Home Blog Page 368

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം: ക്രൈസ്തവ മഹാറാലി നടത്തി കേരള കൗൺസിൽ ഓഫ് ചർച്ചസ്

തിരുവനന്തപുരം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ആയിരം ദിവസം തികഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണമെന്നും ദളിത് ക്രൈസ്തവ അവകാശങ്ങൾ ഉൾപ്പെടെ ക്രൈസ്തവ സമൂഹത്തിന് അർഹമായ നീതി നടപ്പിലാക്കണമെന്നും കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതത്തിൻറെ പേരിൽ നിയമനിർമ്മാണം നടത്തുകയും ദളിത് ക്രൈസ്തവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്ത നടപടി ഭരണഘടനയോടുള്ള അവഹേളനം ആണെന്നും അതുകൊണ്ടുതന്നെ ഭാരതത്തിൻറെ ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി പട്ടികജാതിയിൽ ഉൾപ്പെട്ടവർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവർക്കും നൽകണമെന്നും കെസിസി ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എൽ എം എസ് കോമ്പൗണ്ടിൽ നിന്നും ആരംഭിച്ച ക്രൈസ്തവ മഹാറാലി സെക്രട്ടറിയേറ്റ് പടിക്കൽ സമ്മേളനത്തോടെ അവസാനിച്ചു. സി എസ് ഐ കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്പ് ജോസ് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു. കെ സി സി വൈസ് പ്രസിഡൻറ് ഷിബി പീറ്റർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജസ്റ്റിൻ രാജ്, ലെഫ്. കേണൽ സജു ഡാനിയേൽ,
ലെഫ്.കേണൽ എൻ ഡി ജോഷ്വാ, എൻസിസിഐ ദളിത് ഡസ്ക് സെക്രട്ടറി റവ. ചാൾസ് സുന്ദർ രാജ്, റവ. ഡോ. ക്രിസ്റ്റൽ ജയരാജ്, കെസിസി ജില്ലാ പ്രസിഡൻറ് റവ.എ ആർ നോബിൾ, സെക്രട്ടറി റവ ഡോ. എൽ ടി പവിത്ര സിംഗ്, റവ. സനൽ രാജ്, ഷാജിമോൻ എസ്. കൈതക്കുഴി, മേജർ റ്റി.ഇ സ്റ്റീഫൻസൺ, റവ. ഫാ. എബ്രഹാം കാഞ്ഞിക്കൽ കോറെപ്പിസ്ക്കോപ്പ, അശ്വിൻ ഇ. ഹാംലറ്റ് എന്നിവർ പ്രസംഗിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ രണ്ടാം ബലാത്സം​ഗക്കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ രണ്ടാം ബലാത്സം​ഗക്കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഒന്നിലേറെ തവണ ലൈം​ഗികമായി പീഡിപ്പിച്ചതായും വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും യുവതി രഹസ്യമൊഴി നൽകി. നെടുമങ്ങാട് കോടതിയിൽ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരായാണ് മൊഴി രേഖപ്പെടുത്തിയത്. അതിജീവിതയുടെ വൈദ്യപരിശോധനയും പൂർത്തിയാക്കി.

രാഹുൽ വിവാഹ വാ​ഗ്ദാനം നൽകിയ ശേഷം ഹോം സ്റ്റേയിലെത്തിച്ച് ബലാത്സം​ഗം ചെയ്തെന്ന് ബം​ഗളൂരു സ്വദേശിനിയാണ് പരാതി നൽകിയത്. കെപിസിസി അധ്യക്ഷന് മെയിൽ വഴി അയച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു. ക്രൂരമായി പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ ശേഷം അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌തതാണ് കേസ്.

കുമരൻചിറ ഉത്സവത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം

ശൂരനാട് തെക്ക്. കുമരൻചിറ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ഉച്ച മുതൽ ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ഭരണിക്കാവ്, ശാസ്താം കോട്ട ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ നാലുമുക്ക് പള്ളിക്ക് കിഴക്ക് ഭാഗത്തെ മൈതാനത്തും കരുനാഗപ്പള്ളി, ചക്കുവള്ളി, പതാരം, കക്കാകുന്ന് ഭാഗങ്ങളിൽ നിന്നുള്ളവ പതാരം യുപിഎ സ്, എച്ച്എസ്, പഞ്ചായത്ത് മൈതാനം എന്നിവിടങ്ങളിലും മൈനാഗപ്പള്ളി, കാരൂർക്കടവ്, കിഴക്കിടത്ത് മൂക്ക് ഭാഗങ്ങളിൽ നിന്നുള്ളവ ആലുമൂട് ജംക്‌ഷനു സമീപത്തെ മൈതാനത്തും പാർക്ക് ചെയ്യണം.

എല്ലാ വാഹനങ്ങൾക്കും പാർക്ക് ചെയ്യാനു ള്ള സൗകര്യം ഉറപ്പാക്കിയെന്നും റോഡിൻ്റെ വശങ്ങളിൽ പാർ ക്കിങ് അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു.

പൊതുസമ്മേളനത്തിനിടെ ചെണ്ട, അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

കോട്ടയം: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിനിടെ ചെണ്ട കൊട്ടിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി പരസ്യമായി ചോദിച്ചു. കോട്ടയം തിരുനക്കര മൈതാനിയില്‍ ആയിരുന്നു സമ്മേളനം.

നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള ചെണ്ട കൊട്ടാണോ എന്ന് ചോദിച്ച മുഖ്യമന്ത്രി നമ്മുടെ നാടിന്റെ അവസ്ഥയെക്കുറിച്ചാണ് താന്‍ പറയുന്നതെന്നും മൈക്കിലൂടെ പറഞ്ഞു. നാടിന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ പാടില്ല എന്ന മട്ടിലാണ് സ്വന്തം സംഘടനയിലെ ചിലര്‍ തന്നെ ചെണ്ട കൊട്ടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തുടര്‍ന്ന് ഭാരവാഹികള്‍ ഇടപെട്ട് ചെണ്ട കൊട്ടുന്നത് ഉടന്‍തന്നെ നിര്‍ത്തിച്ചു. ചെണ്ട നിര്‍ത്തിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. ആദ്യം പുറത്തുനിന്നുള്ള ഏതെങ്കിലും പ്രകടനക്കാരോ ജാഥക്കാരോ ആണ് ബഹളം വെക്കുന്നതെന്നാണ് താന്‍ കരുതിയത്. എന്നാല്‍ സംഘാടകരുടെ കൂട്ടത്തില്‍ തന്നെയുള്ളവരാണ് ചെണ്ട കൊട്ടുന്നതെന്നാണ് മനസ്സിലായത് മുഖ്യമന്ത്രി പറഞ്ഞു.

‘അവള്‍ക്കൊപ്പം ഇനി ആര് ,ഓടുന്ന കാറില്‍ നടി ക്രൂരമായ പീഡനത്തിന് ഇരയായിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം

കൊച്ചി. സമൂഹമനസാക്ഷിയെ നടുക്കി, ഓടുന്ന കാറില്‍ നടി ക്രൂരമായ പീഡനത്തിന് ഇരയായിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം. കേസില്‍ വിധി വന്ന് 67 ദിവസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല. വിധിക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. എന്നാല്‍ ഇതുവരെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.

2017 ഫെബ്രുവരി 17ന് രാത്രിയായിരുന്നു തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത് തുടര്‍ന്നിങ്ങോട്ട് നീതിക്കു വേണ്ടിയുള്ള പോരാട്ടം. സാംസ്‌കാരിക സിനിമ മേഖലയില്‍ കേസ് ഉണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല. എട്ടുവര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 8ന് വിധിയെത്തി. ഡിസംബര്‍ 12ന് ശിക്ഷാവിധിയും പ്രഖ്യാപിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്ക് 20 വര്‍ഷം കഠിനതടവാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കി എന്നാരോപിക്കപ്പെട്ട നടന്‍ ദിലീപിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

ഗൂഢാലോചന കുറ്റം തെളിയിക്കാനാവാത്തതിലെ നിരാശ പ്രോസിക്യൂഷനും അതിജീവിതയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ‘നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല എന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദി’യെന്നായിരുന്നു അതിജീവിത പ്രതികരിച്ചത്.

ആകേരക്രമണത്തിന് ഇരയായ നടി പരാതി നല്‍കിയതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഇന്ന് വൈകിട്ട് ഡബ്ല്യുസിസി മെഴുകുതിരി തെളിക്കും. തിരുവനന്തപുരം മാനവീയം വീഥി, കൊച്ചി മറൈന്‍ഡ്രൈവിലെ അബ്ദുല്‍ കലാം മാര്‍ഗ്, കോഴിക്കോട് മാനാഞ്ചിറ ഓപ്പണ്‍ സ്റ്റേജ് എന്നിവിടങ്ങളില്‍ വൈകിട്ട് ആറിന് മെഴുകുതിരി തെളിയിച്ചാണ് ഒത്തുചേരല്‍. അവള്‍ക്കൊപ്പം എന്ന ടാഗ് ലൈനോടെ ഡബ്ല്യുസിസിയും രൂപീകൃതമായി ഒന്‍പത് വര്‍ഷമാകുമ്പോഴാണ് പരിപാടി ഒരുങ്ങുന്നത്.

കഴിഞ്ഞ 9 വര്‍ഷമായി കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തില്‍ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാന്‍ നിരന്തരം പ്രവര്‍ത്തിച്ചു.പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, ണഇഇ അവള്‍ക്കൊപ്പവും, അതിജീവിച്ച എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നവരെ ഈ യാത്രയുടെ ഭാഗമാവാന്‍ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാമെന്ന് ഡബ്ല്യുസിസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

പള്‍സര്‍ സുനി എന്ന എന്‍എസ് സുനില്‍ ഒന്നാം പ്രതിയായ ഈ കേസില്‍ പിന്നീട് മൂന്ന് മാസത്തിന് ശേഷം നടന്‍ ദിലീപ് അറസ്റ്റിലായി. പി ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് കേസിലെ എട്ടാം പ്രതിയായി. ആദ്യഘട്ടത്തിലെ ദുരൂഹതകള്‍ക്കൊടുവില്‍ നടിയെ ക്വട്ടേഷന്‍ നല്‍കി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി. മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, വടിവാള്‍ സലീം എന്ന എച്ച്.സലീം, ചാര്‍ലി തോമസ്, മേസ്തിരി സനില്‍ എന്ന സനില്‍കുമാര്‍, ജി.ശരത് എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍.

ഏറെ സംഭവബഹുലമായിരുന്നു കേസിന്റെ വിചാരണ. പ്രതിഭാഗം മേല്‍ക്കോടതികളെ സമീപിച്ചതും വാദിഭാഗം കോടതിയില്‍ അവിശ്വാസം പ്രകടിപ്പിച്ചതും അടക്കമുള്ള സംഭവങ്ങള്‍ വിചാരണയെ ബാധിച്ചു. ഇതിനിടയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസിലെ തെളിവുകളെ ശക്തിപ്പെടുത്തുകയും വിചാരണക്കിടെ തുടരന്വേഷണത്തിലേക്ക് പോവുകയും ചെയ്തു. സിനിമയിലെ വനിതകളുടെ സംഘടനയായ വിമന്‍ ഇനി സിനിമ കളക്ടീവിന്റെ രൂപപ്പെടലിന് കാരണമായതും ഹേമ കമ്മിറ്റി രൂപീകരിച്ച് സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതും അടക്കം ഒട്ടേറെ സംഭവങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു ഈ കേസ്. ‘അവള്‍ക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി സാംസ്‌കാരിക കേരളം അതിജീവിതയ്ക്ക് ശക്തമായ പിന്തുണ നല്‍കി.

ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും

ധാക്ക. ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ബംഗഭവനു പകരം പാര്‍ലമെന്റ് സമുച്ചയത്തിലെ സൗത്ത് പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ താരിഖ് റഹ്മാനും മന്ത്രിസഭാംഗങ്ങള്‍ക്കും പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി പദവിയില്‍ നിന്നും പുറത്താക്കിയ ശേഷം നിലവില്‍ വന്ന ഇടക്കാല സര്‍ക്കാരില്‍ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസ് ഇന്നലെ ഓഫീസ് ഒഴിഞ്ഞു. സേനാ മേധാവി ജനറല്‍ വാക്കര്‍ ഉസ്മാനും യൂനസിന്റെ യാത്രയയപ്പ് ചടങ്ങിനെത്തി. ഉദ്യോഗസ്ഥരടക്കം എല്ലാ ജീവനക്കാര്‍ക്കും യൂനുസ് നന്ദി പറഞ്ഞു.

ജമാ അത്തെ ഇസ്ലാമി പാര്‍ട്ടി അധ്യക്ഷന്‍ ഷഫീഖൂര്‍ റഹ്മാനെയും നാഷനലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി കണ്‍വീനര്‍ നഹീദ് ഇസ്ലാമിനെയും താരീഖ് റഹ്മാന്‍ അവരുടെ വീടുകളില്‍ സന്ദര്‍ശിച്ചു.

297ല്‍ 209 സീറ്റുകളിലാണ് ബിഎന്‍പി ജയിച്ചത്. വിജയിച്ച ബിഎന്‍പി നേതാക്കളായ ഗോയേശ്വര്‍ ചന്ദ്ര റോയ്, നിതായ് റോയ് ചൗധരി, സചിങ് പ്രൂ,ദീപേന്‍ ദേവന്‍ എന്നിവര്‍ ന്യൂനപക്ഷ വിഭാഗക്കാരാണ്. റോയിയും ചൗധരിയും ഹിന്ദുക്കള്‍. മറ്റുരണ്ടുപേരും ബുദ്ധമത വിശ്വാസികളാണ്.

ഇന്ന് താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ് തുടങ്ങിയവരുമാണ് പങ്കെടുക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രീയ ക്യാംപെയ്‌നുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നും ഇത്തരവം സര്‍വേകള്‍ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

കെഎസ് യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരാണ് സര്‍വേയ്‌ക്കെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. പാര്‍ട്ടി കേഡര്‍മാരെ ഇറക്കിയുള്ള സര്‍വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമായിരുന്നു ആവശ്യം. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍.

സര്‍വേയ്ക്ക് ധനകാര്യവകുപ്പിന്റെ അനുമതി ഇല്ലെന്നും അത്തരം പരിപാടികള്‍ക്ക് പണം വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും സാമ്പത്തിക നയത്തിന്റെ വ്യതിചലനമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി സര്‍വേ റദ്ദാക്കിയത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം ഇഡിയ്ക്ക് മുന്‍പാകെ

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം ഇഡിയ്ക്ക് മുന്‍പാകെ ഹാജരായി. രാവിലെ പതിനൊന്ന് മണിയോടെയാണ് ജയറാം ഇഡി ഓഫീസില്‍ എത്തിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറയുമെന്ന് ജയറാം പറഞ്ഞു. നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും സത്യം പുറത്തുകൊണ്ടുവരേണ്ടത് തന്റെ കൂടി കടമയാണെന്നും ജയറാം പറഞ്ഞു.

‘ശബരിമലയെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം പ്രത്യേകം വികാരമാണ്. ജാതി മതഭേദമന്യേ എല്ലാവരും എത്തുന്ന പുണ്യസ്ഥലമാണ് ശബരിമല. അവിടെ ഇത്തരം തട്ടിപ്പ് നടന്നുണ്ടെങ്കില്‍ അത് വെളിച്ചത്തുകൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥനാണ്. ആ മലയാളിയുടെ കൂട്ടത്തിലാണ് ഞാനും. കഴിഞ്ഞ 38വര്‍ഷമായി കേരളത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ പലതരത്തിലുള്ള പൂജ, ആനയെ നടയ്ക്കിരുത്തല്‍, നടസമര്‍പ്പണം ഇതിനൊക്കെ ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. കഴിവതും അതിനൊക്കെ പോകാറുമുണ്ട്. അത്തരത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ആളുകള്‍ പൂജയ്ക്കായി പലതവണ വിളിച്ചുകൊണ്ടുപോയത്’.

‘ഇതിന്റെയൊക്കെ പിന്നില്‍ എന്തെങ്കിലും കള്ളത്തരങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ കോടതിയും ബന്ധപ്പെട്ട ആളുകളും പുറകിലുണ്ട്. സത്യം വെളിച്ചത്തുകൊണ്ടുവരാനായി എന്നില്‍ നിന്ന് ഇവര്‍ക്ക് എന്തെങ്കിലും ഉപകാരപ്രദമായ ഒന്നുരണ്ടുകാര്യങ്ങള്‍ കിട്ടുകയാണെങ്കില്‍ നല്ലതല്ലേ?. ആ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് എന്നെ വിളിച്ചത്. എല്ലാം ഭംഗിയായി പര്യവസാനിക്കട്ടെ. ഇനിയും ആരെങ്കിലും കുടുങ്ങാനുണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ. അയ്യപ്പന്‍ അവരെ വെറുതെ വിടുമോ?. അന്‍പത് വര്‍ഷമായി ശബരിമലയില്‍ പോകുന്ന അയ്യപ്പഭക്തനാണ് താന്‍. എന്റെയും കൂടി കടമയാണ് ഇത് വെളിച്ചത്തുകൊണ്ടുവരികയെന്നത്’ -ജയറാം പറഞ്ഞു.

സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടാനാണ് ജയറാമിനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണം ഉപയോഗിച്ച് പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതില്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമന്‍സ് ജയറാമിന് ലഭിച്ചിരിക്കുന്നത്. നിര്‍മാണ വേളയില്‍ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാര്‍ഥനകളും നടത്തിയിരുന്നു. ജയറാമിന്റെ ചെന്നൈയില്‍ വീട്ടിലും ഇത്തരത്തില്‍ പൂജ നടന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. തട്ടിപ്പില്‍ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയില്‍ വെച്ചുള്ള ബന്ധമാണെന്നും ജയറാം എസ്ഐടിക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു. പാളികള്‍ പൂജിച്ച മൂന്ന് ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പോറ്റി പലതവണ തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നുമായിരുന്നു ജയറാമിന്റെ മൊഴി.

നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി അപകടം

പത്തനാപുരം .പുനലൂർ – മൂവാറ്റുപുഴ മലയോര ഹൈവേയിൽ പത്തനാപുരം വാഴത്തോപ്പിലാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിൽ ഇടിച്ച് തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറിയത്.വാഴത്തോപ്പ് എബൻ ഏസറിൽ വൈ.യോഹന്നാന്റെ വീടിന്റെ ചുറ്റുമതിലും, ഗേറ്റും തകർന്നു

ശബരിമല യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന നേമം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപെട്ടത്.അപകട സമയം മൂന്ന് പേർ കാറിൽ ഉണ്ടായിരുന്നു.നിയന്ത്രണം വിട്ട കാർ ഇടിച്ച് വീടിന്റെ ചുറ്റു മതിലും, ഗേറ്റും പൂർണ്ണമായും തകർന്നുവെങ്കിലും, കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

പുനലൂർ – മൂവാറ്റുപുഴ റോഡിൽ അപകടം പതിവാണ്.റോഡിൻ്റെ അശാസ്ത്രീയമായ നിർമ്മാണമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്

റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഇടുക്കി.റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തൊടുപുഴ മുതലക്കോടത്താണ് അപകടം. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിർമ്മിക്കാൻ എടുത്ത കുഴിയിൽ വീണാണ് അപകടം

ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. റോഡരികിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്

പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ച് യുഡിഎഫ് പ്രവർത്തകർ. തൊടുപുഴയിലെ പിഡബ്ല്യുഡി ഓഫീസിലാണ് പ്രതിഷേധം. PWD ഓഫീസറുടെ മേശപ്പുറത്ത് പൂച്ചെട്ടിവെച്ചാണ് പ്രതിഷേധം. അപകടകാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് പ്രതിഷേധക്കാർ

സംഭവമന്വേഷിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്