Home Blog Page 300

ഓഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ 11 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: കേരളത്തില്‍ 11 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയ അവധിക്കലണ്ടര്‍ പ്രകാരം രാജ്യത്ത് ഓഗസ്റ്റില്‍ വിവിധ സംസ്ഥാനങ്ങളിലായി മൊത്തം 14 ദിവസമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തത്. പ്രാദേശിക, ദേശീയ അവധികള്‍ക്ക് പുറമേ എല്ലാ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഇതില്‍ ഉള്‍പ്പെടുന്നു.
സംസ്ഥാനങ്ങള്‍ക്കനുസരിച്ച് ബാങ്ക് അവധികളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഓഗസ്റ്റില്‍ ആകെ 11 ദിവസമാണ് ബാങ്കുകള്‍ക്ക് അവധി. ഞായറാഴ്ചകള്‍, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍, സ്വാതന്ത്ര്യദിനം, ഒന്നാം ഓണം, തിരുവോണം, ശ്രീനാരായണ ഗുരു ജയന്തി എന്നിവയാണ് കേരളത്തിലെ പ്രധാന അവധി ദിനങ്ങള്‍.

അവധി ദിവസങ്ങളിലും ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എടിഎം സേവനങ്ങള്‍ എന്നിവ സാധാരണപോലെ ലഭ്യമാകുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ തടസ്സമുണ്ടാകില്ല.

ഓഗസ്റ്റിലെ പ്രധാന ബാങ്ക് അവധികള്‍

ഓഗസ്റ്റ് 2 – ഞായറാഴ്ച
ഓഗസ്റ്റ് 4 – ത്രിപുരയില്‍ പ്രാദേശിക അവധി
ഓഗസ്റ്റ് 8 – രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 9 – ഞായറാഴ്ച
ഓഗസ്റ്റ് 13 – മണിപ്പൂരില്‍ പ്രാദേശിക അവധി
ഓഗസ്റ്റ് 15 – സ്വാതന്ത്ര്യദിനം (രാജ്യവ്യാപക അവധി)
ഓഗസ്റ്റ് 16 – ഞായറാഴ്ച
ഓഗസ്റ്റ് 19 – ത്രിപുരയില്‍ പ്രാദേശിക അവധി
ഓഗസ്റ്റ് 22 – നാലാം ശനിയാഴ്ച
ഓഗസ്റ്റ് 23 – ഞായറാഴ്ച
ഓഗസ്റ്റ് 25 – ഒന്നാം ഓണം (കേരളം)
ഓഗസ്റ്റ് 26 – തിരുവോണം (കേരളം)
ഓഗസ്റ്റ് 28 – ശ്രീനാരായണ ഗുരു ജയന്തി (കേരളം)
ഓഗസ്റ്റ് 30 – ഞായറാഴ്ച

ബാങ്ക് ശാഖകളില്‍ നേരിട്ട് ഇടപാടുകള്‍ നടത്തേണ്ടവര്‍ അവധി ദിവസങ്ങള്‍ കണക്കിലെടുത്ത് മുന്‍കൂട്ടി പദ്ധതി തയ്യാറാക്കണമെന്ന് ബാങ്കിങ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ആരോപണം നേരിടുന്ന ഒരാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കം, എസ് ശ്രീജിത്തിനെ ഡിജിപിയാക്കി സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതി

കൊച്ചി: എഡിജിപി ആയ എസ് ശ്രീജിത്തിനെ ഡിജിപിയാക്കി സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്നും ഹൈക്കോടതി ചോദിച്ചു. സ്ഥാനക്കയറ്റം ചട്ടങ്ങള്‍ വിരുദ്ധമാണെന്നും കോടതി വിമര്‍ശിച്ചു.

ബോഡി ബില്‍ഡര്‍മാര്‍ക്ക് ഇന്‍സ്പെക്ടര്‍ നിയമനം നല്‍കാന്‍ എഡിജിപി ശ്രീജിത്ത് വഴിവിട്ട ഇടപെടലുകള്‍ നടത്തി എന്ന് ആരോപിച്ച് കെഎം ഷാജഹാന്റെ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. അന്ന് ഹെഡ് ക്വാര്‍ട്ടര്‍ എഡിജിപിയായ എസ് ശ്രീജിത്ത് ചട്ടവിരുദ്ധമായി നിയമനം നടത്തിയത് അഴിമതിയാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യമാണ്. ഇതിനായി വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അനുമതി തേടിയിരുന്നെങ്കിലും അത് ലഭിച്ചില്ല. മുന്‍ ആഭ്യന്തര സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിന്‍ഹയും, നിലവിലെ ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലമും ശ്രീജിത്തിനെ വഴിവിട്ട് സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കെഎം ഷാജഹാന്‍ ആരോപിക്കുന്നു.

കെ.എം ഷാജഹാന്റെ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയ രണ്ടാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ആരോപണം നേരിടുന്ന ഒരാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്നും എഡിജിപി ആയ ഒരാള്‍ ഡിജിപിയായി പ്രെമോഷന്‍ നേടുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണ്ടേ എന്ന ചോദ്യവും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ സ്ഥാനക്കയറ്റം സാധാരണ നടപടി മാത്രമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ആ ഹെലികോപ്റ്റര്‍ യാത്ര വേണ്ടി വന്നത് ഇതിനാലാണ്, മുഖ്യമന്ത്രി വിശദീകരിക്കുന്നു

v d satheesan reply on events during rain disaster

തിരുവനന്തപുരം: താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കൊച്ചിയിലെത്തിയ ഒരു ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിനെ കാണാനാണ് ഹെലികോപ്റ്ററില്‍ വന്നത്. രാത്രി കാണാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അതിനായി വന്ദേഭാരതില്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ആ സംഘത്തിന് സന്ധ്യയ്ക്ക് ഡല്‍ഹിയിലേക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചു. അതേത്തുടര്‍ന്നാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് പോയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടശേഷമാണ് ഈ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് കൊച്ചിയിലെത്തിയത്. കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാന്‍ മല്‍സരിക്കുന്നതിനിടയില്‍ താന്‍ അവരെ കാണാതിരിക്കുന്നത് സംസ്ഥാനത്തിന് ദോഷകരമാകുമെന്ന് കരുതിയാണ് ഹെലികോപ്റ്റര്‍ യാത്ര നടത്തിയത്. അവരെ കണ്ടില്ലെങ്കില്‍ പിന്നെ അതും ആക്ഷേപത്തിന് കാരണമാകും. സമയക്കുറവ് മൂലമാണ് വന്ദേഭാരതില്‍ പോകാനുള്ള പ്ലാന്‍ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഏത് ഇന്‍വെസ്റ്ററാണെന്നു പറഞ്ഞാല്‍ പിന്നെ അവരെ പ്രശ്നത്തിലാക്കി അതുകൂടി ചിലര്‍ കളയും, അതിനാല്‍ പേരു വെളിപ്പെടുത്തേണ്ട സമയത്ത് മാത്രമേ പറയൂ.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിലൂടെ സര്‍ക്കാരിന് ഒരു രൂപയുടെ പോലും അധികച്ചെലവ് ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിമാസം 80 ലക്ഷം രൂപ വാടക നല്‍കി 25 മണിക്കൂര്‍ സൗജന്യമായി പറക്കാന്‍ കരാറുള്ള ഹെലികോപ്റ്ററാണ് താന്‍ ഉപയോഗിച്ചത്. ഈ 25 മണിക്കൂര്‍ ഉപയോഗിച്ചില്ലെങ്കിലും സര്‍ക്കാരിന് 80 ലക്ഷം രൂപ നല്‍കേണ്ടതുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അടുത്ത സെപ്റ്റംബര്‍ വരെയാണ് ഈ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിട്ടിരിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയോ മന്ത്രിമാരോ വളരെ കുറഞ്ഞ മണിക്കൂറുകള്‍ മാത്രമാണ് ഇത് ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ സാമ്പത്തിക നഷ്ടത്തിന്റെ ചോദ്യമേ ഉദിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

തന്റെ യാത്രയെ വിമര്‍ശിക്കുന്നവര്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍കാല യാത്രകള്‍ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് നല്‍കിയത്. ആ ചരിത്രമൊന്നും പറയിപ്പിക്കരുത്. താന്‍ ഒരു പാര്‍ട്ടി സമ്മേളനത്തിനും ഔദ്യോഗിക സംവിധാനം ഉപയോഗിച്ചിട്ടില്ല. ഒരു സ്വകാര്യ യാത്രയും നടത്തിയിട്ടില്ല. ഔദ്യോഗികമായ ആവശ്യത്തിന് തന്നെയാണ് പോയത്. സംസ്ഥാനത്തിന് ഗുണകരമായ കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ, പി എസ് സി ചെയർമാന്റെ ഫോൺ പരിശോധിക്കാനൊരുങ്ങി എസ് ഐ ടി

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാന്റെ ഫോൺ പരിശോധിക്കാനൊരുങ്ങി എസ് ഐ ടി. ആസൂത്രണ ബോർഡിലെ പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട് നടത്തുന്നതിനായി വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ. ഇതിനായി ആരൊക്കെ ബന്ധപ്പെട്ടിട്ടുണ്ട്.തുടങ്ങിയ വിശദമായിട്ടുള്ള കാര്യങ്ങൾ പരിശോധിക്കുവാൻ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണ് എസ് ഐ ടി സംഘം. പിഎസ്സി ആസ്ഥാനത്തുനിന്ന് ശേഖരിച്ച തെളിവുകൾക്കപ്പുറം ഉദ്യോഗസ്ഥരുടെയും പിഎസ്സി ചെയർമാന്റെയും മൊബൈൽ ഫോണുകൾ കൂടി ശാസ്‌ത്രിയ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരുങ്ങുന്നത്.

അതിൻ്റെ ഭാഗമായി പി എസ് സി ചെയർമാൻ എം ആർ ബൈജുവിന് പ്രത്യേക അന്വേഷണസംഘം കത്ത് നൽകിയിട്ടുണ്ട്.
ഉദ്യോഗാർത്ഥികളും ആയോ ബന്ധുക്കളുമായോ രാഷ്ട്രീയ നേതാക്കളുമായോ ബന്ധപ്പെട്ടോ എന്നാണ് അന്വേഷണം.
കൂടുതൽ പരാതികൾ എത്തിയതോടുകൂടി അന്വേഷണ സംഘത്തെ വിപുലീകരിച്ചു.

കരിഞ്ഞാലി പുഞ്ചയില്‍ നിന്തുന്നതിനിടെ യുവാവിനെ കാണാതായി

പന്തളം: കരിഞ്ഞാലി പുഞ്ചയില്‍ നിന്തുന്നതിനിടെ യുവാവിനെ കാണാതായി. ചെറുമല പ്ലാവിള പാലനില്‍ക്കുന്നതില്‍ വീട്ടില്‍ ലെനിന്‍ (32) ആണ് അപകടത്തില്‍പ്പെട്ടത്. ഉച്ചക്ക് 1 മണിയോടെയാണ് ലെനിന്‍ കുളിക്കാനിറങ്ങിയത്. പുഞ്ചയിലെ വെള്ളത്തില്‍ നീന്തുന്നതിനിടെ താഴ്ന്ന് പോവുകയായിരുന്നു.
സംഭവം നടന്ന ഉടനെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചിട്ടും യാതൊരു വിധ സജ്ജീകരണങ്ങളുമില്ലാതെയാണ് സംഘം സ്ഥലത്തെത്തിയത്. ഇതോടെ രക്ഷാപ്രവര്‍ത്തനം വൈകി. തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ വള്ളം ഇറക്കിയാണ് തിരച്ചില്‍ ആരംഭിച്ചത്. നിലവില്‍ പുഞ്ചയില്‍ ഡിങ്കി ബോട്ട് ഇറക്കി സ്‌കൂബ ഡൈവിംഗ് സംഘമെത്തി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ കരിഞ്ഞാലി പുഞ്ചയില്‍ വെള്ളം കയറി ബണ്ട് റോഡ് മുങ്ങിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ബ്രിജ് ഭൂഷണെ കോടതി കുറ്റവിമുക്തനാക്കി; ‘മുഴുവൻ സംവിധാനവും അദ്ദേഹത്തെ സംരക്ഷിച്ചു’ – വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിക്കേസിൽ ദേശീയ ഗുസ്തി ഫെഡറേഷന്റെ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് രംഗത്ത്. “മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണെ സംരക്ഷിച്ചു” എന്ന് സമൂഹമാധ്യമത്തിലൂടെയാണ് വിനേഷ് പ്രതികരിച്ചത്. കോടതി വിധി പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.

2023-ൽ രാജ്യത്തെ പ്രമുഖ വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൂന്ന് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ കോടതി വിധി വന്നത്.

ആരോപണങ്ങൾ ഉയർന്ന ഘട്ടം മുതൽ തന്നെ ബ്രിജ് ഭൂഷണെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന താരങ്ങളിലൊരാളായിരുന്നു വിനേഷ്. ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിൽ സ്വാധീനമുള്ള നേതാവിനെതിരെ പ്രതിഷേധിക്കാനും എഫ്‌ഐആർ രജിസ്റ്റർ ചെയ്യിക്കാനും വലിയ ധൈര്യം ആവശ്യമായിരുന്നുവെന്ന് അവർ പറഞ്ഞു.

സ്വന്തം രാഷ്ട്രീയ സ്വാധീനവും അധികാരവും ഉപയോഗിച്ച് പരാതിക്കാരായ വനിതാ ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തുവെന്നാണ് വിനേഷ് സമൂഹമാധ്യമ കുറിപ്പിൽ ആരോപിച്ചത്. ഇതെല്ലാം മറികടന്ന് നിരവധി വനിതാ താരങ്ങൾ ധൈര്യത്തോടെ കോടതിയെ സമീപിച്ചതായും അവർ ചൂണ്ടിക്കാട്ടി.

ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ കുറ്റക്കാരനല്ലെന്ന കോടതി വിധി അതീവ നിരാശാജനകമാണെന്ന് വിനേഷ് പ്രതികരിച്ചു. കേസിന്റെ തുടക്കം മുതൽ തന്നെ സർക്കാരും മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും അവർ വിമർശിച്ചു.

അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വനിതാ ഗുസ്തി താരങ്ങൾ അഭിഭാഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്. എത്രയും വേഗം അപ്പീൽ സമർപ്പിക്കുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും അവർ അറിയിച്ചു.

“പ്രതീക്ഷ കൈവിട്ടിട്ടില്ല. നീതി ലഭിക്കുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ല,” എന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.

മഴ ചതിച്ചു; ട്രോളിങ് നിരോധനം നീങ്ങിയിട്ടും മത്സ്യത്തൊഴിലാളികൾക്ക് നിരാശ


കൊല്ലം: അമ്പത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം വീണ്ടും കടലിലിറങ്ങാനുള്ള മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയ്ക്ക് കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി. ട്രോളിങ് നിരോധനം അവസാനിച്ച വെള്ളിയാഴ്ച അർധരാത്രിയോടെ ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ നിന്ന് ആവേശത്തോടെ കടലിലിറങ്ങിയ ബോട്ടുകളിൽ പലതും പണി തുടങ്ങാനാകാതെ പാതിവഴിയിൽ മടങ്ങേണ്ടിവന്നു.

52 ദിവസമായി തൊഴിലില്ലാതെ വീട്ടിലിരുന്ന മത്സ്യത്തൊഴിലാളികൾ വലിയ പ്രതീക്ഷയോടെയാണ് കടലിലിറങ്ങിയത്. എന്നാൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും മൂലം ആദ്യ ദിവസങ്ങളിൽ മത്സ്യബന്ധനം കാര്യമായി നടന്നില്ല. ഏകദേശം 40 വലിയ ബോട്ടുകൾ കടലിലെത്തിയെങ്കിലും വലയിടാൻ പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. ഉൾക്കടലിൽ തിരമാലകളിൽപ്പെട്ട് ബോട്ടുകൾ കറങ്ങിയതോടെ മത്സ്യബന്ധനം ദുഷ്കരമായതായി തൊഴിലാളികൾ പറഞ്ഞു.

രണ്ടാം ദിവസം ചില ബോട്ടുകൾ കടലിലിറങ്ങിയെങ്കിലും പ്രതീക്ഷിച്ച തോതിൽ മത്സ്യം ലഭിച്ചില്ല. ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ ഞായറാഴ്ച എത്തിയത് കൂടുതലും കിളിമീനും വെള്ള കണവയുമായിരുന്നു. ഇടത്തരം ബോട്ടുകൾ പലതും കടലിലിറക്കിയില്ല. കാലാവസ്ഥ മോശമായതോടെ 30-ഓളം ബോട്ടുകൾ സുരക്ഷിതമായി തുറമുഖങ്ങളിലേക്ക് മടങ്ങി നങ്കൂരമിട്ടു.

ആഴക്കടൽ മത്സ്യബന്ധനത്തിനായി പുറപ്പെട്ട വലിയ ബോട്ടുകൾ നാല് മുതൽ ഏഴ് ദിവസം വരെ കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ. അവയിൽ നിന്ന് കരിക്കാടി, കഴന്തൻ, നാരൻ, വലിയ അയല, കൊഴിയാള തുടങ്ങിയ ഇനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും.

മുന്നറിയിപ്പ് അവഗണിക്കാതെ ബോട്ടുകൾ മടങ്ങി

കടലിൽ ദുരന്തസാധ്യത നിലനിൽക്കുന്നതിനാൽ ബോട്ടുകൾ കടലിലിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഫിഷറീസ് വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു. കടലിലെ അന്തരീക്ഷം അതീവ അപകടകരമായിരുന്നുവെന്നും വലയിടാൻ പോലും സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കാലാവസ്ഥ അനുകൂലമായാൽ തിങ്കളാഴ്ച മുതൽ ജില്ലയിലെ തീരമേഖല വീണ്ടും സജീവമാകുമെന്നും മത്സ്യലഭ്യത വർധിക്കുമെന്നുമാണ് പ്രതീക്ഷ.

കിളിമീനിന് കിലോയ്ക്ക് 250 രൂപ വരെ

ഞായറാഴ്ച രാവിലെ ഹാർബറുകളിലെത്തിയ കിളിമീനും കണവയും പ്ലാസ്റ്റിക് കൊട്ട അടിസ്ഥാനത്തിലും തൂക്കത്തിലും ലേലം ചെയ്ത് വിറ്റു. വലിയ കിളിമീനിന് കിലോയ്ക്ക് 200 മുതൽ 250 രൂപ വരെയും ചെറിയ കിളിമീനിന് 150 മുതൽ 160 രൂപ വരെയും വില ലഭിച്ചു. കണവയ്ക്ക് കിലോയ്ക്ക് 500 രൂപ വരെ ലഭിച്ചു.

ചില ബോട്ടുകൾക്ക് രണ്ട് മുതൽ രണ്ടര ലക്ഷം രൂപ വരെ വരുമാനം ലഭിച്ചെങ്കിലും ഡീസൽ, ഐസ്, തൊഴിലാളികളുടെ ഭക്ഷണം, ബാറ്റ തുടങ്ങിയ ചെലവുകൾക്കായി ഏകദേശം 50,000 രൂപ വരെ ചെലവായതായി ബോട്ടുടമകൾ പറഞ്ഞു. മണ്ണെണ്ണയുടെയും ഡീസലിന്റെയും വിലവർധനയും മത്സ്യബന്ധന മേഖലയെ ബാധിക്കുന്നുണ്ട്.

പ്രതീക്ഷയോടെ ഹാർബറുകൾ വീണ്ടും ഉണരുന്നു

ട്രോളിങ് നിരോധനകാലത്ത് അടഞ്ഞുകിടന്നിരുന്ന ഹാർബറുകൾക്ക് സമീപത്തെ കടകളും അനുബന്ധ സ്ഥാപനങ്ങളും വീണ്ടും പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സ്യം വാങ്ങാനെത്തുന്ന വാഹനങ്ങളുടെ തിരക്ക് വരും ദിവസങ്ങളിൽ വർധിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ ദിവസങ്ങളിൽ മത്സ്യം കുറഞ്ഞതിനാൽ നിരവധി വ്യാപാരികൾ നിരാശരായി മടങ്ങേണ്ടിവന്നിരുന്നു.

ട്രോളിങ് നിരോധനകാലത്ത് ആഭരണങ്ങൾ പണയപ്പെടുത്തിയും സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തുമാണ് പലരും ബോട്ടുകളും വള്ളങ്ങളും അറ്റകുറ്റപ്പണികൾ നടത്തിയത്. എന്നാൽ മഴയും കടൽക്ഷോഭവും വീണ്ടും തിരിച്ചടിയായതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിലെ തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.

ട്രോളിങ് നിരോധനവും കാലാവസ്ഥാ വ്യതിയാനവും മൂലം ദുരിതത്തിലായ തൊഴിലാളികൾക്ക് റേഷനോ പഞ്ഞമാസ ആശ്വാസധനമോ ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്. സർക്കാർ സഹായവും തെളിഞ്ഞ കാലാവസ്ഥയും ലഭിച്ചാൽ മാത്രമേ മത്സ്യബന്ധന മേഖല വീണ്ടും പഴയ നിലയിലേക്ക് തിരിച്ചെത്താനാകൂ എന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.

വരുന്നെടാ കൊല്ലം പട, കേരളത്തിന്റെ സ്വന്തം സൈന്യം; ജീവൻപണയം വച്ചും പോരാടാന്‍ ഇനി ഇവര്‍

kerala fisher man rescues stranded people in 2026 flood

ഓർമ്മ ഒരുപാടൊന്നും പിന്നിലേക്ക് പോകേണ്ട ഒരുപാട് ജീവനുകൾക്ക് താങ്ങായി തണലായി മത്സ്യത്തൊഴിലാളികൾ മാറിയ നിമിഷം ഓർത്തെടുക്കാൻ. മഹാപ്രളയം കേരളത്തെ കീഴടക്കിയ സമയത്ത് കൈ മെയ് മറന്നാണ് ജീവൻ പണയം വച്ചും അവർ എത്തിയത്. ഇതാ ഒരിക്കൽ കൂടി ഒരിക്കൽ കൂടി തലയ്ക്ക് മുകളിൽ വെള്ളം പൊങ്ങിയപ്പോൾ സഹജീവികൾക്ക് രക്ഷാകരങ്ങളുമായി അവർ വീണ്ടുമെത്തി. കേരളത്തിന്റെ സാക്ഷാൽ സൈന്യം. വീണ്ടും ഒരിക്കൽ കൂടെ രക്ഷകരുടെ വേഷം മൽസ്യത്തൊഴിലാളികൾ അണിഞ്ഞപ്പോൾ ഒറ്റപ്പെട്ടുപോയ അനേകർക്ക് ആണ് അവർ ആശ്വാസം ആയി മാറിയത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ഉൾവശങ്ങളിൾ ഒറ്റപ്പെട്ട മനുഷ്യർക്കാണ് മത്സ്യത്തൊഴിലാളികൾ രക്ഷകരായത്. തങ്ങളുടെ എല്ലാ ദുരിതങ്ങളും മറന്നാണ് ദുരന്തമുഖത്ത് അവർ ഒരു സൈന്യമായി മാറുന്നത്….

ആർത്തലച്ചെത്തിയ മഴ മഹാപ്രളയമായി വഴിമാറിയൊഴുകിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പത്തനംതിട്ടയും , ആലപ്പുഴയും ഒറ്റപ്പെട്ടു. രണ്ടിടത്തും കലിതുള്ളി പെഴ്തിറങ്ങിയ മഴ നിരവധി മനുഷ്യരെയാണ് ഒറ്റപ്പെടുത്തിയത്.

തുടക്കത്തിൽ സർക്കാർ സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും കുത്തിയൊലിച്ചു വരുന്ന മഴവെള്ളപ്പാച്ചിലിനെ നേരിടാൻ അവർക്ക് കഴിയുമായിരുന്നില്ല. ഒറ്റപ്പെട്ടുപോയ മനുഷ്യരെ ആര് രക്ഷിക്കും എന്ന ചോദ്യം ഉയർന്നപ്പോൾ തന്നെ അതിനുത്തരം വന്നു. അതേ, കേരളത്തിൻറെ സൈന്യം …..സർക്കാരിന്റെ അഭ്യർത്ഥന ലഭിച്ചതിന് പിന്നാലെ കൊല്ലത്തുനിന്നും ഹരിപ്പാട്ട് നിന്നും അഴീക്കൽ നിന്നും എല്ലാം മത്സ്യത്തൊഴിലാളികൾ ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് പാഞ്ഞെത്തി.

എല്ലാ സൗകര്യങ്ങളുമായി, സൈന്യം വരും പോലെയല്ല അവർ വന്നത്. പ്രവർത്തിച്ചത്. സ്വന്തം ജോലിയും ജീവിതവുമെല്ലാം മാറ്റി വെച്ച്, ജീവനാശം അടക്കമുള്ള റിസ്കുകൾ ഒക്കെ മാറ്റിവെച്ചാണ് അവർ എത്തിയത്. അവർ ആരും രക്ഷാപ്രവർത്തന വിദഗ്ധർ ആയിരുന്നില്ല. പ്രത്യേക സജ്ജീകരണങ്ങളില്ല. എന്നിട്ടും ആരും സഹായത്തിനെത്താത്ത മനുഷ്യരുടെ അടുത്തേക്ക് യാതൊരു ലാഭേച്ചയും കൂടാതെ അവർ എത്തി.

കൈ മെയ്യ് മറന്ന് മണിക്കൂറുകൾ പണിയെടുത്താണ് അവർ ഓരോ മനുഷ്യനെയും രക്ഷാകേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. മത്സ്യത്തൊഴിലാളികളുടെ കരുത്തും ത്യാഗസന്നദ്ധതയുമാണ് പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് കരുത്തായത്.

മത്സ്യത്തൊഴിലാളികൾ നൽകുന്ന ഈ ഉറപ്പുകൂടിയാണ് കേരളത്തിൻറെ ധൈര്യം എന്ന് നിസംശയം പറയാൻ സാധിക്കും.

മഴക്കാല ഡ്രൈവിങ്; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പലയിടങ്ങളിലും വെള്ളക്കെട്ടും പ്രളയസമാന സാഹചര്യങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

മഴക്കാലത്ത് കഴിയുന്നതും വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണം. വെള്ളത്തിനടിയിൽ മറഞ്ഞുകിടക്കുന്ന ഓടകൾ, മാൻഹോളുകൾ, കുഴികൾ, ഒടിഞ്ഞ മരച്ചില്ലകൾ, വൈദ്യുത ലൈനുകൾ എന്നിവ ഗുരുതര അപകടങ്ങൾക്ക് ഇടയാക്കാം.

റോഡിൽ വെള്ളക്കെട്ട് കണ്ടാൽ വേഗത്തിൽ വാഹനം ഓടിക്കുന്നത് അപകടകരമാണ്. ചെറിയ വെള്ളക്കെട്ട് പോലും ‘അക്വാപ്ലെയിനിങ്’ (Aquaplaning) എന്ന പ്രതിഭാസത്തിന് കാരണമായി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

മഴയിൽ മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിച്ച് സഞ്ചരിക്കണം. മുന്നിലുള്ള വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം കാഴ്ച മറയ്ക്കാനും നനവുള്ള റോഡിൽ ബ്രേക്കിന്റെ കാര്യക്ഷമത കുറയാനും സാധ്യതയുള്ളതിനാൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യം അപകടകരമാകാം.

വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡുകളിലൂടെയോ യാത്ര ചെയ്യരുത്. സഡൻ ബ്രേക്കിങ് ഒഴിവാക്കി വേഗത നിയന്ത്രിച്ച് വാഹനം ഓടിക്കുന്നത് സ്കിഡ്ഡിങ് ഒഴിവാക്കാൻ സഹായിക്കും.

വെള്ളക്കെട്ടിലൂടെ പോകേണ്ട സാഹചര്യം ഒഴിവാക്കാനാകുന്നില്ലെങ്കിൽ താഴ്ന്ന ഗിയറിൽ മാത്രം വാഹനം ഓടിക്കണം. അത്തരത്തിൽ വാഹനം നിന്നുപോയാൽ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കാതെ പുറത്തിറങ്ങി സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ ശ്രമിക്കണം.

ബ്രേക്കിനുള്ളിൽ വെള്ളം കയറിയെന്ന് സംശയമുണ്ടെങ്കിൽ ഫസ്റ്റ് ഗിയറിൽ പതുക്കെ സഞ്ചരിച്ചുകൊണ്ട് ബ്രേക്ക് സാവധാനം അമർത്തി ഉണക്കിയശേഷം അതിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം. വെള്ളക്കെട്ടിലൂടെ കടന്നുപോകുമ്പോൾ എയർ കണ്ടീഷണർ ഓഫ് ചെയ്യുന്നതും നല്ലതാണ്.

മഴക്കാലത്ത് മരങ്ങളുടെ ചുവട്ടിലോ മലഞ്ചെരിവുകളിലോ ഹൈടെൻഷൻ വൈദ്യുത ലൈനുകൾക്കു താഴെയോ വാഹനം പാർക്ക് ചെയ്യരുത്. പാർക്ക് ചെയ്ത വാഹനത്തിൽ വെള്ളം കയറിയാൽ ഒരിക്കലും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കാതെ സർവിസ് സെന്ററിന്റെ സഹായം തേടണം.

ട്രാഫിക് തടസ്സങ്ങൾ കൂടുതലാകുന്ന കാലമായതിനാൽ സമയം കണക്കാക്കി നേരത്തെ യാത്ര ആരംഭിക്കുന്നതും ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യാതിരിക്കുന്നതും സുരക്ഷിതമാണ്. യാത്രയ്ക്ക് മുമ്പ് ടയറുകൾ, ബ്രേക്കുകൾ, ലൈറ്റുകൾ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.