Home Blog Page 311

കാമുകിയുടെ ആർത്തവരക്തം ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട്; വിചിത്രമായ വെളിപ്പെടുത്തലുമായി ബ്രയാൻ ജോൺസൺ

ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കാനുള്ള വിചിത്രമായ പരീക്ഷണങ്ങളിലൂടെ ലോകശ്രദ്ധ നേടിയ അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ വീണ്ടും വാർത്തകളിൽ നിറയുന്നു. തന്റെ കാമുകിയും ബോസ്നിയൻ-ഓസ്ട്രേലിയൻ ബയോഹാക്കറുമായ കേറ്റ് ടോളോയുടെ ആർത്തവ രക്തം താൻ ലാബ് ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രയാൻ.

Also Read: ഇന്ത്യൻ പാറ്റകൾക്ക് പിന്നാലെ പാക് ജൻസിയും, ‘കോക്രോച്ച് പാർട്ടി പാകിസ്ഥാൻ’; തൊഴിലും അഴിമതി വിരുദ്ധ പോരാട്ടവും മുഖ്യ അജണ്ട

വാർദ്ധക്യത്തെ ചെറുക്കാൻ വർഷംതോറും ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്ന ബ്രയാൻ ജോൺസൺ, തന്റെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവച്ചത്. ‘കേറ്റിന്റെ 10 മില്ലിലിറ്റർ ആർത്തവ രക്തം എന്റെ -80 ഡിഗ്രി സെൽഷ്യസ് ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട്’ എന്ന് കുറിച്ച ജോൺസൺ, ഇതിനുപിന്നിലെ ചില കാരണങ്ങളും നിരത്തുന്നുണ്ട്.

ഗർഭാശയ ആരോഗ്യം നേരിട്ടറിയാം: സാധാരണ രക്തപരിശോധനകളിലൂടെ ലഭിക്കാത്ത നിർണായകമായ വിവരങ്ങൾ ആർത്തവ രക്തത്തിലൂടെ കണ്ടെത്താനാകും. കാരണം ഇത് ഗർഭാശയത്തിൽ നിന്ന് നേരിട്ട് വരുന്നതാണ്.

വിഷവസ്തുക്കളുടെ സാന്നിധ്യം: ഗർഭാശയ കോശങ്ങൾ, രോഗപ്രതിരോധ കോശങ്ങൾ, സ്റ്റെം സെല്ലുകൾ എന്നിവയ്ക്ക് പുറമെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന മൈക്രോപ്ലാസ്റ്റിക്സ്, ‘ഫോറെവർ കെമിക്കലുകൾ’, ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ എന്നിവ ഈ രക്തത്തിലൂടെ കൃത്യമായി അളക്കാൻ സാധിക്കും.

ശസ്ത്രക്രിയകൾ ഒഴിവാക്കാം: ശസ്ത്രക്രിയ വഴിയുള്ള ബയോപ്സികൾ ഒഴിവാക്കി, എല്ലാ മാസവും ഗർഭാശയം സുരക്ഷിതമായി നിരീക്ഷിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

‘ആർത്തവ രക്തം വളരെ മൂല്യമുള്ളതാണെങ്കിലും വൈദ്യശാസ്ത്രത്തിൽ വേണ്ടത്ര ഉപയോഗപ്പെടുത്താത്ത ഒന്നാണ്’ എന്നാണ് ബ്രയാന്‍റെ വാദം.

ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘ബ്രെയിൻട്രീ’ സ്ഥാപിച്ച അമേരിക്കൻ സാങ്കേതിക വ്യവസായിയാണ് ബ്രയാൻ ജോൺസൺ. 2013 -ൽ ഈ കമ്പനി പേപാൽ 800 ദശലക്ഷം ഡോളറിന് സ്വന്തമാക്കി. തുടർന്ന് സാങ്കേതിക മേഖലയിൽ നിന്ന് മാറി, ‘പ്രോജക്റ്റ് ബ്ലൂപ്രിന്റ്’ എന്ന പദ്ധതിയിലൂടെ മനുഷ്യന്റെ ഏജിം​ഗ് (വയസ്സാവൽ) കുറയ്ക്കാനുള്ള തീവ്രശ്രമങ്ങളിലാണ് അദ്ദേഹം. അതീവ കർശനമായ സസ്യാഹാര രീതി, വിപുലമായ വൈദ്യ പരിശോധനകൾ, ദിനംപ്രതി ഡസൻകണക്കിന് മരുന്നുകളും വിറ്റാമിനുകളും കഴിക്കൽ എന്നിവ ഉൾപ്പെടുന്ന ജീവിതരീതിയാണ് അദ്ദേഹം പിന്തുടരുന്നത്. എന്നാൽ, ആയുർദൈർഘ്യത്തിനായി ഇത്തരം അതിരുകടന്ന പരീക്ഷണങ്ങൾ നടത്തുന്നത് ശരിയാണോ എന്ന് താൻ പോലും ചിലപ്പോൾ ചിന്തിച്ചുപോകാറുണ്ടെന്നും കഴിഞ്ഞ ദിവസം അദ്ദേഹം എക്സിൽ കുറിച്ചിരുന്നു.

ഇന്ത്യൻ പാറ്റകൾക്ക് പിന്നാലെ പാക് ജൻസിയും, ‘കോക്രോച്ച് പാർട്ടി പാകിസ്ഥാൻ’; തൊഴിലും അഴിമതി വിരുദ്ധ പോരാട്ടവും മുഖ്യ അജണ്ട

നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഇന്ത്യയിലെ ‘കോക്രോച്ച് ജനത പാർട്ടി’ നേടിയ വിജയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പാകിസ്ഥാനിലും പുതിയ ജൻസി പ്രസ്ഥാനം രൂപപ്പെട്ടു. ‘കോക്രോച്ച് പാർട്ടി പാകിസ്ഥാൻ’ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഈ കൂട്ടായ്മ, രാജ്യത്തെ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരെ ശബ്ദമുയർത്തുകയും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയുമാണ്.

Also Read: രാഷ്ട്രീയ നേതാക്കളെ ഹണിട്രാപ്പിൽ കുടുക്കാൻ ഭീകരരുടെ ശ്രമം? സ്ത്രീ അറസ്റ്റിൽ; പിടിയിലായത് ബംഗാളിൽ അറസ്റ്റിലായ ഹമീം മൊണ്ഡലിൻ്റെ സുഹൃത്ത്

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ട് ഇന്ത്യയിലെ ജൻസി പ്രസ്ഥാനമായ ‘കോക്രോച്ച് ജനത പാർട്ടി’ (CJP) ഡൽഹിയിൽ നയിച്ച വിദ്യാർത്ഥി പ്രതിഷേധം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി നേടിയെടുത്തതോടെ അന്താരാഷ്ട്രാതലത്തിൽ തന്നെ ശ്രദ്ധ നേടി. പിന്നാലെ പാകിസ്ഥാനിലെ ജൻസി തലമുറയുടെ പുതിയ രാഷ്ട്രീയ-സാമൂഹിക കൂട്ടായ്മ രംഗത്തെത്തിയെന്ന് മണി കണ്ട്രോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ‘കോക്രോച്ച് പാർട്ടി പാകിസ്ഥാൻ’ (CPP) എന്ന പേരിൽ ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ സജീവമായ പ്രസ്ഥാനം രാജ്യത്തെ അഴിമതി, തൊഴിലില്ലായ്മ, ഭരണപരമായ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയ്‌ക്കെതിരെ ശബ്ദമുയർത്തി സമൂഹ മാധ്യമങ്ങളിൽ സജീവമാവുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സിജെപിയ്ക്ക് പിന്നാലെ

അടിസ്ഥാനപരമായ ഭരണപരിഷ്‌കാരങ്ങൾ നടപ്പാക്കിയില്ലെങ്കിൽ യുവാക്കളുടെ അസംതൃപ്തി വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്ന പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വിയുടെ മുന്നറിയിപ്പിനിടെയാണ് ഇത്തരമൊരു കൂട്ടായ്മ പാകിസ്ഥാനിൽ സജീവമായതെന്നതും ശ്രദ്ധേയം. ഇന്ത്യയിലെ സിജെപിയുമായി ഔദ്യോഗിക ബന്ധമുണ്ടെന്ന് സംഘടന അവകാശപ്പെടുന്നില്ലെങ്കിലും, സിപിപി തങ്ങളുടെ സമൂഹ മാധ്യമങ്ങളിൽ സമാനമായ ബ്രാൻഡിംഗും ജനകീയ സമീപനവുമാണ് സ്വീകരിച്ചിരിക്കുന്നത്.

‘പാകിസ്ഥാൻ ജനങ്ങളുടേതാണ്, അഴിമതിക്കാരായ മാഫിയകളുടേതല്ല’

രാജ്യത്ത് സാമ്പത്തിക – രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുക, തൊഴിലവസരങ്ങൾ വർധിപ്പിക്കുക, വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക, ഊർജപ്രതിസന്ധിക്കും ജലക്ഷാമത്തിനും പരിഹാരം കാണുക, സുതാര്യമായ ഭരണസംവിധാനം ഉറപ്പാക്കുക എന്നിവയാണ് സംഘടന മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങൾ. ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ‘പാകിസ്ഥാൻ ജനങ്ങളുടേതാണ്, അഴിമതിക്കാരായ മാഫിയകളുടേതല്ല’ എന്ന മുദ്രാവാക്യവും സംഘടന പ്രചരിപ്പിക്കുന്നുണ്ട്. അക്കൗണ്ടിന് ഇതിനകം ഒരു ലക്ഷത്തിലധികം അനുയായികളുണ്ട്.

രാഷ്ട്രീയത്തിലേക്ക്?

സൽമാൻ തരാറി എന്ന ന്യൂയോർക്ക് സർവകലാശാലയിലെ വിദ്യാർത്ഥി കൂടിയായ പാകിസ്ഥാനിയ്ക്കാണ് സിപിപിയുടെ ചെയർമാനെന്നും റിപ്പോർട്ടുകൾ പറയുന്നു. സമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിൽ മാത്രം ഒതുങ്ങാതെ പാർട്ടി പദവികളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട്, സിപിപി സംഘടനാ ശൃംഖല വിപുലീകരിക്കാനുള്ള നീക്കം ശക്തമാക്കിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡിജിറ്റൽ പ്രചാരണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമമാണ് ‘കോക്രോച്ച് പാർട്ടി പാകിസ്ഥാൻ’ നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

രാഷ്ട്രീയ നേതാക്കളെ ഹണിട്രാപ്പിൽ കുടുക്കാൻ ഭീകരരുടെ ശ്രമം? സ്ത്രീ അറസ്റ്റിൽ; പിടിയിലായത് ബംഗാളിൽ അറസ്റ്റിലായ ഹമീം മൊണ്ഡലിൻ്റെ സുഹൃത്ത്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരനെന്ന് സംശയിക്കുന്ന ഹമീം മൊണ്ഡലിൻ്റെ അടുത്ത സഹായിയായ സ്ത്രീ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശി അർപിത സർക്കാർ ആണ് പശ്ചിമ ബംഗാൾ പൊലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻ്റെ (എസ്ടിഎഫ്) പിടിയിലായത്. വെള്ളിയാഴ്ച ജാർഖണ്ഡിലെ സാഹേബ്ഗഞ്ചിൽനിന്ന് അറസ്റ്റിലായ ഇവരെ ബംഗാളിലെ ബർധമാനിൽ എത്തിച്ചു.

Also Read: 32 കോടി രൂപ വായ്പയെടുത്തത് തിരികെ നൽകാനില്ല, എംഡിയെ കൊല്ലാൻ ശ്രമിച്ച് സഹ ചെയർമാൻ, പദ്ധതി പാളി, 7 പേർ അറസ്റ്റിൽ

അർപിത, ഹമീം മൊണ്ഡലിൻ്റെ അടുത്ത അനുയായിയും പെൺസുഹൃത്തുമാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും പതിവായി വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു. ഇരുവരുടെയും ചാറ്റുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച ബർധമാനിലെ പാ‍ർപ്പിട സമുച്ചയത്തിലുള്ള വാടക അപ്പാർട്ട്മെൻ്റിൽ നിന്നാണ് ഹമീം മൊണ്ഡലിനെ എസ്ടിഎഫ് പിടികൂടിയത്. ഇയാൾ ഐഎസ് പിന്തുണയുള്ള ശൃംഖലയിലെ കണ്ണിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ബിജെപി നേതാക്കൾ അടക്കമുള്ള വിഐപികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കൽ, റിക്രൂട്ടിങ്, ഭീകരപ്രവ‍ർത്തനങ്ങൾക്ക് താഴേത്തട്ടിലുള്ള ഏകോപനം എന്നിവയായിരുന്നു ഇയാളുടെ ചുമതലകളെന്നാണ് പൊലീസ് വിശദമാക്കുന്നത്.

പശ്ചിമ ബം​ഗാളിൽ രാഷ്ട്രീയ നേതാക്കളുമായി അടുപ്പമുണ്ടാക്കാനും വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കാനുമാണ് അർപണയെ ഹമീം ഉപയോ​ഗിച്ചിരുന്നതെന്നാണ് പൊലീസ് കരുതുന്നത്. ഇവർ രാഷ്ട്രീയ നേതാക്കളെ ഹണിട്രാപ്പിൽ കുടുക്കാനും പദ്ധതിയിട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു. ഇതിനായി അ‍ർപണ ബന്ധങ്ങൾ ഉണ്ടാക്കിയതായും വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നടത്തിയതായും ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് വാ‍ർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

അ‍ർപണയുടെ യഥാർത്ഥ പങ്ക് കണ്ടെത്താനായി ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരികയാണെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഇവ‍ർ മുഖേന ശേഖരിച്ച വിവരങ്ങൾവെച്ച് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നോ എന്നും ഉദ്യോ​ഗസ്ഥ‍ർ അന്വേഷിച്ചുവരികയാണ്. പിടിയിലായ ഹമീം മൊണ്ഡൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ യാത്രകളും റൂട്ടുകളും നിരീക്ഷിച്ചിരുന്നതായി എസ്ടിഎഫ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അപ്പർ കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി ശക്തമാകുന്നു

കുട്ടനാട്: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും കിഴക്കൻ മേഖലയിൽ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതും മൂലം അപ്പർ കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി ശക്തമാകുന്നു. പമ്പ, മണിമല ആറുകളിലെ ജലനിരപ്പ് ഉയരുന്നതിനൊപ്പം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി

തലവടി, എടത്വാ, വീയപുരം ,മുട്ടാർ ,വെളിയനാട് ഉൾപ്പെടെയുള്ള കുട്ടനാടൻ പ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ജനങ്ങൾ ആശങ്കയിലാണ്. തലവടി കുതിരച്ചാൽ കുന്നുമാടി പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങിയതോടെ കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയാണ്.

സ്ഥിതി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും ആവശ്യമായ രക്ഷാപ്രവർത്തന സംവിധാനങ്ങൾ ഒരുക്കാനും അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.

മഴക്കെടുതി രൂക്ഷം; ഷോക്കേറ്റ് കർഷകൻ മരിച്ചു, ഒഴുക്കിൽപ്പെട്ട് നാലുവയസുകാരനും മരിച്ചു; സംസ്ഥാനത്ത് മരണസംഖ്യ ആറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരണസംഖ്യ ആറായി. വയനാട്ടിലും മലപ്പുറത്തും ശനിയാഴ്ച നടന്ന രണ്ട് ദുരന്തങ്ങളിൽ ഒരു കർഷകനും നാലുവയസുകാരനും ജീവൻ നഷ്ടമായി.

വയനാട് പടിഞ്ഞാറത്തറ മഞ്ഞൂറ സ്വദേശിയായ കർഷകൻ ബെന്നിയാണ് ഷോക്കേറ്റ് മരിച്ചത്. മീൻ വളർത്തുന്ന കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കുന്നതിനിടെ മോട്ടോറിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ ആദം അയ്മനും മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ്–നദീറ ദമ്പതികളുടെ മകനാണ് അയ്മൻ. വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ വീണതിനെ തുടർന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു.

ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മണക്കാട്ട് റെജീനയും മകൻ ജോസഫിൻ ജോണിയും മരിച്ചിരുന്നു.

ഇടുക്കി കുടയത്തൂർ അടൂർമലയിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരണപ്പെട്ടു. അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലായപ്പോൾ ഭർത്താവ് രവിയും മകൻ രതീഷും രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

32 കോടി രൂപ വായ്പയെടുത്തത് തിരികെ നൽകാനില്ല, എംഡിയെ കൊല്ലാൻ ശ്രമിച്ച് സഹ ചെയർമാൻ, പദ്ധതി പാളി, 7 പേർ അറസ്റ്റിൽ

പാൽഘർ: കമ്പനി സ്വന്തമാക്കണം കടം വാങ്ങിയ പണം തിരികെ നൽകാനും മനസില്ല കമ്പനിയുടെ എംഡി കൊല്ലാൻ ശ്രമിച്ച് കമ്പനിയുടെ സഹ ചെയർമാൻ. മഹാരാഷ്ട്രയിലെ പാൽഘറിലെ വസായിൽ പ്രവർത്തിക്കുന്ന ജി.എസ്.എം ഫോയിൽസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മോഹൻസിംഗ് പർമാറിനെയാണ് കമ്പനിയുടെ കോ ചെയർമാൻ കൊല്ലാൻ ശ്രമിച്ചത്. കമ്പനി പൂർണമായി സ്വന്തമാക്കാനും എംഡിക്ക് നൽകാനുണ്ടായിരുന്ന 32 കോടി രൂപ നൽകാതിരിക്കാനും ലക്ഷ്യമിട്ടായിരുന്നു കൊലപാതക ശ്രമം.

Also Read: റാന്നി മേഖലയിൽ പ്രളയസമാനമായ സാഹചര്യം

ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചായിരുന്നു ഈ കൊലപാതക ശ്രമം. സാഗർ ഭാനുശാലി അടക്കമുള്ള ഏഴംഗ സംഘത്തേയാണ് പൊലീസ് പിടികൂടിയത്. ബൈക്കിലെത്തിയ സംഘമാണ് പർമാറിനെ വെടിവയ്ക്കാൻ ശ്രമിച്ചത്. എന്നാൽ വെടിവയ്ക്കാൻ ആരംഭിച്ചതിന് പിന്നാലെ തന്നെ തോക്കിന് തകരാർ നേരിട്ടതോടെ അക്രമികൾ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പർമാറിന്റെ തോളിന് വെടിയേറ്റിരുന്നു. 46കാരനായ പർമാർ നിലവിൽ ചികിത്സയിൽ തുടരുകയാണ്.

ഓഹരി വിപണിയിലുണ്ടായ തകർച്ചയാണ് സാഗർ ഭാനുശാലിയെ കടക്കെണിയിലാക്കിയത്. 55 കോടി രൂപയുടെ കടമാണ് അടുത്തിടെ സാഗർ പലരിൽ നിന്നായി എടുത്തത്. കമ്പനിയിടെ തന്റെ ഓഹരി 32 കോടി രൂപയ്ക്ക് വാങ്ങാൻ സാഗർ നിരവധി തവണ പർമാറിനെ നിർബന്ധിച്ചിരുന്നു. പിന്നീട് ഈ പണം കടമായി എടുത്തു. ഈ പണം തിരികെ നൽകാതിരിക്കാനായി കൊലപാതകത്തിന് പദ്ധതിയിട്ടുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. സാമ്പത്തിക ബാധ്യത ഒഴിവാകുന്നതിനൊപ്പം കമ്പനിയും വരുതിയിലാക്കാമെന്ന ലക്ഷ്യത്തിലായിരുന്നു കൊലപാതക ശ്രമം. 40 ലക്ഷം രൂപ വാഗ്ദാനം നൽകിയാണ് വാടക കൊലയാളികളെ ഇയാൾ വരുത്തിയത്. 5 ലക്ഷം രൂപയാണ് വാടക കൊലയാളികൾക്ക് സാഗർ അഡ്വാൻസായി നൽകിയത്. കമ്പനി എം.ഡിക്ക് നേരെയുണ്ടായ വധശ്രമവും ഡയറക്ടറുടെ അറസ്റ്റും വിപണിയിൽ വൻ ചലനമുണ്ടാക്കി. സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ജി.എസ്.എം ഫോയിൽസിന്റെ ഓഹരി വിലയിൽ 20 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

റാന്നി മേഖലയിൽ പ്രളയസമാനമായ സാഹചര്യം

പത്തനംതിട്ട: അതി ശക്തമായ മഴയെ തുടർന്ന് റാന്നി മേഖലയിൽ പ്രളയസമാനമായ സാഹചര്യം. റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി. പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുകയാണ്. വളരെ പെട്ടെന്ന് തന്നെ വെള്ളം കയറുന്നുണ്ടെന്നാണ് പ്രദേശത്ത് നിന്ന് ലഭിക്കുന്ന വിവരം. പ്രദേശവാസികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയാണെന്നാണ് റിപ്പോർട്ട്. ആറന്മുളയിലും ജലനിരപ്പ് ഉയർന്ന സാഹചര്യമാണുള്ളത്.
കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടാനുള്ള സാദ്ധ്യത ഏറെയാണ്. മീനച്ചിലാറ്റിൽ വെള്ളം കുത്തനെ ഉയരുന്നു. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു. ഈരാറ്റുപേട്ട പനയ്ക്കാപ്പാലം റോഡിലും വെള്ളം കയറി മീനച്ചിലാറിന്റെ തീരപ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വൈക്കം കുലശേഖരമംഗലത്തെ മണലിൽ കോളനി, കുളങ്ങര കോളനി, ഇടവട്ടം തെക്ക്, മുതലക്കുഴി, ഇടക്കേരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അടിവാരം തീക്കോയി മേഖലയിലും കനത്ത മഴ തുടരുകയാണ്.

പിഎം ശ്രി യുഡിഎഫിന് പണ്ട് എൽഡിഎഫ് – ബിജെപി ഡീൽ ആണ്, ഇപ്പോൾ എന്ത് ഡീലാണന്ന് പിണറായി വിജയൻ

തിരുവനന്തപുരം:
പി എം ശ്രി വിഷയത്തിൽ യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പണ്ട് അവർക്കത് എൽഡിഎഫ് – ബിജെപി ഡീലിന്റെ ഭാഗമായിരുന്നു, ഇപ്പോൾ അത് എന്ത് ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ നടപ്പാക്കുന്ന പി എം ശ്രി കോൺഗ്രസ് സർക്കാരുകൾ നയിക്കുന്ന സംസ്ഥാനങ്ങളെല്ലാം അംഗീകരിച്ചിരുന്നു. കേരളത്തിലെ എൽഡിഎഫ് സർക്കാർ ഇത് നടപ്പാക്കുന്നതിന് സന്നദ്ധമായിരുന്നില്ല. ആ പി എം ശ്രീയുടെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാക്കണമെന്നും എൽഡിഎഫ് ആഗ്രഹിച്ചിരുന്നില്ല.

യുഡിഎഫ് ആ ഘട്ടത്തിൽ പിഎം ശ്രീക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ചു. ഡീൽ ആരോപണത്തിന്റെ ഭാഗമായി വ്യാപകമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. ജനവിധിയിലൂടെ യുഡിഎഫിന്റെ കൈയിലേക്ക് ഭരണം മാറുന്ന ദിവസം വരെ അവരുടെ നിലപാട് ഇതുതന്നെ ആയിരുന്നു.

അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് വരെ പറഞ്ഞവരുണ്ട്. എന്നാൽ സർക്കാർ തങ്ങളുടെ കൈയിലായതോടെ പഴയ നിലപാടിൽ നിന്ന് തകിടം മറിയുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇപ്പോൾ പിഎം ശ്രീ നടപ്പാക്കുന്നതിന്റെ വാദങ്ങൾ ഉന്നയിക്കുകയാണ്.

മുഖ്യമന്ത്രിക്ക് പുറമെ മുസ്ലിം ലീഗും ഒറ്റയടിക്ക് മറുകണ്ടം ചാടുന്ന നിലയാണുള്ളത്. എൽഡിഎഫ് സർക്കാർ പി എം ശ്രീയുടെ ഭാഗമായുള്ള ഫണ്ട് കൈപ്പറ്റി എന്നും, എംഓയു ഒപ്പിട്ടു എന്നും അതുകൊണ്ട് ഇനി ഈ പദ്ധതിയിൽ നിന്ന് പിന്മാറാൻ പറ്റില്ല എന്നുമൊക്കെയാണ് ഇത്രയും നാൾ സമർത്ഥിക്കാൻ ശ്രമിച്ചത്.

എൽഡിഎഫ് സർക്കാർ എംഓയു ഒപ്പിട്ടു എന്നത് ശരിയാണ്. എന്നാൽ നയപരമായ നിലപാടെടുത്തുകൊണ്ട് തന്നെ എൽഡിഎഫ് സർക്കാർ അത് മരവിപ്പിക്കുകയും ഇക്കാര്യം കേന്ദ്രസർക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. അന്നത്തെ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി കേന്ദ്രത്തിൽ പോയി ബന്ധപ്പെട്ടവരെ കണ്ട് ഇത് അറിയിക്കുകയും ചെയ്തു.

പി എം ശ്രി നടപ്പാക്കാനാവശ്യമായ തുടർനടപടികളിൽ ഒന്ന് പോലും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നില്ല. ഇ വി അബ്ദുൽവഹാബ് പാർലമെൻറിൽ ചോദിച്ച ചോദ്യത്തിന് കിട്ടിയ മറുപടിയിൽ പദ്ധതിയിൽ ചേരാതിരിക്കുകയോ ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങുകയോ ചെയ്താൽ പി എം ശ്രി പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടും എന്നാണ് പറഞ്ഞത്.

അതായത് നിയമപരമായി പിന്മാറാൻ യാതൊരു തടസവും ഇല്ല. വ്യക്തമായി കേന്ദ്രസർക്കാർ ആ നിലപാട് പറഞ്ഞ് കഴിഞ്ഞു. കാവി അജണ്ടകൾ വിദ്യാഭ്യാസനയത്തിൽ കൊണ്ടുവരാനുള്ള ശ്രമമാണ് പിഎം ശ്രി വഴി കേന്ദ്രം നടത്തിയത്. അതിനു കുടപിടിക്കുന്ന നിലപാടിലേക്ക് മലക്കം മരിയൻ യുഡിഎഫിന് അധികം കാലതാമസം എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കനത്ത മഴ; കോട്ടയത്തും ഇടുക്കിയിലുമായി ഉരുൾപൊട്ടൽ, നാല് മരണം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പെയ്യുന്ന കനത്ത മഴ വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കി. അതിശക്തമായ മഴയെ തുടർന്ന് കോട്ടയത്തും ഇടുക്കിയിലുമായി ഉണ്ടായ ഉരുൾപൊട്ടലുകളിൽ നാല് പേർ മരിച്ചു. നിരവധി നദികൾ കരകവിഞ്ഞൊഴുകുകയും പല പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും വീടുകളും കടകളും വെള്ളത്തിനടിയിലാകുകയും ചെയ്തു.
ഇടുക്കി വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് പ്രഭാകരൻ നായർ (72) മരിച്ചു. വൈക്കം സ്വദേശിയായ അദ്ദേഹം ബന്ധുവീട്ടിൽ എത്തിയതായിരുന്നു. നാല് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇടുക്കി കുടയത്തൂർ അടൂർമലയിലെ ഉരുൾപൊട്ടലിൽ ഏഴാം വാർഡിലെ മഷിക്കല്ലേൽ സുമതി മരിച്ചു. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്നാണ് അപകടമുണ്ടായത്.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്തും ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. വീട് തകർന്നുവീണതിനെ തുടർന്ന് മണക്കാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി (24) മണ്ണിനടിയിൽപ്പെട്ട് മരിച്ചു. ജോണിയുടെ ഭാര്യ റെജീനയും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിലെ ജീവനക്കാരിയായിരുന്നു റെജീന.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. നൂറോളം സ്ഥലങ്ങളിൽ റോഡുകളിലേക്ക് മരങ്ങളും മണ്ണും വീണതായും ചിലയിടങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥൻ ശേഖർ കുര്യാക്കോസ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ വീണ്ടും കുറവ്

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ വീണ്ടും കുറവ്. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 200 രൂപയിലേറെയാണ് ഒറ്റയടിക്ക് കുറച്ചിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം (ജൂലൈ 1, 2026) രാജ്യവ്യാപകമായി 183.50 രൂപയാണ് കുറച്ചിരുന്നത്. പശ്ചിമേഷ്യയിലെയും ആഗോള വിപണിയിലെയും അസ്ഥിരതകളെ തുടർന്ന് മുൻപ് വില വർധിപ്പിച്ചിരുന്നെങ്കിലും, കഴിഞ്ഞ മാസത്തിന് പിന്നാലെ തുടർച്ചയായ രണ്ടാം തവണയാണ് ഇന്ധന വിലയിൽ ആശ്വാസകരമായ ഇടിവുണ്ടാകുന്നത്.

അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. നിലവിൽ ഗാർഹിക സിലിണ്ടർ വിലകൾ രാജ്യത്ത് മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപ കുറച്ചു. ഇതോടെ ഡൽഹിയിലെ പുതിയ വാണിജ്യ സിലിണ്ടർ വില 2,728 രൂപയായി മാറി. കൊൽക്കത്തയിൽ സിലിണ്ടറിന് 209 രൂപയാണ് കുറഞ്ഞത്. കൊൽക്കത്തയിലെ പുതിയ വില 2,872 രൂപയാണ്.

വിലക്കുറവ് രാജ്യത്തെ ഹോട്ടൽ, റെസ്റ്റോറന്റ്, കാറ്ററിങ് മേഖലകൾക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്. വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഇന്ധനവില കുറയുന്നത് വഴി ഹോട്ടൽ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ചെലവ് ഭാരം ഒരു പരിധി വരെ കുറക്കാൻ സാധിക്കും.

പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും സമഗ്രമായി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. ഈ നിർണായക യോഗത്തിന് ശേഷമാണ് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില കുറക്കാൻ തീരുമാനമായത്. രാജ്യത്തെ ഇന്ധനലഭ്യതയും ഇന്ധനവിതരണവും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. നിലവിൽ ഇന്ത്യയിൽ എൽ.പി.ജി, പെട്രോൾ, ഡീസൽ എന്നിവക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്ന് യോഗം വിലയിരുത്തി. രാജ്യത്തെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലുകളും യോഗത്തിൽ ചർച്ചയായിട്ടുണ്ട്.