തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് തൊഴില് വകുപ്പ് ഉത്തരവ് ഇറക്കി. നഴ്സുമാര്ക്ക് പ്രത്യേക അലവന്സ് അനുവദിക്കും. 800 കിടക്കകള്ക്ക് മുകളിലുള്ള ആശുപത്രികളില് അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും.
തുല്യ ജോലിക്ക് തുല്യ വേതനം ഉള്പ്പടെ നിരവധി ആവശ്യങ്ങള് ഉയര്ത്തി സെക്രട്ടറിയേറ്റിലേക്ക് ആയിരത്തോളം വരുന്ന നഴ്സുമാർ പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള് ഉള്ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം.
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ തീരുമാനം
പശ്ചിമേഷ്യന് സംഘര്ഷം: രാജ്യത്ത് പാചക വാതക വില കൂട്ടി
ന്യൂഡല്ഹി: പശ്ചിമേഷ്യന് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് രാജ്യത്ത് പാചക വാതക വില കൂട്ടി. ഗാര്ഹിക എല്പിജി സിലിണ്ടറുകളുടെ വില ഉള്പ്പെടെയാണ് വര്ധിപ്പിച്ചത്. 14.2 കിലോഗ്രാം ഗാര്ഹിക എല്പിജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്ധിപ്പിച്ചു.
ഇതോടെ കൊച്ചിയില് ഗാര്ഹിക സിലിണ്ടറിന്റെ വില 920 രൂപയായി. നേരത്തേ വില 863 രൂപയായിരുന്നു. വില വർധന ഇന്ന് മുതല് പ്രാബല്യത്തില് വരും.
ഡല്ഹിയില് വില 853 രൂപയില് നിന്ന് 913 രൂപയായി ഉയര്ന്നു. മുംബെയില്, ഗാര്ഹിക എല്പിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോള് 912.50 രൂപയിലാണ്, നേരത്തെ ഇത് 852.50 രൂപയായിരുന്നു. കൊല്ക്കത്തയില് വില 879 രൂപയില് നിന്ന് 030 രൂപയായും ചെന്നൈയില് 868.50 രൂപയില് നിന്ന് 928.50 രൂപയായും ഉയര്ന്നു.
ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് എല്പിജി സിലിണ്ടിറിന്റെ വിലയി ല് 28 രൂപ മുതല് 31 രൂപവരെ വിലവര്ധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വര്ധിപ്പിച്ചതിന് പിന്നാലെയായിരുന്നു അതും.
അയവില്ലാതെ എട്ടാം നാളും പശ്ചിമേഷ്യൻ യുദ്ധം; ഇറാനിൽ തീമഴ പെയ്യിച്ച് ഇസ്രയേൽ, മരണം 1,332 കടന്നു
ടെഹ്റാൻ: എട്ടാം നാളും അയവില്ലാതെ തുടർന്ന് പശ്ചിമേഷ്യൻ യുദ്ധം. ഇറാനിലെ പടിഞ്ഞാറൻ മേഖലകളിൽ വ്യാപക വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകർത്തു എന്നും റിപ്പോർട്ടുകളുണ്ട്. ടെഹ്റാൻ അടക്കമുള്ള മേഖലകളിൽ വൻ സ്ഫോടനമാണ് ഉണ്ടായത്. ഇറാനിൽ ഇതുവരെ 1332 പേർ കൊല്ലപ്പെട്ടു. ലെബനോനിലും മരണം 217 കടന്നതായാണ് റിപ്പോർട്ട്. അതേസമയം, തെക്കൻ ഇസ്രയേലിൽ ഇറാനും മിസൈൽ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെൽ അവീവിൽ അടക്കം നടത്തിയ ആക്രമണം പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. പലയിടത്തും മിസൈൽ അവശിഷ്ടം പതിച്ച് തീപിടിത്തം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, യുദ്ധത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് അമേരിക്കയും വ്യക്തമാക്കുകയാണ്. ഇറാൻ നിരുപാധികം കീഴടങ്ങാതെ ഒത്തുതീർപ്പിനില്ലെന്ന് പറഞ്ഞ പ്രസിഡന്റ് ട്രംപ് യുഎസ് ആയുധ ശേഖരം വിശാലമാക്കാൻ പോകുന്നു എന്ന പ്രഖ്യാപനമാണ് നടത്തിയത്. അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണം നാലിരട്ടിയായി വർധിപ്പിക്കാൻ പ്രതിരോധ നിർമ്മാണ കമ്പനികളുമായി ധാരണയായെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. പ്രമുഖ പ്രതിരോധ നിർമാണ കമ്പനികളുടെ തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം.
സി വി ആനന്ദബോസ് കേരള രാഷ്ട്രീയത്തിലേക്കെന്ന് സൂചന
ന്യൂഡല്ഹി: പശ്ചിമ ബംഗാള് ഗവര്ണര് പദവിയില് നിന്നും രാജിവെച്ച സി വി ആനന്ദ ബോസിനോട് കേരളത്തില് സജീവമാകാന് നിര്ദേശം. കേരളത്തിലെ ബിജെപി പ്രവര്ത്തനത്തിന് പുതിയ ദിശാബോധം നല്കാന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളില് സജീവമാകും.
ഇന്നലെയായിരുന്നു ബംഗാള് ഗവര്ണര് സ്ഥാനത്ത് നിന്നും സി വി ആനന്ദബോസ് രാജി സമര്പ്പിച്ചത്. അപ്രതീക്ഷിത രാജിയില് മുഖ്യമന്ത്രി മമതാ ബാനര്ജി ഞെട്ടല് പ്രകടിപ്പിച്ചിരുന്നു. രാജിയുടെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില് ചില രാഷ്ട്രീയ ലക്ഷ്യങ്ങള് നിറവേറ്റുന്നതിനായി കേന്ദ്രത്തില് നിന്ന് ഗവര്ണര് സമ്മര്ദ്ദം നേരിട്ടെങ്കില്തനിക്ക് അത്ഭുതമില്ലെന്നുമായിരുന്നു മമത എക്സില് കുറിച്ചത്. തമിഴ്നാട് ഗവര്ണര് ടി എന് രവിയെയാണ് ബംഗാളിന്റെ പുതിയ ഗവര്ണറായി നിയമിച്ചത്.
രാജിവേളയില് സി വി ആനന്ദ ബോസ് ഡല്ഹിയിലുണ്ടായിരുന്നു. രാഷ്ട്രീയ തീരുമാനം ആനന്ദ ബോസിന്റെ രാജിക്ക് പിന്നില് ഉണ്ടെന്ന സൂചനയുണ്ട്. കേരള നിയമസഭാ തെരഞ്ഞെടുപ്പില് ആനന്ദബോസ് മത്സരിച്ചേക്കുമെന്ന ചര്ച്ചകളുള്പ്പെടെ ഈ ഘട്ടത്തില് ഉയരുന്നുണ്ട്.
ആനന്ദബോസിന്റെ രാജിക്ക് പിന്നാലെ ഡല്ഹി, ലഡാക്ക്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര് പശ്ചിമബംഗാള്, തമിഴ്നാട്, ഹിമാചല് പ്രദേശ്, നാഗാലാന്ഡ് സംസ്ഥാനങ്ങളിലെ ഗവര്ണര്മാരെയും മാറ്റിയിരുന്നു.
‘തൊണ്ടിമുതൽ കേസിൽ ‘ ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ പ്രയാസമാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി
കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ പ്രയാസമാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്നും പ്രതി കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കോടതി വിലയിരുത്തി. തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് വാങ്ങിയപ്പോഴും തിരികെ ഏൽപ്പിച്ചപ്പോഴും ആന്റണി രാജുവാണ് ഒപ്പിട്ടിരിക്കുന്നതെന്ന് വസ്തുതയാണെങ്കിലും ആ വസ്ത്രത്തിൽ കൃത്രിമം നടത്തിയത് അദ്ദേഹമാണെന്ന് എങ്ങനെ തെളിയിക്കാൻ കഴിയുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു.കൃത്രിമം നടന്നത് എവിടെവച്ച്, ആര് നടത്തി എന്നെല്ലാം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശ്രദ്ധയിൽപ്പെടുത്തി.
ഈ സാഹചര്യത്തിൽ എങ്ങനെയാണ് ആന്റണി രാജുവിനുമേൽ കുറ്റം ആരോപിക്കാൻ കഴിയുന്നത് എന്നും കോടതി ചോദിച്ചു. ഹൈക്കോടതി വിജിലൻസ് വിഭാഗം മുമ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടും കോടതി പരിശോധിച്ചു. സംഭവസമയത്തെ ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ മാത്രം എന്തുകൊണ്ട് നടപടി വന്നുവെന്നും അന്നത്തെ സീനിയർ അഭിഭാഷകർക്കെതിരെ എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ലെന്നും കോടതി ചോദിച്ചു.
നിലവിൽ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന് ആശ്വാസമാകുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചാൽ അദ്ദേഹത്തിന് എംഎൽഎ സ്ഥാനം തിരികെ ലഭിക്കാനും തിരഞ്ഞെടുപ്പിൽ
മത്സരിക്കാനും കഴിയും. ഇതിന്റ ഭാഗമായാണ് ശിക്ഷയും കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവും മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.
‘വേണമെങ്കിൽ ബിജെപിയിൽ ചേരും’; കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ സഹോദരൻ ബിജെപി വേദിയിൽ
കണ്ണൂർ: കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ സഹോദരൻ ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തു. കണ്ണൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത ബിജെപിയുടെ അദാലത്തിലാണ് ഷാജി വിജെ എത്തിയത്. ഉളിക്കലിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. കെപിസിസി പ്രസിഡൻ്റിൻ്റെ ഇളയ സഹോദരനാണ്. ഗ്യാസ് ഏജൻസിയുടെ അനുമതി റദ്ദ് ചെയ്തത് പുനസ്ഥാപിച്ചു കിട്ടാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കെടുത്ത പരിപാടിയിൽ എത്തിയതെന്നാണ് ഷാജിയുടെ പ്രതികരണം. വേണമെങ്കിൽ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സണ്ണി ജോസഫിൻ്റെ സഹോദരൻ എന്നത് പ്രശ്നമല്ല. കെ കരുണാകരൻ്റെ മകളും എകെ ആൻ്റണിയുടെ മകനും ബിജെപിയിൽ ചേർന്നു. കേന്ദ്രത്തിൽ യുപിഎയും കേരളത്തിൽ ഉമ്മൻ ചാണ്ടിയും ഭരിക്കുമ്പോൾ സണ്ണി ജോസഫ് എംഎൽഎ ആയിരിക്കുമ്പോഴാണ് തൻ്റെ ഗ്യാസ് ഏജൻസിയുടെ ലൈസൻസ് റദ്ദാക്കിയത്. താൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അത് പരിഹരിക്കാൻ തയ്യാറായില്ല. വഴിവിട്ട സഹായമൊന്നുമല്ല താൻ ചോദിച്ചത്. ഇത്തരം കാര്യങ്ങളിൽ സണ്ണി ജോസഫ് ഇടപെടാറില്ല. അത്തരം കാര്യങ്ങളിൽ അദ്ദേഹം ഇടപെടാറില്ലാത്തത് കൊണ്ട് താൻ ചോദിക്കാറുമില്ല. ഈ പരിപാടി നടക്കുന്നത് രണ്ട് മാസം മുൻപാണ് അറിഞ്ഞത്. 2007 ൽ മണ്ഡലം പ്രസിഡൻ്റ് സ്ഥാനവും 2011 ൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വവും താൻ രാജിവെച്ചിരുന്നു. ഇപ്പൊ ബിജെപിയിൽ ചേരുന്നതിനെ കുറിച്ച് ചില ആലോചനകൾ നടക്കുന്നുണ്ട്. തീരുമാനം ഒന്നും ആയിട്ടില്ല.’
അദാലത്തിൽ അപേക്ഷ കൊടുക്കാനാണ് താൻ വന്നത്. രാഷ്ട്രീയം മാറുന്നതിന് പ്രശ്നമില്ല. കെവി തോമസ് സിപിഎമ്മിൽ പോയി, ഐഷ പോറ്റി കോൺഗ്രസിലേക്ക് വന്നു, പികെ ശശി നാളെ കോൺഗ്രസിലേക്ക് വരുമെന്ന് അറിയുന്നു. അതുകൊണ്ട് ആരുടെ അനുജൻ, മകൻ, മകൾ എന്നതൊന്നും രാഷ്ട്രീയത്തിൽ വിഷയമല്ല. എല്ലാവരും വ്യക്തികളാണ്. അത് (സണ്ണി ജോസഫിൻ്റെ സഹോദരൻ എന്നത്) ഇതുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല,’ – എന്നും ഷാജി വിജെ പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു, 28,000 രൂപ വരെ ഉയരും;മറ്റ് ജീവനക്കാരുടെ ശമ്പളവും വർധിക്കും, ഉത്തരവ് നാളെ ഇറങ്ങും
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടേയും അടിസ്ഥാന ശമ്പളം പരിഷ്കരിച്ച് സംസ്ഥാന സര്ക്കാര്. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപ മുതൽ 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴില് വകുപ്പ് കരട് വിജ്ഞാപനം നാളെ പുറത്തിറക്കും.വിജ്ഞാപനം സംബന്ധിച്ച് അഭിപ്രായം പറയാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അതേസമയം നിലവിൽ നടത്തിയ പരിഷ്കരണം അംഗീകരിക്കില്ലെന്നു സമരം ചെയ്യുന്ന നഴ്സുമാർ വ്യക്തമാക്കി.
ഉയർന്ന തസ്തികയിലുള്ള നഴ്സുമാർക്ക് 33,080 വരെയാണ് അടിസ്ഥാന ശമ്പളം. നഴ്സുമാര്ക്ക് പ്രത്യേക അലവന്സും അനുവദിക്കും. മറ്റ് ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും പരിഷ്കരിച്ചിട്ടുണ്ട്. അവരുടെ ശമ്പളം 23,560 രൂപ വരെയാണ്.
തുല്യ ജോലിക്ക് തുല്യ വേതനം ഉള്പ്പടെ നിരവധി ആവശ്യങ്ങള് ഉയര്ത്തി ആയിരങ്ങൾ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള് ഉള്ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം.
പുതുയുഗയാത്ര അവസാനിക്കുന്നു, കേരളത്തിനുമുന്നില് യുഡിഎഫിന്റെ വാഗ്ദാനങ്ങള് എന്ത്
തിരുവനന്തപുരം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത്, വലത് മുന്നണികൾ ഒരുപോലെ ശക്തമായ പ്രചാരണ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ്. ഭരണകക്ഷിയായ ഇടത് മുന്നണി പുതിയ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും പല നിർണായക പദ്ധതികൾക്കും തുടക്കമിടുകയും ഒക്കെ ചെയ്യുമ്പോൾ പത്ത് വർഷമായി ഭരണമില്ലാത്ത കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷം അതിനെ മറികടക്കാനുള്ള തന്ത്രങ്ങളാണ് ആരായുന്നത്.
അത്തരത്തിൽ കോൺഗ്രസ് കേരളത്തിൽ അടുത്തിടെ ഭരണം പിടിച്ച മറ്റ് സംസ്ഥാനങ്ങളുടെ പാത പിന്തുടരുമോ എന്നാണ് എല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്നത്. കർണാടക, തെലങ്കാന അടക്കമുള്ള ഇടങ്ങളിൽ പയറ്റിയ തന്ത്രമാണ് കോൺഗ്രസ് പുറത്തെടുക്കുന്നത്. അതിൽ ഹരിയാനയിൽ മാത്രമാണ് കോൺഗ്രസിന് ഇത്തരം തിരഞ്ഞെടുപ്പ് തന്ത്രത്തിൽ വീഴ്ച പറ്റിയത് (മഹാരാഷ്ട്ര മറന്നിട്ടില്ല, സാധ്യത വിരളമായിരുന്നു).
പറഞ്ഞുവന്നത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ചാണ്. നാളെ പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്ര സമാപിക്കാനിരിക്കെ എന്ത് പ്രഖ്യാപനമാണ് അതിൽ കോൺഗ്രസ് നടത്തുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞകാലങ്ങളിൽ എല്ലായിടത്തും കോൺഗ്രസ് അധികാരം പിടിച്ചപ്പോൾ ഈ ഒരു പാറ്റേൺ ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തെ ഒന്നാകെ ഉൾപ്പെടുത്തുന്ന രീതിയിൽ ഒരു യാത്ര നടത്തുകയും അതിന്റെ സമാപനത്തിൽ കൃത്യമായ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് മുൻപിലേക്ക് വയ്ക്കുകയാണ് അവർ ചെയ്തത്. അത്തരത്തിൽ പുതുയുഗ യാത്രയിൽ ചില നിർണായക പ്രഖ്യാപനങ്ങൾക്ക് സാധ്യത ഉണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കുക. സ്ത്രീകൾ, വയോജനങ്ങൾ, യുവജനങ്ങൾ എന്നീ വിഭാഗങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന മൂന്ന് മുതൽ നാല് വരെ പദ്ധതികളായിരിക്കും കേരളത്തിലും പ്രഖ്യാപിക്കുകയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിലൂടെ വലിയൊരു വിഭാഗം വോട്ടർമാരെ ഒപ്പം നിർത്താൻ സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. നേരത്തെ രാഹുൽ ഗാന്ധി തന്നെയാണ് പല സംസ്ഥാനങ്ങളിലും ഇത്തരം വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കുന്ന പദ്ധതി പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നാകാനിടയുണ്ടെന്നാണ് വിവരം. നിലവിൽ തമിഴ്നാട്ടിൽ ഉൾപ്പെടെ സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണിത്. കൂടാതെ കോളജ് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികളും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ഓരോ വിഭാഗത്തിനുള്ള പദ്ധതികൾക്കും ഓരോ പേരുനൽകിയായിരിക്കും പ്രഖ്യാപനം. എങ്കിലും ഇത്തരം സൗജന്യ പദ്ധതികളോട് പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നാണ് വിവരം. അധികം വൈകാതെ തന്നെ വരുന്ന മണിക്കൂറുകളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. അതിന് ശേഷമാവും പ്രഖ്യാപനം. എന്തായാലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ നാളത്തെ പുതുയുഗ യാത്ര സമാപന വേദിയിൽ രാഹുൽ ഗാന്ധി നടത്തുമെന്ന് ഉറപ്പാണ്.
താപനില ഉയരുന്നു,കാരണമറിയാമോ
തിരുവനന്തപുരം.വേനൽച്ചൂട് ഇത്തവണ നേരത്തെ എത്തിയിരിക്കുകയാണ്. മാർച്ച് മാസം തുടങ്ങിയിട്ടുള്ളൂവെങ്കിലും ചൂടില് ഉരുകുകയാണ് രാജ്യം. കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിൽ മുൻവർഷത്തേക്കാൾ ചൂടും ഇനിയും കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ. കൂടാതെ ഉഷ്ണ തരംഗ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളമുള്ള നിരവധി പ്രദേശങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാൻ, ഗുജറാത്ത്, ഒഡീഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പരമാവധി താപനില 37°C നും 40°C നും ഇടയിലായിരുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനൽകാലത്തിൻ്റെ ആരംഭത്തിൽ തന്നെ ഉയർന്ന താപനിലയാണിതെന്നും മിക്ക ദിവസങ്ങളിലും സാധാരണയേക്കാൾ 3-5°C കൂടുതൽ താപനില അനുഭവപ്പെടാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പകലും രാത്രിയും ഒരുപോലെ ചൂട് അനുഭവപ്പെടുകയാണ്. മാർച്ച് തുടക്കത്തിൽ ചൂട് ഇത്രയാണെങ്കിൽ വരും മാസങ്ങളിൽ ഇനി വർധിച്ചേക്കാം. ചില സ്ഥലങ്ങളിൽ ഇതിനകം 34°C വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിനും മറ്റും ഇത് കാരണമായേക്കാമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ ഹിഷ്മി ജാമിൽ ഹുസൈൻ പറഞ്ഞു.
അതേസമയം ഷിംല, ശ്രീനഗർ തുടങ്ങിയ ഹിമാലയൻ പ്രദേശങ്ങളിലും ചൂട് കൂടുതലാണ്. എൽ നിനോ പ്രഭാവം (കടലിൽ താപനില ഉയരുന്നത്), മഴയുടെ ലഭ്യത കുറവ് എന്നിവയാണ് ഇതിന് പിന്നിലെ കാരണങ്ങളെന്നും ഇത് ഭാവിയിൽ ജലക്ഷാമം പോലുള്ള പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാമെന്നും പരിസ്ഥിതി പ്രവർത്തക ഭവ്രീൻ കാന്ധാരി ഇടിവി ഭാരതിനോട് വ്യക്തമാക്കി.
കേരളത്തിൽ വരും മാസങ്ങളിൽ ചൂട് ശരാശരിയേക്കാൾ വർധിക്കുമെന്ന് ഇതിനോടകം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. പകൽ സമയത്ത് ചൂട് കൂടും, പ്രത്യേകിച്ച് രണ്ട് മണി മുതൽ മൂന്ന് വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിഗമനം. അതേസമയം മാർച്ച് മാസം തെക്കൻ കേരളത്തിൽ താപനില കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മേധാവി നീത കെ ഗോപാൽ ഇടിവി ഭാരതിനോട് പറഞ്ഞു. കേരളത്തിൽ മഴ സാധ്യതയും ശരാശരിയെക്കാൾ കൂടുതൽ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇത് താപനിലയുമായി താരതമ്യം ചെയ്യാൻ കഴിയില്ല. ചുരിക്കി പറഞ്ഞാൽ മഴ പെയ്താലും ചൂട് കുറയില്ലെന്ന് സാരം.
ഡെന്റല് ഡേ സെലിബ്രേഷന്
കരുനാഗപ്പള്ളി. ബ്രാഞ്ച് CDH WING(COUNCIL ON DENTAL HEALTH WING)ന്റെ നേതൃത്വത്തിൽ മാർച്ച് 6-ന് ഡെന്റല് ഡേ സെലിബ്രേഷന് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഈ വർഷത്തെ പ്രധാന പരിപാടിയായി “ഡെന്റത്തോൺ – A Walk for Cancer Free Community” എന്ന പേരിൽ ഒരു വാക്കത്തോൺ കരുനാഗപ്പള്ളി പണിക്കർ കടവ് പാലത്തിന് സമീപത്ത് നിന്നാരംഭിച്ചു ക രു ന്നാ ഗപ്പള്ളി ACP – സി.ജോൺ ഫ്ളാഗ് ഓഫ് ചെയ്തു. കാൻസർ രഹിത സമൂഹം എന്ന സന്ദേശവുമായി നടതിയ ഈ വാക്കത്തോൺ സമൂഹത്തിൽ വായ് ക്കകത്തെ ക്യാൻ സറിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചത്.
.പണിക്കർ കടവ് പാലം മുതൽ വെള്ളാനത്തുരുത് ബീച്ച് വരെ ആണ് വാക്കത്തൊൺ നടത്തിയത്. 150 ബ്രാഞ്ച് മെംബേർസ് ആയ ഡോക്ടർസും പൊതുജനങ്ങളും പങ്കെടുത്തു.IDA Karunagappally 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് CDH WING ന് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞത്.പൊതുജനആരോഗ്യ സംരക്ഷണത്തിന് ആയി CDH WING താഴെപ്പറയുന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
1.സൗജന്യ വായ് പരിശോധന ക്യാമ്പുകൾ (Oral Checkup Camps),2.കാൻസർ കണ്ടെത്തൽ ക്യാമ്പുകൾ (Cancer Detection Camps),3.സ്കൂൾ ഡെന്റൽ ഹെൽത്ത് പ്രോഗ്രാംസ്,4.പൊതുജനങ്ങൾക്കായി വിവിധ അവബോധ പരിപാടികൾ (Awareness Programmes),4.വായ ശുചിത്വ കിറ്റ് വിതരണം,5 കമ്മ്യൂണിറ്റി ഡെന്റൽ ക്ലിനിക്,6.ചാരിറ്റി പ്രവർത്തനങ്ങൾ
സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും വായ്ക്കാൻസർ പ്രതിരോധത്തിനുമായി നടത്തുന്ന ഈ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സജീവ സഹകരണം സംഘാടകർ അഭ്യർത്ഥിച്ച .ഡോ: രഞ്ജിത് കുമാർ (പ്രസിഡൻ്റ്),ഡോ: രത്നകുമാർ (സെക്രട്ടറി),ഡോ: ആതിര (CDH കൺവീനർ),ഡോ :സുരാജ് കെ നായർ (ട്രെഷറർ )
ഡോ :ലൈജി തോമസ് തരകൻ (ജില്ലാ കമ്മിറ്റി അംഗം )എന്നിവർ നേതൃത്വം നൽകി.




































