‘കാണാത്ത മത്സരങ്ങളിലെല്ലാം ഇന്ത്യയ്ക്ക് ജയം’; അമിതാഭ് ബച്ചൻ ഫൈനൽ കാണരുതെന്ന് ആരാധകർ

Advertisement

മുംബൈ: ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രാഥമിക റൗണ്ടും സെമിഫൈനലും ഉൾപ്പെടെ കളിച്ച പത്ത് മത്സരത്തിലും ജയിച്ചുകയറിയാണ് ഇന്ത്യ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. മുൻപ് അഞ്ചുതവണ ലോക ചാംപ്യൻമാരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഇതിനിടെ മത്സരവുമായി ബന്ധപ്പെട്ട് ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറലായി.

രണ്ടു ദിവസത്തെ ഇടവേളയിലാണ് താരം എക്സിൽ രസകരമായ ട്വീറ്റ് പങ്കുവച്ചത്. താൻ കാണാത്തപ്പോൾ ഇന്ത്യ ജയിക്കുന്നു എന്ന ആദ്യ ട്വീറ്റ് ഇന്ത്യ – ന്യൂസീലൻഡ് സെമി ഫൈനൽ ദിനമായ നവംബർ 15നാണ് പ്രത്യക്ഷപ്പെട്ടത്. ‘കളി കാണാണോ വേണ്ടയോ എന്ന ചിന്തയിലാണ്’ എന്ന രണ്ടാമത്തെ ട്വീറ്റ് ഇന്നാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസീസ് ഫൈനലിൽ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ബച്ചന്റെ ട്വീറ്റ്.

ഇതോടെ ഫൈനൽ മത്സരം ബച്ചൻ കാണരുതെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേരാണ് കമന്റു ചെയ്തിരിക്കുന്നത്. സെമി കാണാത്ത സ്ഥിതിക്ക് ഫൈനൽ കൂടി കാണാതിരിക്കണമെന്നും ബച്ചനെ അന്നത്തെ ദിവസം പൂട്ടിയിടാമെന്നൊക്കെയുള്ള കമന്റുകളുമായി ആരാധകർ രംഗത്തെത്തി. നേരത്തെ ഇന്ത്യയുടെ ഫൈനൽ മത്സരങ്ങൾ താൻ കണ്ടാൽ തോൽക്കുമെന്ന അന്ധവിശ്വാസം കൊണ്ട് ബച്ചൻ മത്സരം കാണാറില്ലെന്ന് മകൻ അഭിഷേക് വെളിപ്പെടുത്തിയിരുന്നു.

Advertisement