Home local നീണ്ടകര താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം സെപ്റ്റംബര്‍ 30 നകം -മന്ത്രി ഷിബു ബേബി ജോണ്‍

നീണ്ടകര താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം സെപ്റ്റംബര്‍ 30 നകം -മന്ത്രി ഷിബു ബേബി ജോണ്‍

നീണ്ടകര താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം  സെപ്തംബര്‍ 30 നകം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കി ആരോഗ്യവകുപ്പിന് കൈമാറാന്‍ തീരുമാനം. പ്രവൃത്തിപുരോഗതി വിലയിരുത്തുന്നതിനായി വനം-വന്യജീവി, നൈപുണ്യവികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ചവറ കെ.എം.എം.എല്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി അറിയിച്ചത്. നിര്‍മ്മാണ പ്രവൃത്തികളില്‍ കാലതാമസവും ഉണ്ടാകരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കി.
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡാണ് 28.24 കോടി രൂപ വിനിയോഗിച്ച് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിര്‍മ്മാണം നടത്തുന്നത്. സിവില്‍ പ്രവൃത്തികളുടെ 96 ശതമാനവും ലിഫ്റ്റുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍, ഫയര്‍ ഫൈറ്റിംഗ്, എക്‌സ്ട്രാ ലോ വോള്‍ട്ടേജ് പ്രവൃത്തികളുടെ 85 ശതമാനവും, ഹീറ്റിംഗ്-വെന്റിലേഷന്‍-എയര്‍കണ്ടിഷനിംഗ് എന്നിവയുടെ 70 ശതമാനവും, മലിനജലസംസ്‌കരണ പ്ലാന്റ് നിര്‍മ്മാണത്തിന്റെ 95 ശതമാനവും ഫര്‍ണിച്ചര്‍ ലഭ്യമാക്കുന്നതിലെ 60 ശതമാനവും പൂര്‍ത്തിയായി.  ഇലക്ട്രിക്കല്‍ ജോലികള്‍ ഓഗ്സ്റ്റ് 31 ഓടെ പൂര്‍ത്തിയാക്കുമെന്ന് ഭവനനിര്‍മ്മാണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഭവനനിര്‍മാണ ബോര്‍ഡ്, കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ആഴ്ചതോറും അവലോകനയോഗം ചേരും. ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പുമായിചേര്‍ന്ന് രണ്ടാഴ്ചയിലൊരിക്കല്‍ പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
7358 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന ഇരുനിലകളുള്ള പുതിയ മെയിന്‍ ഹോസ്പിറ്റല്‍ ബ്ലോക്കില്‍ 113 കിടക്കകള്‍ ഉള്‍പ്പടെ അത്യാധുനിക ചികിത്സാസൗകര്യങ്ങളാണ് ഒരുങ്ങുന്നത്. വിപുലമായ കാഷ്വാലിറ്റി, 400 പേര്‍ക്കിരിക്കാവുന്ന വെയ്റ്റിംഗ് ഏരിയ, ഫാര്‍മസി, ലാബ്, രണ്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍, 16 ബെഡുകളുള്ള ഐ.സി.യു, 6 ബെഡുകളുള്ള നവജാതശിശു തീവ്രപരിചരണവിഭാഗം, ബ്ലഡ് ബാങ്ക്, ഡെലിവറി റൂമുകള്‍, ജനറല്‍-ഡെന്റല്‍ എക്‌സ്‌റേ യൂണിറ്റുകള്‍ എന്നിവയും സജ്ജീകരിക്കും.
ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഡെന്റല്‍, ഡെര്‍മറ്റോളജി, ഇ.എന്‍.ടി, സര്‍ജറി, ഓര്‍ത്തോപീഡിക്, സൈക്യാട്രി തുടങ്ങിയ ഒ.പി കണ്‍സള്‍ട്ടിംഗ് റൂമുകളും സി.ടി സ്‌കാന്‍, യു.എസ്.ജി സൗകര്യങ്ങള്‍ സജ്ജമാക്കാനുള്ള മുറികളും തയാറാക്കി. ആശുപത്രിക്ക് അനുബന്ധമായി 485 ചതുരശ്ര മീറ്ററിലുള്ള കാന്റീന്‍-അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടവും 82 ചതുരശ്ര മീറ്ററിലുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചവറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, വൈസ് പ്രസിഡന്റ് ആനന്ദ് എസ്. മുണ്ഡകത്തില്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.ആര്‍. ശ്രീഹരി, ഭവനനിര്‍മാണ ബോര്‍ഡ്-കേരള മെഡിക്കല്‍സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here