Home Blog Page 412

ഗര്‍ഭിണിയായ ഭാര്യ നാട്ടില്‍ ജീവനൊടുക്കി, ഗള്‍ഫില്‍ നിന്നും മടങ്ങിയ ഭര്‍ത്താവ് ബംഗളൂരുവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍… ദുരൂഹത

ആലപ്പുഴ: ഗര്‍ഭിണിയായ ഭാര്യയും വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഭര്‍ത്താവും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. എടത്വ കൊടുപ്പുന്നം പുത്തന്‍വീട്ടില്‍ പി.എസ്. സനുക്കുട്ടന്‍ (30), ഭാര്യ മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മ (27) എന്നിവരെയാണ് രണ്ട് ദിവസത്തെ വ്യത്യാസത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരീഷ്മയെ രണ്ടു ദിവസം മുന്‍പാണ് മാവേലിക്കരയിലെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരീഷ്മയുടെ മരണവിവരമറിഞ്ഞതോടെ ഖത്തറില്‍ ജോലി ചെയ്തിരുന്ന സനുക്കുട്ടന്‍ ഉടന്‍ തന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ദോഹയില്‍ നിന്ന് ബംഗളൂരു വഴി നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്നാണ് അദ്ദേഹം വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് സഹോദരനും ബന്ധുക്കളും വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും സനുക്കുട്ടന്‍ എത്തിയില്ല. ഫോണില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
സംശയം തോന്നിയ ബന്ധുക്കള്‍ ബംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സനുക്കുട്ടന്‍ അവിടെ വിമാനമിറങ്ങിയതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബംഗളൂരുവിലുള്ള മലയാളി അസോസിയേഷന്റെ സഹായത്തോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ഒരു ലോഡ്ജ് മുറിയില്‍ സനുക്കുട്ടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹരീഷ്മയുടെ മൃതദേഹം നേരത്തെ മാവേലിക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്നു.
നാലുമാസം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഒരു മാസം മുന്‍പാണ് സനുക്കുട്ടന്‍ ദോഹയിലേക്ക് പോയത്. ഗര്‍ഭിണിയായിരുന്ന ഹരീഷ്മയുടെ മരണവും, വിവരം അറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ സനുക്കുട്ടന്‍ ബംഗളൂരുവില്‍ ഇറങ്ങി ലോഡ്ജില്‍ താമസിച്ചതും തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടതും ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്.
ദമ്പതികള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നും, സനുക്കുട്ടന്‍ എന്തുകൊണ്ടാണ് നെടുമ്പാശേരിയിലേക്ക് യാത്ര തുടരാതെ ബംഗളൂരുവില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചതെന്നുമാണ് പൊലീസ് പരിശോധിക്കുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഫഹദ് ഫാസിലിനെ നായകനായി എത്തുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയിനര്‍ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ ടീസര്‍ പുറത്ത്

തിരുവനന്തപുരം: ഫഹദ് ഫാസിലിനെ നായകനാക്കി ബാഹുബലിയുടെ നിര്‍മാണകമ്പനിയായ ആര്‍ക്കാ മീഡിയാ വര്‍ക്ക്‌സ് ഒരുക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയിനര്‍ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്.
പ്രേമലുവിന്റെ വിജയകരമായ വിതരണത്തിലൂടെ നിര്‍മാണരംഗത്തേക്ക് എത്തിയ എസ് എസ് കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ഷോവിങ് ബിസിനസ്സ് ബാനറിലും ആര്‍ക്കാ മീഡിയാ വര്‍ക്‌സിന്റെയും സഹകരണത്തോടെ ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ശശാങ്ക് യെലേട്ടി അണ് സംവിധാനം. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.സെപ്റ്റംബര്‍ 11 ചിത്രം റിലീസ് ചെയ്യും.
എസ് എസ് രാജമൗലിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക. രമ രാജമൗലിയാണ് ചിത്രത്തിനുവേണ്ടി വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന ആദ്യത്തെ തെലുഗു ചിത്രം കൂടിയാണിത്. പുഷ്പ എന്ന ചിത്രത്തിലൂടെ ഫഹദിന് ലഭിച്ച ജനപ്രീതി തെലുഗുവില്‍ അദ്ദേഹത്തിന്റെ താരമൂല്യം വര്‍ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രങ്ങള്‍ എല്ലാം തന്നെ തെലുങ്കില്‍ ഡബ്ബ് ചെയ്തു പുറത്തിറങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയും ഉണ്ട്.

വിമർശനത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങള്‍, സുകുമാരൻ നായര്‍,

കോട്ടയം.എൻഎസ്എസ് നേതൃത്വത്തിനെതിരായ ഉപരാഷ്ട്രപതിയുടെയും സുരേഷ് ഗോപിയുടെയും വിമർശനത്തിന് അതേ നാണയത്തിൽ മറുപടി നൽകി ജി.സുകുമാരൻ നായർ. ഇരുവരുടെയും വിമർശനത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് പ്രതികരണം. മന്നം സമാധിയിൽ പ്രവേശന വിലക്കില്ലെന്നും
നായയുമായുള്ള പരിശോധന അംഗീകരിക്കില്ലെന്നുമായിരുന്നു മറുപടി.

നിങ്ങളാണ് എല്ലാമെന്ന് വിചാരിക്കരുത്. മന്നം സമാധിയിലേക്ക് ഇന്നയാൾ വരരുതെന്ന് നിങ്ങൾക്ക് നിലപാടെടുക്കാനാകില്ല. ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി പറഞ്ഞത് ഇങ്ങനെ. പെരുന്ന ശുദ്ധീകരിക്കുമെന്ന് സുരേഷ് ഗോപിയും പറഞ്ഞു വെച്ചു. നേരത്തേ ഇരുവർക്കും NSS ആസ്ഥാനത്തേക്ക് പ്രവേശനം നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു വിമർശനം. മണിക്കൂറുകൾ വ്യത്യാസത്തിൽ മറുപടിയുമായി സുകുമാരൻ നായർ രംഗത്തെത്തി

ഇരുവരുടെയും വിമർശനത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളെന്നാണ് സുകുമാരൻ നായരുടെ പക്ഷം. മറുപടി അർഹിക്കുന്നില്ല. മന്നം സമാധിയിലേക്ക് ആർക്കും വരാം. പ്രോട്ടോക്കോൾ പാലിക്കണം എന്നു മാത്രം. നായയുമായിട്ടുള്ള പരിശോധന അംഗീകരിക്കാനാവില്ലെന്നത് കൊണ്ടാണ് ഉപരാഷ്ട്രപതിയോട് എതിർപ്പ് പറഞ്ഞത്. ബജറ്റ് യോഗത്തിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സുരേഷ് ഗോപിയെ എതിർത്തത്. അല്ലാതെ പ്രത്യേക താൽപര്യങ്ങളില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

ഉപരാഷ്ട്രപതിക്ക് പ്രവേശനം നിഷേധിച്ചെന്ന പേരിൽ സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. വാക്പോരും സജീവമായി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്നായിരുന്നു നേതാക്കളുടെ നേരത്തെയുള്ള നയം. നിലവിൽ ഉപരാഷ്ട്രപതി തന്നെ വിമർശിച്ചെത്തിയതോടെ നില മാറുന്നെന്ന് വ്യക്തം. വിഷയത്തിൽ സംസ്ഥാന ബിജെപി നേതാക്കൾ പ്രതികരിച്ചിട്ടില്ല

മുഖ്യമന്ത്രി VD സതീശനുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഉപരാഷ്ട്രപതിയോടും കേന്ദ്ര സഹമന്ത്രിയോടും കൂടി കൊമ്പുകോർക്കുന്നത് അനുചിതമാകുമെന്ന വിലയിരുത്തൽ ഉണ്ട് സുകുമാരൻ നായർക്ക്. ശ്രദ്ധയോടെയാണ് നീക്കങ്ങൾ

ചാനലിലൂടെ നഗ്നദൃശ്യങ്ങളും അശ്ലീല ഉള്ളടക്കവും പങ്കുവെച്ചു, യൂട്യൂബര്‍ തൊപ്പിയുടെ അക്കൗണ്ട് നീക്കം ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചിരിപ്പിച്ച യൂട്യൂബര്‍ തൊപ്പിയുടെ അക്കൗണ്ട് നീക്കം ചെയ്തു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി. ഒളിവിലുള്ള തൊപ്പി മുനകൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു.


കൗമാരക്കാരടക്കം പതിനായിരകണക്കിന് ഫോളോവേഴ്സുള്ള തൊപ്പിയെന്ന മുഹമ്മദ് നിഹാദിന്റെ അക്കൗണ്ടാണ് പൊലീസ് പൂട്ടിച്ചത്. ചാനലിലൂടെ നഗ്നദൃശ്യങ്ങളും അശ്ലീല ഉള്ളടക്കവും പങ്കുവെച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തത്. സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം, ലഹരിയുപയോഗത്തെ പ്രോത്സാഹിപ്പിക്കല്‍ അങ്ങനെ കൗമാരക്കാരെ കുറ്റകൃത്യത്തിന് പ്രോത്സാഹിപപ്പിക്കുന്ന ഉള്ളടക്കങ്ങളാണ് തൊപ്പി പ്രചരിപ്പിച്ചിരുന്നത്. വിവിധ സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച് പരാതി എത്തിയതോടെയാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. തൊപ്പിയോടൊപ്പം ഒരുകൂട്ടം സുഹൃത്തുക്കളും ചേര്‍ന്നാണ് കണ്ടന്റുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തൊപ്പി ഗ്യാങില്‍ അടിപൊട്ടി. ഇതിന് പിന്നാലെ വാടകവീട് കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകള്‍ സുഹൃത്തുക്കള്‍ തന്നെ പുറത്ത് പറഞ്ഞു.

വീട്ടില്‍ ലഹരിമരുന്ന് സൂക്ഷിക്കുന്നുണ്ടെന്നും ഉപയോഗിക്കുന്നുണ്ടെന്നും വെളിപ്പെടുത്തല്‍. ഇതിന് മറുപടിയെന്ന നിലയിലാണി് സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ തൊപ്പി പുറത്തുവിട്ടത്. പോക്സോ വകുപ്പടക്കം ചുമത്താന്‍ കഴിയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്. അഭിഭാഷകനായ ശ്രീജിത് പെരുമനയുടെ പരാതിയിലാണ് എറണാകുളം റൂറല്‍ പൊലീസിന്റെ അന്വേഷണ പുരോഗമിക്കുന്നത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ തൊപ്പി മൂന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. തൊപ്പിയുടെ അപേക്ഷയെ ശക്തമായി എതിര്‍ക്കുകയാണ് പ്രോസിക്യൂഷന്‍. തൊപ്പിയുടേത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. സമാനകുറ്റത്യം തൊപ്പി തുടര്‍ച്ചയായി ആവര്‍ത്തിക്കുകയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ബിജെപി കൗണ്‍സിലര്‍ ആർ. സുഗതൻ്റെ സത്യപ്രതിജ്ഞയ്ക്ക് ജയിലില്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം.ബിജെപി കൗണ്‍സിലര്‍ ആർ. സുഗതൻ്റെ സത്യപ്രതിജ്ഞയ്ക്ക് ജയിലില്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. സുഗതനെ ജയിലിന് പുറത്തേക്ക് വിടുന്നതില്‍ സര്‍ക്കാര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് കോടതിയുടെ നിലപാട്. സുഗതന്‍ കരുതല്‍ തടങ്കലിലാണെന്നും ഭരണഘടന പ്രകാരം കരുതല്‍ തടങ്കലില്‍ ഉള്ളവരെ പുറത്തുവിടാനാവില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് നിലപാടെടുത്തു.

കരുതൽ തടവിലുള്ള പ്രതിയെ ഇത്തരം ആവശ്യങ്ങൾക്ക് പുറത്തിറങ്ങാൻ അനുവദിക്കുന്നതിന് ഭരണഘടനാപരമായ ബാധ്യതയില്ലെന്നും കോടതി പറയുകയാണെങ്കിൽ ജയിലിനകത്ത് സൗകര്യങ്ങൾ ഒരുക്കാം എന്നുമാണ് സർക്കാർ നിലപാട്. സത്യപ്രതിജ്ഞ എല്ലാവരും കാണുന്നതിന് ജയിലില്‍ മാധ്യമങ്ങളെയും അനുവദിക്കണമെന്നും കോടതി പറഞ്ഞു. സുഗതൻ്റെ ഹരജിയിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈക്കോടതി വിധി പറയും.

വൻ രാസലഹരി വേട്ട,സ്റ്റെപ്പിനി ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് അര കിലോയ്ക്കടുത്ത് എംഡിഎംഎ

മലപ്പുറം. കുറ്റിപ്പുറത്ത് വൻ രാസലഹരി വേട്ട. വാഹനത്തിന്റെ സ്റ്റപ്പിനി ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് അര കിലോയ്ക്കടുത്ത് എംഡിഎംഎ. 493.16 ഗ്രാം എംഡിഎംഎയും 8 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് പിടിച്ചെടുത്തു. തിരൂർ കൂട്ടായി സ്വദേശി മുഫാസിർ അറസ്റ്റിലായി.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തിക്കൊണ്ടുവന്നതാണെന്ന് പോലീസ് അറിയിച്ചു. ഏകദേശം 25 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നും കടത്തിന് ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ ഡാൻസാഫ് ടീമും കുറ്റിപ്പുറം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ മരണത്തിൽ കേരളത്തിലും ദുഃഖാചരണം

തിരുവനന്തപുരം.ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ മരണത്തിൽ കേരളത്തിലും ദുഃഖാചരണം. കേന്ദ്രസർക്കാരിന്റെ നിർദ്ദേശം അനുസരിച്ചാണ് സംസ്ഥാന സർക്കാർ തീരുമാനം. സർക്കാർ സ്ഥാപനങ്ങളിലും ദേശീയപാതക ഉയർത്തിയിട്ടുള്ള ഇടങ്ങളിലും ഇന്ന് പതാക പകുതി താഴ്ത്തിക്കെട്ടും. സർക്കാരിന്റെ ഔദ്യോഗിക വിനോദ പരിപാടികളും ഇന്നുണ്ടാകില്ല. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ ഇറക്കി.

ബ്രൗൺ ഷുഗറുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

കോഴിക്കോട്. ബ്രൗൺ ഷുഗറുമായി
പശ്ചിമ ബംഗാൾ സ്വദേശി പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി മുഹമ്മദ് ആയത്തുൽ
ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 20 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തു.
മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തിൽ പെട്രോളിങ് നടത്തുന്നതിനിടയിൽ
കുറ്റിക്കാട്ടൂർ കോട്ടാംപറമ്പ് റോഡരികിലെ കട വരാന്തയിൽ നിൽക്കുകയായിരുന്ന അതിഥി തൊഴിലാളിയെ പരിശോധിച്ചപ്പോഴാണ്ബ്രൗൺഷുഗർ കണ്ടെത്തിയത്.
അതിഥി തൊഴിലാളികൾക്കിടയിൽലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ മുഹമ്മദ് ആയത്തുലെന്ന് പൊലീസ് പറഞ്ഞു

സിബിൽ സ്കോർ മാനദണ്ഡമാക്കരുത് യു എം സി

വെളുത്ത മണൽ: സാമ്പത്തിക പ്രതിസന്ധി മൂലം വ്യാപാരസ്ഥാപനങ്ങൾ അടച്ചു പൂട്ടുകയാണെന്നും, വ്യാപാര വ്യവസായ സേവന രംഗത്ത് ഉത്തേജിപ്പിക്കുവാൻ ലോണുകൾ നൽകുന്നതിന് ബാങ്കുകൾ സിബിൽ സ്കോർ മാനദണ്ഡ മാക്കരുതെന്നും, പലിശരഹിത ലോണുകൾ നൽകി വ്യാപാരസ്ഥാപനങ്ങൾ നിലനിർത്തണമെന്ന് യുണൈറ്റഡ് മർച്ചൻസ് ചേമ്പർ യു എം സി വെളുത്ത മണൽ യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. പൊതുയോഗവും, തെരഞ്ഞെടുപ്പും,അനുമോദന സമ്മേളനവും യു എം സി കൊല്ലം ജില്ലാ പ്രസിഡൻറ് നിജാം ബഷി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് എസ്.ഷംസുദ്ദീൻ വെളുത്ത മണൽ അദ്ധ്യക്ഷത വഹിച്ചു .

ജനറൽ സെക്രട്ടറി സലാഹുദ്ദീൻ ഇത്താസ് സ്വാഗതവും, റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ സജീദ് നന്ദിയും പറഞ്ഞു. വനിതാ വിംഗ് സംസ്ഥാന പ്രസിഡൻറ് റൂഷ.പി.കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് എം.സിദ്ദീഖ് മണ്ണാൻ്റയ്യം (വരണാധികാരി) തെരഞ്ഞെടുപ്പ് നടത്തി. എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, കരാട്ടെ യിൽ ബ്ലാക്ക് ബെൽറ്റ് നേടിയ റൈഫ് മുഹമ്മദ് നിസാറിനെയും അനുമോദിച്ചു. പുതിയ ഭാരവാഹികളായി എസ്.ഷംസുദ്ദീൻ വെളുത്ത മണൽ (പ്രസിഡൻ്റ്), സലാഹുദ്ദീൻ ഇത്താസ് (ജനറൽ സെക്രട്ടറി), സജീദ് . ഐ.(ട്രഷറർ), സൈനുലാബുദീൻ( വർക്കിംഗ് പ്രസിഡൻ്റ്) നവാസ്,ഷഫീക്ക് ( വൈസ് പ്രസിഡൻറ്മാർ), ഉണ്ണി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഫോട്ടോ ക്യാപ്ഷൻ:- 1. യു എം സി വെളുത്ത മണൽ യൂണിറ്റ് പൊതുയോഗം ജില്ലാ പ്രസിഡൻ്റ് നിജാം ബഷി ഉദ്ഘാടനം ചെയ്യുന്നു. 2. യു എം സി വെളുത്ത യൂണിറ്റ് പ്രസിഡൻറ് എസ്.ഷംസുദ്ദീൻ വെളുത്തമണൽ. 3. ജനറൽ സെക്രട്ടറി സലാഹുദ്ദീൻ ഇത്താസ്. 4 ട്രഷറർ സജീദ് . ഐ

നെന്മാറ ഇരട്ടക്കൊലക്കേസ് : ചെന്താമര കുറ്റക്കാരൻ

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താരമ കുറ്റക്കാരനെന്ന് കോടതി; ഇരട്ടക്കൊലക്കേസിൽ കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് വിധി വരുന്നത്.  പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷാവിധിയിലെ വാദത്തിനു ശേഷം ശിക്ഷാവിധി പ്രഖ്യാപിക്കും.

2025 ജനുവരി 27നാണ് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് കേസ്. കൃത്യത്തിനുശേഷം വനമേഖലയിലേക്ക് കടന്ന പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്ന് രണ്ടു ദിവസം വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ജനുവരി 28ന് രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽനിന്നാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ ഫെബ്രുവരി അഞ്ചിന് തെളിവെടുപ്പ് നടത്തി. തുടർന്ന് ഫെബ്രുവരി 18ന് ചെന്താമരയുടെ മുൻ കൊലക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. 2019ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിൽ ലഭിച്ച ജാമ്യത്തിലാണ് ഇയാൾ പുറത്തിറങ്ങിയിരുന്നത്. 2022ൽ ജാമ്യത്തിലിറങ്ങിയശേഷം വ്യവസ്ഥകൾ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.


മാർച്ച് മൂന്നിന് കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. മാർച്ച് 25ന് പൊലീസ് 480 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 132 സാക്ഷികൾ, മുപ്പതിലധികം രേഖകൾ, ഫൊറൻസിക് പരിശോധനാഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ എന്നിവയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
ഫെബ്രുവരി 23 മുതൽ മെയ് ആറുവരെയായിരുന്നു വിചാരണ. കേസിൽ വിസ്തരിച്ച സാക്ഷികളിൽ നാലുപേർ കൂറുമാറി.