കൊച്ചി: എറണാകുളം ജില്ലയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് രണ്ടിടത്ത് സംഭവങ്ങൾ. കിഴക്കേ കടുങ്ങല്ലൂരിലും ഫോർട്ട്കൊച്ചി അമരാവതിയിലുമാണ് കുട്ടികൾ രക്ഷപ്പെട്ടത്. രണ്ടിടത്തും സമീപത്തെ കടകളിലേക്ക് ഓടിക്കയറിയാണ് കുട്ടികൾ രക്ഷപ്പെട്ടത്.
കിഴക്കേ കടുങ്ങല്ലൂരിൽ ചൊവ്വാഴ്ച വൈകീട്ട് പമ്പുകവലയിലാണ് നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സ്വകാര്യ സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയുടെ കൈയിൽ പിടിച്ച യുവാവ് വീട്ടിൽ കൊണ്ടുപോയിവിടാമെന്ന് പറഞ്ഞെന്നാണ് വിവരം. യുവാവിൽനിന്ന് കുതറിയ കുട്ടി സമീപത്തെ കടയിൽ ഓടിക്കയറി.
പിന്നാലെ യുവാവും കടയിലെത്തി കുട്ടി തന്റെ സഹോദരിയുടെ മകളാണെന്നും കൂടെ വിടണമെന്നും കടക്കാരോട് പറഞ്ഞു. എന്നാൽ യുവാവ് തനിക്ക് പരിചയക്കാരനല്ലെന്ന് കുട്ടി വ്യക്തമാക്കിയതോടെ നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചു. പഞ്ചായത്തംഗം ശ്രീകുമാർ മുല്ലേപ്പിള്ളി വിവരമറിയിച്ചതിനെ തുടർന്ന് ബിനാനിപുരം പൊലീസ് സ്ഥലത്തെത്തി യു.സി. കോളേജ് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഫോർട്ട്കൊച്ചി അമരാവതിയിൽ വൈകീട്ട് അഞ്ചോടെയാണ് അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയ രണ്ടുപേർ പിടികൂടി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടി കുതറിയോടി സമീപത്തെ കടയിൽ അഭയം തേടി.
കടക്കാരി കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. തുടർന്ന് പിതാവ് ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; എറണാകുളത്ത് രണ്ടിടത്ത് സംഭവം
ബേക്കറിയിൽനിന്ന് വാങ്ങിയ ബ്രെഡ്ഡിനുള്ളിൽ ചത്ത പല്ലി
ഇടക്കൊച്ചിയിലെ ബേക്കറിയിൽനിന്ന് വാങ്ങിയ ബ്രെഡ്ഡിനുള്ളിൽ ചത്ത പല്ലികളെ കണ്ടെത്തി. തിങ്കളാഴ്ച ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷ് വാങ്ങിയ ബ്രെഡ്ഡിനുള്ളിൽനിന്നാണ് രണ്ട് ചത്ത പല്ലികളെ കിട്ടിയത്. പാമ്പായ്‌മൂലയിൽ പ്രവർത്തിക്കുന്ന ന്യൂക്വാളിറ്റി ബേക്കറിയിൽനിന്നാണ് ബ്രെഡ് വാങ്ങിയത്. ഇവിടെത്തന്നെ തയ്യാറാക്കുന്ന ബ്രെഡാണിത്. കടയുടമയെ അറിയിച്ചെങ്കിലും വിഷയം ഗൗരവത്തിലെടുക്കാതെ ഇവരെ പറഞ്ഞയക്കുകയായിരുന്നു.
ബ്രെഡ് കഴിച്ച് ഛർദിയും അവശതയുംതോന്നിയ ദിവ്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.പരാതിയെത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തിയെങ്കിലും ബേക്കറി അടച്ചിട്ടനിലയിലായിരുന്നു. പിന്നീട് ഉടമയെ വിളിച്ചുവരുത്തി പരിശോധന നടത്തി 25,000 രൂപ പിഴയിട്ടു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ബേക്കറിയുടെ പാചകപ്പുര പ്രവർത്തിച്ചിരുന്നത്. കൂടുതൽ പരിശോധന നടത്തിയശേഷമേ ബേക്കറി തുറക്കാൻ അനുവാദം നൽകുകയുള്ളൂവെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എം ലത പറഞ്ഞു.
10 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം; ജോർജീനയെ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ
നീണ്ടകാലത്തെ പ്രണയത്തിനും കാത്തിരിപ്പിനും ഒടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളി ജോർജീന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കായിസിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
ഇരുവരുടെയും അഞ്ച് മക്കളും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. വിവാഹമോതിരങ്ങൾ അണിഞ്ഞ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് റൊണാൾഡോ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
ഏകദേശം പത്ത് വർഷമായി ഒരുമിച്ച് കഴിയുന്ന റൊണാൾഡോയും ജോർജീനയും ഏറെക്കാലമായി വിവാഹിതരാകുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ടാണ് ഇരുവരും വിവാഹിതരായത്.
മികച്ച എഐ എഞ്ചിനീയർമാർക്കായി കർസറിന്റെ ‘മാസ്’ റിക്രൂട്ട്‌മെന്റ്
തീവ്രമായ എഐ മത്സരങ്ങൾക്കിടയിൽ മികച്ച പ്രതിഭകളെ ആകർഷിക്കാൻ വേറിട്ട റിക്രൂട്ട്‌മെന്റ് തന്ത്രങ്ങളുമായി കോഡിങ് പ്ലാറ്റ്‌ഫോമായ കർസർ. ഡെയ്‌ലി സ്റ്റാൻഡ് അപ്പുകൾ, കാൻഡിഡേറ്റുകൾക്കായി മാത്രമുള്ള സ്വകാര്യ സ്ലാക്ക് ചാനലുകൾ, വ്യക്തിഗതമായ സമ്മാനങ്ങൾ എന്നിവയടങ്ങുന്ന ടീം-ബേസ്ഡ് സമീപനമാണ് കമ്പനി സ്വീകരിക്കുന്നത്.
ജീവനക്കാരെ കമ്പനിയിലേക്ക് ആകർഷിക്കുന്നത് ടീം വർക്കാണ് എന്ന് കർസറിന്റെ ഹെഡ് ഓഫ് ടാലന്റ് മാറ്റ് വാർഡ് വ്യക്തമാക്കുന്നു. പ്രധാനപ്പെട്ട ഓരോ കാൻഡിഡേറ്റിനായും പ്രത്യേക സ്ലാക്ക് ചാനലുകൾ ആരംഭിക്കുകയും ടീമിന്റെ ഭാഗമാക്കാൻ ദിവസേന സ്റ്റാൻഡ്‌അപ്പ് മീറ്റിങ്ങുകൾ നടത്തുകയും ചെയ്യുന്നു.
മുൻപ് ക്ലാസിക്കൽ വയലിനിസ്റ്റ് ആയിരുന്ന ഒരു കാൻഡിഡേറ്റിനായി ന്യൂയോർക്കിലെ പ്രത്യേക മ്യൂസിക് സ്റ്റോറിൽ നിന്ന് ടർക്കിഷ് ഗിറ്റാർ സമ്മാനമായി നൽകിയ അനുഭവം മാറ്റ് വാർഡ് പങ്കുവെച്ചു.
തുടക്കകാലത്ത് കാൻഡിഡേറ്റുകൾ ‘നോ’ പറഞ്ഞാലും അവരെ നേരിൽ കാണാൻ ലോകത്തിന്റെ അറ്റത്തേക്ക് വരെ വിമാനത്തിൽ പറന്നിട്ടുണ്ടെന്ന് കർസർ സി.ഇ.ഒ മൈക്കൽ ട്രൂവൽ വെളിപ്പെടുത്തിയിരുന്നു.
ജനറൽ റിക്രൂട്ട്‌മെന്റിന് പകരം പ്രത്യേക റോൾ ചെയ്യാൻ കഴിവുള്ള ചുരുക്കം ആളുകളെ കണ്ടെത്തി (ഉദാഹരണത്തിന്, ലോകത്ത് ഇത് ചെയ്യാൻ 50 പേരേ ഉള്ളൂവെങ്കിൽ അവരെ) കൃത്യമായി പിന്തുടർന്ന് ജോലിയിൽ എത്തിക്കുന്ന രീതിയാണ് കമ്പനി ഇപ്പോൾ സ്വീകരിക്കുന്നത്.
മികച്ച എഐ എഞ്ചിനീയർമാർക്കായി പ്രമുഖ ടെക് കമ്പനികൾ വലിയ മത്സരമാണ് നടത്തുന്നത്. ഉദ്യോഗാർത്ഥികളെ ആകർഷിക്കാൻ മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് വ്യക്തിപരമായി ബന്ധപ്പെടാറുണ്ടെന്നും ഒരിക്കൽ ഓപ്പൺ എഐ ജീവനക്കാരന് നേരിട്ട് സൂപ്പ് എത്തിച്ചു നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. മികച്ച എഐ ഗവേഷകർക്കായി 100 മില്യൺ ഡോളർ വരെ ചെലവഴിക്കുന്നത് ലാഭകരമാണെന്നാണ് മുൻ ഗൂഗിൾ എച്ച്.ആർ ചീഫ് ലാസ്ലോ ബോക്കിന്റെ അഭിപ്രായം.
‘ദി ഇൻവിസിബിൾ ഗസ്റ്റ് തിയറി’: മറ്റുള്ളവർ നിങ്ങളെ അമിതമായി ശ്രദ്ധിക്കുന്നു എന്ന തോന്നുണ്ടോ? എങ്കിൽ യാഥാർഥ്യം ഇതാണ്
ഒരു മുറിയിലേക്ക് കടന്നുചെല്ലുമ്പോൾ നിങ്ങളുടെ രൂപം, സംസാരം അല്ലെങ്കിൽ പെരുമാറ്റം എന്നിവയെക്കുറിച്ച് പെട്ടെന്ന് അമിതമായ സ്വയം ബോധം തോന്നിയിട്ടുണ്ടോ? ശരീരഭാഷ ശരിയാക്കുകയും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്ത ശേഷം, “ഞാൻ പറഞ്ഞത് ആർക്കെങ്കിലും ബോറടിച്ചോ” എന്ന് ചിന്തിച്ച് പിന്നീട് ആ സംഭാഷണങ്ങൾ മനസ്സിൽ ആവർത്തിച്ചു കാണാറുണ്ടോ? മറ്റുള്ളവർ നിങ്ങളെ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടെന്നോ ഓർക്കുന്നുണ്ടെന്നോ ഉള്ള കാര്യത്തിൽ നമ്മൾ അമിതമായി ചിന്തിച്ചു കൂട്ടുന്നതിന്റെ കാരണമാണിത്.
ആരും നിങ്ങളെത്തന്നെ നോക്കിയിരിക്കുകയല്ല
നിങ്ങൾ ഒരു മുറിയിലേക്ക് കടക്കുമ്പോൾത്തന്നെ നിങ്ങളുടെ ഭാവത്തിൽ മാറ്റങ്ങൾ വരുകയും, വാക്കുകൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ആളുകൾക്ക് അത് കൃത്യമായി മനസ്സിലായോ എന്ന് ഉറപ്പാക്കാൻ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ വീണ്ടും ആവർത്തിക്കുന്നു. എന്നാൽ എല്ലാവരും നിങ്ങളെത്തന്നെ ശ്രദ്ധിക്കുകയാണെന്ന് തോന്നുമ്പോഴും, യഥാർത്ഥ അവസ്ഥ തിരിച്ചാണ്. നിങ്ങൾക്ക് മുന്നിലിരിക്കുന്ന ആളും ഇതുതന്നെയാണ് ചെയ്യുന്നത്. അവർ നിങ്ങളെ വിശകലനം ചെയ്യുകയല്ല, മറിച്ച് സ്വന്തം കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കയിലായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.
എന്താണ് ‘സ്പോട്ട്‌ലൈറ്റ് ഇഫക്റ്റ്’?
മനഃശാസ്ത്രത്തിൽ ഇതിനെ ‘സ്പോട്ട്‌ലൈറ്റ് ഇഫക്റ്റ്’ എന്ന് വിളിക്കുന്നു. സ്വന്തം രൂപം, പെരുമാറ്റം, അല്ലെങ്കിൽ വരുത്തുന്ന തെറ്റുകൾ എന്നിവ മറ്റുള്ളവർ അമിതമായി ശ്രദ്ധിക്കുന്നുണ്ടെന്ന് കരുതുന്ന മാനസികാവസ്ഥയാണിത്. ഇത് ദൈനംദിന ജീവിതത്തിലെ സാധാരണ ഇടപെടലുകളെപ്പോലും അനാവശ്യമായി സമ്മർദ്ദമുള്ളതാക്കി മാറ്റുന്നു. നിങ്ങൾ ചെയ്ത അമളികൾ ആരും ഓർത്തു വയ്ക്കാറില്ല. ഒരു കൂട്ടായ്മയിലോ അത്താഴവിരുന്നിലോ നിങ്ങൾ പറഞ്ഞ എന്തെങ്കിലും കാര്യമോ വരുത്തിയ ചെറിയ തെറ്റോ ഓർത്തുനോക്കൂ. അതിനെക്കുറിച്ച് മറ്റാരെക്കാളും കൂടുതൽ സമയം ചിന്തിച്ചത് നിങ്ങൾ തന്നെയായിരിക്കും.
ഈ ചിന്ത ഒരു പരിധി വരെ സ്വാഭാവികമാണ്. എല്ലാവരും തന്നെത്തന്നെ നോക്കുന്നു എന്ന ചിന്ത ഒരു തരത്തിൽ സ്വയം കേന്ദ്രീകൃതമായ മനോഭാവമാണ്. എന്നാൽ ഇത് മോശം പെരുമാറ്റമല്ല, മറിച്ച് തികച്ചും മാനുഷികമായ ഒരു അവസ്ഥയാണ്. നമ്മൾ സ്വയം നൽകുന്ന അത്രയും ശ്രദ്ധ മറ്റുള്ളവരും നമുക്ക് നൽകുന്നുണ്ടെന്ന് അബോധപൂർവ്വം കരുതുന്നതാണ് ഇതിന് കാരണം. എല്ലാവരും നിങ്ങളെക്കുറിച്ചാണ് വേവലാതിപ്പെടുന്നത് എന്ന് നിങ്ങളുടെ മാനസിക ഉത്കണ്ഠ നിങ്ങളെ വിശ്വസിപ്പിക്കുന്നു. എന്നാൽ സത്യത്തിൽ അവർ സ്വന്തം കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്
അഭിനയം അവസാനിപ്പിച്ച് സ്വതന്ത്രരാകാം
സ്പോട്ട്‌ലൈറ്റ് ഇഫക്റ്റിനെക്കുറിച്ച് മനസ്സിലാക്കുന്നത് വലിയൊരു ആശ്വാസമാണ്. ആളുകൾ നിങ്ങളുടെ ഓരോ ചെറിയ തെറ്റുകളും വാക്കുകളിലെ അബദ്ധങ്ങളും കുറിച്ചുവെക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ, എപ്പോഴും ‘പെർഫെക്റ്റ്’ ആയിരിക്കണമെന്ന സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാം.
ദക്ഷിണേന്ത്യ തകർക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് വിജയ്; മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും
ചെന്നൈ: തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണവും നിലവിലെ വിതരണവും മാറ്റമില്ലാതെ ശാശ്വതമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന നിർണായക പ്രമേയം സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒരുങ്ങുന്നു. നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ അപ്പാടെ നിലനിർത്തണമെന്നും 2029 ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പാക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് ഈ നീക്കം.
പ്രമേയം സഭയിൽ എന്നായിരിക്കും അവതരിപ്പിക്കുകയെന്ന തീയതി വ്യക്തമായിട്ടില്ലെങ്കിലും, ശനിയാഴ്ച ചെന്നൈ കലൈവാണർ അരംഗത്തിൽ സംഘടിപ്പിച്ച എംപിമാരുടെ പ്രത്യേക യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഈ തീരുമാനം ശക്തമാക്കിയത്. എന്നാൽ ഡിഎംകെ, അണ്ണാ ഡിഎംകെ, പിഎംകെ എന്നീ പാർട്ടികൾ ഈ യോഗത്തിൽ നിന്ന് വിട്ടുനിന്നു. പ്രാദേശിക രാഷ്ട്രീയ പ്രേരിതമാണ് ഇത്തരം യോഗങ്ങളെന്ന് ആരോപിച്ചായിരുന്നു പ്രധാന ദ്രാവിഡ പാർട്ടികളുടെ ബഹിഷ്കരണം. അതേസമയം കോൺഗ്രസിലെ 11 പേരും സിപിഐ, സിപിഎം, വിസികെ പാർട്ടികളിലെ രണ്ട് പേർ വീതവും എംഡിഎംകെ, ഐയുഎംഎൽ പ്രതിനിധികളും ഉൾപ്പെടെ 21 എംപിമാർ യോഗത്തിൽ പങ്കെടുത്ത് വിജയ്‍യുടെ നിലപാടിന് പിന്തുണ അറിയിച്ചു.
മണ്ഡല പുനർനിർണയ പ്രക്രിയ നടപ്പിലാക്കുമ്പോൾ തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്‍ററി പ്രാതിനിധ്യം വലിയ തോതിൽ കുറയുമെന്നാണ് തമിഴ്‌നാട് സർക്കാരിന്‍റെ പ്രധാന ആശങ്ക. കഴിഞ്ഞ 50 വർഷമായി 1971 ലെ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ലോക്‌സഭാ, നിയമസഭാ സീറ്റുകൾ നിർണ്ണയിച്ചിട്ടുള്ളത്. എന്നാൽ 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കി പുനർനിർണയം നടത്താനുള്ള ശ്രമങ്ങൾ ദക്ഷിണേന്ത്യക്ക് തിരിച്ചടിയാകും. ജനസംഖ്യ വിജയകരമായി നിയന്ത്രിക്കുകയും സാമ്പത്തിക വളർച്ചയും സാമൂഹിക ക്ഷേമ പദ്ധതികളും കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്ത സംസ്ഥാനങ്ങൾക്ക് ശിക്ഷയെന്നോണം സീറ്റുകൾ കുറയുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ലോക്‌സഭയിലെ ആകെ അംഗസംഖ്യ 543 ആയി ശാശ്വതമായി നിലനിർത്തുക, സംസ്ഥാനങ്ങൾ തമ്മിലുള്ള നിലവിലെ സീറ്റ് വിഭജന അനുപാതത്തിൽ മാറ്റം വരുത്താതിരിക്കുക, ലോക്‌സഭയും രാജ്യസഭയും തമ്മിലുള്ള 2.2:1 എന്ന അനുപാതം അതേപടി നിലനിർത്തുക എന്നിവയാണ് കേന്ദ്രത്തോട് പ്രമേയത്തിലൂടെ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇതിനൊപ്പം മണ്ഡല പുനർനിർണയത്തിനായി കാത്തുനിൽക്കാതെ നിലവിലെ 543 സീറ്റുകളുടെ അടിസ്ഥാനത്തിൽ തന്നെ 2029 മുതൽ വനിതാ സംവരണം നടപ്പിലാക്കണമെന്നും സഭ ആവശ്യപ്പെടും. ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനത്തെ തകർക്കുന്ന ഒരു നീക്കവും തമിഴ്‌നാട് അനുവദിക്കില്ലെന്ന് നേരത്തെ കരൂരിൽ നടന്ന പൊതുപരിപാടിയിലും വിജയ് വ്യക്തമാക്കിയിരുന്നു. ഈ രാഷ്ട്രീയ എതിർപ്പിനെ നിയമസഭയുടെ ഔദ്യോഗിക നിലപാടായി മാറ്റി കേന്ദ്രത്തിന്മേൽ സമ്മർദ്ദം ശക്തമാക്കാനാണ് തമിഴ്‌നാട് സർക്കാരിന്‍റെ തീരുമാനം.
ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം, ആറ് പേർക്ക് ദാരുണാന്ത്യം, 7 പേർക്ക് ഗുരുതരപരിക്ക്
ഹൈദരാബാദ്: തെലങ്കാനയിൽ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ ആറു പേർ മരിച്ചു. ബീദർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച ആറുപേർ ഉൾപ്പെടെ 14 പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ദേശീയപാത 65ൽ സംഗറെഡ്ഡി ജില്ലയിലാണ് അപകടമുണ്ടായത്.
ജോലിക്ക് പോയി മടങ്ങി വരികയായിരുന്നു എല്ലാവരും. രേഖ, ശ്രീദേവി, രേഷ്മ, കവിത ഓട്ടോറിക്ഷയുടെ ഡ്രൈവർ ദേവദാസ് എന്നിവരാണ് മരിച്ചത്. ഏഴു പേർക്ക് ഗുരുതര പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്.
സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ, കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന് മന്ത്രി സി പി ജോൺ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രത്യേക കർമ്മ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക്, നാറ്റ്പാക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങളുടെ ബാഹുല്യത്താൽ കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ഏറെ പ്രയാസം അനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി അടിയന്തരമായി വർധിപ്പിക്കും.
മൾട്ടിലൈൻ ട്രാഫിക് വരുന്ന പാതകളിൽ ‘പെഡസ്ട്രിയൻ ക്രോസിങ് റെസ്ക്യൂ സ്പോട്ട്’ സജ്ജീകരിക്കും. ഈ രണ്ട് സുരക്ഷാ സംവിധാനങ്ങളും തിരുവനന്തപുരം കിഴക്കേക്കോട്ട, സ്റ്റാച്യു എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ അടിയന്തരമായി നടപ്പിലാക്കും. പിന്നീട്, പ്രവർത്തന സാധ്യത വിലയിരുത്തി മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിന്‍റെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കാൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാറ്റ്പാക്കിന്റെ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് വിനിയോഗിച്ച് പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കാൽനട യാത്രികരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ ചർച്ചകളും യോഗത്തിൽ നടന്നു. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ അരുൺ എസ്. നായർ, ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഐ.ജി എസ്. സതീഷ് ബിനോ, കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കർ, കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എസ്. ദീപു, കേരള പൊതുമരാമത്ത് വകുപ്പ് റോഡ് സേഫ്റ്റി സെൽ എക്സിക്യൂട്ടീവ് എൻജിനീയർ എ. പ്രേം, നാറ്റ്പാക് ഡയറക്ടർ ആർ. ആശാലത തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
മുംബൈ നഗരത്തിലെ 12 നില കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിൽ വൻ തീപിടിത്തം, യുവതിയും കുഞ്ഞും മരിച്ചു; നാല് പേർക്ക് പരിക്ക്
മുംബൈ: മുംബൈ നഗരത്തിലെ വിലെ പാർലെ വെസ്റ്റിലെ ബാപ്റ്റിസ്റ്റ റോഡിലുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടര വയസുള്ള കുഞ്ഞും 23 കാരിയായ യുവതിയും മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അങ്കിത (23), അബീർ (രണ്ടര) എന്നിവരാണ് മരിച്ചത്. പാർഥ് (32), ഹിരൺ (64), യശസ്വി, അഭിഷേക് എന്നിവർക്കാണ് പരിക്കേറ്റത്.
Also Read: ഇന്ന് കർക്കിടക വാവ് ;ബലിതർപ്പണത്തിന് ആയിരങ്ങൾ
ആകെ 12 നിലകളുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ രാത്രി 10:08 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ അതിവേഗത്തിൽ പടർന്നുപിടിച്ചതിനെ തുടർന്ന് രാത്രി 10:16 ഓടെ ഇതിനെ ‘ലെവൽ 2’ ദുരന്തമായി പ്രഖ്യാപിച്ചു. പതിനൊന്നാം നിലയിൽ കുടുങ്ങിപ്പോയ നിരവധി നിവാസികളെ മുംബൈ ഫയർ ബ്രിഗേഡ് ഉദ്യോഗസ്ഥർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.
രക്ഷാപ്രവർത്തനത്തിനിടയിൽ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരെ ബോധരഹിതരായ നിലയിൽ കണ്ടെത്തുകയുമായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ബാന്ദ്രയിലെ നാനാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള ബാക്കി നാലുപേരുടെ ആരോഗ്യനില തൃപ്തികരമാണ്.
കെട്ടിടത്തിലെ ഇടനാഴികളിലും പരിസരത്തും കട്ടിയിൽ പുക നിറഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ടു മണിക്കൂറോളം നീണ്ട ശ്രമഫലമായി അർദ്ധരാത്രിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കോഴിക്കോട് ചാലിയാറിൽ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി, രണ്ട് പേർ നീന്തി രക്ഷപ്പെട്ടു
കോഴിക്കോട് : ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ സ്വദേശി ബാസിലിനെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം നടന്നത്. മണന്തല കടവിന് സമീപമാണ് തോണി മറിഞ്ഞത്. സ്ഥലത്ത് നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് തിരച്ചിൽ തുടരുകയാണ്.






































