രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും, ജ്ഞാനവേലിന്റെ സംവിധാനത്തിൽ വമ്പൻ പ്രൊജക്റ്റ്

‘ജയ് ഭീമെ’ന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ പ്രേക്ഷകപ്രീതി നേടിയ ആളാണ് ജ്ഞാനവേൽ. രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജ്ഞാനവേൽ ആണ്. ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ‘തലൈവർ 170’ എന്ന വിശേഷണപ്പേരുള്ള ചിത്രത്തിന്റെ ഒരു വമ്പൻ അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

അമിതാഭ് ബച്ചനും രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നാണ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നത്. വ്യാജ ഏറ്റുമുട്ടലുകൾക്ക് എതിരെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന പോരാട്ടം പ്രതിപാദിക്കുന്ന ‘തലൈവർ 170’ൽ അമിതാഭ് ബച്ചനും വേഷമിടുന്നുവെന്ന കാര്യം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും. അനിരുദ്ധ് ആയിരിക്കും സംഗീത സംവിധായകൻ. ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും രജനികാന്ത് ചിത്രം നിർമിക്കുക.

സൂര്യ നായകനായ ചിത്രം ‘ജയ് ഭീം’ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമാണ്. പ്രമേയത്തിന്റെ കരുത്തായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം. ‘ജയ് ഭീമെ’ന്ന ചിത്രം അടിസ്ഥാനവർഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. സൂര്യ തന്നെയാണ് ചിത്രം 2 ഡി എൻറർടെയ്‍ൻമെൻറിൻറെ ബാനറിൽ ‘ജയ് ഭീം’ നിർമിച്ചത്.

‘ജയ് ഭീം’ ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും ചർച്ചകൾ തുടങ്ങിയെന്നും നിർമാണ പങ്കാളിയായ രാജശേഖർ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പങ്കെടുത്തപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു രാജശേഖർ ഇക്കാര്യം വ്യക്തമാക്കിയത്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്‍ത ‘ജയ് ഭീം’ ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ‘ജയ് ഭീമി’ന് എല്ലായിടത്തു നിന്നും ലഭിച്ച സ്വീകര്യതയിൽ വളരെയധികം സന്തോഷമുണ്ടെന്ന് ത സെ ജ്ഞാനവേൽ പറഞ്ഞിരുന്നു. ‘ജയ് ഭീം’ ചിത്രത്തിന്റെ തിരക്കഥയും ടി ജെ ജ്ഞാനവേലിന്റേതാണ്. മലയാളി താരങ്ങളായ ലിജോമോൾ ജോസും രജിഷ വിജയനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. പ്രകാശ് രാജ്., റാവു രമേഷ്, ഗുരു സോമസുന്ദനം, ജയപ്രകാശ്, സിബി തോമസ്, സുജാത ശിവകുമാർ. കെ രാജു തുടങ്ങി ഒട്ടേറെ താരങ്ങൾ സൂര്യയുടെ ജയ് ഭീം ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Advertisement