അതിസുന്ദരിയായി റിമ കല്ലിങ്കൽ; ചടുല താളത്തിൽ ‘നീലവെളിച്ച’ത്തിലെ പാട്ട്; മനം കവർന്ന് ചിത്ര

Advertisement

ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ച’ത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. 59 വർഷം മുൻപ് പുറത്തിറങ്ങിയ ‘അനുരാഗമധുചഷകം പോലെ’ എന്ന ഗാനം പുനഃരാവിഷ്കരിച്ചിരിക്കുകയാണ് നീല വെളിച്ചത്തിൽ. കെ.എസ്.ചിത്ര ഗാനം ആലപിച്ചിരിക്കുന്നു. ചിത്രത്തിലെ നായികയായ റിമ കല്ലിങ്കലിന്റെ അതിമനോഹര നൃത്തച്ചുവടുകളാണ് പാട്ടിന്റെ മുഖ്യാകർഷണം.

എ.വിന്‍സെന്‍റിന്‍റെ സംവിധാനത്തില്‍ 1964 ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിലെ ഗാനമാണ് ‘അനുരാഗമധുചഷകം പോലെ’. പി.ഭാസ്കരന്‍റെ വരികള്‍ക്ക് എം.എസ്.ബാബുരാജ് ഈണം പകര്‍ന്ന ഗാനം ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്ന് നീലവെളിച്ചത്തിനു വേണ്ടി പുനഃരാവിഷ്കരിച്ചു. ‘ഭാര്‍ഗവീനിലയ’ത്തിനു വേണ്ടി എസ്.ജാനകിയാണ് ഗാനം ആലപിച്ചത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയാണ് അതേ പേരിൽ സിനിമയാക്കുന്നത്. റിമയ്ക്കൊപ്പം ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേർന്നാണു ചിത്രത്തിന്റെ നിർമാണം.

Advertisement