Home Blog Page 280

നടുക്കം,തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു

തൃശൂര്‍: എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. 84 വയസുകാരിയായ കാര്‍ത്യായനിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

വയോധികയുടെ മകനായ അറുപത് വയസുകാരനായ ഭിന്നശേഷിക്കാരനും നായയുടെ കടിയേറ്റു. നായ നാട്ടിലെ മറ്റ് നായ്ക്കളെയും കടിച്ചിട്ടുണ്ട്. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടാനായിട്ടില്ല. മുറിയില്‍ കടന്നുകയറി ആക്രമിച്ചാണ് വയോധികയെ കൊലപ്പെടുത്തിയത്.

ALSO READ :

മുറിയില്‍ രക്തം തളം കെട്ടിയ നിലയിലാണ്. ശരീരമാകെ കടിച്ചുകീറി മുഖം വികൃതമായ നിലയിലാണ്. മകന് മാനസികപ്രശ്നമുള്ളയാളാണ് . വീണ് കിടപ്പിലായ നിലയിലുള്ള കാര്‍ത്യായനിക്കും മകനുമായി വൈകിട്ട് ഭക്ഷ ണമെത്തിച്ച മറ്റൊരു മകനാണ് അപകടം അറിഞ്ഞത്. വീട്ടില്‍നിന്നും നായ ഇറങ്ങി ഓടുന്നത് ഇയാള്‍ കണ്ടു.

പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നടത്തുന്നജീവിത സമര യാത്രക്ക് ശാസ്താംകോട്ടയിൽ സ്വീകരണം നൽകി

ശാസ്താംകോട്ട:പിണറായി സർക്കാരിന്റെ ജനദ്രോഹനയത്തിനും,അവകാശ നിഷേധത്തിനുമെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകുന്ന ദക്ഷിണമേഖല ജീവിത സമര യാത്രയ്ക്ക് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ടൗണിൽ സ്വീകരണം നൽകി.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ ഉല്ലാസ് കോവൂർ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ ജി ജയചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയുമായ ടി.എസ് സലിം,സംസ്ഥാന വൈസ് പ്രസിഡന്റ്‌ മധുസൂദനൻ,ജില്ലാപ്രസിഡന്റ്‌ വാരിയത്ത് മോഹൻകുമാർ,സംസ്ഥാന സെക്രട്ടറി എം.സുജയ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രൊഫ.ചന്ദ്രശേഖരൻ പിള്ള,എ.എ റഷീദ്,എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി ധനോജ് കുമാർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.മുഹമ്മദ്‌ കുഞ്ഞ്,യശോദരൻ പിള്ള,അബ്ദുൽ ഖാദർ,ജില്ലാ സെക്രട്ടറി എൻ.സോമൻപിള്ള,ട്രഷറർ അബ്ദുൽ സലാം,വൈസ് പ്രസിഡന്റ്‌ രാജശേഖരൻ പിള്ള,നിയോജകമണ്ഡലം സെക്രട്ടറി എം.ഐ നാസർ ഷാ,വനിതാ ഫോറം പ്രസിഡന്റ്‌ അസൂറ അർത്തിയിൽ,സംസ്ഥാന കൗൺസിൽ അംഗം ശൂരനാട് വാസു,നിയോജകമണ്ഡലം ട്രഷറർ സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു.

വാമനപുരത്ത് പിഞ്ചുകുഞ്ഞിന്റെ മരണം: അമ്മ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ. കണിച്ചോട് അശ്വതി – സുഭാഷ് ദമ്പതികളുടെ ഒന്നരവയസുള്ള മകൾ പവിത്രയാണ് മരിച്ചത്. അശ്വതിയെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.

വ്യാഴം വൈകുന്നേരം കുഞ്ഞിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തൊഴിലുറപ്പ് ജോലിക്ക് ശേഷം മുത്തശ്ശി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് കിടക്കുകയായിരുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്നാണ് മുത്തശ്ശി കരുതിയിരുന്നത്. എന്നാൽ പിന്നീട് തട്ടിവിളിച്ചിട്ടും കുഞ്ഞ് എഴുന്നേറ്റില്ല. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

പരിശോധനയിൽ കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ചുണ്ടും മുറിഞ്ഞിട്ടുണ്ട്. അശ്വതി നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് സൂചന.

തൊഴിലുറപ്പ് ജോലിക്ക് ശേഷം മുത്തശ്ശി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് കട്ടിലിൽ കിടക്കുകയായിരുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്നാണ് മുത്തശ്ശി കരുതിയിരുന്നത്. എന്നാൽ പിന്നീട് തട്ടിവിളിച്ചിട്ടും കുഞ്ഞ് എഴുന്നേറ്റില്ല. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോവാൻ അനുമതി നൽകി ഇറാൻ

പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോവാൻ അനുമതി നൽകി ഇറാൻ. ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് മാത്രമാണ് അനുമതി. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ ചർച്ചകളിലാണ് നിർണായക തീരുമാനം.

ALSO READ :

‘പുഷ്പക്’, ‘പരിമൾ’ എന്നീ രണ്ട് ഇന്ത്യൻ ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുവെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മണിക്കൂറുകളിലും അമേരിക്കയുടെ അടക്കം രണ്ട് കപ്പലുകൾ ഇറാൻ അന്തർവാഹിനി ഡ്രോൺ ഉപയോഗിച്ച് തകർത്തിരുന്നു. ഇതിനിടയിലാണ് ഇന്ത്യയിലേക്കുള്ള 2 കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

പാചകവാതക ക്ഷാമം , ഭക്ഷണ ബുക്കിങ്ങുകൾ വ്യാപകമായി റദ്ദാക്കാൻ നിർബന്ധിതരാകുന്നു,കാറ്ററിങ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാറ്ററിങ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പാചകവാതകം ലഭ്യമല്ലാത്തതിനാൽ വിവാഹങ്ങൾക്കും റമദാൻ നോമ്പുതുറയുമായി ബന്ധപ്പെട്ട ഇഫ്താർ സംഗമങ്ങൾക്കും ഉൾപ്പെടെ ലഭിച്ച ഭക്ഷണ ബുക്കിങ്ങുകൾ വ്യാപകമായി റദ്ദാക്കാൻ നിർബന്ധിതരായിരിക്കുകയാണ് കാറ്ററിങ് സ്ഥാപനങ്ങൾ. ഈ വ്യവസായം തന്നെ നിലച്ചുപോകുന്ന അവസ്ഥയാണുള്ളതെന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയ തൊഴിൽ നഷ്ടമുണ്ടാകുമെന്നും ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.

നിയന്ത്രണങ്ങൾ ഇരുട്ടടി

പല പ്രധാന കാറ്ററിങ് സ്ഥാപനങ്ങളുടെ പക്കലും വ്യാഴാഴ്ച വരെയുള്ള ആവശ്യങ്ങൾക്ക് മാത്രമുള്ള പാചകവാതക സിലിണ്ടറുകൾ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളതെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വി സുനുകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സാധാരണഗതിയിൽ വലിയ വിവാഹ ചടങ്ങുകൾക്കും മറ്റും ഭക്ഷണം പാചകം ചെയ്യുന്നതിനായി ഏകദേശം പതിനഞ്ച് മുതൽ ഇരുപത് സിലിണ്ടറുകൾ വരെ ആവശ്യമായി വരാറുണ്ട്.

എന്നാൽ നിലവിലെ സാഹചര്യത്തിൽ ക്വാട്ടയ്ക്ക് പുറമേ അഞ്ച് സിലിണ്ടറുകൾ മാത്രമേ സംസ്ഥാനത്തെ ഭക്ഷണശാലകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും അധികമായി കരുതിവയ്ക്കാൻ സാധിക്കൂ എന്ന സർക്കാർ നിർദേശം കൂടി പുറത്തുവന്നിട്ടുണ്ട്. ഈ നിയന്ത്രണം കൂടി വന്നതോടെ കാറ്ററിങ് സ്ഥാപനങ്ങളുടെ പ്രതിസന്ധി ഇരട്ടിയായി വർധിച്ചു. വലിയ ഓർഡറുകൾ ഏറ്റെടുത്ത് നടത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും വ്യവസായത്തെ ഇത് സാരമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ അറിയാത്ത പുതിയ തൊഴിലാളികള്‍

പാചകവാതകത്തിന് പകരമായി വിറക് ലഭ്യമാണെങ്കിലും അതുകൊണ്ട് പൂർണമായി പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. വിറകടുപ്പിൽ വലിയ അളവിൽ ഭക്ഷണം പാചകം ചെയ്യാൻ അറിയുന്ന തൊഴിലാളികളെ ഇപ്പോൾ കിട്ടാനില്ല എന്നതാണ് പ്രധാന വെല്ലുവിളി. ഫ്രൈഡ് റൈസ് പോലെയുള്ള ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുമ്പോഴാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ നേരിടുന്നത്.

ALSO READ :

പാചകവാതക ക്ഷാമത്തെ തുടർന്ന് കാറ്ററിങ് സ്ഥാപനങ്ങൾ താത്കാലികമായി അടച്ചുപൂട്ടേണ്ടി വന്നാൽ നിലവിലുള്ള ജോലിക്കാർ പലവഴിക്കും പോകും. പിന്നീട് സ്ഥാപനം തുറക്കുമ്പോൾ പാചകം അറിയാവുന്ന ഈ തൊഴിലാളികളെ തിരികെ കണ്ടെത്തുക എന്നത് വലിയ പ്രതിസന്ധിയായി മാറും. ഇതിന് പരിഹാരമായി വീട്ടാവശ്യങ്ങൾക്കായി നൽകുന്ന സിലിണ്ടറുകൾ തങ്ങൾക്കും ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

ആയിരങ്ങൾ തൊഴില്‍ രഹിതരാകും

ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷന് തിരുവനന്തപുരം ജില്ലയിൽ മാത്രം നാനൂറോളം അംഗങ്ങളുണ്ട്. ഇവരുടെ കീഴിലായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ഈ മേഖലയെ മാത്രം ആശ്രയിച്ചാണ് കഴിയുന്നത്. പറഞ്ഞ സമയത്തിന് ഓർഡർ നൽകിയവർക്ക് ഭക്ഷണം നൽകാൻ കഴിയാതെ വരുന്നത് കാറ്ററിങ് സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.

ഇതിനൊരു പരിഹാരമെന്ന നിലയിൽ ഈറോഡിൽ നിന്നും കോയമ്പത്തൂരിൽ നിന്നും വിറകടുപ്പുകൾ കൊണ്ടുവരാൻ ചില സ്ഥാപന ഉടമകളെങ്കിലും ശ്രമിക്കുന്നുണ്ട്. വളരെ കുറച്ച് വിറക് മാത്രം ഉപയോഗിച്ചാൽ മതിയാകും എന്നതാണ് ഈ അടുപ്പുകളെക്കുറിച്ച് വ്യാപകമായി പ്രചരിക്കുന്ന വിവരം. ഇതു കണ്ടാണ് ആളുകൾ അടുപ്പ് വാങ്ങാൻ തയ്യാറാകുന്നത്. എന്നാൽ ഇവയ്ക്ക് വില വളരെ കൂടുതലാണ്. മാത്രമല്ല അവയുടെ പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നും കാറ്ററിങ് ഉടമകൾ പറയുന്നു.

അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കില്‍ തകര്‍ച്ച

കാറ്ററിങ് മേഖല നേരിടുന്ന ഈ വലിയ പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളും എണ്ണക്കമ്പനികളും അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ഒന്നടങ്കം ആവശ്യപ്പെട്ടു. പാചകവാതക വിതരണം സുഗമമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. വാർത്താസമ്മേളനത്തിൽ വർക്കിങ് പ്രസിഡൻ്റ് വൈ എം ഹാഷിം, വർക്കിങ് സെക്രട്ടറി ഫ്രാൻസിസ്, സംസ്ഥാന ട്രഷറർ ആർ മോഹൻകുമാർ എന്നിവരും പങ്കെടുത്തു.

ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിടുമെന്ന സൂചന,കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം. കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു. ദേവസ്വം ബോർഡ് കോളജിലേക്കുള്ള സ്ഥലമാറ്റത്തിനും അംഗീകാരം നൽകി. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വി.സി ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി.

സർവകലാശാല സമർപ്പിച്ച റിപ്പോർട്ടിന്മേൽ അനിൽകുമാറിൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ ഗവർണർ ഉത്തരവ് നൽകിയിരുന്നു. ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടേക്കാം എന്ന നിഗമനത്തിലാണ് വി.സിയുടെ നടപടി. അനിൽകുമാറിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

ALSO READ:

രജിസ്ട്രാർ ആയി അനിൽകുമാർ വരികയും പുനർ നിയമനം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർ – വിസി തർക്കം ആരംഭിക്കുന്നത്. പിന്നീട് ഇത് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഭാരതാംബ വിവാദത്തെ തുടർന്ന് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തു. അത് ​ഗവർണർ ഉൾപ്പടെ ശരിവെക്കുകയും ചെയ്തിരുന്നു.

എന്നാൽ, സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനിൽ കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് അനിൽകുമാറിന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചുകൊണ്ട് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലേക്ക് പ്രിൻസിപ്പാളായി മാറ്റി സർക്കാർ ഉത്തരവിറക്കിയത്. ഡോ.കെ എസ് അനില്‍കുമാര്‍ ശാസ്താംകോട്ട കെഎസ്എം ഡിബികോളജില്‍ പ്രിന്‍സിപ്പലായി തുടരുകയാണിപ്പോള്‍.

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർഥിയെ മർദിച്ചു

തിരുവനന്തപുരം: കോലിയക്കോട് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർഥിയെ മർദിച്ചു. വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷൻ കോളേജിലെ വിദ്യാർഥി അഭയകൃഷ്ണനെയാണ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രതാപൻ മർദിച്ചത്.വാഹനപരിശോധനക്കിടെ നിർത്താതെ പോയതിനായിരുന്നു മർദനം. വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

നെടുമങ്ങാട് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറാണ് പ്രതാപൻ.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ബൈക്കിൽ വരികയായിരുന്ന അഭയകൃഷ്ണൻ ഹെൽമറ്റ് ധരിച്ചിട്ടില്ലായിരുന്നു. ഉദ്യോഗസ്ഥനെ പെട്ടെന്ന് കണ്ടപ്പോൾ നിർത്താൻ കഴിഞ്ഞില്ല. മുന്നോട്ട് കയറ്റി നിർത്താനാണ് ഉദ്ദേശിച്ചതെന്നാണ് വിദ്യാർഥി പറയുന്നത്. അഭയകൃഷ്ണന്് പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.

11,000 രൂപ പിഴ ഈടാക്കുമെന്ന് ആദ്യം പറഞ്ഞത്. പിന്നീട് 6500 രൂപ നൽകാൻ പറഞ്ഞു. ഓഫീസിലേക്ക് കൊണ്ടുവരണ്ട, തന്റെ കയ്യിൽ തന്നാൽ മതിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും ആരോപണമുണ്ട്.

തന്‍റെ പ്രായത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി മോണോലിസ

തിരുവനന്തപുരം: ഫർമാനുമായുള്ള വിവാഹത്തെത്തുടർന്നുണ്ടായ വിവാദങ്ങൾ തള്ളി മൊണാലിസ ഭോസ്‌ലെ രംഗത്ത്. ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും നിരത്തിയാണ് മൊണാലിസ തന്‍റെ പ്രായത്തെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകിയത്. വെള്ളിയാഴ്ച വൈകിട്ട് നടന്ന മൊണാലിസയുടെയും ഫർമാന്‍റെയും വിവാഹത്തിന് പിന്നാലെ മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് മൊണാലിസ ഭർത്താവ് ഫർമാനും സുഹൃത്ത് അസമിനുമൊപ്പം വ്യാഴാഴ്ച തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തിയത്.

മൊണാലിസയുടെ ജനനതീയതി 2008 ജനുവരി ഒന്നാണെന്ന് ഫർമാൻ പറഞ്ഞു. തങ്ങൾ ഒളിച്ചോടിയതാണെന്ന പ്രചാരണം ശരിയല്ല. 10 ദിവസം മുൻപ് ഷൂട്ടിങ്ങിനായി പിതാവിനൊപ്പമാണ് മൊണാലിസ കേരളത്തിലെത്തിയത്. തങ്ങളുടെ വിവാഹം ലൗ ജിഹാദാണെന്ന് പല ഉത്തരേന്ത്യൻ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നു. ഞങ്ങൾ രണ്ടുപേരും മതം മാറിയിട്ടില്ല. ഇപ്പോഴും ഞാൻ മുസ്‌ലിമും മൊണാലിസ ഹിന്ദുവുമാണ്. എല്ലാ വിശ്വാസങ്ങളും ഒന്നാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഫർമാൻ പറഞ്ഞു.

പേരിനെക്കുറിച്ചുള്ള വിവാദങ്ങൾക്കും മൊണാലിസ മറുപടി നൽകി. തന്‍റെ പേര് മോനാ ബോസ്‌ലെ എന്നല്ല. ആധാർ കാർഡിൽ മൊണാലിസ എന്നും മറ്റ് രേഖകളിൽ മൊണാലിസ ഭോസ്‌ലെ എന്നുമാണ്. വിവാഹം കഴിക്കാൻ താനാണ് ഫർമാനെ നിർബന്ധിച്ചത്. സഹോദരനെപ്പോലെ കരുതുന്ന ബന്ധുവായ വ്യക്തിയെ വിവാഹം കഴിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടു. ആ വിവാഹത്തിന് എനിക്ക് താത്പര്യമില്ലായിരുന്നെന്നും മൊണാലിസ പറഞ്ഞു.

ALSO READ:

  • കേരള സർക്കാരിന്‍റെ കെ-സ്മാർട്ട് (K-SMART) ആപ്പ് വഴിയാണ് വിവാഹം രജിസ്റ്റർ ചെയ്തതെന്നും പൂവാർ പഞ്ചായത്തിൽ നിന്നും ക്ഷേത്രത്തിൽ നിന്നും വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും ഇരുവരും അറിയിച്ചു. മൊണാലിസയുടെ ആഗ്രഹപ്രകാരം ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.
  • എല്ലാ മതങ്ങളെയും ഒരേപോലെ ബഹുമാനിക്കുന്നുവെന്ന് ഫർമാൻ പറഞ്ഞു. പി. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ‘നാഗമ്മ’ എന്ന മലയാള സിനിമയുടെ പൂജയ്ക്കിടെ ആറുമാസം മുൻപാണ് ഉത്തർപ്രദേശ് സ്വദേശിയായ ഫർമാനും മധ്യപ്രദേശ് ഖാർഗോൺ സ്വദേശിനിയായ മൊണാലിസയും പരിചയപ്പെടുന്നത്. ചിത്രത്തിൽ ഫർമാൻ വില്ലനായും മൊണാലിസ നായികയായുമാണ് അഭിനയിക്കുന്നത്. കേരളത്തിലെ ജനങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയിൽ വലിയ സന്തോഷമുണ്ടെന്നും മൊണാലിസയ്ക്ക് താല്പര്യമുണ്ടെങ്കിൽ കേരളത്തിൽ തന്നെ സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഫർമാൻ കൂട്ടിച്ചേർത്തു.
  • കേരളം തങ്ങൾക്ക് പ്രിയപ്പെട്ട സ്ഥലമാണെന്ന് ഇരുവരും പറഞ്ഞു. ഇവിടുള്ളവർ മനുഷ്യനെ മനുഷ്യനായാണ് കാണുന്നത്. ജാതി-മത വേർതിരിവുകളൊന്നും ഇവിടെയില്ല. തങ്ങളുടെ വിവാഹം ഇത്ര വലുതായി നടക്കുമെന്ന് കരുതിയില്ല. വിവാഹത്തിനെത്തിയ മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എം.പി., ക്ഷേത്രം ഭാരവാഹികൾ, ജനങ്ങൾ തുടങ്ങി എല്ലാവരോടും നന്ദിയുണ്ടെന്നും ഫർമാൻ പറഞ്ഞു.

കൊച്ചിയിൽ അവസരവർഷം; പത്താം ക്ലാസ് മുതൽ യോഗ്യതക്കാർക്ക് അപേക്ഷിക്കാം

തൊഴിൽമേള മാർച്ച് 13ന്

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. 15 ഒഴിവുകളിലേക്കാണ് അഭിമുഖം. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, പിജി, ബിടെക് യോഗ്യതക്കാർക്കു പങ്കെടുക്കാം. മാർച്ച് 13 നു 10ന് നോർത്ത് പറവൂർ കേസരി ആർട്സ് ആൻഡ് സയൻസ് കോളജിൽ ബയോഡേറ്റയുടെ അഞ്ച് കോപ്പി സഹിതം ഹാജരാകുക. 0484–2422452.

ഔഷധിയിൽ 3 ഒഴിവ്

തൃശൂർ ഔഷധിയിൽ ജൂനിയർ റിസർച് ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ 3 ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം മാർച്ച് 14 നു 10.30 ന്. www.oushadhi.org

ഇൻസ്ട്രക്ടർ

മരട് ഗവ. ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം മാർച്ച് 13 നു 10.30ന് മരട് ഗവ. ഐടിഐ ഓഫിസിൽ. 0484–2700142.

ALSO READ :

സൈക്യാട്രിസ്റ്റ്

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ കേരളയിൽ ഐസിഎംആർ പ്രോജക്ടിൽ സൈക്യാട്രിസ്റ്റ് ഒഴിവ്. മാർച്ച് 18നു മുൻപായി അപേക്ഷിക്കണം. www.shsrc.kerala.gov.in

ഹോസ്റ്റൽ വാർഡൻ

കേരള സംസ്ഥാന വനിതാ വികസന കോർപറേഷനു കീഴിലെ വനിതാ ഹോസ്റ്റലിൽ വാർഡൻ ഒഴിവ്. അഭിമുഖം മാർച്ച് 13 നു 10.30ന് എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ മേഖല ഓഫിസിൽ. 91889 41788.
സംഗീത അധ്യാപകർ

സംഗീത അധ്യാപക ഒഴിവ്. അഭിമുഖം മാർച്ച് 16നു 10ന് കൊച്ചി നേവൽ ബേസിലെ പിഎംശ്രീ കേന്ദ്രീയ വിദ്യാലയ നമ്പർ ഒന്നിൽ നടക്കും. 0484-2668472.

അധ്യാപകർ

സെന്റ് തെരേസാസ് കോളജിൽ പുതുതായി ആരംഭിക്കുന്ന മാസ്റ്റേഴ്സ് ഇൻ കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഡ്യുവൽ പ്രോഗ്രാമിൽ സീനിയർ, ജൂനിയർ അധ്യാപക ഒഴിവ്. യോഗ്യത ജേണലിസത്തിൽ പിജി. അഞ്ചു ദിവസത്തിനകം അപേക്ഷിക്കുക. dualdegreejournalism@teresas.ac.in. 6282402318.

ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ,സംസ്ഥാന രാഷ്ട്രീയത്തിൽ ഇനിയും വിസ്മയങ്ങൾ സംഭവിക്കുമെന്ന് വിഡി സതീശൻ,

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ ഇനിയും വിസ്മയങ്ങൾ സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുതിർന്ന നേതാവ് ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് വിഡി സതീശൻ്റെ പ്രതികരണം. സിപിഎം നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെ തുടർന്നും പാർട്ടിയുടെ തെറ്റായ നടപടികളെ വിമർശിച്ചിട്ടും നേതൃത്വം മുഖംതിരിക്കുന്നതിനാലുമാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഭരണത്തിൻ്റെ യാതൊരു സൗകര്യങ്ങളും ലഭിക്കാത്ത സാധാരണ പ്രവർത്തകർ സിപിഎം വിട്ട് കോൺഗ്രസിലേക്ക് എത്തുന്ന പുതിയ ട്രെൻഡാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിൻ്റെ പുതുയുഗ യാത്രയിൽ പങ്കെടുത്ത നൂറ്റിയിരുപതിലധികം വേദികളിൽ നൂറോളമിടത്തും സിപിഎം വിട്ടുവന്ന ലോക്കൽ നേതാക്കളെയും പ്രവർത്തകരെയും കാണാൻ കഴിഞ്ഞു. താൻ നേരിട്ട് നിരവധി പേർക്കാണ് പാർട്ടി അംഗത്വം നൽകിയത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇത്ര വലിയൊരു കൊഴിഞ്ഞുപോക്ക് മുൻപ് ഉണ്ടായിട്ടില്ല.

താഴെത്തട്ടിൽ സംഭവിക്കുന്ന ഈ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. പലയിടത്തും അറിയപ്പെടുന്ന പ്രാദേശിക നേതാക്കളാണ് പാർട്ടി വിടുന്നത്. പാലക്കാട് സമ്മേളനത്തിൽ പങ്കെടുത്തവരിൽ പലരും പാർട്ടി വിട്ടതും സിപിഎമ്മിൻ്റെ കോട്ടയായ പയ്യന്നൂരിൽ കുഞ്ഞുകൃഷ്ണൻ യോഗം വിളിച്ചപ്പോൾ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും ഇതിന് തെളിവാണ്. പിണറായി സർക്കാരിൻ്റെ പത്ത് വർഷത്തെ ഭരണമാണ് പാർട്ടിയെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് എത്തിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.

ALSO READ :

മുതിർന്ന നേതാവ് ജി സുധാകരൻ പരസ്യവിമർശനം ഉന്നയിച്ചിട്ടും പാർട്ടിയുടെ ജനറൽ സെക്രട്ടറിയോ സംസ്ഥാന സെക്രട്ടറിയോ പ്രതികരിക്കാൻ തയാറായില്ല. വിഷയം പാർട്ടി ചർച്ച ചെയ്യട്ടെ എന്ന നിലപാടിലാണ് നേതാക്കൾ. പാർട്ടിയിൽ ഇനി അനുനയ നീക്കങ്ങൾക്ക് സാധ്യതയില്ല. പല വിഷയങ്ങളിലും കൃത്യമായ അഭിപ്രായം പറയാൻ സിപിഎമ്മിന് കഴിയുന്നില്ല. കെബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രി അവളോടൊപ്പമാണോ അതോ അവനോടൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അധികാരത്തിൻ്റെ അഹങ്കാരത്തിൽ ചെയ്തുകൂട്ടിയ കാര്യങ്ങളെല്ലാം സിപിഎമ്മിന് തിരിച്ചടിയാവുകയാണ്.

നല്ല കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ സഹയാത്രികരും പാർട്ടിയുമായി പൂർണമായും അകന്നുകഴിഞ്ഞു. ഇന്നത്തെ സിപിഎമ്മിൻ്റെ സംസ്കാരം തീവ്ര വലതുപക്ഷ സംസ്കാരമാണെന്നും സംഘപരിവാർ സഞ്ചരിക്കുന്ന അതേ വഴിയിലൂടെയാണ് പാർട്ടിയുടെ യാത്രയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വർഗീയതയോടും തീവ്ര വലതുപക്ഷവാദത്തോടും നിരന്തരം വിട്ടുവീഴ്ച ചെയ്യുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ ഇളകിയതിൻ്റെ അവസാനത്തെ ഉദാഹരണമാണ് ജി സുധാകരൻ്റെ പുതിയ നിലപാടുകളെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

സർക്കാരിനെതിരായ ജനങ്ങളുടെ അതിശക്തമായ വികാരം മറച്ചുവയ്ക്കാൻ ഖജനാവിൽ നിന്ന് കോടികൾ എടുത്താണ് പിആർ പ്രചാരണം നടത്തുന്നത്. കേരളം ഭരിച്ച ഒരു സർക്കാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇങ്ങനെ ഖജനാവ് ഉപയോഗിച്ചിട്ടില്ല. സ്വന്തം പാർട്ടിയുടെ പണം എടുക്കുന്നതിന് പകരം ജനങ്ങളുടെ നികുതിപ്പണമാണ് പിണറായി വിജയനും സിപിഎമ്മും ഇതിനായി ചെലവാക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അഞ്ച് മാസമായി പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാകുന്നില്ല. പത്ത് ലക്ഷത്തിന് താഴെയുള്ളവ മാറ്റിവയ്ക്കുകയാണ്. പണനിയന്ത്രണം സംബന്ധിച്ച ഉത്തരവുകൾ ധനകാര്യ വകുപ്പ് ദിവസവും ഇറക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പിആർ പ്രചാരണങ്ങളെ ഇതൊന്നും ബാധിക്കുന്നില്ല. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വൻതോതിൽ പണം ചെലവഴിച്ച് തെറ്റായ പ്രചാരണങ്ങളാണ് സർക്കാർ നടത്തുന്നതെന്നും സതീശൻ വിശദീകരിച്ചു.

പത്ത് വർഷം കൊണ്ട് ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ നൽകിയെന്ന സർക്കാരിൻ്റെ അവകാശവാദം ഊതിവീർപ്പിച്ച കണക്കാണ്. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് അഞ്ച് പദ്ധതികളിലൂടെ അഞ്ച് വർഷം കൊണ്ട് നാല് ലക്ഷത്തി പതിമൂവായിരം വീടുകൾ നിർമിച്ചു നൽകിയെന്ന് മന്ത്രിമാർ തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അന്ന് പണി തുടങ്ങിയ വീടുകൾ ഉൾപ്പെടെയാണ് ഇപ്പോഴത്തെ അഞ്ച് ലക്ഷമെന്ന് പറയുന്ന കണക്കിലുള്ളത്. അതിനാൽ മുൻ ഭരണവുമായി യാതൊരു താരതമ്യവുമില്ല. സംസ്ഥാനത്ത് പവർ കട്ട് ഒഴിവാക്കി എന്നുള്ളതും തെറ്റായ പ്രചാരണമാണ്. വിഎസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള പവർ കോറിഡോർ ഇല്ലാതിരുന്നതായിരുന്നു അന്നത്തെ പ്രധാന പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സത്യസന്ധനായ കമ്യൂണിസ്റ്റിനോട് ചെയ്തത് കൊടുംചതിയെന്ന് ചെന്നിത്തല

അതേസമയം ജി സുധാകരനെതിരെ സിപിഎം സ്വീകരിച്ച നടപടികളെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കവെ രൂക്ഷമായി വിമർശിച്ചു. അരനൂറ്റാണ്ടിലേറെക്കാലം പാർട്ടിക്കുവേണ്ടി നിസ്വാർഥമായി പ്രവർത്തിച്ച, തികഞ്ഞ സത്യസന്ധനായ കമ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ സിപിഎം അപമാനിച്ച് പുറത്താക്കുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വിദ്യാർഥി കാലഘട്ടം മുതൽ സുധാകരനെ നേരിട്ടറിയാമെന്നും പ്രസംഗ മത്സരങ്ങളിലും പരിപാടികളിലും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ടെന്നും ചെന്നിത്തല ഓർമിച്ചു. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യങ്ങൾ എക്കാലത്തും ഉയർത്തിപ്പിടിച്ച വ്യക്തിയാണ് സുധാകരൻ. അഞ്ച് തവണ എംഎൽഎയായപ്പോഴും ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിയായപ്പോഴും അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ പൊതുപ്രവർത്തകനാണ് മുൻ മന്ത്രി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവർക്കും ജി സുധാകരനെക്കുറിച്ച് വ്യക്തിപരമായി നല്ല അഭിപ്രായമാണുള്ളത്.

കഴിഞ്ഞ അഞ്ചാറ് വർഷത്തോളമായി പാർട്ടി പ്രവർത്തകർ തന്നെ സുധാകരനെ നിരന്തരം വേട്ടയാടുകയും പിതാവിനെ ഉൾപ്പെടെ മോശമായി ചിത്രീകരിക്കുകയും ചെയ്തു. രക്തസാക്ഷി കുടുംബത്തിൽ നിന്നുള്ള ഒരംഗത്തെയാണ് സിപിഎം ഇത്തരത്തിൽ അപമാനിച്ച് പുറത്താക്കിയത്. അഴിമതിയില്ലാത്ത ഒരു യഥാർഥ കമ്യൂണിസ്റ്റിനെയാണ് സിപിഎം വേട്ടയാടുന്നത്. ഇത് കമ്യൂണിസ്റ്റ് പാർട്ടി കാണിച്ച ഏറ്റവും വലിയ ചതിയും വഞ്ചനയുമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

അറുപത്തിയഞ്ച് വർഷമായി പാർട്ടിക്ക് വേണ്ടി എല്ലാം ത്യജിച്ച ഒരു നേതാവിനുണ്ടായ മനോവേദന കേരളം ചർച്ച ചെയ്യേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമോ എന്നതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ യുഡിഎഫ് പിന്തുണയ്ക്കുമോ എന്ന കാര്യം കോൺഗ്രസും യുഡിഎഫ് നേതൃത്വവും കൂടിയാലോചിച്ച് തീരുമാനമെടുക്കും.

ഇത്തരമൊരു പൊതുപ്രവർത്തകൻ നിയമസഭയിൽ വരുന്നത് നല്ല കാര്യമാണെന്നാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായമെന്നും അക്കാര്യത്തിൽ പാർട്ടിയും മുന്നണിയും ആലപ്പുഴ ജില്ലാ നേതൃത്വവും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സുധാകരൻ്റെ ഈ നീക്കം സിപിഎമ്മിന് വലിയ തിരിച്ചടിയാകുമെന്നും മുൻ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.