Home Blog Page 312

മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം, 3 മരണം, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം. 3 പേര്‍ മരിച്ചു. കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടില്‍ ലീലാമണി എന്നയാളുടെ വീടിനു മുകളിലും മണ്ണു വീണു. ഇവരുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിന്‍ ജോണിയും മരിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലും കോന്നിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളും മുങ്ങി. കോട്ടയത്ത് പാല, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. കെ കെ റോഡില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിൽ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം. മഴ കനത്തതോടെ കോതമംഗലത്തെ പൂയംകുട്ടി പുഴ കരകവിഞ്ഞൊഴുകുകയാണ്. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായി.

ഇതോടെ ഈ മേഖലയിലെ ജങ്കാർ സർവീസ് തടസപ്പെട്ടു. ചപ്പാത്ത് മുങ്ങിയതോടെ ഉറിയംപെട്ടി, വെള്ളാരംകുത്ത്, വാര്യം, കുഞ്ചിപ്പാറ, തലവച്ചപ്പാറ, തേര, കല്ലേലിമേട് തുടങ്ങിയ മലയോര ഗ്രാമങ്ങളും ആദിവാസി ഊരുകളും പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

പത്തനംതിട്ടയില്‍ 2018-ലെ മഹാപ്രളയത്തിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേവലം രണ്ടു മണിക്കൂറിനുള്ളില്‍ പമ്പാ നദി രൗദ്രഭാവം പൂണ്ട് കവിഞ്ഞൊഴുകി. പത്തനംതിട്ട തൂമ്പാക്കുളത്ത് ശക്തമായ ഉരുള്‍പൊട്ടലുണ്ടാവുകയും തേക്കുതോട് കൊച്ചുപാലം വെള്ളത്തിനടിയിലാവുകയും ചെയ്തു. പമ്പയ്ക്ക് പുറമെ കക്കട്ടാറിലും ജലനിരപ്പ് അപകടനില കടന്ന് ഉയരുകയാണ്.

മഴ കനത്തതോടെ റാന്നി, കോന്നി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ആളുകള്‍ വീടുകളുടെ രണ്ടാം നിലയില്‍ വരെ അഭയം തേടിയതോടെ ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. റാന്നിയിലെ പല പഞ്ചായത്തുകളും പുറംലോകവുമായി ഒറ്റപ്പെട്ടു. പെട്ടെന്നുണ്ടായ പ്രളയത്തില്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

ഇടുക്കി ജില്ലയിലും സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നു. ഉപ്പുതറയില്‍ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണെങ്കിലും ഉദ്യോഗസ്ഥര്‍ ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. വാഗമണ്ണിലും ഈരാറ്റുപേട്ട റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

കോട്ടയത്ത് കനത്തമഴ; മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ, യുവാവ് മരിച്ചു, ഒരാൾക്കായി തിരച്ചിൽ

കോട്ടയം: മധ്യകേരളത്തിലെ മലയോര മേഖലയിൽ തുടരുന്ന കനത്തമഴയ്ക്ക് പിന്നാലെ കോട്ടയം ജില്ലയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം വണ്ടൻപ്ലാവിലാണ് ഏറ്റവും ശക്തമായ ഉരുൾപൊട്ടലുണ്ടായത്.
ഉരുൾപൊട്ടലിൽ മണക്കാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി (24) മരിച്ചു. ജോണിയുടെ ഭാര്യയെ കാണാതായതിനെ തുടർന്ന് രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
പൂഞ്ഞാർ പെരിങ്ങുളത്തും ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. പഞ്ചായത്ത് അംഗം ബിൻസി മാർട്ടിന്റെ വീടിന് സമീപത്താണ് അപകടം ഉണ്ടായത്. കനത്ത മണ്ണും ചെളിയും നിറഞ്ഞതിനാൽ മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താനായത്. അപകടത്തിൽ കാലിന് പരിക്കേറ്റ ബിൻസി മാർട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മലയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കനത്ത മഴയും വെള്ളപ്പൊക്കവും: കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി

മുക്കം: കനത്ത മഴയില്‍ ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിൻ്റെ ശനിയാഴ്ചത്തെ മത്സരങ്ങൾ റദ്ദാക്കി. അധികൃതരുടെ നിർദേശപ്രകാരം കയാക്കിംഗ് താരങ്ങളെയും കയാക്കിങ് ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

പുലിക്കയത്തുനിന്ന് കയാക്കി സെന്ററിന്റെ ഭാഗത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന് നിർദേശമുണ്ട്.

ഗ്ലാസ്‌ഗോയിൽ ഇന്ത്യയ്ക്ക് മെഡൽമഴ; നീരജിന് വെള്ളി, യഷ്‌വീറിന് വെങ്കലം

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിലെ പുരുഷ ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യയ്ക്ക് വെള്ളിയും വെങ്കലവും. ഒളിംപിക് സ്വർണ മെഡൽ ജേതാവ് Neeraj Chopra 85.83 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ, യുവതാരം Yashveer Singh അവസാന ശ്രമത്തിൽ 85.41 മീറ്റർ എറിഞ്ഞ് വെങ്കലം നേടി. 89.75 മീറ്ററുമായി ശ്രീലങ്കയുടെ Rumesh Tharanga Pathirage സ്വർണം നേടി.
ആദ്യ അഞ്ച് ശ്രമങ്ങൾക്കുശേഷം ആറാം സ്ഥാനത്തായിരുന്ന യഷ്‌വീർ, അവസാന എറിയിൽ വ്യക്തിഗത മികച്ച പ്രകടനം പുറത്തെടുത്താണ് മെഡൽ ഉറപ്പിച്ചത്. ഇന്ത്യയുടെ മറ്റൊരു താരം Rohit Yadav 81.56 മീറ്ററുമായി ഏഴാം സ്ഥാനത്തെത്തി. പാരീസ് ഒളിംപിക് ചാമ്പ്യൻ Arshad Nadeem ആദ്യ മൂന്ന് റൗണ്ടുകൾക്കുശേഷം പുറത്തായി ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഒൻപതാം ദിനത്തിൽ ജൂഡോയിലും അത്‌ലറ്റിക്സിലുമായി ഇന്ത്യ ആറ് മെഡലുകൾ കൂടി നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 23 ആയി. അഞ്ച് സ്വർണം, 12 വെള്ളി, ആറ് വെങ്കലം എന്നിവയുമായി ഇന്ത്യ പട്ടികയിൽ പത്താം സ്ഥാനത്താണ്. 55 സ്വർണം ഉൾപ്പെടെ 128 മെഡലുകളുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ജൂഡോയിൽ ഇന്ത്യ ചരിത്രത്തിലെ ആദ്യ രണ്ട് സ്വർണ മെഡലുകൾ നേടി. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ Asmita Dey കാനഡയുടെ ഹെയ്ഡി ക്വാച്ചിനെ തോൽപ്പിച്ച് സ്വർണം നേടി. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ Harsh Singh ഓസ്ട്രേലിയയുടെ ജോഷ്വ കാറ്റ്സിനെ പരാജയപ്പെടുത്തി സ്വർണം നേടി. കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടവും ഹർഷ് സ്വന്തമാക്കി. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ Yamini Maurya വെള്ളി മെഡൽ നേടി.
പുരുഷ ഡെക്കാത്ലണിൽ Tejaswin Shankar 7,976 പോയിന്റുമായി വെങ്കലം നേടി. കോമൺവെൽത്ത് ഗെയിംസ് ഡെക്കാത്ലണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും തേജസ്വിൻ കുറിച്ചു. ബോക്സിങ്ങിൽ സെമിഫൈനലിൽ മത്സരിച്ച 10 ഇന്ത്യൻ താരങ്ങളും വിജയിച്ച് ഫൈനലിലെത്തിയതോടെ എല്ലാവർക്കും കുറഞ്ഞത് വെള്ളി മെഡൽ ഉറപ്പായി.

കോട്ടയത്ത് ഉരുൾപൊട്ടലിൽ ഒരു മരണം; മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയത്തുണ്ടായ ഉരുൾപൊട്ടലിൽ ഒരു മരണം. പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫിൻ ജോണിയെ മരണപ്പെട്ട നിലയിൽ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തു. ജോണിയുടെ ഭാര്യ റെജീനയ്ക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. വാ​ഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

അതിശക്ത മഴയിൽ ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഒരാൾ മരിച്ചിരുന്നു. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. വീടിനുള്ളിൽ അകപ്പെട്ടിരുന്ന രവിയുടെ ഭാര്യ സുമതി മരണപ്പെട്ടു. പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടലുണ്ടായി. വാ​ഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.

അതേസമയം കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതുവരെ ആറു കേന്ദ്രങ്ങളില്ലാണ് ക്യാമ്പുകൾ തുറന്നത്. ജെ ജെ മർഫി സ്കൂൾ എന്തയാർ, സി.എം.എസ് എൽ.പി സ്കൂൾ കൂട്ടിക്കൽ, ശങ്കർ മെമ്മോറിൽ സ്കൂൾ ഇളംകാട്, തുഷാര ക്ലബ് പെരുന്തുരുത്ത്, സി എം എസ് എൽ പി സ്കൂൾ മുണ്ടക്കയം, സെൻറ് ജോസഫ് ഹൈസ്കൂൾ പുത്തൻചന്ത എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.

തഹസിൽദാർമാരുടെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്സും തദ്ദേശ സ്ഥാപനങ്ങളും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി കളക്ടർ അറിയിച്ചു. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിർദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും കളക്ടർ നിർദേശിച്ചു.

കനത്ത മഴ: 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; 6 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ റെ‍‍ഡ് അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ. പത്തനംതിട്ട വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഇടുക്കിയിലെ പ്രൊഫഷണൽ കോളേജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. 

ആറ് ജില്ലകളിൽ അടുത്ത 3 മണിക്കൂർ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെ‍ഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.

നഗരസഭയിലെ ബിജെപി കൗൺസിലർ ആർ സുഗതന് ചട്ടവിരുദ്ധമായി അവധി നൽകി, നിയമനടപടിക്ക് ഒരുങ്ങി പ്രതിപക്ഷ പാർട്ടികൾ

തിരുവനന്തപുരം. നഗരസഭയിലെ ബിജെപി കൗൺസിലർ ആർ സുഗതന് ചട്ടവിരുദ്ധമായി അവധി നൽകിയെന്ന് ആരോപിച്ച് നിയമനടപടിക്ക് ഒരുങ്ങി പ്രതിപക്ഷ പാർട്ടികൾ. കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതി നൽകിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനാണ് LDF ൻ്റെ പദ്ധതി. എന്നാൽ വിഷയം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് യുഡിഎഫ് നീക്കം.

അതേസമയം ആഭ്യന്തരവകുപ്പിൽ നിന്ന് ലഭിച്ച സുഗതന് അനുകൂലമായ കത്തിൽ പാർട്ടിക്ക് ഉള്ളിൽ തന്നെ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. കത്ത് നൽകാൻ ഇടയാക്കിയ സാഹചര്യം എന്താണെന്ന് അന്വേഷിക്കാൻ ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിലും ഇന്ന് കൂടുതൽ വ്യക്തത വന്നേക്കും.

ബിജെപിയും കോൺഗ്രസും തമ്മിൽ തിരുവനന്തപുരം കോർപറേഷനിൽ രഹസ്യ ഡീലെന്ന് LDF പാർലമെൻ്റി പാർട്ടി നേതാവ് എസ് പി ദീപക് പറഞ്ഞു. ആഭ്യന്തര വകുപ്പ് നൽകിയ കത്തിൽ ദുരൂഹതയുണ്ട്. കത്തിൻ്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം വേണമെന്നും ചട്ടവിരുദ്ധമായി അവധി അനുവദിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും എസ് പി ദീപക് പറഞ്ഞു.

എസ് ശ്രീജിത്ത് ഡിജിപി ആകും,ബിവറേജസ് കോർപ്പറേഷൻ CMD ആയി യോഗേഷ് ഗുപ്ത

തിരുവനന്തപുരം.ബിവറേജസ് കോർപ്പറേഷൻ CMD ആയി യോഗേഷ് ഗുപ്തയെ നിയമിച്ചു. സി എം ഡി ആയിരുന്ന എം ആർ അജിത് കുമാർ സസ്പെൻഷനിൽ ആയതിനെ തുടർന്നാണ് പുതിയ നിയമനം. ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തന കേസിലാണ് എം ആർ അജിത് കുമാർ സസ്പെൻഷനിൽ ആയത്. എക്സൈസ് മന്ത്രിയായി ചുമതലയേറ്റ ഉടൻ മന്ത്രി എം ലിജു ആവശ്യപ്പെട്ടത് എം ആർ അജിത് കുമാറിനെ CMD സ്ഥാനത്തുനിന്ന് മാറ്റണമെന്നായിരുന്നു.


ബൽറാം കുമാർ ഉപാധ്യായ ഫയർ ആൻഡ് റെസ്ക്യൂ തലപ്പത്തേക്ക് എത്തി. എം ആർ അജിത് കുമാർ സസ്പെൻഷനിൽ ആയതിനാൽ സീനിയോറിറ്റി പട്ടികയിൽ ഉണ്ടായിരുന്ന എസ് ശ്രീജിത്ത് ഡിജിപി ആകും.

ലൈംഗിക അധിക്ഷേപ കേസിൽ ആലപ്പുഴ സ്വദേശി ബ്രദർ മാത്യൂ ആൽവിൻ അറസ്റ്റിൽ

ആലപ്പുഴ .ലൈംഗിക അധിക്ഷേപ കേസിൽ ആലപ്പുഴ സ്വദേശി ബ്രദർ മാത്യൂ ആൽവിൻ അറസ്റ്റിൽ. രാത്രിയോടെ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ആൽവിൻ നടത്തി വന്നിരുന്ന അഗതിമന്ദിരത്തിലെ ജീവനക്കാരിയാണ് ആൽവിനെതിരെ ലൈംഗിക അധിക്ഷേപ പരാതി നൽകിയത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ഫോൺ കോൾ റെക്കോർഡുകളും ജീവനക്കാരി പുറത്തുവിട്ടിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നലായൊണ് കീഴടങ്ങൽ. നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുൻ ഗുണ്ടയായ ഇറച്ചി ആൽവിൻ മാനസാന്തരപ്പെട്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് കടന്നതോടെയാണ് ബ്രദർ മാത്യൂ ആൽവിൻ എന്ന് അറിയപ്പെട്ടു തുടങ്ങിയത്.

ശക്തമായ മഴ പൊൻമുടിയിൽ മണ്ണിടിച്ചിൽ

തിരുവനന്തപുരം.ശക്തമായ മഴ പൊൻമുടിയിൽ മണ്ണിടിച്ചിൽ, പൊൻമുടി അടച്ചു. കല്ലാർ – പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും. ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയ കോവിലിന് മണ്ണിടിച്ചിൽ. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്

ഇന്ന് പുലർച്ച ആവാം മണ്ണിടിച്ചിൽ ഉണ്ടായത്. ഗതാഗത തടസ്സമാണ്. വിതുരയിൽ നിന്നും ഫയർഫോഴ്സും പുറപ്പെട്ടിട്ടുണ്ട്