പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ ബയോപിക് ‘മൈക്കിള്‍’ റെക്കോര്‍ഡ് കളക്ഷനുമായി മുന്നോട്ട്. ആഗോള ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. 300 മില്യണ്‍ ഡോളറോളമാണ് മൈക്കിള്‍ ആദ്യവാരം നേടിയത്. ഓപ്പണിങ് ദിനത്തില്‍ തന്നെ അമേരിക്കയില്‍ 97 മില്യണും ആഗോള തലത്തില്‍ 120 മില്യണും നേടി ആകെ 217 മില്യണ്‍ ഡോളറാണ് നേടിയത്.
ഏറ്റവുമധികം ഓപ്പണിങ് കളക്ഷന്‍ നേടുന്ന ബയോപിക് ചിത്രമെന്ന റെക്കോര്‍ഡ് ഇതോടെ മൈക്കിളിന് സ്വന്തമായി. 180 മില്യണ്‍ നേടിയ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ ഹൈമറിനായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. മൈക്കിളിന്റെ റെക്കോര്‍ഡ് കളക്ഷനോടെ ഓപ്പണ്‍ഹൈമര്‍ രണ്ടാം സ്ഥാനത്തായി. 2018-ല്‍ പുറത്തിറങ്ങിയ മ്യൂസിക്കല്‍ ഡ്രാമ ബൊഹീമിയന്‍ റാപ്‌സോഡിയാണ് മൂന്നാം സ്ഥാനത്ത് (124 മില്യണ്‍).
മൈക്കിള്‍ ജാക്‌സന്റെ സഹോദരന്റെ മകനായ ജാഫര്‍ ജാക്‌സനാണ് ചിത്രത്തില്‍ പോപ് രാജാവായി തകര്‍ത്താടിയത്. ഈ വര്‍ഷം ആദ്യം യുഎസില്‍ നടന്ന പ്രീമിയറില്‍ ചിത്രം മോശം അഭിപ്രായമാണ് നേടിയത്. റോട്ടണ്‍ ടൊമാറ്റോസ് അടക്കമുള്ള മൂവി റേറ്റിങ് സൈറ്റുകളില്‍ 50ല്‍ താഴെ പോയിന്റ് നേടിയ മൈക്കിള്‍ തിയറ്ററില്‍ റിലീസ് ചെയ്തതോടെ കഥ മാറുകയായിരുന്നു. പ്രേക്ഷകര്‍ പ്രിയപ്പെട്ട പോപ് താരത്തിന്റെ ചിത്രം ഏറ്റെടുത്തതായി മൂവി ട്രാക്കിങ് സൈറ്റുകള്‍ പറയുന്നു.
ഇന്ത്യയിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. മൂന്ന് ദിവസം കൊണ്ട് 14 കോടി രൂപയോളമാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. റിലീസ് ചെയ്ത് മൂന്നാം ദിവസമായ ഞായറാഴ്ച ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 5.50 കോടി രൂപ നേടി. ശനിയാഴ്ച 5.10 കോടിയും വെള്ളിയാഴ്ച 3.70 കോടി രൂപയും നേടിയിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും സിനിമയുടെ കളക്ഷനും തിരക്കും വര്‍ധിക്കുന്നത് പ്രേക്ഷക സ്വീകാര്യതയെ സൂചിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പെയ്ഡ് പ്രിവ്യൂകളില്‍ നിന്നുള്ള 1.70 കോടി രൂപയുടെ വരുമാനവും കൂടി ചേര്‍ത്താല്‍ 16 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. നിലവില്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ചിത്രങ്ങളെയടക്കം മറികടന്നാണ് മൈക്കിളിന്റെ കുതിപ്പ്.































