യാപകരായ സന്ദീപ് വി ആചാര്യ, റാം കൃഷ്ണൻ, പ്രോഗ്രാം കോഡിനേറ്റർ സുബി സാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.കെ. ജി. തലത്തിലുള്ള കുട്ടികളുടെ വർണാഭമായ പരിപാടികളും നടന്നു.

കോഴിക്കോട് – വയനാട് യാത്രാസമയം പകുതിയാകും, തുരങ്കപ്പാത നിര്‍മ്മാണം തുടങ്ങി

കോഴിക്കോട്: വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കല്‍ പ്രവൃത്തിക്കു തുടക്കമായി. ആദ്യ ബ്ലാസ്റ്റിങിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടെയും എല്ലാവരുടെയും അനുമതിയോടെയും സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനായി.

ഏകദേശം 8.7 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാത പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് – വയനാട് യാത്രാസമയം പകുതിയായി കുറയും. ആനക്കാംപൊയില്‍ മുതല്‍ മേപ്പാടി വരെ ഏകദേശം 8.7 കിലോമീറ്റര്‍ ആണ് തുരങ്കപാതയുടെ ദൂരം. 2000 കോടിയിലധികം രൂപയാണ് ചെലവ്. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കം നിര്‍മിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

നാലുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നാണ് പാറതുരക്കലിന് ആരംഭം കുറിക്കുക. തുടര്‍ന്ന് വൈകാതെത്തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കല്‍ പ്രവൃത്തികള്‍ ആരംഭിക്കും. ഒരേസമയത്തുതന്നെ ഇരുധ്രുവത്തില്‍നിന്ന് തുരന്നുപോകുന്നതാണ് നിര്‍മാണരീതി. മലബാര്‍ മേഖലയുടെ വിനോദസഞ്ചാര-വാണിജ്യ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഈ പാത വഴിതുറക്കും.

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. തുരങ്കപാതയുടെ നിര്‍മാണക്കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്‌കോണ്‍ കമ്പനിയും സ്റ്റീല്‍ ബോസ്ട്രിങ് പാലത്തിന്റെ കരാര്‍ ഹരിയാന ആസ്ഥാനമായ പുനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയില്‍ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാരിന്റെ ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്.