
സംസ്ഥാനത്തെ കാലാവസ്ഥ സ്ഥിതിഗതികൾ വിലയിരുത്തി ഉന്നതതല യോഗം,പത്തനംതിട്ട ഒഴികെയുള്ള ബാക്കി ജില്ലകളിൽ കാര്യങ്ങൾ നിയന്ത്രണവിധേയം
സംസ്ഥാനത്തെ കാലാവസ്ഥ സ്ഥിതിഗതികൾ വിലയിരുത്തി ഉന്നതതല യോഗം. പത്തനംതിട്ട ഒഴികെയുള്ള ബാക്കി ജില്ലകളിൽ കാര്യങ്ങൾ നിയന്ത്രണവിധേയമായെന്ന് വിലയിരുത്തൽ. ഏതു സാഹചര്യത്തെയും നേരിടാൻ വിദഗ്ധ സംഘത്തെയും തയ്യാറാക്കി.
സംസ്ഥാനത്ത് 316 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 11,018 പേരാണ് സംസ്ഥാനത്തെ മുഴുവൻ ക്യാമ്പുകളിലുമായി നിലവിലുള്ളത്. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. പത്തനംതിട്ടയിലേക്ക് മാത്രം കൊല്ലത്തുനിന്ന് 14 ബോട്ടുകൾ എത്തിച്ചിട്ടുണ്ട്. സുരൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്റർ എത്തിച്ചു. എൻ.ഡി.ആർ.എഫ് സംഘവും സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലാ കളക്ടർമാരുമായി തുടർച്ചയായി യോഗവും നടക്കുന്നുണ്ട്.
15 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏഴു പേരെ കാണാനില്ല. 165 ഹെക്ടർ സ്ഥലത്ത് കൃഷിനാശം ഉണ്ടായി . മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്ക് പതിനായിരം രൂപ നൽകും. വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായും 10000 രൂപ നൽകും. മരിച്ചവരുടെ കുടുംബത്തിനായി 8 ലക്ഷം രൂപ ധനസഹായം നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങി വീട് പണിയാനുള്ള ധനസഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർത്തി. വീട് പണിയാനുള്ള തുക 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷമായി. കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം വർധിപ്പിക്കാനും തീരുമാനമായി. എത്ര രൂപ വർദ്ധിപ്പിക്കണമെന്ന് കൃഷിവകുപ്പ് നിർദ്ദേശം നൽകുന്നതനുസരിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും.
ആശുപത്രികളിൽ മരുന്ന് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി. ചുമതലയുള്ള ജില്ലകളിൽ മന്ത്രിമാർ അവിടെ തങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകും.
എനാത്ത് പാലത്തിൽ ഫെൻസിങ് സ്ഥാപിക്കുന്നു
കൊട്ടാരക്കര: കല്ലട ആറിന് കുറുകെ എം സി റോഡിൽ എനാത്ത് പാലത്തിൽ ഫെൻസിങ് സ്ഥാപിച്ചു തുടങ്ങി. ആത്മഹത്യ മുനമ്പായി മാറിയ എനാത്ത് പാലത്തിൽ ഫെൻസിങ് സ്ഥാപിക്കണമെന്ന് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. പാലത്തിന്റെ കൈവരികൾക്ക് പൊക്കമില്ലാത്തതിനാൽ ആളുകൾ ഇവിടെയെത്തി കൈവരികളിൽ കയറിയാണ് ആറ്റിലേക്ക് ചാടുന്നത്. ഇത് മൂലം പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. ആത്മഹത്യ ഏറിയതോടെ ഫെൻസിങ് സ്ഥാപിക്കണമെന്ന് ആവശ്യമായി കുളക്കട, എനാത്ത് പഞ്ചായത്ത് കളിലെ ജന പ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും പൊതു പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
കാലവർഷക്കെടുതിയിൽ അടിയന്തര യോഗം ചേർന്നു, പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കും, മുഖ്യമന്ത്രി
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ അടിയന്തര യോഗം ചേർന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണ സെക്രട്ടറി യോഗം ചേർന്ന് മുൻകരുതൽ എടുത്തിരുന്നു. ഐഎംഡിയുടെ അതിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രിയാണ്. പരിശോധിക്കാൻ മറ്റ് സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 165 ഹെക്ടറിൽ കൃഷിനാശമുണ്ടായി. ഡാമുകളിൽ നിന്ന് വെള്ളമൊഴുക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും വ്യാജ പ്രചാരണത്തിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാൽ കര്‍ശന നടപടി വരും. ഒരു ഡാമിലും വെള്ളം അധികമില്ലെന്നും തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. നിലവിൽ മൂഴിയാറിൽ മാത്രമാണ് പ്രശ്നമുള്ളത്. 350 മില്ലീമീറ്റര്‍ വരെ മഴ പെയ്തതാണ് പ്രശ്നം. പ്രളയക്കെടുതിയിൽ മരിച്ചവരുടെ സംസ്കാര ചടങ്ങിന് 10000 രൂപ നൽകും. വീടുകളിൽ വെള്ളം കയറിയവര്‍ക്കും 10000 രൂപ നൽകും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും നൽകും.
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,05,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 13,220 രൂപ നൽകണം.
അന്താരാഷ്ട്ര വിപണിയിലെ ചില ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. എണ്ണവില കുറഞ്ഞതും അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പലിശനിരക്കിൽ മാറ്റം വരുത്താതിരിക്കാനുള്ള തീരുമാനവും വിലയിൽ പ്രതിഫലിച്ചതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു.
അമേരിക്ക-ഇറാൻ സംഘർഷത്തിൽ അയവ് വന്നതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 85 ഡോളറിന് താഴെയെത്തിയതാണ് പ്രധാന കാരണം. ഇതിന്റെ പ്രതിഫലനം സ്വർണവിലയിലും പ്രകടമായി.
അന്താരാഷ്ട്ര വിപണിയിലെ തുടർചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ വർഷം ജനുവരി 29-നാണ് സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡായ പവന്‍ 1,31,160 രൂപയിലെത്തിയത്. അതേസമയം, കഴിഞ്ഞ ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
ബിസിനസിൽ തിളങ്ങി, കാവ്യ! ഈ രൂപമാറ്റത്തിന് പിന്നിലും കഥകൾ! മീനാക്ഷിയുടെ കൈകളും പിന്നിൽ
ഒരു സമയത്ത് മലയാള സിനിയമയിലെ സൗന്ദര്യറാണി ആരെന്ന ചോദ്യത്തിന്, ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ യുവത്വത്തിന് പറയാൻ. കാവ്യാ മാധവൻ. ഒരുപാട് നായികമാർ മലയാള സിനിമയിൽ വരുകയും പോവുകയും ചെയ്തിട്ടുണ്ട് എങ്കിലും സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ടും ഇന്നും കാവ്യ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ മായിക സൗന്ദര്യമാണ്. പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വം. വിവാഹത്തോടെ കുടുംബത്തിനായി ഇൻഡസ്ട്രി വിട്ടുവെങ്കിലും സ്വന്തം ബ്രാൻഡിന്റെ പ്രമോഷൻ ഭാഗമായി ഇൻസ്റ്റയിൽ തരംഗമാണ് ഇപ്പോൾ കക്ഷി. ഒന്ന് രണ്ടുവര്ഷങ്ങള്ക്ക് മുൻപേ തുടങ്ങിയ ഇൻസ്റ്റാഗ്രാം ഇപ്പോൾ ആരാധകരെ കൊണ്ട് നിറയുകയാണ്.
ഓണത്തിന് തന്റെ ബ്രാൻഡിലെ പുത്തൻ വേഷത്തിലാണ് കാവ്യാ ചിത്രങ്ങളിലും വീഡിയോസിലും നിറയുന്നത്. മനോഹരമായ ചിരികൊണ്ടും, കഥപറയുന്ന കണ്ണുകൾ കൊണ്ടും കാവ്യ ലക്ഷകണക്കിന് വ്യൂസ് ആണ് ചുരുങ്ങിയ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ നേടുന്നത്.
സാരിയിലും സൽവാറിലും അതി സുന്ദരിയായി എത്തിയ കാവ്യ തന്റെ ബ്രാൻഡിന് വേണ്ടിയാണു മോഡൽ കുപ്പായം അണിഞ്ഞിരിക്കുന്നത്. പ്രസവത്തോടെ ശരീരസൗന്ദര്യം കുറഞ്ഞുപോയെന്ന സംസാരം പൊതുവെ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു എങ്കിലും ഗോസിപ്പുകാരുടെ വായടപ്പിക്കുന്ന തരത്തിൽ ആയിരുന്നു കാവ്യ പിന്നെ ഒരു മേക്കോവർ നടത്തിയത്.
സൗന്ദര്യസംരക്ഷണത്തിനായി നൂതന ചിലിത്സകൾ കാവ്യാ നടത്തിയെന്ന വർത്തമാനം നിലനിൽക്കുന്നുണ്ട് എങ്കിലും മീനാക്ഷി ദിലീപ് ആണ് കാവ്യയുടെ സൗന്ദര്യ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് എന്ന സംസാരവും കുറവല്ല. എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഡെര്മറ്റോളജിയിൽ ആണ് എംഡി ചെയ്യുന്നതും. അതുകൊണ്ടുതന്നെ സൗന്ദര്യ സംരക്ഷണ മേഖലയിലെ നൂതന മാറ്റങ്ങൾ മാറ്റരേക്കാൾ കൂടുതൽ മീനാക്ഷിക്ക് അറിയുകയും ചെയ്യാം. എന്തുതന്നെ ആയാലും ഈ വമ്പൻ മേക്കോവറിൽ മലയാള സിനിമയിലേക്ക് ഒരിക്കൽ കൂടി കാവ്യാ മാധവൻ വരണമെന്നാണ് ഓരോ ആരാധകരുടെയും ആഗ്രഹവും.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം ,പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യം, വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയില്‍ നിലനില്‍ക്കില്ല
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയാല്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
മാസപ്പടി കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ ഇന്ന് പരിഗണിച്ചത്. 5 ആം പ്രതി ശ്രീജിത്ത്, ഏഴാംപ്രതി അനില്‍കുമാര്‍, ഷഫീഖ്, കിരണ്‍, നിഷാദ്. ജീവന്‍ അടക്കം 11 പ്രതികളാണ് ജാമ്യ ഹര്‍ജിയുമായി കോടതിയിലെത്തിയിരുന്നത്. 65 ദിവസത്തിലധികമായി ജയിലിലാണെന്നും അന്വേഷണം അവസാനഘട്ടത്തിലായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും ഹര്‍ജിയിലുണ്ടായിരുന്നു. അതേ സമയം പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ ഇ ഡി ഹൈക്കോടതിയില്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയത് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ആണെന്നും അന്വേഷണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നുമാണ് ഹൈക്കോടതിയെ അറിയിച്ചത്. ഉപാധികളോടെയാണ് 9 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
നെല്ലിയാമ്പതി ചുരത്തിൽ ബസ് അപകടം; ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരം
നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു. താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ തത്ക്ഷണം മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു,ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പോത്തുണ്ടി ചെക്ക് പോസ്റ്റിന് മുകളിലായാണ് അപകടം.
രാവിലെ ഏകദേശം 9.30ഓട് കൂടിയാണ് അപകടം സംഭവിച്ചത്. താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയിൽ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി രക്ഷാപ്രവർത്തനം തുടരുന്നതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
updating…
ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്, റൂട്രോണിക്സ് എംഡി സ്ഥാനവും നഷ്ടമാകും
തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്. റൂട്രോണിക്സ് എംഡി സ്ഥാനവും നഷ്ടമാകും. കശുവണ്ടി കോർപറേഷൻ അഴിമതി കേസിൽ പ്രതിയാണ് കെ എ രതീഷ്. മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. രതീഷ് തുടരുന്നത് ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. കേരള കശുവണ്ടി വികസന കോര്‍പറേഷന്‍റെ മുൻ മാനേജിംഗ് ഡയറക്ടറുമായിരുന്നു കെ എ രതീഷ്. ഇപ്പോഴും മൂന്ന് സ്ഥാനങ്ങളുടെ തലപ്പത്ത് തുടരുന്നത് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.



































